ധനം

ധനം

ഒരു ചൂളംവിളിയോടെ തീവണ്ടി സ്റ്റേഷനിലേക്ക് മെല്ലെ പ്രവേശിച്ചു. തുറന്നുകിടന്ന ജന്നാലയിലൂടെ അയാള്‍ പുറത്തേക്കു നോക്കി. റീജ്യണല്‍ ബാങ്ക്മാനേജരായുള്ള കേരളത്തിലെ തന്റെ ആദ്യനിയമനമാണ്. പരിചയമില്ലാത്ത നാട്. മലയാളം അത്ര വശമില്ല. ഒരുമാതിരി മനസ്സിലാക്കാനും പറയാനും പറ്റും. അതുകൊണ്ടുതന്നെ നാഗ്പൂരില്‍നിന്നുള്ള യാത്രയ്ക്ക് സൈഡ് ബര്‍ത്ത് ബുക്കു ചെയ്തു.പുതുമയുള്ള കാഴ്ചകള്‍ കാണാമല്ലോ. വലതുവശത്തുള്ള പ്രവേശനവഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ മഞ്ഞപ്രതലത്തില്‍ തെളിഞ്ഞ വലിയ കറുത്ത ഹിന്ദി അക്ഷരങ്ങള്‍ മലയാളത്തേക്കാള്‍ എളുപ്പത്തില്‍ അയാള്‍ക്ക് സ്ഥലം പരിചയപ്പെടുത്തിക്കൊടുത്തു, 'പാലക്കാട്'. വാച്ചില്‍ സമയം ഉച്ചക്ക് 12 മണി.

'പാളക്കാടായല്ലേ?'

എതിരെയുള്ള സീറ്റിലിരുന്ന മലയാളം ഒരു വിധം അറിയാവുന്ന നരച്ച താടിക്കാരനോടു ചോദിച്ച് ഒന്നുകൂടി ഉറപ്പുവരുത്തി. യാത്രയുടെ ആരംഭംമുതല്‍ ആ കറുത്ത ഷര്‍ട്ടുകാരന്‍ ഒപ്പമുണ്ടായിരുന്നു.

അധികം സംസാരിക്കാത്ത, ഏകദേശം അറുപതു വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന അയാളുടെ സ്വഭാവവും ഇടപെടലും വളരെ ഹൃദ്യവും പിതൃസഹജവുമായിരുന്നു. തന്റെ ഓര്‍മ്മയിലില്ലാത്ത സ്വന്തം അപ്പനെയാണ് കുറച്ചു നേരത്തേക്കാണെങ്കിലും അദ്ദേഹത്തില്‍ കണ്ടത്. പണത്തിന്റെ നടുവിലിരുന്നുള്ള ജോലിയാണെന്നു പറഞ്ഞിട്ടെന്തുകാര്യം...? യഥാര്‍ത്ഥ ധനമായ മാതാപിതാക്കള്‍ ആരെന്നുപോലും അറിയാതെ അനാഥനായി വളര്‍ന്ന തനിക്ക് അവരുടെയൊക്കെ സ്‌നേഹ വാത്സല്യങ്ങളുടെ കുറവല്ലേ കൂടുതല്‍...? ചിന്തകളുടെ ചങ്ങലവലിച്ചുകൊണ്ട് വണ്ടി നിന്നു.

'സാര്‍ ഇറങ്ങുകയാ അല്ലേ...? കറുത്ത ഷര്‍ട്ടുകാരന്റെ ചോദ്യം. 'എനിക്ക് അടുത്ത സ്റ്റേഷനാ... പരിചയപ്പെട്ടതില്‍ സന്തോഷം... എന്നെങ്കിലും ബാങ്കില്‍ വരികയാണെങ്കില്‍ കാണാം. ബാഗെടുക്കാന്‍ ഞാന്‍ സഹായിക്കാം...'

തന്റെ തഴമ്പുള്ള കൈയില്‍ വലിയ സ്യൂട്ട്‌കെയ്‌സുമെടുത്ത് അയാളും വാതില്ക്കലേക്ക് വന്നു. അധികം ആള്‍ത്തിരക്കില്ലാത്ത സമയം. താഴേക്കിറങ്ങി ലഗേജുകള്‍ മൂന്നും അടുത്തുള്ള ഇരിപ്പിടത്തിനടുത്തേക്ക് നീക്കിവച്ചു.

