ഏകാകിത

മൊപ്പസാങ്ങ്
ഏകാകിത
Published on
  • ഭാഷാന്തരം: വേണു വി ദേശം

ഒരു സുഹൃത്തിന്റെ വസതിയില്‍ അത്യന്തം ഉല്ലാസജനകമായ ഒരു അത്താഴവിരുന്നില്‍ പങ്കെടുക്കുകയായിരുന്നു ഞങ്ങള്‍. വിരുന്ന് അവസാനിച്ചപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്ന എന്റെ പഴയൊരു സുഹൃത്ത് എന്നോടു പറഞ്ഞു:

''നമുക്ക് ഒരു ചെറുനടത്തത്തിനു പോയാലോ?''

ഞാന്‍ സമ്മതിച്ചു. ഞങ്ങള്‍ പുറത്തിറങ്ങി.

എന്റെ ചങ്ങാതി പറഞ്ഞു.

''എന്താണെന്നറിയില്ല, ഇവിടെ ഈ രാത്രിയില്‍ മറ്റെവിടെയെന്നതിനേക്കാളും സുഖകരമായനുഭവപ്പെടുന്നു.''

നീണ്ടുപോകുന്ന കുറ്റിച്ചെടികള്‍ക്കപ്പുറം രണ്ടു നിഴലുകള്‍ സാവധാനം നീങ്ങുന്നത് ഇടയ്ക്കിടെ ഞങ്ങള്‍ കണ്ടു. ഒരു സിമന്റ് ബഞ്ചിനരികിലേക്കെത്തിയപ്പോള്‍ മുട്ടിയുരുമ്മി രണ്ടുപേരിരിക്കുന്നതു കണ്ടു - ഇരുണ്ട അടയാളങ്ങള്‍ പോലെ.

എന്റെ ചങ്ങാതി മുറുമുറുത്തു:

''പാവങ്ങള്‍! എന്നിലവര്‍ ജുഗുപ്‌സയുളവാക്കുന്നില്ല. എനിക്കവരോട് വല്ലാത്ത അനുകമ്പയാണനുഭവപ്പെടുന്നത്. മനുഷ്യസംബന്ധിയായ ദുരൂഹരഹസ്യങ്ങളില്‍ വച്ച് ഞാന്‍ സൂക്ഷ്മ നിരീക്ഷണം ചെയ്തിട്ടുള്ള ഒന്നുണ്ട്. ജീവിതത്തില്‍ നാമനുഭവിക്കുന്ന ഏറ്റവും വലിയ വേദന എന്നെത്തേക്കും അനുഭവിക്കുന്ന കൊടിയ ഏകാകിതയാണ്. ഒറ്റപ്പെടലിനെ അതിജീവിക്കുവാന്‍ വേണ്ടിയാണ് ഏതൊരു മനുഷ്യന്റെയും പ്രയത്‌നങ്ങളും പ്രവര്‍ത്തനങ്ങളും. ഈ തുറന്ന അന്തരീക്ഷത്തില്‍ ആ ബഞ്ചിലിരിക്കുന്ന കമിതാക്കളും നമ്മെപ്പോലെ തന്നെ - ഏതൊരു ജീവിയേയും പോലെ - ഒറ്റപ്പെടലിനെ ശമിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ഒരു ക്ഷണമാത്രയാണ് സംഭവിക്കുന്നതെങ്കില്‍പ്പോലും. പക്ഷേ, അവര്‍ ജീവിക്കും. ആ ജീവിതം ഒറ്റപ്പെടലിന്റെ ജീവിതവുമാകും. നമ്മുടേതുമങ്ങനെതന്നെ.''

