ഫാന്‍സി ഡ്രസ്സ്

ഫാന്‍സി ഡ്രസ്സ്
Published on
  • സുമിന്‍ ജോയി

നാളെയാണ് കാറ്റിക്കിസം ക്ലാസില്‍ ഫാന്‍സി ഡ്രസ് മത്സരത്തിന് പേര് നല്‍കേണ്ട ദിവസം. പൂക്കള്‍ക്കിടയില്‍ മുഖം ഒളിപ്പിച്ച് കിന്നാരം പറഞ്ഞുകൊണ്ടിരുന്ന ലിമക്കുട്ടിയുടെ മനസ്സ് ചെറുചിറകുകളില്‍ പറന്നുനിന്ന പക്ഷിയെപ്പോലെ ആവേശത്തിലാഴ്ന്നു.

'ടീച്ചര്‍ ചോദിക്കുമ്പോള്‍ ഞാന്‍ തന്നെ ആദ്യം കൈ ഉയര്‍ത്തണം' ഫാന്‍സി ഡ്രസ്സിനുള്ള ആദ്യത്തെ പേര് ലിമ ജോണ്‍!'

''ലിമക്കുട്ടി എന്താ റോസാപ്പൂവിനോട് കിന്നാരം പറയുകയാണോ?''

ത്രേസ്യാമ്മ ചേട്ടത്തിയുടെ ഘന ഗംഭീരമായ ഒച്ച കേട്ട് അവള്‍ ഞെട്ടി.

കയ്യില്‍ പാല്‍ ഗ്ലാസുമായി നില്‍ക്കുന്ന ത്രേസ്യാമ്മയെ നീരസത്തോടെ ലിമ നോക്കി.

''എനിക്ക് പാല്‍ വേണ്ട ചേടത്തി.''

അവള്‍ ചിണുങ്ങി.

'''Boost is the secret of my energy' എന്ന് സച്ചിനെപ്പോലെ പറയണോ കുട്ടിക്ക്...''

ത്രേസ്യാമ്മ ചേട്ടത്തി ഒട്ടും വിട്ടുകൊടുത്തില്ല

'പിറന്നു വീണതേ ഈ കൈകളിലേക്കാ... ആ എന്റെ അടുത്താ ഈ മുത്തിന്റെ അഭ്യാസം.' മുഖത്തൊരു ചിരി വരുത്തി ചേട്ടത്തിയുടെ മനോഗതം.

''ഈ പാലു കുടിച്ചാല്‍ ശരിക്കും എനര്‍ജി വരുമോ ചേടത്തി.''

നിഷ്‌കളങ്കമായി മുഖമുയര്‍ത്തി കണ്ണുകള്‍ വിടര്‍ത്തി ലിമക്കുട്ടി ചോദിച്ചു.

''എനര്‍ജി വരുമോന്നോ... ഈ പാലിലല്ലേ എല്ലാം ഇരിക്കുന്നേ. ഇത് കുടിച്ചാല്‍ എല്ലാ എനര്‍ജിയും കിട്ടും.''

വര്‍ക്കേരിയയിലെ സിങ്കില്‍ അനാഥമായി കിടക്കുന്ന പാത്രങ്ങളെപ്പറ്റി ഓര്‍മ്മിച്ച് ത്രേസ്യാമ്മച്ചേട്ടത്തി ഒരു ദീര്‍ഘനിശ്വാസത്തോടെ ലിമയെ നോക്കി.

ഏറെ ഉത്സാഹത്തോടെ അവള്‍ ആ പാല്‍കപ്പ് വാങ്ങി ചുണ്ടോടു ചേര്‍ത്തപ്പോഴും ഫാന്‍സി ഡ്രസ്സിന് ഏതു വേഷം തിരഞ്ഞെടുക്കണം എന്ന ചിന്തയിലായിരുന്നു.

ലിമക്കുട്ടി പാലുകുടിക്കുന്നതു കണ്ട് 'ഇന്നും കഷ്ടിച്ച് രക്ഷപ്പെട്ടു' എന്ന ആശ്വാസത്തില്‍ ത്രേസ്യാമ്മ ചേട്ടത്തി അടുക്കള ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയ നേരം, ലിമക്കുട്ടി അവരുടെ മുണ്ടിന്റെ നൊറിയില്‍ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു...

