കാസ്പര്‍... ഓ കാസ്പര്‍!

റിജോ ജോസഫ് നേരി
കാസ്പര്‍... ഓ കാസ്പര്‍!

പട്ടാളക്കാരുടെ അട്ടഹാസം. പടക്കുതിരകള്‍ വിറയലോടെ ചീറി പായുന്ന ശബ്ദം. ഉയര്‍ന്നു പൊങ്ങുന്ന മൂര്‍ച്ചയേറിയ വാളില്‍ നിന്നും ഊര്‍ന്നുവീഴുന്ന രക്തത്തുള്ളികള്‍ നിലത്തു വീഴുന്ന ശബ്ദം. കുഞ്ഞുങ്ങള്‍ കണ്‍മുന്നില്‍ വെട്ടേറ്റു വീഴുന്നതു കണ്ട് ഭീതിയോടെ ചങ്കുപൊട്ടി ഭ്രാന്തമായി വിലപിക്കുന്ന അമ്മമാര്‍.

വിറയലോടെ കാസ്പര്‍ എണീറ്റ് വിങ്ങി കരയാന്‍ തുടങ്ങി.

'കാസ്പര്‍. ഓ കാസ്പര്‍. ഞാന്‍ ഇന്നലെ മുതല്‍ ശ്രദ്ധിക്കുന്നു. അങ്ങ് എന്താണ് തകര്‍ന്നവനെപോലെ ആയത്? മിശിഹായെ കണ്‍കുളിര്‍ക്കെ കണ്ട കാര്യം ആണല്ലോ ഇന്നലെ വരെ പറയാന്‍ ഉണ്ടായിരുന്നത്?'

'ബാല്‍ത്തസാര്‍, ഇന്നലെ രാജദൂതുമായി കടന്നുപോയവര്‍ പറഞ്ഞത് കേട്ടില്ലേ? നമ്മള്‍ തിരിച്ചു കൊട്ടാരത്തില്‍ ചെന്ന് മിശിഹായെ കാണിച്ചു കൊടുക്കാത്തതിന്റെ കോപത്തില്‍ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ അല്ലെ ഹേറോദോസ് അരിഞ്ഞുവീഴ്ത്തിയത്. എനിക്ക് താങ്ങാന്‍ ആവുന്നില്ല. ആ അമ്മമാരുടെ കരച്ചില്‍ എന്നെ വല്ലാതെ തളര്‍ത്തുന്നു.

കാടും മേടും മഞ്ഞും മഴയും കൊണ്ട്, കണ്ണെടുക്കാതെ മിശിഹായുടെ നക്ഷത്രം പിന്തുടര്‍ന്ന് നാം ജെറുസലേം വരെ വന്നു. അല്പം കൂടെ ക്ഷമ കാണിച്ചിരുന്നെങ്കില്‍. നമുക്ക് ബേത്‌ലഹേമില്‍ എത്താമായിരുന്നു. ഹേറോദോസിന്റെ കൊട്ടാരത്തില്‍ പോയതുകൊണ്ടല്ലേ ഇങ്ങനെ ഒരു ദുര്‍വിധി വന്നത്.

കണ്ണുനീരോടെ കാസ്പര്‍ ബാല്‍ത്തസാറിന്റെ തോളില്‍ ചാരി.

കാസ്പര്‍ അങ്ങ് വിഷമിക്കാതെ. എന്നെയും ആ വേദന വിടാതെ പിന്തുടരുന്നുണ്ട്. യൂദന്മാരുടെ രാജാവായി ജനിക്കേണ്ട മിശിഹാ രാജകൊട്ടാരത്തില്‍ ആയിരിക്കും എന്നല്ലേ നമ്മള്‍ കരുതിയത്. മിശിഹായെ കാണാന്‍ ഉള്ള ആകാംഷ കൊണ്ട് നമ്മുടെ ഹൃദയങ്ങള്‍ തുടിക്കുകയല്ലായിരുന്നോ.

ഒരു ചുരുളുമായി മെല്‍ക്കിയോര്‍ തന്റെ കൂടാരത്തില്‍ നിന്ന് പുറത്തേക്കു വന്നു. യെരമ്യ പ്രവാചകന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു 'ഇതാ റാമായില്‍ നിന്ന് ഒരു സ്വരം, വിലാപത്തിന്റെയും ഹൃദയം തകര്‍ന്ന രോദനത്തിന്റെയും സ്വരം! റാഹേല്‍ തന്റെ മക്കളെ ചൊല്ലി വിലപിക്കുന്നു. അവളുടെ മക്കളില്‍ ആരും അവശേഷിക്കാത്തതിനാല്‍ അവള്‍ക്കു ആശ്വാസം കൊള്ളാന്‍ കഴിയുന്നില്ല!'

യെരമ്യ പ്രവാചകന്‍ ഇതു നേരത്തെ കണ്ട് പ്രവചിച്ചിരിക്കുന്നു.

കാസ്പര്‍, ഇതാ പ്രവാചകന്‍ ഇങ്ങനെ തുടര്‍ന്ന് പറയുന്നു, 'കര്‍ത്താവ് അരുളിച്ചെയ്യുന്നു കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്ക് പ്രതിഫലം ലഭിക്കും.'

