ജീവനറിഞ്ഞ മൊബൈല്‍

ജീവനറിഞ്ഞ മൊബൈല്‍

ജോലി കഴിഞ്ഞ് ജീവന്‍ ഓഫീസില്‍ നിന്നിറങ്ങി. അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ വാങ്ങി പതിവു പോലെ വീട്ടിലേക്ക് വണ്ടി തിരിച്ചു. വീട്ടുമുറ്റത്തേക്ക് വണ്ടി കയറിയപ്പോള്‍ തന്നെ അനുവിന്റെ സ്‌കൂട്ടര്‍ പോര്‍ച്ചില്‍ ഇരിക്കുന്നത് ശ്രദ്ധിച്ചു. രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലാണ് അവള്‍ പഠിപ്പിക്കുന്നത്. മോനും അവിടെ തന്നെയാണ് പഠിക്കുന്നതും.

''ഏട്ടാ, കുളിച്ചു വന്നോളു. ചായ ഇപ്പം കൊണ്ട് വരാം.'' ഓഫീസ് വിട്ടുവന്നാല്‍ ഒരു ചായ പതിവുള്ളതാണ്. ജീവന്‍ കുളി കഴിഞ്ഞു വന്ന് മൊബൈലും കയ്യിലെടുത്ത് പതിവു പോലെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്തു. നോട്ടിഫിക്കേഷന്‍ ഒരുപാട് ഉണ്ട്. തന്റെ കഥകളെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നതിനു ശേഷം എത്ര Friend request കളും SMS കളും പിന്നെ ചാറ്റിങ്ങില്‍ കിട്ടുന്ന കുളിരും! ആകപ്പാടെ നല്ല രസം. നിങ്ങളിപ്പോള്‍ FB യില്‍ ഹീറോയാണല്ലോ. എന്നൊക്കെ വരുമ്പോള്‍ SMS വരുമ്പോള്‍ ഒരാത്മഹര്‍ഷം. അനു FB യൊന്നും നോക്കാന്‍ താല്പര്യം ഇല്ലാത്ത ആളായിരുന്നു. പക്ഷേ തന്റെ കഥകളെ കുറിച്ച് അവളുടെ കൂടെയുള്ളവര്‍ അവളോട് അഭിപ്രായം പറയുവാന്‍ തുടങ്ങിയപ്പോള്‍ അവളും FB യില്‍ സജീവമായി.

''അഭി, ടിവിയുടെ സൗണ്ട് ഒന്നു കുറച്ചു വയ്ക്കൂ.''

''സ്‌കൂളു വിട്ടുവന്നാല്‍ മോന്‍ ടിവിയുടെ മുമ്പില്‍, അച്ഛനോ പിന്നെ മൊബൈലില്‍ ചുണ്ണാമ്പു തേക്കാനും'' അങ്ങനെ പറഞ്ഞുകൊണ്ട് അനു ചായയുമായി വന്നു. അവള്‍ വരുന്ന ശബ്ദം കേട്ട ഉടനെ തന്നെ ജീവന്‍ മൊബൈല്‍ താഴെ വച്ച് മേശയില്‍ കിടന്നിരുന്ന പത്രം എടുത്തു വായിക്കാന്‍ തുടങ്ങി. അനു ചായയും പലഹാരങ്ങളും കൊണ്ടുവന്നു മേശയില്‍ വെച്ചിട്ട് ഒന്നും മിണ്ടാതെ പോയി.

ജീവന്‍ നോക്കിയപ്പോള്‍ ചായ മാത്രമല്ല, കൂടെ ഒരു ഗ്ലാസ് പായസവും ഉണ്ട്. അയല്‍വീട്ടില്‍ നിന്ന് ആരെങ്കിലും കൊണ്ടു കൊടുത്തതാവും. ജീവന്‍ പേപ്പര്‍ മേശയില്‍ വച്ചു. ഇന്നെന്തു പറ്റി അവള്‍ ഒന്നും മിണ്ടാതെ പോയത്? അല്ലെങ്കില്‍ ചായയുമായി വരുമ്പോള്‍ എപ്പോഴും മൊബൈലില്‍ നോക്കിയിരിക്കുന്നതിന് എന്തെങ്കിലും പരിഭവം പറഞ്ഞിട്ടേ പോകാറുള്ളു. 'ആ, എന്തെങ്കിലും ആവട്ടെ.' ജീവന്‍ വീണ്ടും മൊബൈല്‍ കൈയിലെടുത്തു. അത്താഴം കഴിക്കുന്നതുവരെ മൂത്രമൊഴിക്കാന്‍ പോലും പോവാതെ മൊബൈലില്‍ ചുണ്ണാമ്പും തേച്ചിരുന്നു.

