പി ഐ ചാക്കോച്ചന്‍
പതിവ് പോലെ ഇടവകയില്‍
ചാര്‍ജെടുത്ത പുതിയ അച്ചന്റെ
ആദ്യ പ്രസംഗം കേള്‍ക്കാന്‍
ആകാംക്ഷയോടെ വിശ്വാസികള്‍
ഞായറാഴ്ച പള്ളിയിലെത്തി.
കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍
അച്ചന്‍, മുന്‍ ഇടവകയില്‍ നടത്തിയ
വികസന പ്രവര്‍ത്തനങ്ങള്‍
വിശദമായി പറഞ്ഞു.
അമ്പരന്ന് കേട്ടിരുന്ന വിശ്വാസികളോട്
പറഞ്ഞു. നിങ്ങള്‍ ഭയപ്പെടേണ്ട
ഇവിടേയും അതിലും വലിയ
പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു
ശേഷമേ പോകൂ.
കൂട്ടത്തില്‍ ഇവിടെ നടത്താന്‍
ഉദ്ദേശിക്കുന്ന പ്രവര്‍ത്തന ലിസ്റ്റും
അവതരിപ്പിച്ചു.
1, എ സി ഹാള്‍
2, വ്യാപാര സമുച്ചയം
3, മണിമാളികയുടെ ഉയരം കൂട്ടല്‍
4, കൊടിമരത്തിലെ കുരിശ് സ്വര്‍ണം
പൂശല്‍
അങ്ങനെ ഒമ്പത് കാര്യങ്ങളടങ്ങിയ ലിസ്റ്റ്.
തുടര്‍ന്ന് ഇടവക ജനങ്ങളുടെ
തൊഴിലടിസ്ഥാനത്തിലുള്ള ലിസ്റ്റ്.
വിദേശത്ത് ജോലി ചെയ്യുന്നവര്‍
സര്‍ക്കാര്‍ ജോലിക്കാര്‍
ഡോക്ടര്‍മാര്‍
അധ്യാപകര്‍
എന്‍ഞ്ചിനീയര്‍
വക്കീലന്മാര്‍
ബാങ്കുകാര്‍
ബിസിനസ്സുകാര്‍
കൃഷിക്കാര്‍
തൊഴിലാളികള്‍.
പിന്നെ ചില പ്രഖ്യാപനങ്ങള്‍
എല്ലാ ഞായറാഴ്ചകളിലും മതപഠന
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളും
സമ്മാനങ്ങളും.
യുവജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍
കായിക വിനോദങ്ങള്‍.
അമ്മമാര്‍ക്ക് തീര്‍ത്ഥാടന യാത്രകള്‍.
എല്ലാവര്‍ക്കും ഉല്ലാസയാത്രകള്‍.
വൈകുന്നേരങ്ങളിലെ പരിപാടികളില്‍
എല്ലാവര്‍ക്കും ഭക്ഷണം.
പ്രസംഗം കേട്ട് ഇറങ്ങിയ വിശ്വാസികള്‍
അനുകൂലമായും പ്രതികൂലമായുള്ള
അടക്കം പറച്ചിലുകളില്‍ മുഴുകി.
പക്ഷെ മൂന്ന് കൊല്ലം കഴിഞ്ഞ്,
പറഞ്ഞതൊക്കെ നടപ്പാക്കിയ
അച്ചനെ യാത്രയാക്കാന്‍
വന്നപ്പോള്‍ അവര്‍ ഏക സ്വരത്തില്‍
പറഞ്ഞു, ഇതു പോലെയുള്ള
ഒരു നല്ല അച്ചനെ ഇതുവരെ
നമുക്ക് ലഭിച്ചിട്ടില്ല.
യാത്രയയപ്പ് സമ്മേളനത്തില്‍
അവര്‍ മത്സരിച്ച് നന്ദി പറഞ്ഞ്
വിങ്ങി പൊട്ടി.
മറുപടി പ്രസംഗത്തില്‍ അച്ചനും
ഇടവകജനങ്ങളുടെ
സഹകരണത്തിന്
ഹൃദയം നിറഞ്ഞ
നന്ദി പ്രകാശിപ്പിച്ചു.
അഭിമാനികളായ വിശ്വാസികള്‍
നന്ദി, വാക്കില്‍ മാത്രം
ഒതുക്കിയില്ല.