''ഏറിയോ കുറഞ്ഞോ നമ്മെ സംബന്ധിച്ചിടത്തോളവും ഇതു ശരിയാണ്. ഞാന്‍ കഴിഞ്ഞു കൂടിപ്പോരുന്ന ഭയാനകമായ ഒറ്റപ്പെടലിനെക്കുറിച്ച് കുറെക്കാലമായി എനിക്ക് ധാരണയുണ്ട്. ഇതിനെ ശമിപ്പിക്കുവാനുതകുന്ന ഒരു മറുമരുന്ന് കണ്ടുപിടിക്കുക അസാദ്ധ്യം തന്നെ. നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? എന്തൊക്കെത്തന്നെയാവട്ടെ നമ്മുടെ പ്രയത്‌നം, ഇതേപ്പറ്റിയുള്ള ഹൃദയവേദന എത്രമേല്‍ അധികരിച്ചതാവട്ടെ, നമ്മുടെ ചുണ്ടുകളില്‍ നിന്നും പുറപ്പെടുന്ന പരിദേവനങ്ങള്‍ എത്രയുമാകട്ടെ, എന്തിനെത്തന്നെയും നാം അലിംഗനം ചെയ്യട്ടെ, ആ അത് ഫലിക്കുകയില്ല. നാമെപ്പോഴും ഒറ്റപ്പെട്ടവര്‍ തന്നെയായിരിക്കും. ഞാനിപ്പോള്‍ ഈ രാത്രി നിങ്ങളെ ഒരു നടത്തത്തിനു ക്ഷണിച്ചു. വീട്ടില്‍ ഞാനനുഭവിക്കുന്ന വല്ലാത്ത ഏകാകികതയില്‍ നിന്നും രക്ഷപ്പെടാനാണത്. വീട്ടിലേക്കെത്തിപ്പെടുന്നത് വൈകിക്കാമല്ലോ.

...ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്നു വേദം പറയുന്നു. ആനന്ദമെന്ന മായ കാട്ടി ഭ്രമിപ്പിക്കുന്നവയാണവ. നാമനുഭവിക്കുന്ന ഏകാന്തവേദന വേദങ്ങള്‍ക്കറിയില്ലല്ലോ.

ഈ തുറന്ന അന്തരീക്ഷത്തില്‍ ആ ബഞ്ചിലിരിക്കുന്ന കമിതാക്കളും നമ്മെപ്പോലെ തന്നെ - ഏതൊരു ജീവിയേയും പോലെ - ഒറ്റപ്പെടലിനെ ശമിപ്പിക്കുവാനാണ് ശ്രമിക്കുന്നത്.

....ഞാന്‍ അല്പം പാളം തെറ്റിപ്പോയിരിക്കുന്നുവെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ലേ? ഞാന്‍ പറയുന്നതു കേള്‍ക്കൂ. എന്റെ സത്തയുടെ ഒറ്റപ്പെടലിനെക്കുറിച്ച് എനിക്ക് ബോധമുളവായതു മുതല്‍ നിത്യേനയെന്നോണം അഗാധവും ഇരുണ്ടതുമായ ഒരു നിലവറയിലേക്കു താഴ്ന്നു പോകുന്നതായാണെന്റെ അനുഭവം. അതിന്റെ അതിരുകള്‍ കാണാനാവില്ല. എനിക്കറിയുകയുമില്ല. ഒരുപക്ഷേ, അതിന് അടിത്തട്ടുണ്ടാവുകയില്ല. ഞാനതിലേക്കാണ്ടുപോകുമ്പോള്‍ ആരുമെന്നോടൊപ്പമില്ല. മ്ലാനത പുരണ്ട ആ വ്യസനത്തില്‍ ഞാനൊറ്റയ്ക്ക് താഴ്ന്നുതാഴ്ന്നു പോകുന്നു. ഈ ഇരുള്‍ക്കുണ്ടാണ് ജീവിതം. ചിലപ്പോള്‍ സ്വരങ്ങള്‍ കേള്‍ക്കുന്നു, കോലാഹലം കേള്‍ക്കുന്നു. കുഴഞ്ഞു മറിഞ്ഞ ഒച്ചകള്‍... എന്നാല്‍ എവിടെ നിന്നാണവ ഉറവെടുക്കുന്നതെന്നെനിക്കറിയുകയുമില്ല. എന്നെ ചുറ്റിച്ചുഴലുന്ന ആ അന്തകാരത്തില്‍ ഞാന്‍ ആരെയും കാണുന്നില്ല. നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ?....

