വീട്ടുയാത്രകള്‍

വീട്ടുയാത്രകള്‍

ആളുകളെല്ലാമുറങ്ങുമ്പോള്‍

ചില രാത്രികളില്‍

വീടുകള്‍ യാത്രപോകാറുണ്ട്

ഉറക്കത്തിന്

ഉലച്ചില്‍ തട്ടാതിരിക്കാന്‍

ശ്വാസമടക്കിപ്പിടിച്ച്

പൂച്ചനടത്തത്തോടെയുള്ള

അതിന്റെ

യാത്ര കണ്ടിരിക്കാന്‍

രസമാണ്

കോഴികൂവും മുമ്പേ

ചെറിയൊരു ചിരിയോടെ

ഒന്നുമറിയാത്ത

ഭാവത്തില്‍

അത് തിരികെയെത്തി

മുരടനക്കി

കിളിയൊച്ചകള്‍ക്കൊണ്ട്

ഓരോരുത്തരെയായി

വിളിച്ചുണര്‍ത്തും

വീട്ടുകിണറിനീ യാത്രയെക്കുറിച്ചറിയാം

അതുകൊണ്ടാണ്

അത് വീടിന്റെ

മുഖത്ത് നോക്കാതെ

ആകാശത്തേക്ക് നോക്കി

ഒന്നുമറിയാത്ത

ഭാവത്തില്‍

തനിച്ചു കിടക്കുന്നത്

യാത്രപോയി

തിരിച്ചുവരാത്ത

വീടിനുള്ളില്‍

പെട്ടുപോകുന്നവരുടെ

കാര്യമാണ്

മഹാകഷ്ടം

Related Stories

No stories found.