കുടിനീരൊഴുകും ദാഹമകലും

കുടിനീരൊഴുകും ദാഹമകലും
Published on

ആഫ്രിക്കയിലെ ആയിരക്കണക്കിനു കുട്ടികള്‍ ദാഹജലത്തിനായി കേഴുന്ന വാര്‍ത്ത കാനഡയിലെ പ്രൈമറി സ്‌കൂളിലിരുന്നു കേട്ട കൊച്ചുബാലനായിരുന്നു റയാന്‍. കേവലം ആറു വയസ്സുള്ള കുട്ടി.

അവര്‍ക്കായി കിണര്‍ നിര്‍മ്മിക്കാന്‍ എഴുപതു ഡോളര്‍ മതിയെന്ന് ടീച്ചര്‍ പറഞ്ഞത് അവനെ സ്പര്‍ശിച്ചു. എങ്ങനെയെങ്കിലും ഒരു കിണര്‍ നിര്‍മ്മിക്കാനുള്ള പണം സ്വരൂപിക്കാന്‍ അവന്‍ തീരുമാനിച്ചു. പണം എവിടെനിന്ന് കണ്ടെത്തും?

കൊച്ചു റയാന്‍ അമ്മയോട് കാര്യം പറഞ്ഞു. വീട്ടിലെ കൊച്ചു കൊച്ചു ജോലികള്‍ ചെയ്താല്‍ ഡോളര്‍ നല്‍കാമെന്ന് അമ്മ സമ്മതിച്ചു. കുറച്ചു കഴിയുമ്പോള്‍ അവന്‍ മടുത്തു പിന്മാറുമെന്നാണ് അമ്മ കരുതിയത്.

എഴുപതു ഡോളര്‍ നേടിയപ്പോഴാണ് മനസ്സിലായത് രണ്ടായിരം ഡോളറെങ്കിലും ഇല്ലാതെ ആഫ്രിക്കയില്‍ ഒരു കിണര്‍ നിര്‍മ്മിക്കാനാവില്ലെന്ന്. അവന്‍ തോല്‍ക്കാന്‍ തയ്യാറായില്ല. മുതിര്‍ന്നവരുടെ സഹായത്തോടെ പണം സംഘടിപ്പിച്ചു.

കരുത്തുറ്റ ബാലകരല്ലേ? നിങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ ഭൂമി കനിയും, കുടിനീരൊഴുകും, ദാഹമകലും. നിങ്ങള്‍ മനസ്സുവയ്ക്കുമോ?

1999-ല്‍ ഉഗാണ്ടയിലെ ആംഗ്ലോ പ്രൈമറിസ്‌കൂള്‍ വളപ്പില്‍ റയാന്റെ പേരില്‍ ഒരു കിണര്‍ യാഥാര്‍ത്ഥ്യമായി.

ഇനിയും ഒട്ടേറെ സ്ഥലങ്ങളില്‍ കിണര്‍ ആവശ്യമുണ്ട്. അതിനായി അടുത്ത ശ്രമം. വികസ്വര രാജ്യങ്ങളിലെ കുടിവെള്ള സംരക്ഷണ ദൗത്യവുമായി റയാന്‍ ഫൗേണ്ടഷന്‍ സ്ഥാപിതമായി. അനേകം ആളുകളും പ്രസ്ഥാനങ്ങളും പല ഘട്ടങ്ങളിലായി അതിനോടു സഹകരിച്ചു. തല്‍ഫലമായി എഴുന്നൂറിലധികം കിണറുകളാണ് ആഫ്രിക്കയില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. ഏഴരലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമായി.

പദ്ധതി വീണ്ടും മുന്നോട്ടുപോയി. 2015-ല്‍ റയാന്‍ നിര്‍മ്മിച്ച കിണറുകളുടെ എണ്ണം ആയിരം തികഞ്ഞു!

ഇത്രയും സാധിച്ചത് ഒരു കുട്ടി മുന്നോട്ടുവന്നതുകൊണ്ടാണ്. അപ്പോള്‍ അതിനോടു ചേരാന്‍ ആയിരങ്ങള്‍ മനസ്സായി. ഇതൊക്കെ ഇന്നും സാധിക്കും, ഇവിടെയും സാധിക്കും. മുതിര്‍ന്നവര്‍ക്കു കഴിയാത്തത് കുട്ടികള്‍ക്കു കഴിയും. നിങ്ങള്‍ കരുത്തുറ്റ ബാലകരല്ലേ? നിങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ ഭൂമി കനിയും, കുടിനീരൊഴുകും, ദാഹമകലും. നിങ്ങള്‍ മനസ്സുവയ്ക്കുമോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org