...ഈ അസഹനീയമായ പീഡനത്തെ ചിലര്‍ സാന്ദര്‍ഭികമായി ഊഹിച്ചറിഞ്ഞിട്ടുണ്ട്. ഒരു കവി പാടിയിരിക്കുന്നതിങ്ങനെ.

ആരു വരുന്നു? ആരെന്നെ വിളിക്കുന്നു?

ആരുമേയില്ല.

ഞാനേകന്‍.

ഘടികാരത്തില്‍ ഒന്നാം മണി മുഴങ്ങുന്നു.

ഹൊ! ഏകാന്തതേ... എന്റെ ദുഃഖമേ.

പക്ഷേ, അയാളെ സംബന്ധിച്ചിടത്തോളം അതൊരു ക്ഷണികമായ അനുഭവമാണ്. എന്നെപ്പോലെ അതിനെപ്പറ്റി സുനിശ്ചിതത്വമില്ല. അയാള്‍ ഒരു കവി. സ്വപ്നങ്ങളാലും മായക്കാഴ്ചകളാലും വിചിത്ര കല്പനകളാലും അയാള്‍ ജീവിതം കുത്തിനിറച്ചു. അയാള്‍ ഒരിക്കലും ഒറ്റപ്പെടലനുഭവിച്ചിട്ടില്ല. ഞാന്‍ - ഞാനാകട്ടെ ഏകാകിയാണ്....

....ഏറ്റവും നിര്‍ഭാഗ്യവാന്മാരായവരിലൊരാളായ ഗുസ്താവ് ഫ്‌ളാബേര്‍ - കാരണം അയാള്‍ ഏറ്റവും പ്രകാശവത്തായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്... അദ്ദേഹം ഒരു സുഹൃത്തിന് നൈരാശ്യജനകമായ ഒരു വാക്യമെഴുതിയതിങ്ങനെ... 'നാമെല്ലാം ഒരു മുരുഭൂമിയിലാണ്. ആരുമാരേയും തിരിച്ചറിയുന്നില്ല....'

...ഇല്ല... ഒരുവന്‍ എന്തൊക്കെത്തന്നെ ശ്രമിച്ചുകൊള്ളട്ടെ, എന്തൊക്കെത്തന്നെ പറഞ്ഞുകൊള്ളട്ടെ, എന്തൊക്കെത്തന്നെ ചിന്തിച്ചുകൊള്ളട്ടെ അവന് അന്യനെ മനസ്സിലാക്കുവാന്‍ കഴിയുകയില്ല. വീശിയെറിയപ്പെട്ട തീപ്പൊരികള്‍പോലെ ആകാശത്ത് കാണപ്പെടുന്ന നക്ഷത്രങ്ങളെപ്പറ്റി ഭൂമിക്കെന്തറിയാം? വളരെ ദൂരെനിന്ന് അവയില്‍ ചിലതിന്റെ അലങ്കാരപ്പൊലിമ നാം ആസ്വദിക്കുന്നുവെന്നു മാത്രം. അനന്തതയില്‍ ആ നക്ഷത്രങ്ങള്‍ അസംഖ്യമാണ്. അതൊന്നു ചിന്തിച്ചു നോക്കൂ. ഒരുപക്ഷേ, ശരീരത്തിലെ തന്മാത്രകള്‍പോലെ അവയെല്ലാം ചേര്‍ന്ന് ഒരു സമഗ്രതയെ ആവിഷ്‌ക്കരിക്കുന്നുണ്ടാവാം...