ഉപദേശിച്ചിട്ടും പിണങ്ങിയിട്ടും കാര്യമില്ല എന്നു തോന്നിയിട്ടാവാം അവള്‍ ഇപ്പോള്‍ പരാതി പറയാത്തത്. ചിലപ്പോഴൊക്കെ അവള്‍ പറയും ''നിങ്ങള്‍ മൊബൈല്‍ നോക്കുന്നതിന്റെ പകുതിയെങ്കിലും എന്നെയും മോനെയും നോക്കിയിരുന്നെങ്കില്‍.'' മോന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. ജീവന്‍ അത്താഴം കഴിക്കുന്നിതിനിടയില്‍ ഓരോ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും അനു എല്ലാത്തിനും മൂളലില്‍ മറുപടി ഒതുക്കി. ഭക്ഷണത്തിന് ശേഷവും മൊബൈല്‍ കൈയില്‍നിന്ന് വെക്കാറില്ലെങ്കിലും അന്ന് രാത്രി പിന്നെ ജീവന്‍ മൊബൈല്‍ എടുത്തില്ല.

ഭാര്യയുടെ മുഖത്തെ കാര്‍മേഘം അയാളെ അലോസരപ്പെടുത്തി. കിടക്കയില്‍, അനുവിന്റെ അരികിലായി ജീവനും കിടന്നു. അനു ഒന്നും മിണ്ടാതെ കിടക്കുകയാണ്. ജീവന്‍ കുറച്ചു നേരം ഒന്നും മിണ്ടാതെ കിടന്നു. ഭാര്യയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാഞ്ഞപ്പോള്‍ പതിയെ അവളുടെ മുടിയിഴകള്‍ തഴുകി. അവള്‍ കുതറി കൈ തട്ടിമാറ്റി. സീറോ ബള്‍ബിന്റെ വെളിച്ചത്തില്‍ അപ്പോഴാണ് ജീവന്‍ അനുവിന്റെ മുഖം ശരിക്കും കണ്ടത്. രണ്ടു കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നു.

''എന്തുപറ്റി മോളെ?''

ജീവന്‍ വീണ്ടും അവളെ ചേര്‍ത്തുപിടിച്ചു. ''ഇന്നത്തെ ദിവസം ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്?''

ജീവന്‍ കുറേയേറെ ആലോചിച്ചു.

''ഇന്ന് മോന്റെ പിറന്നാളാണ്. അധികം ഒന്നും ആയിട്ടില്ല, അഞ്ചാം പിറന്നാള്‍. കാലത്ത് സ്‌കൂളില്‍ പോകുമ്പോള്‍, ഞാനവന്റെ ബാഗില്‍ കുറിച്ചു സ്വീറ്റ്‌സ് വെച്ചിരുന്നു. ക്ലാസ്സിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍. ഞാന്‍ കരുതി നിങ്ങള്‍ വൈകിട്ടു വരുമ്പോള്‍ അവന് ഒരു ഗിഫ്റ്റ് കൊണ്ടുവരുമെന്ന്. അല്ലെങ്കില്‍ ജസ്റ്റ് ഒന്ന് വിഷ് എങ്കിലും ചെയ്യുെമന്ന്.'' അനുവിന്റെ ശബ്ദമിടറി.

''ആ പായസം കണ്ടിട്ടു പോലും നിങ്ങള്‍ ചോദിച്ചില്ല ഇന്ന് എന്താ പ്രത്യേകത എന്ന്.'' കരഞ്ഞുകൊണ്ട് അനു തുടര്‍ന്നു.

