കഴുത പറഞ്ഞ കാര്യങ്ങള്‍

കഴുത പറഞ്ഞ കാര്യങ്ങള്‍
  • എം ഡി ദേവസ്സി മൈപ്പാന്‍, എടക്കുന്ന്

അമ്മയ്ക്കുണ്ടായ അനുഭവങ്ങള്‍ കേള്‍ക്കാന്‍ കഴുതക്കുട്ടി അമ്മയോടു ചേര്‍ന്നു നിന്നു. അമ്മ പറയാന്‍ തുടങ്ങി. ''പണ്ട് ഞാന്‍ ജീവിച്ചിരുന്നത് ബത്‌ലേഹമിലെ മലഞ്ചെരുവില്‍ ആടുകള്‍ മേഞ്ഞുകൊണ്ടിരുന്ന പുല്‍മേടുകളിലായിരുന്നു. വൈകന്നേരങ്ങളില്‍ ഇടയന്മാര്‍ വന്ന് ആടുകളെ ആലയിലാക്കി വാതിലടയ്ക്കും. വാതിലിനോടു ചേര്‍ന്ന് ഇടയന്മാര്‍ കിടന്നുറങ്ങും. ഞാന്‍ ഒറ്റയ്ക്ക് ആയതിനാല്‍ ആലയ്ക്കു പുറത്ത് ആടുകളോട് ചേര്‍ന്നു കിടക്കും, ഒരു ദിവസം പാതിരാത്രിയായപ്പോള്‍ ആടുകളെല്ലാം ഞെട്ടിയെഴുന്നേറ്റ് ഒച്ചവയ്ക്കാന്‍ തുടങ്ങി. ബഹളം കേട്ടു ഞാനും കണ്ണുതുറന്ന് എഴുന്നേറ്റു. മേലോട്ട് നോക്കിയപ്പോള്‍ വലിയ പ്രകാശം. ആ പ്രകാശത്തിലൂടെ മനുഷ്യരെ പോലെയുള്ള കുറെ പേര്‍ പാട്ടുപാടി പറന്നു നടക്കുന്നു. ആട്ടിടയന്മാര്‍ പകച്ചു നിന്നു. പാട്ടുപാടിയവരില്‍ ഒരാള്‍ വന്ന് ആട്ടിടയന്മാരോട് എന്തോ പറയുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ വളരെ ശ്രദ്ധയോടെ എല്ലാം കണ്ടും കേട്ടും കൊണ്ടിരുന്നു. അവര്‍ പറഞ്ഞ ഒരു വാക്ക് ഇപ്പോഴും ഓര്‍ക്കുന്നു. ''ഭൂമിയില്‍ സമാധാനം, സമാധാനം... ദൈവത്തിനു സ്തുതി...'' ഇങ്ങനെ പല പ്രാവശ്യം പറഞ്ഞുകൊണ്ട് ആ പാട്ടുപാടിയവര്‍ ആകാശത്തിലേക്ക് പോയ്മറഞ്ഞു. അപ്പോഴും ആ പ്രദേശത്ത് നല്ല പ്രകാശം നിറഞ്ഞുനിന്നു. ആട്ടിടയന്മാര്‍ എല്ലാവരും ഒരുമിച്ചു കൂടി. ആകാശത്തു നിന്ന് വന്നവര്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഒരാള്‍ പറഞ്ഞു, ''ഭൂമിയില്‍ രക്ഷകനായി ഉണ്ണിയേശു ജനിച്ചിരിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്.'' ആ ഉണ്ണിയെ കണ്ട് ആരാധിക്കാനും പറഞ്ഞിട്ടുണ്ട്. ആട്ടിടയന്മാര്‍ എല്ലാവരും ഒരുമിച്ചു പറഞ്ഞു. ''നമുക്ക് അവിടം വരെ പോകാം.'' അവര്‍ പോകാന്‍ ഒരുങ്ങിയപ്പോള്‍ ഒരു പ്രകാശം അവരുടെ മുമ്പേ നീങ്ങുന്നതു കണ്ടു. ആ പ്രകാശത്തിനു പുറകെ ഇടയന്മാര്‍ പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ ആട്ടിടയന്മാര്‍ തിരിച്ചുവന്നു. അവര്‍ കണ്ട കാര്യങ്ങള്‍ ആനന്ദത്തോടും, ആവേശത്തോടും അത്ഭുതത്തോടും പരസ്പരം പങ്കുവയ്ക്കാന്‍ തുടങ്ങി. അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ആ കുഞ്ഞിനെ കാണാന്‍ ആഗ്രഹം തോന്നി. അവര്‍ നടന്നുവന്ന വഴിയിലൂടെ പതുക്കെ ഞാന്‍ നടക്കാന്‍ തുടങ്ങി. കുറെ നടന്ന് ഞാന്‍ ആ സ്ഥലം കണ്ടുപിടിച്ചു. അത് എന്നെപ്പോലുള്ള കാലികള്‍ വിശ്രമിക്കുന്ന ഒരു തൊഴുത്തായിരുന്നു. അവിടെ ചെന്ന് കുഞ്ഞിനേയും അമ്മയേയും പിതാവിനേയും കണ്ടു. ഇടയന്മാര്‍ പറഞ്ഞതുപോലെ എന്തൊരു തേജസ്സാണ് ആ മുഖത്തിന്. കുറെ സമയം അവിടെ നിന്നിട്ട് ഞാന്‍ തിരിച്ചുപോന്നു. കുറെ വന്നപ്പോള്‍ പുറകില്‍ നിന്നും ഒരാള്‍ ഓടി വരുന്നതു പോലെ തോന്നി. അടുത്തെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. ആ കാലിത്തൊഴുത്തില്‍ കണ്ട അതേ ആള്‍ തന്നെ. വളരെ വ്യസനത്തോടെ എന്റെ മമ്പില്‍ നിന്നു കൊണ്ട് പറഞ്ഞു, ''ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്യാമോ'' എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ''ഞാനൊരു പാവം കഴുതയാണ്. എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?'' അയാള്‍ പറഞ്ഞു, ''ഞങ്ങളെ ഈജിപ്തിലേക്ക് ഒന്നു കൊണ്ടുപോയാല്‍ മതി. ഞങ്ങള്‍ വളരെ ഭയപ്പാടിലാണ്. ഹേറോദേസ് രാജാവ് ഞങ്ങളുടെ കുഞ്ഞിനെ കൊല്ലാന്‍ അന്വേഷിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നു. എത്രയും വേഗം ഇവിടെ നിന്നും പുറപ്പെണം.'' ഇതു കേട്ടപ്പോള്‍ എനിക്കും സങ്കടവും വിഷമവും തോന്നി. ഞാന്‍ പറഞ്ഞു, ''എങ്കില്‍ ഇപ്പോള്‍ തന്നെ പോകാം.'' ഞാന്‍ അയാളുടെ കൂടെ നടന്ന് കാലിത്തൊഴുത്തില്‍ എത്തി. കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണികളെല്ലാം മടക്കിക്കെട്ടി എന്റെ ചുമലില്‍ വച്ചു. അമ്മ കുഞ്ഞിനെയും കൊണ്ട് എന്റെ പുറത്ത് കയറിയിരുന്നു. ഞാനും കുഞ്ഞിന്റെ പിതാവും നടക്കാന്‍ തുടങ്ങി. ആ അമ്മയും കുഞ്ഞും എന്റെ പുറത്തിരുന്നപ്പോള്‍ എന്തോ വലിയൊരു ശക്തി ലഭിച്ചതുപോലൊരു തോന്നല്‍, ഞങ്ങള്‍ വേഗം നടന്നു. കുറെ ചെല്ലുമ്പോള്‍ വിശ്രമിക്കാനൊരു സ്ഥലം കണ്ടെത്തും. അവിടെയിരുന്ന് വിശ്രമിച്ച് ക്ഷീണം തീര്‍ക്കും. ആ സമയം അമ്മ കുഞ്ഞിന് പാല് കൊടുത്ത് ഉറക്കും. കുറെ കഴിഞ്ഞു വീണ്ടും ഞങ്ങള്‍ നടക്കും. അങ്ങനെ രണ്ടു ദിവസം ഞങ്ങള്‍ നടന്നുനടന്ന് ഈജിപ്തിലെത്തി. ആ പിതാവ് കാണിച്ചു തന്ന ഭവനത്തില്‍ ഞങ്ങള്‍ കയറി. അവിടെ വച്ച് ഇഷ്ടംപോലെ ഭക്ഷണവും വെള്ളവും തന്നു. എന്നെ തലോടിക്കൊണ്ട് ഒരുപാട് നന്ദിയും പറഞ്ഞു. എനിക്ക് സന്തോഷമായി, കാരണം, ഒരാപത്തും കൂടാതെ അമ്മയേയും കുഞ്ഞിനേയം സുരക്ഷിതമായി എത്തിച്ചല്ലോ. ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ തിരിച്ചു പോന്നു. കൊല്ലം കുറെ ആയെങ്കിലും ആ കുഞ്ഞിനേയും അമ്മയേയും എന്നും ഓര്‍ക്കും.'' ഇതെല്ലാം കേട്ടുകൊണ്ടു നിന്ന കഴുതകുട്ടി അമ്മയോടു പറഞ്ഞു, ''അമ്മ എത്രഭാഗ്യവതിയാണ്. ലോകരക്ഷകനായ ഉണ്ണിയേശുവിനെ കാണാന്‍ സാധിച്ചു. ഒരു മൃഗത്തിനും ഇത് സാധിച്ചിട്ടില്ല. രണ്ടു ദിവസം രക്ഷകനോടു കൂടെയായിരിക്കാന്‍ ഏത് മൃഗത്തിനാണ് സാധിച്ചിട്ടുള്ളത്. എന്നെക്കൂടി ആ ഉണ്ണിയേശുവിനെ ഒന്നു കാണിച്ചുതരാമോ?'' ഇങ്ങനെ പറഞ്ഞുകൊണ്ട് നില്‍ക്കുമ്പോള്‍ രണ്ട് ആളുകള്‍ കഴുതയുടെ അടുത്തേക്ക് വന്നു. അവര്‍ കഴുതയോടു പറഞ്ഞു, ''നിങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ കടെ വരണം.'' കഴുത ചോദിച്ചു, ''ഞങ്ങളെക്കൊണ്ട് നിങ്ങള്‍ക്കെന്താണ് ആവശ്യം?'' അവര്‍ പറഞ്ഞു, ''കര്‍ത്താവിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ട്.'' കഴുത വീണ്ടും ചോദിച്ചു, ''ആരാണ് ഈ കര്‍ത്താവ്.'' ''വന്നു കാണുക.'' അവര്‍ കഴുതയോട് പറഞ്ഞു, കഴുതയും കഴുതകുട്ടിയും അവരുടെ കൂടെ പോയി. കര്‍ത്താവിന്റെ അടുത്തെത്തി. അവിടെ വലിയൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. കഴുത കര്‍ത്താവിനെ സൂക്ഷിച്ചുനോക്കി. കഴുത ഓര്‍ത്തു, ''കൊല്ലങ്ങള്‍ക്കു മുമ്പ് ബെത്‌ലേഹമില്‍ വച്ച് കണ്ട അതേ മുഖം. കുഞ്ഞ് വളര്‍ന്ന് ഇപ്പോള്‍ കര്‍ത്താവായിരിക്കുന്നു. ആ പടിവാതില്ക്കല്‍ നിന്നപ്പോള്‍ വലിയ ആനന്ദവും കുളിര്‍മ്മയും അനുഭവപ്പെട്ടത് ഈ കര്‍ത്താവ് അടുത്തുണ്ടായതുകൊണ്ടാണ്.'' കഴുത കഴുതകുട്ടിയോടു പറഞ്ഞു, ''നേരത്തെ ഞാന്‍ പറഞ്ഞ സംഭവമില്ലേ, അതിലെ കുഞ്ഞാണ് ഈ നില്‍ക്കുന്ന കര്‍ത്താവ്. എന്നെപ്പോലെ നിനക്കും രക്ഷകനെ കാണാന്‍ ഭാഗ്യം ലഭിച്ചല്ലോ? ജനകൂട്ടം കഴുതക്കുട്ടിയുടെ പുറത്ത് തുണികള്‍ വിരിച്ച് കര്‍ത്താവിനെ കയറ്റിയിരുത്തി. ജനങ്ങളെല്ലാം ആരവത്തോടെ കര്‍ത്താവിനെ സ്തുതിച്ചു പ്രദക്ഷിണം ആരംഭിച്ചു. ജനക്കൂട്ടം കര്‍ത്താവ് സഞ്ചരിച്ച വഴി മരചില്ലകള്‍കൊണ്ട് അലങ്കരിച്ച് ഒരു രാജവീഥിയാക്കി മാറ്റി. മരച്ചില്ലകള്‍ ഉയര്‍ത്തി ഓശാന പാടി ജനം ആര്‍ത്തുവിളിച്ചു. ഇതു കണ്ട് കഴുത അമ്മയോടു പറഞ്ഞു, അന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ എന്റെ പുറത്തിരുന്നാണ് നിങ്ങള്‍ ഈജിപ്തിലേക്കു പോയത്. കുഞ്ഞ് വളര്‍ന്ന് കര്‍ത്താവായപ്പോള്‍ എന്റെ മകന്റെ പുറത്തിരുന്ന് രാജകീയമായി ജറുസലേം ദേവാലയത്തിലേക്ക് കയറുന്നു. ഞാന്‍ എത്ര ഭാഗ്യവതിയാണ്.'' ജനക്കൂട്ടത്തിന്റെ സ്തുതിപ്പുകള്‍ ഉച്ചത്തിലായി. കഴുതയും ആള്‍ക്കൂട്ടത്തിലിറങ്ങി ആര്‍ത്തുവിളിച്ചു. ''ഹല്ലേലൂയ്യാ ഓശാന, ഹല്ലേലൂയ്യാ ഓശാന...'' കഴുതയുടെ സ്തുതിപ്പും ആള്‍ക്കൂട്ടത്തില്‍ ലയിച്ചു ചേര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org