അഹങ്കാരം ആപത്ത്

അഹങ്കാരം ആപത്ത്
Published on
  • തന്മയ കെ. വി

തെന്മലക്കാട്ടിലായിരുന്നു നീലൻ ആനയുടെ താമസം. അവന് വലിയ ജീവികളോട് മാത്രമേ കൂട്ടുകൂടാൻ ഇഷ്ടമായിരുന്നുള്ളൂ. ചെറിയ ജീവികളോട് ഒക്കെയും അവന് പുച്ഛമായിരുന്നു. അതേ കാട്ടിലെ താമസക്കാരായിരുന്നു പിങ്കി മരംകൊത്തിയും ചിന്നൻ എലിയും. അവർ രണ്ട് പേരും നല്ല കൂട്ടുകാരായിരുന്നു. ഇടയ്ക്കിടയ്ക്ക് അവർ നീലൻ ആനയെ കണ്ടുമുട്ടും. അവനോട് കൂട്ടുകൂടാൻ അവർക്ക് ഇഷ്ടമായിരുന്നു. പല തവണ മിണ്ടാൻ ശ്രമിച്ചിട്ടും അവൻ അവരോട് മിണ്ടാതെ മുഖം തിരിച്ചുപോയി.

"എന്താണ് നീ ഞങ്ങളോടൊന്നും മിണ്ടാത്തത്?" ഒരിക്കൽ പിങ്കി അവനോട് ചോദിച്ചു.

"നിങ്ങൾക്ക് അറിയില്ലേ? ഞാൻ ഈ കരയിലെ ഏറ്റവും വലിയ ജീവിയാണെന്ന്. ആ ഞാനെങ്ങിനെയാണ് ഇത്ര ചെറിയ നിങ്ങളോട് കൂട്ടുകൂടുന്നത്? ഇത്രയും വലിയ എന്നോട് കൂട്ടുകൂടാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്?" നീലൻ അവരോട് പുച്ഛത്തോടെ പറഞ്ഞു.

"കൂട്ടുകാരാകുന്നതിന് അങ്ങിനെ വലിപ്പവും ചെറുപ്പവും ഒക്കെ നോക്കണോ ചങ്ങാതീ?" ചിന്നൻ നീലനോട് ചോദിച്ചു.

"ഞാൻ എനിക്ക് പറ്റിയവരോട് മാത്രമേ കൂട്ടുകൂടൂ." പിങ്കിയും ചിന്നനും അവിടെ സങ്കടപ്പെട്ട് നിൽക്കുമ്പോൾ നീലൻ അവരെയൊന്നു നോക്കുക പോലും ചെയ്യാതെ ചെവികളാട്ടി അഹങ്കാരത്തോടെ നടന്നു പോയി.

പിന്നീട് ചിന്നനും പിങ്കിയും നീലനോട് മിണ്ടാൻ ചെന്നിട്ടില്ല. അവൻ അവരോട് കൂട്ടുകൂടില്ലെന്നു അവർക്ക് മനസ്സിലായി.

അങ്ങിനെ ഒരു ദിവസം ചിന്നനും പിങ്കിയും ഒരുമിച്ച് കാട്ടിലൂടെ നടക്കുമ്പോൾ ആരുടെയോ കരച്ചിൽ കേട്ടു.

"രക്ഷിക്കണേ.. രക്ഷിക്കണേ"

ആർക്കോ എന്തോ ആപത്ത് പറ്റിയിട്ടുണ്ട്. അവർ ആ ശബ്ദം കേൾക്കുന്നിടത്തേക്ക് നടന്നു. അവർ നോക്കുമ്പോൾ നീലൻ ആന ഒരു വലയിൽ കുരുങ്ങി കുഴിയിൽ കിടക്കുകയാണ്.

"എന്നെ എങ്ങിനെയെങ്കിലും ഒന്ന് രക്ഷിക്കണേ" നീലൻ അവരെ നോക്കി കരഞ്ഞു.

"നിന്നെ ഞങ്ങൾ എങ്ങിനെയാണ് രക്ഷിക്കുക? ഞങ്ങൾ നിന്റെ പോലെ ശക്തിയൊന്നും ഇല്ലാത്ത കുഞ്ഞു ജീവികൾ അല്ലേ?" ചിന്നൻ ദേഷ്യത്തോടെ പറഞ്ഞു.

