ചാക്കൊ കാക്കശ്ശേരി
ഉച്ചയുറക്കം കഴിഞ്ഞ് കോട്ടുവായിട്ട് ഉമ്മറത്ത് മുറുക്കാന്‍ ചെല്ലത്തിനരികില്‍ കാലും നീട്ടിയിരുന്ന്, അമ്മാമ്മ വെറ്റിലയും അടക്കാ കഷണങ്ങളും തപ്പുകയാണ്. ഉടനെ വിളിവരും. അടക്ക ഇടിച്ച് പൊടിച്ച് കൊടുക്കണം. ചെറിയ ഉരലും ഇരുമ്പ് ഒലക്കയും അടുത്ത് തന്നെയുണ്ട്.
'കുട്ട്യോളാരും ല്ല്യേ അവടെ?'
ദാ, വിളിയെത്തി. മുവ്വാണ്ടന്‍ മാവിന്റെ തണലിലിരുന്ന് കല്ല് കളിച്ചുകൊണ്ടിരുന്ന ഷീലയും മീനയും വിളി കേള്‍ക്കാത്തമട്ടില്‍ കളി തുടര്‍ന്നു. കയ്യാലമുറിയില്‍ ഒറ്റക്കിരുന്ന്, ഡിക്‌റ്റേഷന് തെറ്റിയ വാക്കുകളുടെ സ്‌പെല്ലിങ്ങ്, അഞ്ഞൂറ് തവണ വീതം ഇംപൊസിഷന്‍ എഴുതുന്ന തിരക്കിലായിരുന്നു ഞാന്‍.
അടുത്ത വിളി വരുന്നതിനു മുമ്പ് ഞാന്‍ അമ്മാമ്മയുടെ മുന്നില്‍ ചെന്നിരുന്ന്, മൂന്ന് അടക്കാ കഷണങ്ങളെടുത്ത് ഉരലിലിട്ട് ഇടിച്ചു തുടങ്ങി.
'കടിഞ്ഞിപൊട്ടനാണെങ്കിലും നീ കുരുത്തള്ളോനാ.'
അമ്മാമ്മയുടെ വക എനിക്കൊരു സ്വഭാവ സര്‍ട്ടിഫിക്കറ്റ്.
'വായില് പല്ലൊന്നൂല്യ കുട്ട്യേ.'
ചുണ്ണാമ്പ് തേച്ച വെറ്റിലയും ഒരു പുകയില കഷണവും വായില്‍ തിരുകി അമ്മാമ്മ പറഞ്ഞു.
'പിന്നെന്തിനാ ഈ പൊള്ളുന്ന സാധനമൊക്കെ വായിലിട്ട് കഷ്ടപ്പെട്ട് ചവച്ച് തുപ്പിക്കളേണത്?'
പൊടിച്ച അടക്ക ഉരലില്‍നിന്ന് അമ്മാമ്മക്കെടുത്തു കൊടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു.
'ദാ പ്പ നന്നായെ. എന്തിനാ മുറുക്കണേന്നോ? യ്ക്കതിന്റെ ഉത്തരൊന്നും അറിയാമ്പാടില്ല. ഈ തറവാട്ടീ കേറ്യാന്ന് മൊതലേ, ഈ മുറുക്കാമ്പെട്ടി കണ്ടാ, യ്ക്ക് പിന്നെ ഇരിക്കപ്പൊറുതീല്യാ. മുറുക്കണം. അത്രെന്നെ.'
ഇതുകേട്ട് കല്ല്കളി നിര്‍ത്തി വന്ന പെണ്‍കുട്ടികള്‍, പല തവണ ചോദിച്ച ചോദ്യം, കള്ളച്ചിരിയോടെ ആവര്‍ത്തിച്ചു:
'എത്രാമത്തെ വയസ്സിലാ അമ്മാമ്മ ഈ തറവാട്ടില്‍ കാലു കുത്തിയത്?'
'നെനക്കിപ്പൊ എത്ര്യായി പ്രായം?'
'പന്ത്രണ്ട്.' മീന പറഞ്ഞു.
'ആ പ്രായത്തിലന്യാ ഞാനീ തറവാട്ടീ കേറി വന്നത്.'
പെണ്‍കുട്ടികളിരുവരും മൂക്കത്ത് വിരല്‍ വച്ച് അത്ഭുതം അഭിനയിച്ച് 'ദൈവേ' ന്ന് വിളിച്ചു. അനേകം തവണ കേട്ട കഥയാണെങ്കിലും ആഖ്യാന രസം നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ പ്രതികരിക്കുമായിരുന്നു.
'ഇപ്പോ ദാ കഴിഞ്ഞ തോറാനപ്പെരുന്നാളിനാ തൊണ്ണൂറ്റഞ്ചായെ.'
അമ്മാമ്മ പറഞ്ഞു.
