
ഫാ. സേവ്യര്‍ തേലക്കാട്ട്
1. വുഹാനില്‍ നിന്നൊരു വൈറസ് വന്നു,
രാജ്യത്തില്‍ സ്വസ്ഥത നഷ്ടമാക്കി
വാര്‍ത്തകള്‍ കേട്ട ജനമമ്പരന്നു,
നാട്ടില്‍ മുഴുവനും ഭീതിയുണ്ടായ്
2. സ്‌കൂളും കടകളും പൂട്ടിയടച്ചു,
ഘോഷവും സദ്യയും നിര്‍ത്തല്‍ ചെയ്തു
പള്ളിപ്പരിപാടിയാകെ നിര്‍ത്തി,
ക്ഷേത്രങ്ങളെല്ലാം ശൂന്യമായ് നിന്നു
3. ശീഘ്രത്തില്‍പ്പായുന്ന വണ്ടികള്‍ നിന്നു,
റോഡും കവലയും നിശ്ചലമായ്.
ആള്‍ക്കൂട്ടം പാടില്ലെന്നോര്‍ഡര്‍ വന്നു,
അകലത്തില്‍ നില്‍ക്കുക ചട്ടമായി.
4. കൈകള്‍ കഴുകുവാന്‍ നിഷ്ഠ വന്നു,
മൂക്കുകള്‍ മൂടുവാന്‍ മാസ്‌ക്കുമെത്തി.
സര്‍ക്കാര്‍ നിയമങ്ങള്‍ ശക്തമാക്കി,
പൊലീസിന്‍ സന്നാഹം ദൃശ്യമായി
5. ഈവകയജ്ഞങ്ങളൊന്നു പോലും,
കോവിഡിന്‍ ശക്തി തളര്‍ത്തിയില്ല.
കാഴ്ചയിലില്ലാത്ത ഈ വിഷ ജീവിയോ,
തന്നുടെ താണ്ഡവം നിര്‍ത്തിയില്ല.
6. ദൂരത്തെ നാട്ടിലും പട്ടണത്തിലും,
അയലത്തെ വീട്ടിലും വസന്ത വന്നു.
എങ്കിലുമീവകക്കെടുതിയെല്ലാം,
അന്യന്റെ പ്രശ്‌നമായ്ക്കണ്ടു ജനം.
7. പെട്ടെന്നു രാവിലെ ഫോണടിച്ചു,
ചാടിയെണീറ്റു ഞാന്‍ ശ്രദ്ധ വച്ചു.
'പോസിറ്റീവായല്ലോ, സൂക്ഷിക്കവേണം,
വീട്ടിലിരിക്കുക, യാത്രകള്‍ വേണ്ടാ.'
8. നാഡി തളര്‍ന്നു ഞാനിരുന്നു പോയി,
എന്‍ കണ്ണിലിരുട്ടു വലിഞ്ഞു കേറി,
കോവിഡിന്നെന്നെയും കീഴ്‌പ്പെടുത്തി
യെന്നുള്ള സത്യം ഞാന്‍ കണ്ടറിഞ്ഞു.
9. സംഭ്രമം പൂണ്ട് ഞാന്‍ ഫോണെടുത്തു,
വാസ്തവം ഞാന്‍ തന്നെ പങ്കുവച്ചു.
കേട്ടവര്‍ കേട്ടവര്‍ ഞെട്ടിത്തരിച്ചു,
ക്ഷിപ്രമീ സംഗതി വൈറലായി.
10. കണ്ണിനാല്‍ക്കാണാത്തയീ ശത്രുവിനെ,
ഒറ്റയ്ക്കു നേരിടാന്‍ ശക്തി തേടി,
വൈറസിന്‍ ചേഷ്ഠകള്‍ ഞാന്‍ പഠിച്ചു,
ഒരുവട്ടം പൊരുതുവാന്‍ ഞാന്‍ മുതിര്‍ന്നു.
11. എന്‍ മാംസപേശികള്‍ ഇടഞ്ഞുനിന്നു,
നടുവിന്റെ വേദന കണ്ണീര്‍ വരുത്തി,
നിദ്രാദേവിയെങ്ങോ പോയ് മറഞ്ഞു,
രാവും പകലുമായാപ്പോരു നീണ്ടുപോയി.
12. യുദ്ധം ജയിച്ച ഞാനൊരു ജേതാവല്ല,
നേട്ടങ്ങള്‍ ഘോഷിക്കും ഹീറോയുമല്ല.
ജീവിതം തിരികെത്തന്നോനെ വീണുനമിച്ച്
പടിവാതില്‍ക്കല്‍ക്കിടക്കുന്ന ലാസര്‍ മാത്രം.