"എത്ര വലുതാണെങ്കിലും ആപത്തിൽപ്പെട്ടാൽ രക്ഷപ്പെടാൻ മറ്റുള്ളവർ വേണ്ടി വരുമെന്ന് ഞാൻ ഓർത്തില്ല. എന്റെ അഹങ്കാരമാണ് ഒക്കെത്തിനും കാരണം."

നീലൻ വീണ്ടും കരയാൻ തുടങ്ങി.

"പാവം നമുക്ക് അവനെ എങ്ങിനെയെങ്കിലും രക്ഷിക്കാം ചിന്നാ."

പിങ്കിക്ക് സങ്കടം തോന്നി.

"ശരി" ചിന്നൻ സമ്മതിച്ചു.

ചിന്നൻ കൂട്ടുകാരെ കൂട്ടി വന്നു ആ വല കടിച്ചു മുറിക്കാൻ തുടങ്ങി. അപ്പോഴേക്കും പിങ്കി നീലന്റെ അമ്മയുടെയും അച്ഛന്റെയും അടുത്ത് പോയി കാര്യം പറഞ്ഞു അവരെ കൂട്ടിക്കൊണ്ട് വന്നു. അവർ എത്തുമ്പോളേക്കും ചിന്നനും കൂട്ടുകാരും വല മുറിച്ച് നീലനെ രക്ഷിച്ചു. നീലന്റെ അച്ഛനും അമ്മയും കൂടി അവനെ കുഴിയിൽ നിന്ന് വലിച്ചു കയറ്റി.

"നിങ്ങൾ ഇത് വന്നു അറിയിച്ചില്ലായിരുന്നെങ്കിൽ നീലനെ ആരെങ്കിലും നാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയേനെ.ചിന്നനോടും പിങ്കിയോടും ഒരുപാട് നന്ദിയുണ്ട്." നീലന്റെ അമ്മയും അച്ഛനും അവരോട് പറഞ്ഞു.

"കൂട്ടുകാരേ, നിങ്ങളെ ഞാൻ നിസാരരായി കരുതി. നിങ്ങൾ കാരണമാണ് ഞാനിന്നു രക്ഷപ്പെട്ടത്. എന്നോട് ക്ഷമിക്കൂ." നീലൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.

"നീ പോയി വിശ്രമിച്ചോളൂ. ഞങ്ങൾ പോകുന്നു. ഇതുപോലെ ഇനി ആപത്തിൽ പെടാതെ സൂക്ഷിക്കണേ" പിങ്കിയും ചിന്നനും നീലന് മുന്നറിയിപ്പ് നൽകി.

"എന്നോട് നിങ്ങൾ ഇനി മിണ്ടില്ലേ? ഏറ്റവും വലുത് ഞാനാണെന്നും നിങ്ങളൊക്കെ നിസാരർ ആണെന്നുമുള്ള അഹങ്കാരമായിരുന്നു എനിക്ക്. ഇപ്പോൾ അഹങ്കാരം ആപത്താണെന്നു എനിക്ക് മനസ്സിലായി. ഇത്രയും വലിയ എന്നെ രക്ഷിക്കാൻ നിങ്ങൾ വേണ്ടിവന്നു. നിങ്ങൾ ഇനി എന്നെ കൂടെ കൂട്ടില്ലേ?" നീലൻ ചോദിച്ചു.

"ശരി. നിനക്ക് തിരിച്ചറിവ് വന്നല്ലോ. നമുക്കിനി നല്ല കൂട്ടുകാരായി ഇരിക്കാം." ചിന്നനും പിങ്കിയും അത് സമ്മതിച്ചു. പിന്നീട് അവർ നല്ല കൂട്ടുകാരായി സന്തോഷത്തോടെ ജീവിച്ചു.നമ്മൾ വലുതാണെന്നും മറ്റുള്ളവർ ഒക്കെ നിസാരർ ആണെന്നുമുള്ള ചിന്ത ആർക്കും നല്ലതല്ല. അഹങ്കാരം ആപത്താണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org