അപ്പുവിന്റെ അമ്മ

അപ്പുവിന്റെ അമ്മ
Published on
  • സ്മിത ജോഷി തട്ടില്‍, കോനൂര്‍

നേരിയ ചാറ്റല്‍മഴയില്‍ കൂട്ടുകാരായ അപ്പുവും ജോസ്‌മോനും സ്‌കൂളിലേക്ക് പോകാന്‍ ഇറങ്ങി. കനത്തമഴമൂലം മൂന്നു ദിവസത്തെ അവധിയൊക്കെ കഴിഞ്ഞ് കുറച്ചൊരു മടിയുണ്ട് പോകാന്‍... എങ്കിലും രണ്ടു പേരും തോട്ടുവരമ്പിലൂടെ നടന്നു നീങ്ങി. റോഡിലെത്തിയാല്‍ അവിടെ ഒരു ഗ്രോട്ടോയുണ്ട്. അതിനു പുറകിലൂടെ കുറച്ചുനടന്നാല്‍ സ്‌കൂളില്‍ എത്തും. വികൃതിയായ ജോസ്‌മോന്‍ കുട വട്ടംകറക്കി വെള്ളം തട്ടിതെറിപ്പിച്ച് അങ്ങനെ നടന്നു നീങ്ങി. അവര്‍ മാതാവിന്റെ ഗ്രോട്ടോയ്ക്കരികില്‍ എത്തി. ജോസ്‌മോന്‍ അപ്പുവിനെ തിരിഞ്ഞു നോക്കി. അതെ അപ്പു ഇന്നും ബാഗു തുറന്ന് മെഴുകുതിരിയെടുക്കുന്നുണ്ട്. പതിവുപോലെ മാതാവിന്റെ തിരുരൂപത്തിനടുത്തെത്തി. തിരി തെളിച്ച് കൈകള്‍ കൂപ്പി എന്തോ പ്രാര്‍ത്ഥിക്കുന്നുണ്ട്. ജോസ്‌മോന്‍ അപ്പുവിന്റെ പ്രവൃത്തികള്‍ നിര്‍വികാരതയോടെ നോക്കി നിന്നു. എന്തായാലും അപ്പുവിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കണം. ജോസ്‌മോന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന തീരും വരെ ജോസ്‌മോന്‍ കാത്തുനിന്നു. പോകാം, അപ്പുവിന്റെ ശബ്ദം കേട്ട് ജോസ്‌മോന്‍ അവനെ നോക്കി. എന്നിട്ട് അപ്പുവിന്റെ കൈയ്യില്‍ കേറി പിടിച്ചു. അപ്പു നില്ക്ക്, ഒന്നു ചോദിക്കട്ടെ. ''അപ്പു ഒരു ഹിന്ദുവല്ലേ? എന്നിട്ടും എന്താ ഇവിടെ തിരി കത്തിക്കുന്നത്?'' മറുപടിയായി ഒരു പുഞ്ചിരി നല്കിക്കൊണ്ട് അപ്പു നടന്നു. വൈകുന്നരം സ്‌കൂളില്‍ നിന്ന് തിരിച്ചുപോരുമ്പോഴും ഒന്നു പ്രാര്‍ത്ഥിച്ചിട്ടേ മടങ്ങൂ. പോരും വഴി ജോസ്‌മോന്‍ വീണ്ടും ചോദിച്ചു, ''അപ്പു നീയെന്താണ് എന്നും മാതാവിനോടു പറയുന്നത്?''

അപ്പു പറഞ്ഞു, ''മാതാവ് എന്റെയും അമ്മയാണ്. എന്റെ അമ്മ മരിക്കുംമുമ്പ് ഞങ്ങള്‍ ഇവിടെ പ്രാര്‍ത്ഥിക്കുമായിരുന്നു. ഇന്ന് എന്റെ അമ്മ കൂടെയില്ല. എനിക്കിനി ഈ അമ്മ മാത്രമേയുള്ളൂ.''

മറുപടി കേട്ട് ജോസ്‌മോന്റെ നെഞ്ചൊന്നു പിടഞ്ഞു. പിന്നെ ഒന്നും അവര്‍ സംസാരിച്ചില്ല. അവര്‍ പരസ്പരം തോളില്‍ കൈയിട്ട് വീട്ടിലേക്ക് നടന്നു. തോട് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപ്പുവിന് വെള്ളത്തിലിറങ്ങാന്‍ പേടിയാണ്. നീന്താനുമറിയില്ല. പക്ഷേ, ജോസ്‌മോന്‍ വെള്ളം കണ്ടാല്‍ പിന്നെ ഒന്നും നോക്കില്ല. എടുത്തു ചാടും. നീന്തികളിക്കാന്‍ വലിയ ഇഷ്ടമാണ്.

അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. അന്നൊരു തിങ്കളാഴ്ച, അവര്‍ പതിവുപോലെ സ്‌കൂളിലേക് പോകാന്‍ ഒരുങ്ങി. തലേദിവസം രാത്രി കനത്ത മഴ ആയിരുന്നതിനാല്‍, തോടു നിറഞ്ഞു കവിഞ്ഞിരുന്നു. വരമ്പിലേക്ക് വെള്ളം കയറിത്തുടങ്ങിയിരുന്നു. അപ്പു പേടിച്ചാണ് നടന്നത്. എന്നാല്‍ ജോസ്‌മോനാകട്ടെ വെള്ളം തെറിപ്പിച്ച് ഉല്ലസിച്ചാണ് വന്നത്. തിരിച്ചുപോരുമ്പോള്‍ എന്തായാലും ഇറങ്ങി നീന്തണം. അത് ജോസ്‌മോന്‍ ഉറപ്പിച്ചു. അങ്ങനെ കാത്തിരുന്ന് വൈകന്നേരമായി. ഇരുവരും തോട്ടുവരമ്പേ നടന്നു വരികയായിരുന്നു. പെട്ടെന്നാണ് ജോസ്‌മോന്‍ അതു ചെയ്തത്.

ബാഗും കുടയും അപ്പുവിന്റെ കയ്യില്‍ കൊടുത്ത്, എടുത്ത് ഒറ്റച്ചാട്ടം. അപ്പു കുറെ വിളിച്ചു. കേറി പോരാന്‍ പറഞ്ഞു. പക്ഷേ, ആരു കേള്‍ക്കാന്‍? പെട്ടെന്നാണ് അതു സംഭവിച്ചത്. വെള്ളത്തിന്റെ ഒഴുക്കില്‍ ജോസ്‌മോന്‍ താണുപോയി. അപ്പു അലറി വിളിച്ചു. പക്ഷേ, മഴ പെയ്യാന്‍ തുടങ്ങിയതുകൊണ്ട് ആരും നിലവിളി കേട്ടില്ല. കുറച്ചുകഴിഞ്ഞ് ജോസ്‌മോന്റെ കൈകള്‍ ഒരു മരത്തടിയില്‍ ഉടക്കിയതുപോലെ കണ്ട അപ്പു മറ്റൊന്നും ചിന്തിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടി.

എങ്ങനെയൊക്കെയോ ജോസ്‌മോനെ അപ്പു കരയിലേക്ക് കയറ്റി. കണ്ണു തുറന്ന് ജോസ്‌മോന്‍ അതിശയത്തോടെ അപ്പുവിനെ നോക്കി. നീന്താനറിയാത്ത അപ്പു എങ്ങനെ എന്നെ രക്ഷിച്ചു? ജോസ്‌മോന്റെ ചോദ്യം കേട്ട് അപ്പു വീണ്ടും ഒരു പുഞ്ചിരി തന്നെ നല്കി. അവര്‍ വീട്ടിലേക്ക് നടന്നു. രാത്രിയിലൊക്കെ അപ്പുവിനെക്കുറിച്ചോര്‍ത്താണ് ജോസ്‌മോന്‍ കിടന്നത്. പിറ്റേന്ന് രാവിലെ മഴയൊക്കെ മാറി. മാനം തെളിഞ്ഞു. തോട്ടുവരമ്പില്‍ നിന്നു വെള്ളമിറങ്ങി. അവര്‍ സ്‌കൂളിലേക്ക് നടന്നു.

എന്നത്തേയും പോലെ തിരികത്തിക്കാന്‍ അപ്പു ഗ്രോട്ടോയ്ക്കരികിലെത്തി. തിരിതെളിച്ച്, അപ്പു കൈകൂപ്പി കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു നിന്നു. അല്പം കഴിഞ്ഞ് കണ്ണു തുറന്നപ്പോള്‍ ആ മെഴുകുതിരിയ്ക്കടുത്ത് മറ്റൊരു തിരി കത്തി നില്‍ക്കുന്നു. തൊട്ടരികില്‍ത്തന്നെ കണ്ണടച്ച് കൈകൂപ്പി നില്‍ക്കുന്ന ജോസ്‌മോന്‍. അപ്പുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അപ്പു അമ്മയെ നോക്കി പുഞ്ചിരിച്ചു. ജോസ്‌മോന്‍ അപ്പുവിനെ കെട്ടിപ്പിടിച്ചു. അവന്റെ കണ്ണു നിറഞ്ഞൊഴുകുന്നത് അപ്പു ശ്രദ്ധിച്ചു. അവര്‍ സന്തോഷത്തോടെ സ്‌കൂളിലേക്ക് നടന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org