''ചേടത്തി... ഈ ഫാന്‍സി ഡ്രസ്സ് കോമ്പറ്റീഷനുപറ്റിയ ഒരു ക്യാരക്ടര്‍ പറഞ്ഞു തരാമോ?''

ലിമയുടെ വായില്‍ നിന്ന് വീണ ഇംഗ്ലീഷ് പദം കേട്ട് ചേട്ടത്തി ഒന്ന് ഞെട്ടി.

''കുഞ്ഞ് ഏത് ക്ലാസിലാ ഇപ്പോള്‍ പഠിക്കുന്നേ...?''

''മൂന്നാം ക്ലാസില്‍...'' ലിമക്കുട്ടി ഏറെ സന്തോഷത്തോടെ പറഞ്ഞു.

ഈ ക്യാരക്ടര്‍ എന്നൊക്കെ വച്ചാല്‍ അതിപ്പോള്‍ എന്താ പറയുക. ചേട്ടത്തി ആശങ്കയോടെ മാനത്തോട്ട് നോക്കി.

അങ്ങകലെ കുരിശടിയില്‍ തലയുയര്‍ത്തി ആശീര്‍വദിച്ചു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം കണ്ണിലുടക്കി.

ഹാവൂ! മാതാവ് രക്ഷിച്ചു എന്ന ആശ്വാസത്തില്‍ ചേട്ടത്തി തുടര്‍ന്നു.

''ലിമക്കുട്ടി ഈ പാല്‍ മുഴുവന്‍ കുടിച്ചു തീര്‍ന്നാല്‍ ഞാനിപ്പോള്‍ പറഞ്ഞുതരാം കൊച്ചിന് എന്തു വേഷം ആയിരിക്കും ചേരുന്നതെന്ന്.''

അതുകേട്ട പാതി കേള്‍ക്കാത്ത പാതി ലിമക്കുട്ടി ആ പാല്‍കപ്പ് വായിലേക്ക് കമഴ്ത്തി... കുറേ വയറ്റിലേക്കും ബാക്കി പുറത്തേക്കും ഒഴുകി.

ഒറ്റ ഇറക്കിന് ആ പാല്‍ കുടിച്ച് ബുദ്ധിമുട്ടി ശ്വാസം എടുത്തു കൊണ്ട് ലിമക്കുട്ടി ചേട്ടത്തിയെ നോക്കി.

''പറ ചേടത്തി ഏതാ ക്യാരക്ടര്‍?''

ലിമക്കുട്ടിയുടെ ആകാംക്ഷയ്ക്കു മുമ്പില്‍ ചേട്ടത്തിക്ക് തീരെ പിടിച്ചുനില്‍ക്കാനായില്ല,

ചേട്ടത്തി ചപ്പാത്തി മാവില്‍ ഒന്നുകൂടെ അമര്‍ത്തിക്കൊണ്ട് അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. എങ്കിലും ആ പുഞ്ചിരിയില്‍ എവിടെയോ ഒരു സങ്കടം തങ്ങിനില്‍ക്കുന്നതുപോലെ ലിമക്കുട്ടിക്ക് തോന്നി.

''കൊച്ച് പരിശുദ്ധ കന്യകാ മറിയം ആയാല്‍ മതി. കൊച്ചിന് അത് ചേരും. എന്റെ ലിമക്കുട്ടി സുന്ദരിയല്ലേ.''

ഉടുപ്പിലേക്ക് വീണ പാല്‍ തന്റെ മേല്‍മുണ്ടു കൊണ്ടു തുടച്ച് ചേട്ടത്തി ലിമയെ ചേര്‍ത്തുപിടിച്ചു.

മനസ്സില്‍ ഒരു ഹിമ മഴ പെയ്തതുപോലെ ലിമക്കുട്ടി ഒത്തിരി സന്തോഷവതിയായി.

ആ വൈകുന്നേരത്തിന് ഭംഗി കൂടുതലാണെന്ന് അവള്‍ക്ക് തോന്നി.

ഡാഡിയോ മമ്മിയോ ആരാവും ആദ്യം വരിക, അവള്‍ ആകാംക്ഷയോടെ ഗേറ്റിലേക്ക് നോട്ടമെറിഞ്ഞു.