'താങ്ക് യൂ, കാണാം...'

കറുത്ത ഷര്‍ട്ടുകാരനെയും കൊണ്ട് തീവണ്ടി സാവധാനം മുന്നോട്ടു നീങ്ങി.

ചാരുബെഞ്ചിനടുത്തുണ്ടായിരുന്ന ടാപ്പില്‍നിന്നും വെള്ളമെടുത്ത് മുഖമൊന്നു കഴുകിയശേഷം അയാള്‍ അതിലിരുന്നു. നല്ല ചൂടുള്ള സമയം. അല്പനേരം ഫാനിന്റെ കീഴെ ചെലവഴിക്കാം.

അകലെയുള്ള പുതിയ താമസസ്ഥലത്തേക്ക് ധൃതിപിടിച്ചു പോകേണ്ട കാര്യമില്ല. കഷ്ടിച്ചു രണ്ടു കിലോമീറ്ററല്ലേയുള്ളൂ. ഇട്ടിരുന്ന വെളുത്ത ടി ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണെടുത്തു. 'വര്‍ഗ്ഗീസച്ചനെ ഒന്നു വിളിച്ച് ഇവിടെ എത്തിച്ചേര്‍ന്ന കാര്യം അറിയിക്കാം' അയാള്‍ മനോഗതം ചെയ്തു. രണ്ടുതവണ വിളിച്ചു. പക്ഷേ കോള്‍ പോകുന്നില്ല, എന്തോ സാങ്കേതിക തകരാറ്.. കുറച്ചുസമയം കഴിഞ്ഞു വിളിക്കാം. വര്‍ഗീസച്ചന്‍ തന്റെ എല്ലാമാണ്. അച്ഛനും, അമ്മയും, ബന്ധുവും, സുഹൃത്തും, ഗുരുവും... അങ്ങനെയെല്ലാം... നാഗ്പൂരില്‍ 'ഷെയ്ഡ്' എന്ന പേരിലുള്ള അനാഥ മന്ദിരത്തിന്റെ തുടക്കക്കാരനായ മലയാളിയായ ക്രൈസ്തവ പുരോഹിതന്‍. എഴുപതു വയസ്സു കഴിഞ്ഞു. നരച്ചുനീണ്ട മുടിയുംതാടിയും. മെലിഞ്ഞതെങ്കിലും പൊക്കമുള്ള ശരീരം. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷമായി ആ മന്ദിരത്തിന്റെ തണല്‍മരമായി അദ്ദേഹം പടര്‍ന്നു പന്തലിച്ചു നില്ക്കുന്നു. വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട എത്രയോ കുരുന്നുകള്‍ക്കും വൃദ്ധര്‍ക്കും അദ്ദേഹം സ്വന്തമെന്നപോലെ അവിടെ അഭയവും ആഹാരവും കൊടുത്തു പരിപാലിച്ചുപോരുന്നു. ആരോരുമില്ലാത്ത എത്രയോ വയോധികര്‍ അദ്ദേഹത്തിന്റെ മടിയില്‍ കിടന്നു മരിച്ചു... ആ മഹാമനസ്‌കന്‍ ഊട്ടി വളര്‍ത്തി പഠിപ്പിച്ച എത്രയോ കുട്ടികള്‍ ഇന്ന് നല്ലനിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അവരില്‍ ഒരുവനല്ലേ താനും...?