''നാലു ദിവസം മുമ്പായിരുന്നു നമ്മുടെ വിവാഹവാര്‍ഷികം. ചേട്ടന്‍ അന്നും അതു മറന്നു. പക്ഷേ ഞാനത് ഓര്‍മ്മിച്ചു. അന്നു പറഞ്ഞത് ജോലിയുടെ തിരക്കില്‍പെട്ടു മറന്നുപോയെന്നാണ്. ഇപ്പോ മോന്റെ ജന്മദിനവും.''

''ഇതൊന്നും വെറും മറവിയല്ലെന്നും ഇതിനൊക്കെ വലിയ വിലയുണ്ടെന്നും ചേട്ടന്‍ തിരിച്ചറിയണം. എന്റെ കൂടെ ജോലി ചെയ്യുന്ന ശാലീനി ടീച്ചറുടെ FB വാളില്‍ അവരുടെ വിവാഹവാര്‍ഷികത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ചേട്ടനിട്ട മനോഹരമായ കവിതയുടെ വരികള്‍ ടീച്ചര്‍ എന്നെ കാണിച്ചു തന്നു.''

അനു തേങ്ങിക്കരഞ്ഞു. ''അവര്‍ നിങ്ങളുടെ FB friend ആയിരിക്കാം; ഞാന്‍ ചേട്ടന്റെ ഭാര്യയല്ലേ? അഭി നമ്മുടെ മോനല്ലേ? എന്റെ ഏട്ടന്‍ ഇങ്ങനെയായിരുന്നില്ലല്ലോ? മുന്‍പൊക്കെ എന്റെ ബെര്‍ത്ത്‌ഡേ പോലും ഓര്‍മിച്ച് വെച്ച് സര്‍പ്രൈസ് ഗിഫ്റ്റ് കൊണ്ടുതന്നിരുന്ന ആളായിരുന്നു? എങ്ങനെയാ ഏട്ടന്‍ ഇത്ര മാറിയത്?''

ജീവന്‍ ഒന്നും മിണ്ടിയില്ല.

അവള്‍ പറഞ്ഞതെല്ലാം സത്യമാണ്. തന്റെ ഭാര്യയേക്കാള്‍ മകനേക്കാള്‍ താന്‍ ഈ മൊബൈലിനെ സ്‌നേഹിക്കാന്‍ തുടങ്ങിയതോടെയാണ് ജീവിതം തകിടം മറിഞ്ഞത്. ജീവന്റെ ഹൃദയം നുറുങ്ങി. ഉറങ്ങികിടന്നിരുന്ന തന്റെ മോനെ അയാള്‍ നോക്കി. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. സ്‌കൂളുവിട്ടു വന്നാലും അവധിയുള്ള ദിവസങ്ങളിലും ''അച്ഛാ'' എന്നു വിളിച്ചു കൊണ്ട് പുറകെ നടക്കുന്ന സ്‌നേഹനിധിയായ മോന്‍! താന്‍ ആ സമയമൊക്കെ മൊ ബൈലില്‍ നോക്കി ഇരിക്കുകയാവും. അവന്‍ ഒരു ശല്യമാകുന്നു എന്നു തോന്നുമ്പോള്‍ അവന് ടാബ് എടുത്തു കൊടുത്തകറ്റി നിര്‍ത്തും. അല്ലെങ്കില്‍ ടി.വിയില്‍ കാര്‍ട്ടൂണ്‍ ചാനല്‍ വച്ചു കൊടുക്കും.

അവധി ദിവസങ്ങളില്‍ നമുക്കു എവിടെയെങ്കിലും പോവാം ഏട്ടാ എന്ന് അനു പറയുമ്പോള്‍ മൊബൈല്‍ സൂത്രത്തില്‍ മാറ്റിവച്ച് എനിക്ക് ചെറിയ തലവേദനയുണ്ട്, അടുത്ത പ്രാവശ്യം നമുക്കു പോകാം എന്നും പറഞ്ഞ് ഒഴിവാകും! അങ്ങനെ തന്റെതു മാത്രമായ സ്വകാര്യലോകത്തില്‍ താനൊതുങ്ങിപ്പോയി. ആകെ ഉള്ളത് FB യിലെ സൗഹൃദങ്ങള്‍ മാത്രം. കുറ്റബോധം സഹിക്കാനാവാതെ വന്നപ്പോള്‍ ജീവന്‍ ഏണീറ്റു വാതില്‍ തുറന്നു സിറ്റൗട്ടിലേക്ക് ഇറങ്ങി അല്പനേരം കഴിഞ്ഞപ്പോള്‍ അകത്തുനിന്നും 'ഏട്ടാ' എന്ന വിളിയൊച്ച.