അവര്‍ വരുമ്പോഴേക്കും കന്യകാമറിയത്തിന്റെ കോസ്റ്റ്യൂം ഏതെല്ലാം എന്ന് ഒന്ന് നോക്കി വയ്ക്കണം. അവള്‍ പ്രാര്‍ഥനാ മുറിയിലേക്ക് ഓടി. കന്യകാ മറിയത്തിന്റെ സ്റ്റാച്യുവില്‍ നോക്കിയിട്ട് തൃപ്തി പോരാ. കോസ്റ്റ്യൂമിന് ഒരു പെര്‍ഫെക്ഷന്‍ കിട്ടുന്നില്ല. അവള്‍ പ്രാര്‍ഥനാ മുറിയിലെ മേശവലിപ്പ് തുറന്നു.

നാളുകളായി തുറക്കാത്തത് കൊണ്ടായിരിക്കും വലിയ ഒരു നിലവിളിയോടെയാണ് മേശ വലിപ്പ് തുറക്കപ്പെട്ടത്.

അതില്‍ പൊടി പിടിച്ചിരിക്കുന്ന ബൈബിളും പ്രാര്‍ഥനാ പുസ്തകവും തപ്പി നോക്കി. കന്യകാമറിയത്തിന്റെ ഭംഗിയുള്ള ഒരു ഫോട്ടോയും കാണുന്നില്ല.

ഇനിയിപ്പോള്‍ ഏക വഴി ഗൂഗിളില്‍ തിരയുക എന്നതാണ്. അവള്‍ ആകാംക്ഷയോടെ ലാപ്‌ടോപ്പ് തുറന്നു ഗൂഗിള്‍ എന്ന് ടൈപ്പ് ചെയ്തു. അതില്‍ പിക്‌ചേഴ്‌സ് ഓഫ് സെന്റ് മേരി എന്ന് സെര്‍ച്ച് ചെയ്തു. വെള്ള വസ്ത്രം അണിഞ്ഞ നീല അങ്കിയിട്ട തലയില്‍ കിരീടം വച്ച പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രം തെളിഞ്ഞു വന്നു.

ആ ചിത്രം ലിമക്കുട്ടിയെ വീണ്ടും സന്തോഷത്തിലാഴ്ത്തി.

അവള്‍ ആ ചിത്രം പ്രിന്റ് ചെയ്തു. പ്രിന്ററിലൂടെ ചിത്രം ഒഴുകി അവളുടെ കൈകളില്‍ എത്തി.

ഏറെ സന്തോഷത്തോടെ അവള്‍ ആ ചിത്രത്തിലേക്ക് തന്നെ ആഴ്ന്നിറങ്ങി. ആ ചിത്രം സ്വയം ആലേഖനം ചെയ്യപ്പെട്ടതുപോലെ അവള്‍ക്ക് തോന്നി.

നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അവള്‍ അടുക്കളയിലേക്ക് ഓടി

''ചേട്ടത്തി... ത്രേസ്യാമ്മ ചേട്ടത്തി...''

അവള്‍ നീട്ടി വിളിച്ചു...

അടുക്കളയില്‍ അത്താഴം ഉണ്ടാക്കിക്കൊണ്ടിരുന്ന ചേട്ടത്തിയുടെ നേര്‍ക്ക് ആ ഫോട്ടോ നീട്ടിക്കൊണ്ട് അവള്‍ ചോദിച്ചു,

''ഇതെങ്ങനെയുണ്ട്?''

''അമ്പോ കൊള്ളാലോ...''

ചേട്ടത്തി ചപ്പാത്തി മാവില്‍ ഒന്നുകൂടെ അമര്‍ത്തിക്കൊണ്ട് അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. എങ്കിലും ആ പുഞ്ചിരിയില്‍ എവിടെയോ ഒരു സങ്കടം തങ്ങിനില്‍ക്കുന്നതുപോലെ ലിമക്കുട്ടിക്ക് തോന്നി.

അതൊന്നും വകവയ്ക്കാതെ ലിമക്കുട്ടി തുടര്‍ന്നു...

''ഇനി ഈ കോസ്റ്റ്യൂമെല്ലാം റെഡിയാക്കണം ചേടത്തി...''