അച്ചനില്‍നിന്നാണ് അവിടത്തെ തന്റെ ജീവിതകഥ പറഞ്ഞു കേട്ടത്. ഇരുപത്തെട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് തണുപ്പുള്ള ഡിസംബര്‍ മാസത്തിലെ ഒരു പ്രഭാതത്തിലാണ് ആരാലോ ഉപേക്ഷിക്കപ്പെട്ട് വാവിട്ടുകരഞ്ഞുകൊണ്ടിരുന്ന തന്നെ ആ അനാഥമന്ദിരത്തിന്റെ പടിവാതില്‍ക്കല്‍ അദ്ദേഹം കണ്ടെത്തിയത്. അന്ന് തനിക്ക് കഷ്ടിച്ച് രണ്ടു വയസ്സ്. അന്നുമുതല്‍ താന്‍ അച്ചന്റെ മക്കളില്‍ ഒരാളായി വളര്‍ന്നു. അദ്ദേഹമാണ് മലയാളം അല്പമെങ്കിലും സംസാരിക്കാന്‍ തന്നെ പഠിപ്പിച്ചത്. 'ഗോഡ്‌വിന്‍' എന്ന് തനിക്കു പേരിട്ട അദ്ദേഹം മനുഷ്യത്വമല്ലാതെ മറ്റൊരു മതവും തന്നെ പരിശീലിപ്പിച്ചില്ല. അതൊക്കെ സ്വന്തം സ്വാതന്ത്ര്യത്തിനു വിട്ടുതന്നു. പഠനത്തില്‍ കേമനായിരുന്നതിനാല്‍ തനിക്ക് അദ്ദേഹം ഉന്നതവിദ്യാഭ്യാസം നല്കി, നല്ലൊരു ജോലിയും ശരിപ്പെടുത്തി. വിവാഹശേഷം കുടുംബമായി നാഗ്പൂരില്‍ തന്നെ താമസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിത്തന്നതും അച്ചനായിരുന്നു. ഇപ്പോഴും 'കുഞ്ഞേ' എന്നേ അദ്ദേഹം തന്നെ വിളിക്കൂ...

ആരെയും കാത്തുനില്ക്കാതെഅതിലെ കടന്നുപോയ ചരക്കുട്രെയിന്റെ ചൂളംവിളി ചിന്തകളില്‍നിന്ന് അയാളെ പൊടുന്നനെ വിളിച്ചുണര്‍ത്തി.

അപ്പോഴാണ് കൈയില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതിയെപ്പറ്റി ഓര്‍ത്തത്. എന്നാല്‍ ഇവിടിരുന്ന് കഴിച്ചിട്ടു പോകാം. ബെഞ്ചിനടുത്തുണ്ടായിരുന്ന ഹാന്‍ഡ്ബാഗ് തുറന്ന് പൊതിയെടുത്തു... അപ്പോഴേക്കും തനിക്കു നേരേ നീട്ടിപ്പിടിച്ച ഒരു വലതുകൈ അയാള്‍ കണ്ടു. മുഷിഞ്ഞ വസ്ത്രം ധരിച്ച, കെട്ടുവീണ തലമുടിയോടുകൂടിയ ക്ഷീണിച്ചുമെലിഞ്ഞ ഒരു സ്ത്രീ. കാഴ്ചയില്‍ അമ്പത്തഞ്ചു വയസ്സു തോന്നിക്കും. ഇടതുകൈയില്‍ കുത്തിനടക്കാന്‍ ഒരു വടി. തോളില്‍ കീറിപ്പറിഞ്ഞ ഒരു തുണിക്കെട്ട്. പാവം! അയാള്‍ക്കു സഹതാപം തോന്നി. ആഹാരത്തിനായി യാചിച്ചുനിന്ന അവരുടെ കൈയിലേക്ക് ആ ആഹാരപ്പൊതി അയാള്‍ വച്ചു കൊടുത്തു. തന്റെ കുഴിഞ്ഞ കണ്ണുകള്‍കൊണ്ട് സ്‌നേഹത്തോടെ അയാളുടെ മുഖത്തേക്കു നോക്കി പുഞ്ചിരിച്ചിട്ട് മുന്നോട്ടു നടക്കാന്‍ തുടങ്ങിയ അവര്‍ പെട്ടെന്ന് കുഴഞ്ഞുവീണൂ. കണ്ടവര്‍ പലരും അതത്ര ഗൗനിച്ചില്ല. എന്നാല്‍, അയാള്‍ ചാടിയെണീറ്റ് അവരെ മെല്ലെ താങ്ങിയെഴുന്നേല്പ്പിച്ച് താനിരുന്ന ബെഞ്ചിലിരുത്തി. തന്റെ കൈവശമുണ്ടായിരുന്ന കുപ്പിതുറന്ന് കുറച്ചുവെള്ളം കുടിക്കാന്‍ കൊടുത്തു. നിലത്തുവീണപ്പോഴും അയാള്‍ കൊടുത്ത ഭക്ഷണപ്പൊതി അവര്‍ മുറുകെപ്പിടിച്ചിരുന്നു. രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല. ഭിക്ഷക്കാരോട് എന്തു ചോദിക്കാന്‍...? ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ അവര്‍ പൊതിതുറന്ന് ആര്‍ത്തിയോടെ ആ ഭക്ഷണം കഴിച്ചു. കുപ്പിയിലെ വെള്ളംകൊണ്ട് കൈയും മുഖവും കഴുകി ചുളിവുകള്‍ വീണ സാരിത്തുമ്പുകൊണ്ടു തുടച്ചു. വടിയില്‍ കുത്തിയെഴുന്നേറ്റ് തുണിസഞ്ചിയും തോളിലേറ്റി മെല്ലെ നടന്നകന്ന അവരെ കണ്ണെത്തും ദൂരം അയാള്‍ നോക്കിയിരുന്നു...

