കൊച്ചുകഥ : പയസ് ആലുംമൂട്ടില്‍
ഐസക്ക് ചേട്ടന്‍ തന്റെ വളരെക്കാലത്തെ നഗരജീവിതത്തിനുശേഷമാണ് ഈ ഇടവകയില്‍ വന്നു താമസം തുടങ്ങിയത്. അങ്ങനെയുള്ളവരെ ഇടവകക്കാര്‍ സാധാരണ വരത്തന്മാര്‍ എന്ന് വിളിച്ചാണ് ബഹുമാനിക്കുന്നത്. എന്നാല്‍ ഐസക്ക് ചേട്ടന്‍ നഗരത്തില്‍നിന്നും വന്ന ആളായതുകൊണ്ടും റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ആയതുകൊണ്ടും അത്യാവശ്യം ബഹുമാനം കിട്ടി. എന്ന് വരികിലും ആളുകള്‍ വെറുതെ ഇരുന്നില്ല. അവര്‍ അന്വേഷിച്ചു ഈ വരവിന്റെ കാരണം.
യഥാര്‍ത്ഥത്തില്‍ ഐസക്ക് ചേട്ടന്‍ നഗരം വിട്ട് ഗ്രാമത്തിലേക്ക് വന്നത് സാമ്പത്തിക പ്രശ്‌നം മൂലം തന്നെയായിരുന്നു. നഗരത്തിലെ സ്ഥലം വിറ്റു കിട്ടിയ പണം കൊണ്ട് ഗ്രാമത്തില്‍ സ്ഥലവും നല്ല വീടും വാങ്ങുകയും കടങ്ങള്‍ വീട്ടുകയും ചെയ്തു. ചേട്ടന്‍ ഭാര്യയോടും മക്കളോടും അമ്മയോടും കൂടിയാണ് വന്നത്. അപ്പന്‍ മരിച്ചു പോയിരുന്നു.
കാര്യപ്രാപ്തിയുള്ളവനും, വിവരമുള്ളവനും ന്യായം പറയുന്നവനും ആയി എല്ലാവര്‍ക്കും തോന്നിയതിനാല്‍ ഇടവകയില്‍ പെട്ടെന്ന് സ്വീകാര്യമായി. വികാരിയച്ചനുമായും നല്ല കെമിസ്ട്രി ആയി. കാലക്രമത്തില്‍ ഇടവകയിലെ പല പ്രസ്ഥാനങ്ങളുമായും ഇടപെട്ടു. പലരും ചെയ്യുന്നതുപോലെ എന്നെങ്കിലും മരിക്കും എന്ന വിശ്വാസത്തില്‍ സിമിത്തേരിയില്‍ സ്വന്തം പേരില്‍ ഒരു കല്ലറയും വാങ്ങി. കല്ലറയില്‍ കിടന്നാല്‍ ദൈവത്തിനു പെട്ടെന്ന് കാണാന്‍ കഴിയുന്നതിനാല്‍ ആദ്യം സ്വര്‍ഗത്തില്‍ പോകാം എന്നാണ് സത്യക്രിസ്ത്യാനികള്‍ കരുതുന്നത്. എന്നാല്‍ കുടുംബക്കാര്‍ക്ക് ഒരുമിച്ചുനിന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിയും എന്നത് നേരാണ്.
തെരെഞ്ഞെടുപ്പു കാലത്ത് പരസ്യം എഴുതാന്‍ മതില്‍ ബുക്ക് ചെയ്യുന്ന മാതിരി കല്ലറയില്‍ ചേട്ടന്റെ പേരില്‍ ബുക്ക്ഡ് 'ഐസക്ക് ചുമലില്‍' എന്നും എഴുതി വച്ചു. ഒരിക്കല്‍ പള്ളിയിലെ മരിച്ചുപോയ വിശ്വാസികളുടെ ഓര്‍മ്മ ദിവസം, ചില ഫ്രീക്കന്മാര്‍ ബുക്ക്ഡ് എന്നത് മായ്ച്ച് കളഞ്ഞു. അതിനാല്‍ ആ കല്ലറയിലും മനുഷ്യര്‍ തിരികത്തിച്ചു വച്ചു. അച്ചന്‍ ഒപ്പീസും ചൊല്ലി. അത് ചേട്ടന് വിഷമമായി അതോടുകൂടി ആ പേര് അവിടെ നിന്നും പോയി.
ചേട്ടന്റെ അമ്മ ആരോഗ്യവതിയായിരുന്നു. ഒരിക്കലും ഒരു മരണം വേഗത്തില്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. ആയിടയ്ക്കാണ് ദൈവത്തില്‍ നിന്നും അമ്മയ്ക്ക് വിളി വന്നത്. അമ്മ മരിച്ചു. അമ്മയുടെ കുഴിമാടം തയ്യാറാക്കുന്ന സമയം വന്നു. ആര്‍ക്കും സംശയം ഉണ്ടായില്ല. കാരണം ചേട്ടന്‍ കല്ലറ ബുക്ക് ചെയ്തിട്ടുണ്ടല്ലോ. പക്ഷെ ഐസക്ക് ചേട്ടന്റെ തീരുമാനം മറിച്ചായിരുന്നു.
ചേട്ടന്‍ പറഞ്ഞു അമ്മയെ ആ കല്ലറയില്‍ അടക്കേണ്ട. ആരും കാര്യം അന്വേഷിച്ചില്ല. ആരും ഒന്നും പറഞ്ഞുമില്ല. അമ്മയെ വേറൊരു കുഴിയില്‍ അടക്കുകയും ചെയ്തു. പ്രശ്‌നം അവിടെ അവസാനിച്ചു. കാലം കടന്നുപോയി. അപ്പോഴാണ് നാട്ടില്‍ കൊവിഡിന്റെ കടന്നു കയറ്റം ഉണ്ടായത്. ചേട്ടന്‍ ഒരു വലിയ ആസ്തമ രോഗിയായിരുന്നു. കോവിഡിന്റെ ആരംഭ കാലത്തു തന്നെ ചേട്ടന് അസുഖം പിടിപെട്ടു. ആശുപത്രിയിലേക്ക് മാറ്റി. രോഗം മൂര്‍ച്ഛിക്കുകയും വേഗത്തില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. കോവിഡ് ബാധിച്ചു മരിക്കുന്ന രോഗികളെ 16 അടി താഴത്ത് കുഴിച്ചിടേണം എന്നായിരുന്നു പ്രോട്ടോകോള്‍. സിമിത്തേരിയില്‍ അതിനു സൗകര്യം ഉണ്ടായിരുന്നില്ല. അന്ന് ദഹിപ്പിക്കുന്നതിനു സഭയില്‍ അനുവാദവും ഉണ്ടായിരുന്നില്ല. അതിനാല്‍ പൊതുസ്ഥലത്ത് 16 അടി താഴത്തില്‍ കുഴിച്ചിട്ടു. ആ കല്ലറ ഇന്നും ശൂന്യമായി കിടക്കുന്നു.