ജീവന്‍ റൂമിലേക്ക് ചെല്ലുമ്പോള്‍ അനു അഭിയുടെ നെറ്റിയില്‍ തുണി നനച്ചിടുകയാണ്. ''മോന് നല്ലോണം പനിക്കുന്നുണ്ട്. വൈകീട്ട് മേലുകാച്ചിലുണ്ടായിരുന്നു. ഞാനത് അത്ര കാര്യമാക്കിയില്ല.'' അനു പറഞ്ഞു.

ജീവന്‍ അഭിയുടെ നെറ്റിയില്‍ തൊട്ടുനോക്കി. ചുട്ടുപൊള്ളുന്ന പനിയാണ്. ഹോസ്പിറ്റലില്‍ കൊണ്ടുപോകാം അനു നിര്‍ബന്ധിച്ചു. ആശുപത്രിയില്‍ പോകാന്‍ ഒരുങ്ങിയപ്പോള്‍ പുറത്ത് നല്ല മഴ! ബൈക്കില്‍ പോകാന്‍ പറ്റില്ല. ''അബുവിന്റെ ഓട്ടോ വിളിക്കാം'' അനു മോനെ എടുത്തു തോളിലിട്ടുകൊണ്ട് പറഞ്ഞു.

അപ്പോഴാണ് ജീവന്‍ അറിഞ്ഞത് അടുത്തുള്ള ഓട്ടോ ഓടിക്കുന്ന അബുവിന്റെ മൊബൈല്‍ നമ്പര്‍ പോലും തന്റെ കൈയിലില്ലെന്ന്.

ജീവന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോള്‍ അനുവിനു കാര്യം മനസ്സിലായി. അവള്‍ വേഗം ബാഗില്‍ നിന്നും മൊബൈല്‍ എടുത്ത് അബുവിനെ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അബുവിന്റെ ഓട്ടോ മുറ്റത്തു വന്നു നിന്നു. അബുവിനോട് അല്പം കുശലം ചോദിച്ചിട്ടു ജീവന്‍ വണ്ടിയിലേക്ക് കയറി. അബു ജീവന്റെ കുഞ്ഞുനാളിലെ കളിക്കൂട്ടുകാരനും സഹപാഠിയുമായിരുന്നു. ജീവനെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചതും നീന്താന്‍ പഠിപ്പിച്ചതും അബു ആയിരുന്നു.

രാത്രിയില്‍ ഓട്ടോ വിളിച്ചതിന്റെ ഒരു നീരസവും അവന്റെ മുഖത്തോ വാക്കുകളിലോ ഇല്ലായിരുന്നു.

''ഒരു ചെറിയ ഡ്രിപ്പ് ഇട്ടിട്ടുണ്ട്! അതു കഴിഞ്ഞാല്‍ വീട്ടില്‍ പോകാം. പിന്നെ മരുന്നും കുറിച്ചിട്ടുണ്ട്. അതു കൃത്യമായി കൊടുത്താല്‍ മതി. മാറിയില്ലെങ്കില്‍ മൂന്നു ദിവസം കഴിഞ്ഞു വരണം.'' ഡോക്ടര്‍ പറഞ്ഞു.

അനു മോന്റെ അടുത്തിരുന്നു. ജീവന്‍ അബുവിന്റെ കൂടെ അല്പം മാറിയിരുന്നു. മൊബൈലിലേക്ക് വീണ്ടും കൈ നീണ്ടുവെങ്കിലും എടുത്തില്ല.

''ഇന്ന് രാവിലെ ആദ്യത്തെ ഓട്ടവും ഇപ്പോ രാത്രിയിലെ അവസാന ഓട്ടവും നിങ്ങളുടേതാ'' അബു ചിരിച്ചുകൊണ്ട് പറഞ്ഞു.

