ചോരകൊണ്ടെഴുതിയ കഥ

ചോരകൊണ്ടെഴുതിയ കഥ

ചോര കൊണ്ടെഴുതിയ കഥയാണു വിശ്വാസ-

ചേരിയില്‍ കീര്‍ത്തിതമെന്നുമെങ്ങും!

ക്രിസ്തുവിന്‍ സ്‌നേഹത്തില്‍ ദേവസഹായകമായ്

നിസ്തുലചിത്രം രചിച്ച ധന്യന്‍....

പട്ടും വളകളും വേണ്ടെന്നു വച്ചല്ലോ,

നട്ടതോ വിശ്വാസവൃക്ഷമുള്ളില്‍!

ഭൗതികനേട്ടങ്ങളെല്ലാം വെടിഞ്ഞല്ലോ,

ഭാസുരദീപം കൊളുത്തിവച്ചു!

ഡച്ചുസൈന്യാധിപന്‍ ഡിലനായി മാര്‍ഗമായ്

സ്വച്ഛമാം വിശ്വാസമേറ്റുവാങ്ങി!

ക്രിസ്തുവിന്‍ സ്‌നേഹമറിഞ്ഞ ക്ഷണം മുതല്‍

വസ്തുതയെല്ലാം തെളിഞ്ഞു കണ്ടു!

ദൂരത്തു താനേ മറഞ്ഞുപോയ് ഭീതിയാ

ധീരത പൂവിട്ടുനിന്നനേരം

ആരറിഞ്ഞായിട്ടും നീലകണ്ഠപിള്ള

അള്‍ത്താരയില്‍ ദേവസഹായംപിള്ള!

നാട്ടാലഗ്രാമത്തില്‍ ജാതനാമാശിശു

നാടതിനിന്നൊരു ഭാഗ്യതാരം!

ക്രൈസ്തവവിശ്വാസം മാറ്റിക്കളഞ്ഞിടാന്‍

കൂട്ടമായെത്രപേര്‍ കൂടെ വന്നു!

കാഠിന്യമേറിയ യാതനയോരോന്നും

കൈനീട്ടി വാങ്ങിയാക്രിസ്തുഭക്തന്‍!

പീഡനമെത്ര സഹിച്ചാലും വിശ്വാസം

പാടില്ല കൈവിടാ,നേറ്റുചൊന്നു!

കല്പനയായ് ശ്വാസംമുട്ടിച്ചു കൊല്ലുവാന്‍

കൈകൂപ്പി വാഴ്ത്തിയാ ദൈവനാമം.

കൊല്ലുവാനെത്ര ശ്രമിച്ചിട്ടുമായില്ല,

നിര്‍ലീനമായ് മനം ക്രിസ്തുവിങ്കല്‍!

സന്നദ്ധനായ് വെടികൊള്ളുവാനന്തിമം,

സര്‍വ്വര്‍ക്കുമാശ്വാസമാകുംവിധം!

പട്ടാളക്കാരന്റെ വെടിയുണ്ടയേല്ക്കവേ

പെട്ടെന്നു രക്തമണിഞ്ഞു വീണു!

കാട്ടാടിമലയുമാനേരത്തു വീഴ്ത്തിയ

കണ്ണീരിലാണ്ടുപോയ് ഭൂമി ദേവി!

നാഗര്‍കോവില്‍, കോട്ടാര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍

നിര്‍മ്മലമാഗാത്രമോര്‍മയായി!

വേദസാക്ഷ്യത്തിനായര്‍പ്പിച്ച ജീവിതം

സാദരം വാഴ്ത്തിപ്പുകഴ്ത്തിടാം നാം,

അല്മായ പ്രേഷിതന്‍ ഭാരതനക്ഷത്രം

ആരിലും ശാന്തിപകര്‍ന്നിടട്ടെ.

Related Stories

No stories found.