ഡാഡിയോ, മമ്മിയോ... ആരാവും ആദ്യം വരിക, അവള്‍ ആകാംക്ഷയോടെ സിറ്റൗട്ടില്‍ ഇരുപ്പുറപ്പിച്ചു.

''ലിമക്കുട്ടി എന്തിനാ വെറുതെ ഇവിടെയിരുന്നു കൊതുകടി കൊള്ളുന്നത്? അകത്തു പോയിരിക്ക്. ഡാഡിയും മമ്മിയും വരുമ്പോള്‍ കൊച്ചിന് അവിടെ ഇരുന്നാലും കാണാമല്ലോ...'' ഡ്രൈവര്‍ റപ്പായി ചേട്ടന്റെ വാക്കുകളില്‍ മടിയോടെ അവള്‍ ഡ്രോയിങ് റൂമിലേക്ക് നടന്നു.

മൊബൈലില്‍ മെസേജിന്റെ അലര്‍ട്ട് ശബ്ദം മുഴങ്ങിയപ്പോള്‍ അവള്‍ സന്തോഷത്തോടെ അതെടുത്തു നോക്കി.

ഷീബ ടീച്ചര്‍...

നാളത്തേക്കുള്ള കാറ്റിക്കിസം ഹോംവര്‍ക്ക് അയച്ചുതന്നതാണ്...

വചനം എഴുതണം, പടം വരയ്ക്കണം.

ലിമക്കുട്ടിക്ക് ആകാംക്ഷ അടക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ ഷീബ ടീച്ചറിന്റെ മൊബൈല്‍ നമ്പറിലേക്ക് ഒരു വോയ്‌സ് മെസ്സേജ് അയച്ചു.

''ടീച്ചറെ... ഫാന്‍സി ഡ്രസ്സ് കോമ്പറ്റീഷന് ഞാനുണ്ട്... പരിശുദ്ധ കന്യകാമറിയമാണ് ആവുന്നത്. എന്റെ പേര് ഇപ്പോള്‍ തന്നെ ഒന്ന് എഴുതിവയ്ക്കാമോ ടീച്ചര്‍.''

അവളുടെ മെസ്സേജിന് ഷീബ ടീച്ചര്‍ ഒരു സ്‌മൈലി അയച്ചു, കൂടെ ഒരു വോയ്‌സ് നോട്ടും...

''ലിമക്കുട്ടി ഹോംവര്‍ക്ക് എല്ലാം ചെയ്തു സുഖമായി കിടന്നുറങ്ങൂ... നാളെ കാറ്റിക്കിസം ക്ലാസില്‍ വന്നിട്ട് എല്ലാം നമുക്ക് സെറ്റ് ആക്കാം.

ഓക്കേ.

ഗുഡ്‌നൈറ്റ്.''

അപ്പോഴാണ് അവള്‍ ക്ലോക്കിലേക്ക് നോക്കുന്നത്. 8 മണിയായിരിക്കുന്നു.

ഈ മമ്മി എന്താ ഇത്ര വൈകുന്നത്, ഒന്ന് വിളിച്ചു നോക്കിയാലോ?

അല്ലെങ്കില്‍ വേണ്ട, ഇന്നാളത്തെ പോലെ വഴക്ക് കേള്‍ക്കും... ഇന്ന് ചിലപ്പോള്‍ രോഗികളുടെ തിരക്ക് കൂടുതലായിരിക്കും... അവള്‍ സ്വയം ആശ്വസിച്ചു.

അപ്പോള്‍ ഡാഡിയോ...

അവളുടെ കുഞ്ഞുമനസ്സ് അവളോടു തന്നെ ചോദിച്ചു.

''ഡാഡിക്ക് ചിലപ്പോള്‍ കക്ഷികള്‍ കൂടുതലായിരിക്കും. അവരുടെ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കണ്ടേ ലിമക്കുട്ടി, എന്നാലല്ലേ ഡാഡിക്ക് കേസ് വാദിക്കാന്‍ പറ്റൂ...'' അതിനു മറുപടി പറഞ്ഞത് ത്രേസ്യാമ്മ ചേട്ടത്തിയാണ്.

ആവി മാറുന്ന ചിക്കന്‍ കറിയും ചപ്പാത്തിയും കട്‌ലേറ്റും സൂപ്പും മേശമേല്‍ നിരന്നു.