...ശരി... അപരന്മാരിലെന്താണ് സംഭവിക്കുന്നത് എന്ന് മനുഷ്യനറിയാന്‍ കഴിയുന്നില്ല. നക്ഷത്രങ്ങളേക്കാള്‍ അകലം പാലിക്കുന്നവരാണ് നാം. അത്യന്തം ഒറ്റപ്പെട്ടവരും. കാരണം ചിന്തകള്‍ നിലയറ്റവയും ഉള്ളറിയുവാന്‍ കഴിയാത്തവയുമാണ്...

...നമുക്ക് തിരിച്ചറിയുവാന്‍ കഴിയാത്ത ഇത്തരം ജീവികളുമായുള്ള നിരന്തര സംസര്‍ഗത്തേക്കാള്‍ ഭയാനകമായി എന്താണുള്ളത്? തളയ്ക്കപ്പെട്ടതുപോലെ നാം സ്‌നേഹത്തിലകപ്പെടുന്നു. അങ്ങേയറ്റം അരികില്‍ നിന്ന് കരങ്ങള്‍ വിടര്‍ത്തിയാലും നമുക്ക് അന്യോന്യം എത്തിപ്പിടിക്കുവാന്‍ കഴിയുന്നില്ല. ഒരുമയ്ക്കുവേണ്ടിയുള്ള വേദനാജനകമായ ഒരാവശ്യം നമ്മെ ആകെ വിഴുങ്ങുന്നു. എന്നാല്‍ നമ്മുടെ പരിശ്രമങ്ങളെല്ലാം പാഴായിത്തീരുന്നു. നമ്മുടെ പരിത്യാഗം ഉപയോഗശൂന്യമായി ഭവിക്കുന്നു. നമ്മുടെ വിശ്വാസങ്ങള്‍ നിഷ്ഫലങ്ങളായിത്തീരുന്നു. നമ്മുടെ ആലിംഗനങ്ങള്‍ അശക്തങ്ങളും പരിലാളനങ്ങള്‍ അര്‍ത്ഥശൂന്യങ്ങളുമായിത്തീരുന്നു. നാം ഒരുമയിലായിരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ പൊടുന്നനെ നമ്മെ പരസ്പരം സംഘര്‍ഷത്തിലേക്കു നയിക്കുന്നു...

...ഒരു സുഹൃത്തിനോട് ഹൃദയം തുറക്കുമ്പോഴാണ് ഞാന്‍ ഏറ്റവുമധികം ഏകാകിതയനുഭവിക്കുക. കാരണം അപ്പോഴാണ് ഞാന്‍ അലംഘനീയമായ പ്രതിബന്ധത്തെക്കുറിച്ച് ബോധവാനാകുക. എന്റെ സുഹൃത്ത് എനിക്കു മുന്നില്‍ നില്‍ക്കുന്നു. അയാളുടെ തെളിഞ്ഞ കണ്ണുകള്‍ എനിക്കുമേല്‍ സഞ്ചരിക്കുന്നതെനിക്കു കാണാം. എന്നാല്‍ ആ കണ്ണുകള്‍ക്കു പിന്നിലുള്ള ആത്മാവിനെ എനിക്കുകാണാന്‍ കഴിയുന്നില്ല. അയാളെന്നെ കേള്‍ക്കുന്നുണ്ടാവാം. പക്ഷേ, അയാളുടെ ചിന്തകളെന്താവാം? അതെ! അയാളെന്താണ് ചിന്തിക്കുന്നുണ്ടാവുക? ഈ മാരകവേദന എന്താണെന്ന് നിങ്ങള്‍ക്കൊരിക്കലും മനസ്സിലാക്കുവാനെളുതല്ല. അയാളെന്നെ എതിര്‍ക്കുന്നുണ്ടാവാം. ഒരുപക്ഷ, വെറുക്കുന്നുപോലുമുണ്ടാവാം. അഥവാ ഉള്ളില്‍ പരിഹസിക്കുകയാണെന്നും വരാം. ഞാന്‍ പറഞ്ഞതിനെപ്പറ്റി അയാള്‍ പരിചിന്തിക്കുന്നു. അയാളെന്നെ വിധിക്കുന്നു... അധിക്ഷേപിക്കുന്നു... നിന്ദിക്കുന്നു. ഞാന്‍ ഒരു വിഡ്ഢിയോ, അപ്രധാനനോ ആണെന്ന് പരിഗണിക്കുകയും ചെയ്യുന്നു...

