ഒരു റിയല്‍ സ്റ്റോറി

ഒരു റിയല്‍ സ്റ്റോറി
  • ജിന്‍സണ്‍ ജോസഫ് മാണി മുകളേല്‍ CMF

ജയിലില്‍ നിന്ന് രക്ഷപ്പെട്ടോടുമ്പോഴും തിഹാലിന് അറിയാമായിരുന്നു, പിടിക്കപ്പെടാന്‍ ഒരു വഴി മാത്രം. വീണ്ടും ജയിലില്‍ എത്തുന്നതിനു മുന്‍പ് ഇറങ്ങിയ ലക്ഷ്യം നിറവേറ്റണം എന്ന് അയാള്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു.

ജയിലിന്റെ വെളിയിലുള്ള ഓട വൃത്തിയാക്കാന്‍ പുറപ്പെട്ട മൂന്ന് തടവുകാരിലൊരാളായിരുന്നു അയാള്‍. ഓടയിലെ വേസ്റ്റെല്ലാം അവര്‍ അല്പം അകലെയുള്ള കുഴിയില്‍ കൊണ്ടുപോയി കളയണമായിരുന്നു. അനേകം തവണ ആ ജോലി അയാള്‍ ചെയ്തതായിരുന്നു. ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം പൊലീസുകാര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തി ആ പോക്കില്‍ തിഹാല്‍ രക്ഷപ്പെട്ടു. ഡ്യൂട്ടിക്ക് വന്ന പൊലീസുകാര്‍ അത് ശ്രദ്ധിച്ചതേയില്ല.

ഓട്ടം! അതില്‍ അവനെ തോല്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന വിശ്വാസം അവന് ഉണ്ടായിരുന്നു. പക്ഷേ മനസ്സില്‍ ഒരു മല്പിടുത്തം നടക്കുകയായിരുന്നു. സ്‌നേഹിതയായ മൈമുനിയെ ഒന്നു കാണണം. അതിന് മുന്‍പ് പിടിക്കപ്പെടരുത്. അവളെ വിളിച്ചാല്‍ പൊലീസ് പിടിക്കും എന്നുറപ്പാണ്. പക്ഷേ വിളിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെ കാണും?

അന്നദാനം നടക്കുന്ന അമ്പലം കണ്ടു. അവിടെ കയറി ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു എന്നതിനെക്കാളും വിഴുങ്ങി എന്നു പറയുന്നതായിരിക്കും ശരി. ഉടന്‍ തന്നെ സോഷ്യല്‍ മീഡിയായില്‍ വാര്‍ത്ത വരും എന്ന് അയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരിക്കും. പക്ഷേ പ്രണയം തലയുടെ മീതേ പറക്കുമ്പോള്‍ അവിടെ

എവിടെ ലോജിക് ?

വഴിയില്‍ കണ്ട ഒരു സ്‌കൂള്‍ കുട്ടിയുടെ കൈയില്‍ നിന്ന് മൊബൈല്‍ വാങ്ങി അവളെ വിളിച്ചു. ആദ്യ റിങ്ങിന് തന്നെ മൈമുനി എടുത്തു. 'എടീ... ഇത് ഞാനാണ് തിഹാല്‍' എന്നു പറഞ്ഞപ്പോഴേ അപ്പുറത്ത് നിന്ന് അവളുടെ ശകാര വര്‍ഷം ആരംഭിച്ചു.

'നിനക്ക് വട്ടാണോ തിഹാല്‍, അടുത്താഴ്ച പരോള്‍ കിട്ടുന്നതല്ലേ? ഇനി ജയില്‍ ചാടിയതിന്റെ ശിക്ഷ വേറെ....'

'എടീ.... ഞാന്‍...നിന്നെയൊന്നു കാണാന്‍...'

'ദേ ... ഇത് എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്....

വേഗം... തിരിച്ചു പോ!'

'ഞാന്‍ പോകാം.. നീയൊന്നു വീഡിയോ കോളില്‍ വാ...'

'ന്റെ പൊന്നു പൊട്ടാ... ഇപ്പം ഇവിടെ പൊലീസ് എത്തും. ആ എസ് ഐ എന്നെ വിളിച്ചു കഴിഞ്ഞു. എനിക്കിപ്പോള്‍ ജയിലില്‍ കിടക്കാന്‍ ഒരു മനസും ഇല്ല. നീ വച്ചിട്ട് പോ...'

ഇപ്പോള്‍ താന്‍ നില്‍ക്കുന്ന സ്ഥലമാണ് ശരിക്കുള്ള ജയില്‍ എന്ന് അയാള്‍ക്ക് വ്യക്തമായി. ജീവിതം തുടങ്ങിയത് തെരുവിലായിരുന്നു. ആ തെരുവില്‍ നിന്ന് അനേകം തവണ ജയിലില്‍പ്പോയി. ഒരു തവണ ഇറങ്ങിയപ്പോള്‍ പ്രണയത്തിലായി. ആ പ്രണയം ജയില്‍ ചാട്ടത്തിലേക്ക് നയിച്ചു. ഇപ്പോഴതാ, അതേ പ്രണയം തന്നെ തകര്‍ക്കുന്നതായി അയാള്‍ക്ക് തോന്നി.

ഇനി ...എന്തായാലും പിടിക്കപ്പെടും. ശിക്ഷയുടെ ദൈര്‍ഘ്യവും കൂടും. അങ്ങനെയെങ്കില്‍ അത് അവളെ കണ്ടിട്ട് തന്നെയാവട്ടെ എന്ന ചിന്തയില്‍ അയാള്‍ ഒരു ലോറിക്കാരന്റെ ഫോണില്‍ അവളെ വിളിച്ചിട്ടു പറഞ്ഞു.

'ഞാന്‍ പാലക്കാടിന് പോകുന്നു. അവിടെ ഒരു പാടത്ത് പണി കിട്ടിയിട്ടുണ്ട്. ഒരു ലോറിയിലാണ് പോകുന്നത്' അത്രയും പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

പിന്നെ

അയാള്‍ അവളുടെ വീട്ടിലേക്ക് തന്നെ തിരിച്ചു. ഒരു പ്രതീക്ഷയും ഇല്ലാത്തിടത്തും ഒരു പ്രതീക്ഷ സൃഷ്ടിക്കുന്ന ഒരാളായിരുന്നു അയാള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org