മൂന്നു രാജാക്കന്മാരും കൈകള്‍ കോര്‍ത്ത് ആകാശത്തേക്ക് നോക്കി 'ഇല്ല. മിശിഹായുടെ നക്ഷത്രം അപ്രത്യക്ഷമായിരിക്കുന്നു.'

പുലരിയുടെ തുടിപ്പുകള്‍ പ്രകാശം പരത്തിയെങ്കിലും കാസ്പറിന്റെ ഹൃദയത്തില്‍ ഇരുള്‍ നിറഞ്ഞു തന്നെ ഇരുന്നു.

കാസ്പര്‍, ഇനി നമ്മള്‍ കാണുമോ എന്നറിയില്ല. നമുക്ക് വഴി പിരിയാന്‍ സമയമായി. അങ്ങേക്ക് ഇനിയും കുറെ ദൂരം പോകാനില്ലെ.

കണ്ണുനീരോടെ മൂന്നു ജ്ഞാനികളും വഴി പിരിഞ്ഞു.

കാസ്പര്‍ ഇന്ത്യ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അങ്ങകലെ ഹിന്ദുകുഷ് മലനിരകള്‍ ഒരു ചിത്രത്തില്‍ വരച്ചത് പോലെ തെളിഞ്ഞു വന്നു. കാസ്പറിന്റെ കവിളുകളില്‍ കൂടി ഉതിര്‍ന്നു കയ്യില്‍ വീണ കണ്ണുനീരിനു തീക്കനലിന്റെ ചൂട്!

ഞാനാണ് അവരെയും ഹേറോദോസിന്റെ കൊട്ടാരത്തിലേക്കു നയിച്ചത്. കാസ്പറിന്റെ ഹൃദയത്തിന്റെ ഭാരം കൂടി കൂടി വന്നു.

ഹിന്ദുകുഷ് മലനിരകളെ മറച്ചുകൊണ്ട് മണല്‍കാറ്റ് അടിക്കാന്‍ തുടങ്ങി. ഒന്നും കാണാന്‍ പറ്റുന്നില്ല. ചുറ്റും വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രം.

കാറ്റ് തെല്ലൊന്നടങ്ങി. പതിയെ പതിയെ ചുറ്റുപാടും തെളിഞ്ഞു വന്നു. മലനിരകള്‍ കാണുന്നില്ലല്ലോ? ഞാന്‍ എവിടെയാണ്?

ഇതു ജെറുസലേം ആണല്ലോ? ഞാന്‍ എന്താണ് സ്വപ്നം കാണുകയാണോ? കാലം കുറെ കടന്നുപോയത് പോലെ. ജെറുസലേമിന്റെ തെരുവുകളിലൂടെ കാസ്പര്‍ നടന്നു തുടങ്ങി. തെരുവില്‍ എന്താണ് ഒരു വലിയ ആള്‍ക്കൂട്ടം?

കാസ്പര്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ തെരുവിന്റെ നടുവിലെത്തി.

റോമന്‍ പട്ടാളക്കാര്‍ ആരെയോ കുരിശില്‍ തറച്ചു കൊല്ലാന്‍ കൊണ്ടുപോകുന്നു. മുന്നേ നടക്കുന്ന മനുഷ്യന്‍ വീണു കിടക്കുന്നു. കൊല്ലാന്‍ കൊണ്ടുപോകുന്നവനോട് ഇത്രയും ക്രൂരതയോ? എഴുന്നേക്കാന്‍ പോലും പറ്റാത്ത ആ മനുഷ്യന്റെ മുതുകില്‍ ആവേശത്തോടെ അവര്‍ ചാട്ടവാര്‍ ചുഴറ്റുന്നു. ഹൊ! എന്തൊരു ക്രൂരത!

വിറയ്ക്കുന്ന കൈകാലുകളോടെ താഴെ വീണു കിടന്ന മനുഷ്യന്‍ എഴുന്നേറ്റു. തലയില്‍ നിന്നും രക്തം ഇറ്റിറ്റു വീഴുന്നു!

ഒരു യുവാവാണല്ലോ? എന്തു കുറ്റമാണോ ഇവന്‍ ചെയ്തത് ?

ആ യുവാവ് കാസ്പറിനെ ആര്‍ദ്രമായി നോക്കി. കാസ്പറിന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ വരെ ചെല്ലുന്ന നോട്ടം.

വീണ്ടും ചാട്ടവാറടി. യുവാവ് വേച്ചു വേച്ചു മുന്നോട്ടു നീങ്ങി.

തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തില്‍ താന്‍ വീണു പോകുമോ എന്ന് കാസ്പറിനു തോന്നി.

തൊട്ടു പിന്നാലെ കുറെ സ്ത്രീകള്‍ കരഞ്ഞു കൊണ്ട് പോകുന്നുണ്ടല്ലോ. അവരുടെ നടുവില്‍ നീല ശിരോവസ്ത്രം ധരിച്ച ഒരു സ്ത്രീ. കാറ്റത്ത് ശിരോവസ്ത്രം അനങ്ങിയപ്പോള്‍ ഒരു ഞെട്ടലോടെ കാസ്പര്‍ കണ്ടു.