എന്റെ സുഹൃത്ത് എനിക്കു മുന്നില്‍ നില്‍ക്കുന്നു. അയാളുടെ തെളിഞ്ഞ കണ്ണുകള്‍ എനിക്കുമേല്‍ സഞ്ചരിക്കുന്നതെനിക്കു കാണാം. എന്നാല്‍ ആ കണ്ണുകള്‍ക്കു പിന്നിലുള്ള ആത്മാവിനെ എനിക്കുകാണാന്‍ കഴിയുന്നില്ല.

...അയാളെന്താണ് ചിന്തിക്കുന്നതെന്ന് ഞാനെങ്ങനെയറിയും? ഞാനയാളെ സ്‌നേഹിക്കുന്നതു പോലെ അയാള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഞാനെങ്ങനെ തിരിച്ചറിയും? ആ ചെറിയ തലയ്ക്കുള്ളിലെന്തൊക്കെയാവാം ചുറ്റിത്തിരിയുന്നത്? ഒരുവന്റെ അജ്ഞേയമായ ചിന്തികള്‍ക്കപ്പുറം ദുരൂഹമായ രഹസ്യം നമുക്കെന്താണുള്ളത്? ഒളിപ്പിച്ചുവെച്ചതും സ്വതന്ത്രവുമായ ആ ചിന്തയ്ക്കു മേല്‍ നമുക്ക് യാതൊരു നിയന്ത്രണവും സാധ്യമല്ല. ആ ചിന്തയെ ആജ്ഞാശക്തികൊണ്ട് കീഴ്‌പ്പെടുത്താനുമാവില്ല... എന്നിട്ടോ? ഞാന്‍... ഞാനെന്നെ പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ പാഴായി ആഗ്രഹച്ചു... എന്റെ ആത്മാവിന്റെ വാതായനങ്ങളത്രയും തുറന്നിടുവാന്‍ മോഹിച്ചു. പക്ഷേ, എന്നെ മുഴുവനായും ഉപേക്ഷിക്കുവാന്‍ എനിക്കായില്ല. ഞാനിപ്പോഴും എന്റെ നിഗൂഢാത്മകമായ ആ ആഴത്തിലാണ് നിവസിക്കുന്നത്. മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത ഒരിടം... ആര്‍ക്കും അവിടം കണ്ടെത്താനോ അങ്ങോട്ട് പ്രവേശിക്കുവാനോ സാധ്യമല്ല. കാരണം ആരും എനിക്ക് സദൃശരല്ല, എന്തെന്നാല്‍ ആര്‍ക്കും ആരേയും തിരിച്ചറിയുവാന്‍ കഴിയുകയില്ല...

...നിങ്ങള്‍, ഒരുപക്ഷേ, ഈ ഒരു നിമിഷത്തേക്ക് എന്നെ ഉള്‍ക്കൊണ്ടുവെന്നു വന്നേക്കാം. ങേ! എനിക്ക് ഭ്രാന്താണെന്നാണോ കരുതുന്നത്? നിങ്ങളെന്നെ പരിശോധിക്കുകയും എന്നില്‍ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. ഇന്നു രാത്രി ഇയാള്‍ക്കെന്തുപറ്റി എന്ന് നിങ്ങള്‍ സ്വയം ചോദിക്കുകയും ചെയ്യുന്നു. പക്ഷേ, എന്നെങ്കിലുമൊരിക്കല്‍ ഭീതിദവും സൂക്ഷ്മവുമായ എന്റെ ഈ രഹസ്യവേദനയെ നിങ്ങള്‍ തിരിച്ചറിഞ്ഞുവെന്നു വന്നേക്കാം. ഞാന്‍ നിങ്ങളെ മനസ്സിലാക്കുന്നുവെന്ന് എന്നോട് പറയുകുയും ചെയ്‌തേക്കാം. ഒരു നിമിഷം മാത്രമേ അതിന്റെ സന്തോഷം എനിക്കനുഭവിക്കുവാന്‍ കഴിയൂ...