'അമ്മാമ്മ ഇപ്പോഴും നല്ല സുന്ദരിക്കുട്ടിയാ.' ചപ്രം ചിപ്രം കിടന്ന മുടിയിഴകള്‍ വാരി കെട്ടിക്കൊടുത്ത് ഷീല അമ്മാമ്മയെ സുഖിപ്പിച്ചു.
'അപ്പാപ്പന്‍ നല്ല സുന്ദരനായിരുന്നോ?' വാക്കുകളില്‍ പരമാവധി ജിജ്ഞാസ പുരട്ടി അവള്‍ ചോദിച്ചു.
'അതിന് ഞാനുണ്ടോ അപ്പാപ്പനെ കണ്ടു?'
ആ മറുചോദ്യം കേട്ട് പെണ്‍കുട്ടികള്‍ വാ പൊളിച്ച് അന്യോന്യം നോക്കി നിന്നു.
'ചിറ്റാട്ട്ര അങ്ങാടിക്കാര് ഇന്നും ചോയ്ക്കും. ഈ വടക്കൂട്ടെ കൊച്ചാപ്പൂന് കണ്ണ് കാണില്ലേന്ന്..! തങ്കം തങ്കം പോലുള്ള ഒരു പെങ്കുട്ട്യേ പിടിച്ച്, കരിക്കട്ട പൊലൊരുത്തനെ കൊണ്ട് കെട്ടിച്ചൂലൊ!
ചെലോരു പറേം ഒരു പുത്തനോലക്ക്, ഒരു കര്യോലാന്ന്. ...അതും ശര്യാ
ചമ്പേടെ കടയ്ക്കല് തയ്യ് വെച്ച പോലേണ്ടെന്ന് വേറെ ചെലോര്...! അത്രയ്ക്ക ഉയരാര്‍ന്നു മൂപ്പര്‍ക്ക്.'
പെണ്‍കുട്ടികള്‍ വീണ്ടും മൂക്കത്ത് വിരല്‍ വച്ച് നിന്നു. എന്നിട്ട് തുടര്‍ന്ന് ചോദിച്ചു, 'അപ്പോള്‍ അമ്മാമ്മ എന്തിനാ കല്യാണത്തിന് സമ്മതിച്ചത്?'
പെണ്‍കുട്ടികള്‍ വീണ്ടും മൂക്കത്ത് വിരല്‍ വച്ച് നിന്നു. എന്നിട്ട് തുടര്‍ന്ന് ചോദിച്ചു, 'അപ്പോള്‍ അമ്മാമ്മ എന്തിനാ കല്യാണത്തിന് സമ്മതിച്ചത്?'
'കേമായി!!! കാര്‍ന്നമ്മാര് തീരുമാനിച്ച കാര്യല്ലെ നടക്ക്വള്ളൂ. ദൈവാധീനം! ഇന്നുവരെ ഒരു കൊഴപ്പോംട്ട് ണ്ടായിട്ടില്ല്യാനും! അടിക്കടി തറവാട്ടിന് ഉയര്‍ച്ച്യല്ലെ ണ്ടായത്?' അമ്മാമ്മ അഭിമാനത്തോടെ തുടര്‍ന്നു:
'അല്ല, മൂപ്പരെ കണ്ട്ട്ടില്ല്യാന്ന് പറഞ്ഞാ തമ്പുരാന്‍ കര്‍ത്താവ് എന്നെ ശിക്ഷിക്കും. ആറാമത്തെ കുട്ടി, ചാക്കുണ്ണി ണ്ടായേന് ശേഷാ, അപ്പാപ്പന്റെ മൊകം ഞാന്‍ ശരിക്കും കണ്ടത്.'
പെണ്‍കുട്ടികള്‍ വീണ്ടും വാ പൊളിക്കുകയും, മൂക്കത്ത് വിരല്‍ വച്ച് 'ദൈവേ'ന്ന് വിളിക്കുകയും ചെയ്തു.
'ഇന്നത്തെ പോലെ സുച്ചിട്ടാല്‍ കത്തണ വെളിച്ചം ഇല്ലലോ വീട്ടഌ. മണ്ണെണ്ണ ചിമ്മിണിയാണ് ശരണം. അതും, കെടക്കണ മുറീല് വെളിച്ചം പാടില്യാത്രെ. നേരം പൊലരണേക്കാള്‍ മുമ്പ് ആള് പാടത്തേക്ക് പോകേം ചെയ്യും.
നിങ്ങളൊക്കെ ഭാഗ്യവതികളാ ന്റെ കുട്ട്യോളെ.'
ചിറിയില്‍ നിന്ന് ഒലിച്ചിറങ്ങിയ ചുവന്ന മുറുക്കാന്‍ ചാറ് കൈകൊണ്ട് തുടച്ച് അമ്മാമ്മ പറഞ്ഞു.