ഇതു മേരിയല്ലേ. മിശിഹായുടെ അമ്മ! അപ്പോള്‍. ആ യുവാവ്!!!

മിശിഹാ കൊല്ലപ്പെടാന്‍ പോകുന്നുവെന്നോ? തന്റെ രാജ്യത്തിന് അവസാനമില്ലാത്ത മിശിഹാ!?

കാസ്പറിന്റെ ശരീരത്തിലൂടെ മരണത്തിന്റെ തണുപ്പ് അരിച്ചിറങ്ങി. തന്റെ ദേഹമാകെ വിറയ്ക്കുന്നതു കാസ്പര്‍ തിരിച്ചറിഞ്ഞു.

ഞാന്‍ പൊന്ന് കാഴ്ച വെച്ച്. കണ്ണ് നിറയെ കണ്ട് ആരാധിച്ച മിശിഹാ!

കാസ്പറിനു തന്നെത്തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

'നമ്മുടെ വേദനകളാണ് അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി അവന്‍ മുറിവേല്പിക്കപെട്ടു.'

മെല്‍ക്കിയോര്‍ മറ്റൊരു ചുരുള്‍ നിവര്‍ത്തി ഇപ്രകാരം വായിച്ചു. ഐസയാസ് ദീര്‍ഘദര്‍ശി ഇങ്ങനെ പ്രവചിച്ചിരിക്കുന്നു കാസ്പര്‍.

മെല്‍ക്കിയോര്‍. അങ്ങ് എങ്ങനെ ഇവിടെ? കാസ്പര്‍ മെല്‍ക്കിയോറിനോട് അടുത്തുവരുംതോറും മെല്‍ക്കിയോര്‍ പതിയേ അപ്രത്യക്ഷമായി കൊണ്ടിരുന്നു.

കാസ്പര്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. ജനക്കൂട്ടം അങ്ങകലെ എത്തിയിരിക്കുന്നു. കാസ്പര്‍ ധൃതിയോടെ പുറകെ ഓടി.

ഗാഗുല്‍ത്തായില്‍ കുരിശു നാട്ടപ്പെട്ടു കഴിഞ്ഞു. വലിയൊരു വിലാപത്തോടെ മിശിഹാ ജീവന്‍ വെടിഞ്ഞു. പെട്ടെന്ന് സൂര്യന്‍ അപ്രത്യക്ഷമായി. ഭീകരമായ പ്രകമ്പനത്തോടെ ഭൂമി പിളര്‍ന്നു മാറുന്നത് കാസ്പര്‍ തിരിച്ചറിഞ്ഞു. കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട്. താഴെ വീണ കാസ്പര്‍ അരികില്‍ കിടന്ന പാറയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

മിശിഹായെ തറച്ച കുരിശിനു ചുറ്റും മാത്രം പ്രകാശം ഉണ്ടല്ലോ. എന്താണവിടെ. കുറെ ദീപങ്ങള്‍ തെളിച്ച പോലെ. കാസ്പര്‍ സൂക്ഷിച്ചു നോക്കി. അത് ദീപങ്ങളല്ല. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍. തിളങ്ങുന്ന ശുഭ്ര വസ്ത്രം ധരിച്ച കുഞ്ഞുങ്ങള്‍.

'ഇല്ല ആ കുഞ്ഞുങ്ങള്‍ ആരും നഷ്ടപ്പെട്ടിട്ടില്ല. ആരും നഷ്ടപ്പെട്ടിട്ടില്ല.'

എന്താ പ്രഭോ. അങ്ങ് ഉറക്കം ഉണരാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.

കാസ്പര്‍ ചുറ്റും നോക്കി. ഇതു ജെറുസലേം അല്ല. അങ്ങകലെ ഹുന്ദുകുഷ് മലനിരകള്‍.

കാസ്പര്‍ തന്റെ കഴുതപ്പുറത്തു സൂക്ഷിച്ചു വച്ച പെട്ടി തുറന്നു. മേരി കാസ്പറിനു കൊടുത്ത സമ്മാനം. ഉണ്ണിമിശിയായെ പൊതിഞ്ഞ കച്ച.

കാസ്പര്‍ അത് തന്റെ മുഖത്തോടു ചേര്‍ത്തു. കാസ്പറിന്റെ കണ്ണില്‍ നിന്നും കച്ചയില്‍ വീണ കണ്ണുനീരിന് അസ്തമയ സൂര്യന്‍ സ്വര്‍ണനിറം ചാര്‍ത്തി. കാസ്പര്‍ ഉണ്ണിമിശിഹായ്ക്കു കാഴ്ചവെച്ച നിര്‍മലമായ സ്വര്‍ണം പോലെ.

  • ആകാശത്തിലെ അടയാളങ്ങള്‍ പോലും ദൈവത്തെ കണ്ടെത്താന്‍ ഉപയോഗിച്ച പൂജ്യ രാജാക്കന്മാരെ. നിങ്ങള്‍ക്കു വന്ദനം !!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org