...സ്ത്രീകളാണ് എന്റെ ഏകാകിതയെക്കുറിച്ച് അധികമധികം വെളിവാക്കിത്തരുന്നത്. ഹൊ! എത്രമാത്രം ദുരിതങ്ങളാണ് സ്ത്രീകള്‍ എന്നില്‍ വര്‍ഷിച്ചിട്ടുള്ളത്! പുരുഷന്മാരേക്കാള്‍ ഞാന്‍ ഒറ്റയ്ക്കല്ല എന്ന മിഥ്യാധാരണ എന്നില്‍ പകരുവാന്‍ സ്ത്രീകളാണ് കാരണക്കാരായിട്ടുള്ളതെന്നതാണ് ഞാന്‍ പറഞ്ഞതിനര്‍ത്ഥം...

ഒരാള്‍ പ്രണയത്തില്‍ പ്പെടുമ്പോള്‍ അയാള്‍ക്ക് വികാസം സിദ്ധിക്കുന്നുവെന്ന് കാണപ്പെടുന്നു. അതീതമായ ഒരു സൗഖ്യം അയാളെ പൊതിയുന്നു. എന്തുകൊണ്ടാണതങ്ങനെയെന്ന് നിങ്ങള്‍ക്കറിയമോ? ആ സംവേദനം അതിരറ്റ സന്തോഷത്തിലേക്കു മാറുന്നതെന്തുകൊണ്ടാണെന്നറിയാമോ? കാരണം ലളിതമാണ്. താനിനി ഒറ്റയ്ക്കല്ല എന്ന് അയാള്‍ ഭാവന ചെയ്തു പോകുന്നു. എന്തൊരു വലിയ അബദ്ധം!! ഏകാകിതയെ എങ്ങനെയാണ് കയ്യൊഴിക്കുവാന്‍ കഴിയുക? സ്വന്തം സത്തയെ പരിത്യജിക്കുവാന്‍ ആര്‍ക്കു കഴിയും?

നമ്മേക്കാള്‍ കൂടുതലായി ഈ ദുരിതവേദന അനുഭവിക്കുന്നത് സ്ത്രീകളാണ്. അവസാനിക്കാത്തതായ ഈ വാഞ്ഛ സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുക. ഉഗ്രമായ മായക്കിനാവാണത്...

...നിങ്ങള്‍ക്കോര്‍മ്മയുണ്ടാവില്ലേ നീണ്ട മുടിയും ആകര്‍ഷകങ്ങളായ ഭാവഹാവാദികളും നോട്ടവുമുള്ള സ്ത്രീകളോട് ചെലവിട്ട മണിക്കൂറുകള്‍? ജീവിക്കുവാന്‍ അവ നമ്മെ അതിശയിപ്പിച്ചുവല്ലോ? എത്ര വലിയ ജ്വരഭ്രാന്തിയാണ് നമ്മുടെ മനസ്സുകളെ ഭ്രമിപ്പിച്ചതെന്നറിയണം! വലിയ മായക്കാഴ്ചകള്‍ നമ്മെ വഴിതെറ്റിച്ചു കൊണ്ടുപോയി! അവരുമായി ഏകമനസ്‌കരായിത്തീരാമെന്നു നാം വ്യാമോഹിച്ചു. അതൊരിക്കലും സംഭവിച്ചതേയില്ല. ആഴ്ചകളോളം മോഹങ്ങളോടെയും വഞ്ചകമായ സന്തോഷത്തോടെയും കാത്തിരുന്നതിനു ശേഷം നിങ്ങള്‍ തിരിച്ചറിഞ്ഞു, മുമ്പെപ്പോഴെന്നതിനേക്കാളും നിങ്ങള്‍ ഒറ്റപ്പെടലനുഭവിക്കുന്നുന്നെ സത്യം. ശരിയല്ലേ? ...ഓരോ ചുംബനത്തിനും ഓരോരോ ആലിംഗനത്തിനുംശേഷം ആ ഒറ്റപ്പെടല്‍ വര്‍ദ്ധമാനമായി. നിങ്ങള്‍ വീണ്ടും ആഴത്തില്‍ നിങ്ങളെത്തന്നെ കണ്ടു...