മതി, ഇനി പുതിയ താമസസ്ഥലത്തേക്കു പോകാം. റെയില്‍വേ സ്റ്റേഷനു മുമ്പിലെത്തിയപ്പോള്‍ ഒരു ഓട്ടോറിക്ഷാ അരികിലെത്തി. അതിന്റെ മുന്‍വശത്തുള്ള ചില്ലില്‍ 'അമ്മ' എന്ന പേര് വെളുത്ത അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് അയാള്‍ വായിച്ചു. ലഗേജ് ഉള്ളിലേക്കു വച്ചിട്ട് കയറിയിരുന്നു. വണ്ടി സ്റ്റേറ്റ് ബാങ്കിന്റെ സമീപത്തേക്കു നീങ്ങി.

'സാറിവിടെ ആദ്യായിട്ടാ?' വളവു തിരിയുന്നതിനിടയില്‍ ഡ്രൈവര്‍ തിരക്കി.

'അതെ'

'എന്താ വണ്ടിക്ക് അമ്മ എന്ന പേരിട്ടത്?'

പല കാര്യങ്ങളും പരസ്പരം പറഞ്ഞതിനിടയില്‍ അയാള്‍ ചോദിച്ചു.

'അത് സാറേ, എനിക്ക് എല്ലാമായിട്ട് എന്റെ അമ്മ മാത്രമേയുള്ളൂ, അതുകൊണ്ടാ... എന്റെ കുഞ്ഞുന്നാളിലേ അച്ഛന്‍ മരിച്ചു.'

അപ്പോഴാണ് റെയില്‍വേ സ്റ്റേഷനില്‍ താന്‍ കണ്ട സ്ത്രീയെപ്പറ്റി അയാള്‍ ഡ്രൈവറോടു പറഞ്ഞത്.

'ങാ... അത് ജാനുവമ്മ... അവരേപ്പറ്റി എന്റെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അവര്‍ ഇവിടെത്തന്നെയുള്ളതാ. ഈ പരിസരത്ത് സ്ഥിരം കാണാം' ഡ്രൈവര്‍ തുടര്‍ന്നു.

'പത്തിരുപത്തഞ്ചു വര്‍ഷം മുമ്പ് കോണ്‍ക്രീറ്റുപണിക്കായി ഇവിടെ വന്ന മഹാരാഷ്ട്രക്കാരനായ ഭര്‍ത്താവും രണ്ടു വയസ്സുള്ള ഒരാണ്‍കുട്ടിയുമായി ഒരു വാടക വീട്ടില്‍ കഴിയുകയായിരുന്നു. ഒരു ദിവസം ആ കുഞ്ഞിനെ ഭിക്ഷാടകര്‍ ആരോ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി. അതിന്റെ മാനസിക ആഘാതത്തില്‍ ആ സ്ത്രീയുടെ സമനിലതെറ്റി. ഏറെക്കാലം ചികിത്സിച്ചെങ്കിലും ഒട്ടും ഭേദമാകാതെ വന്നപ്പോള്‍ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചുപോയി. അയാള്‍ അടുത്തെവിടെയോ താമസിക്കുന്നുണ്ട്. പിന്നീട് ആ സ്ത്രീ തെരുവിലായി. 'കുഞ്ഞിനെ കണ്ടോ? കുഞ്ഞ് കടിച്ചതാ ഇവിടെ' എന്നു പറഞ്ഞുകൊണ്ട് വലത്തെ കൈത്തണ്ടയിലെ കറുത്ത മുറിപ്പാടുകള്‍ കാണിക്കും. മറ്റൊന്നും സംസാരിക്കാറേയില്ല. ആരുടെയെങ്കിലുമൊക്കെ സഹായംകൊണ്ട് ജീവിച്ചുപോകുന്നു. പാവം', ഡ്രൈവര്‍ പറഞ്ഞുനിര്‍ത്തിയപ്പോഴേക്കും വണ്ടി സ്റ്റേറ്റ് ബാങ്കിന്റെ സമീ പത്തുള്ള ഒരു കൊച്ചു വാടകവീടിന്റെ മുമ്പില്‍ നിന്നു.