''രാവിലെ ആരാ വണ്ടി വിളിച്ചത്?'' ജീവന്‍ ആകാംഷയോടെ ചോദിച്ചു.

''ഇന്ന് മോന്റെ ബേര്‍ത്ത് ഡേ ആയിരുന്നല്ലോ? അനു കുറച്ചു പായസവും പൈസയും തന്നിരുന്നു. അനാഥ മന്ദിരത്തിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍. ഞാനും ഇടയ്ക്ക് അങ്ങോട്ട് പോകാറുണ്ട്! നമ്മളെ കൊണ്ട് കഴിയുന്നത് കുറച്ചാണെങ്കിലും അവര്‍ക്കത് വലിയ കാര്യമാണല്ലോ! ആരും ഇല്ലാത്ത കുട്ടികളല്ലേ.''

ജീവന്‍ ഒന്നും മിണ്ടാതെ നാവിറങ്ങിയതു പോലെ ഇരുന്നു. സോഷ്യല്‍ മീഡിയയില്‍ സഹജീവി സ്‌നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും വാചാലനാകുന്ന താന്‍ ഒരിക്കല്‍ പോലും ഈ വക സ്ഥലങ്ങളില്‍ പോവുകയോ സഹായം നല്കുകയോ ചെയ്തിട്ടില്ലല്ലോ എന്ന് കുറ്റബോധത്തോടെ അയാള്‍ ഓര്‍ത്തു. ഒരു മാത്രയില്‍ അയാള്‍ വിതുമ്പി. ഓട്ടോ ഓടിക്കുന്ന അബുവും അദ്ധ്യാപികയായ അനുവും തങ്ങളുടെതായ ജീവിത വ്യവഹാരങ്ങള്‍ക്ക് ഇടയില്‍ നന്മ ചെയ്യാന്‍ സമയം കണ്ടെത്തിയിരിക്കുന്നു. എല്ലാം കഴിഞ്ഞ് വീട്ടില്‍ വണ്ടി ചെന്ന നേരം അഭിയെ വാരി തോളില്‍ ഇട്ടത് ജീവനായിരുന്നു. അനു പിന്നാലെയും. വീട്ടിലെത്തി ഓട്ടോയുടെ കാശു കൊടുക്കാന്‍ അബുവിന്റെ അടുത്തെത്തിയപ്പോഴേക്കും അബു വണ്ടി തിരിച്ചിരുന്നു.

പിറ്റേന്ന് ജീവന്‍ ഓഫീസില്‍ പോയില്ല. മോന് അസുഖമായതുകൊണ്ട് അനുവും ലീവെടുത്തു. അന്ന് അനു കണ്ടത് വിവാഹം കഴിഞ്ഞ നാളിലെ ഏട്ടനെയാണ്. മകനൊടൊപ്പം കളിക്കുന്ന, ഭാര്യയെ ലാളിക്കുന്ന, ഇടയ്‌ക്കൊക്കെ അടുക്കളയില്‍ വന്നു സഹായിക്കുന്ന ഭര്‍ത്താവിനെ അവള്‍ക്കു തിരിച്ചുകിട്ടി.

അന്ന് വൈകീട്ട് അവര്‍ ആദ്യമായി അബുവിന്റെ വീട്ടില്‍ ചെന്നു. അബു ആ സമയം വീട്ടിലുണ്ടായിരുന്നില്ല. അബുവിന്റെ ഭാര്യ അവരെ സ്വീകരിച്ചിരുത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ അബു വന്നു. പിന്നെ വര്‍ത്തമാനവും പൊട്ടിച്ചിരിയുമായിരുന്നു. സോഷ്യല്‍ മീഡിയയിലെ comment-സിനേക്കാളും chat നേക്കാളും സുഖവും സമാധാനവും തോന്നി ജീവനിപ്പോള്‍. ജീവന്റെ ജീവിതം അന്നു മുതല്‍ ജീവനുള്ളതായി. എല്ലാത്തിനും എല്ലാവര്‍ക്കും സമയമുള്ളവനായി ജീവന്‍ രൂപാന്തരം പ്രാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org