...സള്ളി പ്രൂഥോം ഇങ്ങനെ എഴുതിയിട്ടില്ലയോ ?

ലാളനകള്‍ പകരുന്നത് വെറും അസ്വസ്ഥതകള്‍.

ശരീരങ്ങളുടെ ഐക്യം കൊണ്ട് ആത്മാക്കള്‍ ഒന്നായി-

ത്തീരുകയില്ല എന്ന് ഉപന്യസിക്കുന്ന, നിസ്വമായ

പ്രണയത്തിന്റെ നിഷ്ഫലപ്രയത്‌നങ്ങള്‍.

...ശരി ശരി... ഗുഡ്‌ബൈ. അത് പോട്ടെ. തന്നോടൊപ്പം ജീവിക്കുന്ന ഒരു സ്ത്രീയെ, അയാള്‍ക്ക് സര്‍വസ്വവുമായ അവളെ അയാള്‍ ഒരിക്കലെങ്കിലും തിരിച്ചറിയുന്നുണ്ടോ എന്ന് സംശയമാണ്. അവളുടെ ചിന്തകളെ, നിനവുകളെ നിസ്സാരമായ സൂചനകളെപ്പോലും നാമൊരിക്കലും തിരിച്ചറിയുന്നില്ല തന്നെ... ജീവിതത്തിന്റെ ദുരൂഹമായ സ്വരമേളനങ്ങളില്‍, ആശയങ്ങളുടെയും അഭിലാഷങ്ങളുടേയും കൂടിച്ചേരലുകളില്‍ ചിലപ്പോള്‍ ഒരു നിമിഷം... ഒരു നിമിഷം ഇരുട്ടില്‍ ഒരു പ്രകാശരേഖയെന്നപോലെ അവളുടെ ആത്മാവിന്റെ ആഴങ്ങളില്‍ നിന്നുള്ള ഒരു വാക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ തെറ്റ് ബോധ്യപ്പെടുത്തിത്തന്നെന്നു വരാം.... നിങ്ങള്‍ക്കിടയിലുള്ള ആ ഇരുണ്ട നിലവറയെപ്പറ്റി സൂചിപ്പിച്ചെന്നു വരാം...