ഓട്ടോക്കാരനെ പറഞ്ഞയച്ച ശേഷംതന്റെ പുതിയ താമസവീട്ടിലേക്ക് അയാള്‍ പ്രവേശിച്ചു. പഴക്കമുള്ളതെങ്കിലും നന്നായി ചായം പൂശി വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ചെറിയ വീട്. ലഗേജ് അകത്തെ മുറിയില്‍ വച്ചിട്ട് തിണ്ണയിലുള്ള തടിക്കസേരയില്‍ അയാളിരുന്നു. ഇന്ന് സണ്‍ഡേ. നാളെ ബാങ്കില്‍ ജോയിന്‍ ചെയ്ത് പുതിയ ഉത്തരവാദിത്വം ഏല്ക്കണം. ഇനിയങ്ങോട്ട് തിരക്കുള്ള ദിവസങ്ങളാണ്. പക്ഷേ, മറ്റെന്തൊക്കെയോ അയാളെ കാര്യമായി അസ്വസ്ഥനാക്കിത്തുടങ്ങി. റെയില്‍വേ സ്റ്റേഷനില്‍ വച്ച് താന്‍ കണ്ട സ്ത്രീരൂപം! വഴിയില്‍ ഓട്ടോ ഡ്രൈവര്‍ പറഞ്ഞ അവരുടെ കഥ! ഓര്‍മ്മകള്‍ പെട്ടെന്ന് അയാളെ തന്റെ ബാല്യകാലത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. അച്ഛനമ്മമാരുടെ മുഖം വ്യക്തമായി മനസ്സിലില്ല. ആകെ അവശേഷിക്കുന്നത് കുട്ടിക്കാലത്തെ ഒരു സംഭവം മാത്രം. അന്നൊരു വേനല്‍ക്കാലത്തെ വൈകുന്നേരം വഴിയോരത്തുള്ള വീട്ടുമുറ്റത്ത് താന്‍ മണ്ണില്‍ കളിച്ചുകൊണ്ടു നില്ക്കുകയായിരുന്നു. അമ്മ അടുക്കളയില്‍. മുറ്റത്തിരുന്ന കുടത്തില്‍ കുടിവെള്ളമാണെന്നറിയാതെ താന്‍ ചെളി പുരണ്ട കൈകളിട്ടു കഴുകി. അതുകണ്ട അമ്മ അകത്തുനിന്നിറങ്ങി വന്ന് ശകാരിച്ചുകൊണ്ട് കൈകൊണ്ട് തന്നെ അടിച്ചു. നിലവിളിച്ചു കരഞ്ഞ താന്‍ അരിശം തീര്‍ക്കാന്‍ അമ്മയുടെ വലതുകൈത്തണ്ടയില്‍ ആഴത്തില്‍ കടിച്ചു. പല്ലുകളിറങ്ങി നന്നായി ചോരവന്ന കൈ കെട്ടാനായി അമ്മ അകത്തേക്കു പോയ സമയം... കരഞ്ഞുകൊണ്ടു നിന്ന തന്നെ ആരോ പിന്നില്‍നിന്ന് പൊക്കിയെടുത്തതു മാത്രം ഓര്‍ക്കുന്നു. പിന്നീടുള്ള ഓര്‍മ്മകള്‍ നാഗ്പൂരിലുള്ള 'ഷെയ്ഡ്' എന്ന അനാഥമന്ദിരത്തിലെ തന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളവയാണ്.