''ലിമക്കുട്ടി വന്ന് അത്താഴം കഴിച്ചാട്ടെ. ഡാഡിയും മമ്മിയും വരുമ്പോള്‍ സ്വസ്ഥമായിരുന്ന് അവരോട് സംസാരിക്കാമല്ലോ...'' ചേട്ടത്തി മുഖത്തൊരു ചിരി വരുത്തി.

ലിമക്കുട്ടി ചേട്ടത്തിയെ ദയനീയമായി നോക്കി.

വാഷ്‌ബേസിനില്‍ കൈകഴുകുമ്പോള്‍ ലിമ വിരലുകളില്‍ എന്തോ എണ്ണുന്നതു കണ്ട് ചേടത്തി അവളെ ആകാംക്ഷയോടെ നോക്കി.

ചൂട് സൂപ്പ് ബൗളിലേക്ക് പകരുമ്പോള്‍ ലിമ വീണ്ടും വിരലുകളില്‍ എണ്ണുവാന്‍ തുടങ്ങി.

ഇതുകണ്ട് അദ്ഭുതപരവശയായ ചേട്ടത്തി അവളുടെ താടിയില്‍ പിടിച്ചുയര്‍ത്തി എന്തേ എന്ന് കണ്ണു കാണിച്ചു.

നെറ്റി ചുളിച്ചുകൊണ്ട് ത്രേസ്യാമ്മ ചേട്ടത്തിയുടെ കയ്യില്‍ മുറുകെ പിടിച്ച് അവള്‍ പനിച്ചൂടിലും പുലമ്പി. 'ഡാഡിയും മമ്മിയും വരാതെ ഞാനിന്നുറങ്ങില്ല...'

''ഡാഡിയും മമ്മിയും എന്നോട് സംസാരിച്ചിട്ട് എത്ര ദിവസമായി എന്ന് ഞാന്‍ എണ്ണി നോക്കുകയായിരുന്നു. രണ്ടാളെയും ഒരുമിച്ച് കണ്ടിട്ട് എത്ര ദിവസമായി.''

വിതുമ്പാന്‍ വെമ്പുന്ന ചുണ്ടുകളോടെ ലിമക്കുട്ടി പറഞ്ഞു.

ചൂട് സൂപ്പിന്റെ ആവി പാറിയിട്ടെന്നോണം ലിമക്കുട്ടിയുടെയും ചേട്ടത്തിയുടെയും കണ്ണുകള്‍ ഒരുപോലെ നിറഞ്ഞു.

കുഞ്ഞുവിരല്‍ കൊണ്ട് ചപ്പാത്തി കീറി ചിക്കന്‍ കറിയില്‍ മുക്കി കഴിക്കുമ്പോള്‍ ആ 9 വയസ്സുകാരി സ്വയം പറയുന്നുണ്ടായിരുന്നു.

''എത്ര വൈകിയാലും ഞാന്‍ ഡാഡിയെയും മമ്മിയെയും കണ്ടിട്ടേ ഇന്ന് ഉറങ്ങുന്നുള്ളൂ.''

ഡൈനിങ് ടേബിളില്‍ ഇരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രിന്റഡ് ഫോട്ടോയിലേക്ക് നോക്കി അവള്‍ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു...

'ഇന്ന് അവരെ കണ്ടിട്ടേ ഞാന്‍ ഉറങ്ങൂ...'

സമയം രാത്രി പത്തായി എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കിളികള്‍ ക്ലോക്കിന്റെ കൂട് തുറന്ന് പുറത്തുവന്നു 10 തവണ ചിലച്ചു.

സോഫയില്‍ ചുരുണ്ട് കിടന്ന ലിമക്കുട്ടി ആ ശബ്ദത്തിന്മേല്‍ ചാടി എണീറ്റ് സിറ്റൗട്ടിലേക്കോടി ഗേറ്റിലേക്ക് കണ്ണുകളെറിഞ്ഞു.

ഇരുട്ടിനെ വിഴുങ്ങിക്കിടക്കുന്ന ശൂന്യത മാത്രമേ അവള്‍ക്കവിടെ കാണാന്‍ സാധിച്ചുള്ളൂ.

കൊച്ചിതുവരെ ഉറങ്ങിയില്ലേ...