അവര്‍ അച്ചന് ഒരു കാര്‍ സമ്മാനമായി
നല്കി.
ഇത്ര നല്ല വികാരിയച്ചന്‍ മാറിപോയതിന്റെ വേദന കടിച്ചമര്‍ത്തി പുതിയ അച്ചന്റെ
ആദ്യ പ്രസംഗത്തിന് കാത്തിരുന്നു.
പതിവ് തെറ്റിച്ചില്ല പുതിയ അച്ചനും
ഒരു ലിസ്റ്റുമായി അള്‍ത്താരയിലേക്ക്
വരുന്നത് വിശ്വാസികള്‍ കണ്ടു.
പക്ഷെ വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട്
അച്ചന്റെ ആദ്യ വാക്കുകള്‍.
പശ്ചാത്തപിക്കാന്‍ തയ്യാറില്ലാത്ത
ആരും കുമ്പസാരിക്കാന്‍ വരേണ്ടതില്ല.
അടുത്ത മൂന്നു കൊല്ലം ഒരു നിര്‍മ്മാണ
പ്രവര്‍ത്തനവും നടത്താന്‍ ഉദ്ദേശിക്കുന്നില്ല.
കുമ്പസാരിക്കുന്ന ആളുകളുടെ
എണ്ണം കുറയ്ക്കുന്നതാണ്
(പാപികളുടെ എണ്ണം കുറയ്ക്കല്‍)
ഒരു ആധ്യാത്മിക പിതാവെന്ന നിലയില്‍
തന്റെ വിജയം.
സ്ഥലകാല ബോധം വീണ്ടെടുത്ത
വിശ്വാസികള്‍ കണ്ടത് അച്ചന്‍
ലിസ്റ്റ് വായിക്കാന്‍ തുടങ്ങുന്നതാണ്.
ഇടവകയിലെ
കിടപ്പ് രോഗികള്‍
ഭിന്നശേഷിക്കാര്‍
മാറാരോഗ ബാധിതര്‍
വിവാഹ മോചന കേസുകള്‍
ലഹരി അടിമകള്‍
കോടതി വ്യവഹാരികള്‍
അതിദരിദ്രര്‍
അങ്ങനെ കഷ്ടപ്പെടുന്നവരും,
പിടിവാശിക്കാരും, പലതിനും
അടിമപ്പട്ടവരും ഉള്‍പ്പെട്ട ലിസ്റ്റ്.
പിന്നെ അച്ചന്റെ യാചന,
ഇതില്‍ പകുതിപേരുടെയെങ്കിലും
പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
അതിന് നിങ്ങള്‍ സഹകരിക്കണം.
അങ്ങനെ മൂന്ന് കൊല്ലം കഴിഞ്ഞുള്ള
ഒരു ഞായറാഴ്ച അച്ചന്‍ പറഞ്ഞു.
നിങ്ങളുടെ സഹകരണത്താല്‍
അന്ന് പറഞ്ഞ പലതും പരിഹരിക്കാന്‍
കഴിഞ്ഞു.
ഇടവകയില്‍ ഉണ്ടായിരുന്ന ഏഴ് കോടതി
വ്യവഹാരങ്ങളും പിന്‍വലിക്കപ്പെട്ടു.
പതിനൊന്ന് വിവാഹമോചന കേസുകളില്‍ അഞ്ചെണ്ണത്തില്‍ ഒത്തുതീര്‍പ്പായി.
കുമ്പസാരിക്കുന്നവരുടെ എണ്ണത്തില്‍
ഇരുപത് ശതമാനം കുറവ്.
അവകാശ വാദങ്ങളില്‍ താല്പര്യമില്ലാത്ത
അച്ചന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല.
ഒരു യാത്രയയപ്പ് സമ്മേളത്തിനും
നില്‍ക്കാതെ അച്ചന്‍ സ്ഥലം വിട്ടു.
അപ്പോഴും ഇടവക ജനങ്ങള്‍
ഏകസ്വരത്തില്‍ പറഞ്ഞു.
ഇതുപോലെ ഒരു നല്ല അച്ചനെ
ഇതുവരെ നമുക്ക്
ലഭിച്ചിട്ടില്ല.