...എന്നിട്ടും നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരു സ്ത്രീയോടൊപ്പം ഒരു രാത്രി ചെലവഴിക്കുകയെന്നത് ലോകത്തിലേറ്റവും ഉല്‍ക്കൃഷ്ടമായൊരു കാര്യം തന്നെയാണ്... അവളോട് ഒരക്ഷരം പോലും മിണ്ടാതെ, അവളുടെ സാന്നിധ്യത്തിന്റെ മാത്രം സന്തോഷത്തില്‍ പൂര്‍ണ്ണമായും മുഴുകിക്കൊണ്ട്. കൂടുതലൊന്നും ചോദിക്കരുത്... രണ്ട് ജീവനുകള്‍ ഒരിക്കലും ഐക്യപ്പെടുകയില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഞാനെന്റെ ആത്മാവ് കൊട്ടിയടച്ചിരിക്കുന്നു. ഞാന്‍ ചിന്തിക്കുന്നതും വിശ്വസിക്കുന്നതുമൊന്നും മറ്റാരോടും മേലില്‍ പറയുകയില്ല. ഭീകരമായ ഈ ഏകാന്തതയ്ക്കു വിധിക്കപ്പെട്ടിരിക്കുകയാല്‍ ഞാനെന്റെ നിരീക്ഷണങ്ങള്‍ വസ്തുതകള്‍ക്കുമേല്‍ പ്രകടിപ്പിക്കുന്നതുമല്ല. എന്റെ അഭിപ്രായങ്ങള്‍ക്കും വഴക്കുകള്‍ക്കും സൗഖ്യങ്ങള്‍ക്കും എന്താണര്‍ത്ഥം? ആരുമായും പങ്കുവയ്ക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ എല്ലാറ്റില്‍ നിന്നും പിന്‍വാങ്ങിക്കഴിയുന്നു. അദൃശ്യമായ എന്റെ ആത്മാവ് ഇനിയും കണ്ടെത്തപ്പെടേണ്ടിയിരിക്കുന്നു. ഓരോ ദിവസവും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുപയുക്തമായ ഉത്തരങ്ങള്‍ നല്കുന്നതിനുള്ള സാധാരണ വാക്യങ്ങള്‍ എന്റെ പക്കലുണ്ട്, മറുപടി പറയുന്നതിനുള്ള അല്പമാത്രമായ ആഗ്രഹവും എനിക്കില്ലെങ്കിലും... നിങ്ങള്‍ക്ക് മനസ്സിലാകുമോ?''

എന്റെ അഭിപ്രായങ്ങള്‍ക്കും വഴക്കുകള്‍ക്കും സൗഖ്യങ്ങള്‍ക്കും എന്താണര്‍ത്ഥം? ആരുമായും പങ്കുവയ്ക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ എല്ലാറ്റില്‍ നിന്നും പിന്‍വാങ്ങിക്കഴിയുന്നു. അദൃശ്യമായ എന്റെ ആത്മാവ് ഇനിയും കണ്ടെത്തപ്പെടേണ്ടിയിരിക്കുന്നു.

രണ്ടരികിലും ചോല വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയിരുന്ന നീണ്ട ഒരു പാത ഞങ്ങള്‍ മുറിച്ചുകടന്നു. അയാള്‍ മറ്റൊരു വഴിയിലേക്കു കടക്കും മുമ്പ് ഒന്നു നിന്ന് താഴ്ന്ന സ്വരത്തില്‍ മറ്റു പലതും കൂടി പറഞ്ഞു. അതൊന്നും തന്നെ ഇപ്പോഴെനിക്ക് ഓര്‍മ്മ വരുന്നില്ല. നക്ഷത്രഖചിതമായ ആകാശത്തിനു കീഴില്‍ പുരാതനമായ ഒരു സമാധികുടീരത്തില്‍ സ്ഥാപിച്ചിരുന്ന ശിലാപ്രതിമയെച്ചൂണ്ടി അയാള്‍ പറഞ്ഞു.

''നോക്കൂ... നാമെല്ലാം ആ ശിലയെപ്പോലെയാണ്.''

ഒരൊറ്റ അക്ഷരം കൂടി പറയാതെ അയാള്‍ എന്നെ വെടിഞ്ഞുപോയി. അയാള്‍ക്ക് ലഹരി ബാധിച്ചിരിക്കുന്നുവോ? അയാള്‍ ഉന്മാദിയായിരുന്നുവോ? അഥവാ അയാള്‍ ഒരു അഗാധചിന്തകനോ? ഇനിയും എനിക്ക് മനസ്സിലായിട്ടില്ല. ചിലപ്പോഴൊക്കെ അയാള്‍ പറഞ്ഞത് ശരിയായിരുന്നുവെന്നെനിക്ക് തോന്നാറുണ്ട്. ചിലപ്പോഴൊക്കെ തോന്നും അയാള്‍ക്ക് ചിത്തഭ്രമം പിടിപ്പെട്ടിരുന്നിരിക്കാമെന്നും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org