റപ്പായി ചേട്ടന്റെ ശബ്ദത്തില്‍ അവളൊന്നു ഞെട്ടി...

മൗനം നിറഞ്ഞ മുഖത്തോടെ അവള്‍ കിടപ്പുമുറി ലക്ഷ്യമാക്കി നടന്നു.

അപ്പോഴും ഇടം കയ്യില്‍ കന്യകാമറിയത്തിന്റെ പ്രിന്റഡ് ഫോട്ടോ അവള്‍ നിധിപോലെ സൂക്ഷിച്ചു.

'ഡാഡിയും മമ്മിയും വരാതെ ഞാന്‍ ഇന്ന് ഉറങ്ങില്ല...'

അവള്‍ ഉറക്കത്തിലും മന്ത്രിച്ചു കൊണ്ടിരുന്നു.

ക്ലോക്കിലെ പക്ഷികള്‍ പുറത്തിറങ്ങി ഒരുതവണ ചിലച്ചുകൊണ്ട് കൂടിനുള്ളിലേക്ക് സ്വയം പിന്‍വാങ്ങി.

നെറ്റി ചുളിച്ചുകൊണ്ട് ത്രേസ്യാമ്മ ചേട്ടത്തിയുടെ കയ്യില്‍ മുറുകെ പിടിച്ച് അവള്‍ പനിച്ചൂടിലും പുലമ്പി.

'ഡാഡിയും മമ്മിയും വരാതെ ഞാനിന്നുറങ്ങില്ല...'

നെറ്റിയില്‍ തണുത്ത തുണി നനച്ചിടുമ്പോള്‍ ത്രേസ്യാമ്മ ചേട്ടത്തിയും കാറ്റത്തിളകുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രിന്റഡ് ഫോട്ടോ കോപ്പിയും ഒരുപോലെ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു.

ത്രേസ്യാമ്മ അവളെ നെഞ്ചോടുചേര്‍ത്ത് ശാന്തമായി പാടി.

ആ പാട്ട് തലമുറകളിലൂടെ പകരപ്പെടുന്ന, കണ്ണീരിന്റെ വക്കില്‍ നിന്നു കൈപിടിച്ച് കൊണ്ടുപോകുന്ന ഒരു പഴയ താലോലം.

ത്രേസ്യാമ്മയുടെ ഹൃദയമിടിപ്പ് ലിമയിലേക്ക് പതുക്കെ ഒഴുകി ചെല്ലുമ്പോഴും, ഭയത്തിന്റെ ചെറു നിഴല്‍ അവളുടെ കണ്ണുകളില്‍ നിന്നും പൂര്‍ണ്ണമായി പിന്മാറിയില്ല.

വെളിച്ചം കുറുകി നില്‍ക്കുന്ന മുറിയില്‍ കാറ്റ് ഇഴഞ്ഞുകയറിയപ്പോള്‍, ദീപത്തിന്റെ ജ്വാല ഒരു പ്രാര്‍ഥനപോലെ വിറങ്ങലിച്ചു.

ചുമരുകളില്‍ ചായുന്ന ആ അല്പം നീണ്ട നിഴലുകള്‍, ലിമയുടെ ചെറിയ മനസ്സിനുള്ളിലെ ആശങ്കകളുടെ രൂപമെടുത്തതുപോലെ തോന്നി.

ഓരോ ശ്വാസത്തിലും അവള്‍ എന്തോ അന്വേഷിക്കുന്നതുപോലെ...

ഒരു ശാന്തത, ഒരു ഉറപ്പ്, ഒരു തിരിച്ചുവരവ്.

ത്രേസ്യാമ്മയുടെ വിരലുകള്‍ അവളുടെ മുടിയില്‍ പതുക്കെ വഴുതുമ്പോള്‍, മുറിയിലെ നിശബ്ദതയ്ക്ക് ഒരു താപമുണ്ടായി.

എന്നാലും, നിര്‍വിവാദമായ ഒരു വാക്ക് ലിമയുടെ നെഞ്ചിന്റെ അകത്തളത്തില്‍ തുടര്‍ച്ചയായി താളം പിടിച്ചു:

'ഡാഡിയും മമ്മിയും വരാതെ ഞാന്‍ ഇന്ന് ഉറങ്ങില്ല.'

ശുഭം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org