അയാളുടെ ചിന്തകള്‍ക്കു ഭാരം കൂടിവന്നു. വികാരങ്ങളുടെ വേലിയേറ്റം. അപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ താന്‍ കണ്ട ആ അജ്ഞാത സ്ത്രീ? ഭക്ഷണപ്പൊതിക്കായി നീട്ടിയ അവരുടെ വലതു കൈത്തണ്ടയില്‍ തന്റെ കുഞ്ഞിപല്ലുകളുടെ പാടുകള്‍ താന്‍ ശ്രദ്ധിച്ചോ? പെട്ടെന്നയാള്‍ എഴുന്നേറ്റ് വീടുപൂട്ടി റെയില്‍വേ സ്റ്റേഷനിലേക്കു തിരിച്ചു. കോമ്പൗണ്ടിലെത്തിയ അയാളുടെ കണ്ണുകള്‍ ആ സ്ത്രീക്കായി പരതിനടന്നു. നിമിഷങ്ങള്‍ കഴിഞ്ഞു. അതാ, അല്പം അകലെയായി തഴച്ചുവളര്‍ന്ന് തണല്‍വീശി നില്ക്കുന്ന ചുറ്റുകെട്ടുള്ള ഇലഞ്ഞിത്തറയില്‍ ഏകയായി പുറംതിരിഞ്ഞിരിക്കുന്ന ആ സ്ത്രീ രൂപം! അയാള്‍ അവരുടെ അരികിലെത്തി പിന്നിലായി ഇരുന്നു. അവര്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട്. അവരുടെ തോളുകളില്‍ കൈകള്‍ മെല്ലെ വച്ച് ആ മുഖം തിരിച്ച് മിഴികളിലേക്കു നോക്കി. യാതൊരു ഭാവവ്യത്യാസവും കാണിക്കാതെ ക്ഷീണിച്ചുതളര്‍ന്ന കണ്ണുകളോടെ അവര്‍ അയാളെ തെല്ലിട നോക്കിയിരുന്നു. 'കുഞ്ഞിനെ കണ്ടോ? കുഞ്ഞ് കടിച്ചതാ ഇവിടെ...' അവരുടെ പതിവുള്ള വാക്കുകള്‍. ആ വലതുകൈത്തണ്ടയിലേക്ക് ആകാംഷയോടെ അയാള്‍ നോക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും അവിടെ തെളിഞ്ഞു കിടക്കുന്ന തന്റെ പല്ലുകളുടെ കറുത്ത കടിപ്പാടുകള്‍. പെറ്റമ്മയെ തിരിച്ചറിയാന്‍ കാലം മായ്ക്കാതെ കരുതിവച്ച അടയാളക്ഷതങ്ങള്‍! ശരിയാ, ചില പാടുകള്‍ മായാതെ കിടക്കുന്നത് നല്ലതാ. 'അമ്മാ...' ഒരു നെടുവീര്‍പ്പോടേ അയാള്‍ അവരെ തന്റെ വലതുകൈകൊണ്ട് നെഞ്ചോടു ചേര്‍ത്തുപിടിച്ചു. അമ്മയെ കിട്ടിയ സന്തോഷവാര്‍ത്ത വര്‍ഗ്ഗീസച്ചനെ ആദ്യം അറിയിക്കണം, ശേഷം ഭാര്യയെയും മകനെയും. അയാള്‍ ഇടതുകൈകൊണ്ട് ഫോണെടുത്ത് അച്ചന്റെ നമ്പര്‍ ഡയല്‍ ചെയ്തു.ഇത്തവണ ഫോണ്‍ ശബ്ദിച്ചു തുടങ്ങി. 'കുഞ്ഞേ' എന്നുള്ള അച്ചന്റെ ആര്‍ദ്രമായ വിളിക്കായി കാതോര്‍ത്ത അയാളുടെ മനസ്സില്‍ പൊടുന്നനെ മറ്റു ചില ചോദ്യങ്ങള്‍ ഉയരുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന ആ കറുത്ത ഷര്‍ട്ടിട്ട നരച്ച താടിക്കാരന്‍? പുതിയ വാടകവീട്?

അസ്തമിക്കാന്‍ മടിച്ച് വേനല്‍ സൂര്യന്‍ അപ്പോഴും അകലെ കത്തിനില്ക്കുന്നുണ്ടായിരുന്നു.

'എല്ലാര്‍ക്കും ഈ കഥ ഇഷ്ടായോ?'

ഫാത്തിമ ടീച്ചറിന്റെ ചോദ്യത്തിന് 'ഒത്തിരിയിഷ്ടായി' എന്ന് കുട്ടികള്‍ മറുപടി പറഞ്ഞു. എന്നാല്‍, അനുമോള്‍ മാത്രം ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. അവളുടെ അമ്മ മരിച്ചിട്ട് ഏതാനും ആഴ്ചകളേ ആയിരുന്നുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org