'അപ്പൊ ഇരുട്ടത്ത് ആരാ?' മീന ചോദിക്കാന്‍ വന്ന കുസൃതി ചോദ്യം, അരുതെന്ന് തലയാട്ടി, ചുണ്ടത്ത് വിരല്‍ വച്ച് ഷീല തടഞ്ഞു. കിലുകിലെ ചിരിച്ച് ഇരുവരും വീണ്ടും മുവ്വാണ്ടന്‍ മാവിന്റെ തണലിലേക്ക് തന്നെ ഓടി...
'ഞാന്‍ പഠിക്കാന്‍ പോട്ടെ?'
ഇംപൊസിഷന്‍ എഴുത്ത് എന്ന നാറാണത്ത് പ്രാന്തന്റെ പണി തുടരാന്‍ ഞാന്‍ കയ്യാലമുറിയിലേക്കും നീങ്ങി.
വേനലും മഞ്ഞും മഴയുമായി കാലം കുറേയേറെ പിന്നിട്ടിരിക്കുന്നു. മണലിനെ ഗര്‍ഭം ധരിച്ച പുഴകള്‍ പെട്ടെന്ന് പെട്ടെന്ന് വരളുകയും പച്ചപ്പിനെ ആട്ടി ഓടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. വര്‍ഷത്തില്‍ പേമാരിക്കും ഉരുള്‍പൊട്ടലിനും വഴിവെച്ചു. പഴയ അമ്മമാര്‍ അമ്മാമ്മമാരായി
ഷീലയും മീനയും കാലത്തിന്റെ കയ്യിലെ കളിപ്പാവകളായി.
അമ്മാമ്മയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഞാനും മറ്റൊരു കളിപ്പാവയായി മുടിയില്‍ വെള്ളച്ചായം പൂശി.
നാമാണ് ഓടുന്നത്. സമയം അനന്തമാണ്. അതിന് തുടക്കവുമില്ല അവസാനവുമില്ല.
ഇന്നും ആ ശബ്ദം കാതില്‍ മുഴങ്ങുന്നുണ്ട്.
'കടിഞ്ഞി പൊട്ടനാണെങ്കിലും നീ കുരുത്തള്ളോനാ.'
കുട്ടിക്കാലത്ത് കേള്‍ക്കുന്ന ചില നല്ല വാക്കുകള്‍ക്ക് മാന്ത്രിക ശക്തിയുണ്ട്. ഓടുന്ന കുതിരയെ നയിക്കുന്ന കടിഞ്ഞാണായി അത് നമ്മെ നയിച്ചു കൊണ്ടിരിക്കും, നേര്‍വഴിക്ക് തന്നെ.
പഠിച്ചും, മക്കളെ പഠിപ്പിച്ചും, അവര്‍ക്കിഷ്ടപ്പെട്ട ജോലികള്‍ സമ്പാദിച്ചും, വിവാഹം കഴിപ്പിച്ചു മൊക്കെ കഴിയുമ്പോഴേക്ക്, ഉദ്യോഗത്തില്‍നിന്ന് റിട്ടയര്‍ ചെയ്യുകയായി. പിന്നീട് വിശ്രമാര്‍ഥം മക്കള്‍ക്കരികില്‍ അന്യദേശങ്ങളില്‍ ചേക്കേറേണ്ടി വരുന്നു.
കാലം കുതിച്ചോടുകയാണൊ?
അതോ, കാലം അല്ല ഓടുന്നത്, എന്നാണൊ? മിനിറ്റെന്നും, മണിക്കൂറെന്നും, പകലെന്നും, രാത്രിയെന്നും, ആഴ്ചയെന്നും, മാസമെന്നും വര്‍ഷമെന്നുമൊക്കെ നാം സൗകര്യാര്‍ഥം സമയത്തിന് ഓമന പേരിട്ടിരിക്കയാണ്. നാമാണ് ഓടുന്നത്. സമയം അനന്തമാണ്. അതിന് തുടക്കവുമില്ല അവസാനവുമില്ല.
'ഈ നിമിഷ'മാണ് പ്രാധാനം. 'ഈ നിമിഷ'ത്തില്‍ ഞാനെവിടെയാണൊ അവിടെ ആയിരിക്കുക. അവിടെ ജീവിക്കുക. സന്തോഷത്തോടെ.
എന്നാലും ഗൃഹാതുരത്വത്തിന്റെ കെട്ടുവള്ളത്തില്‍ കയറി തുഴഞ്ഞ് ആ തറവാട്ടു മുറ്റത്ത്തന്നെ എത്തിപ്പെടുന്നു, മനസ്സ്. കാറ്റും കോളും നിറഞ്ഞ മഹാസമുദ്രങ്ങള്‍ താണ്ടാനൊന്നും അധികസമയം വേണമെന്നില്ല, മനസ്സിന്.
നാലുകെട്ടിന്റെ കയ്യാലയില്‍ ഓണക്കുലകള്‍ തൂക്കിയിട്ടിരിക്കുന്നതു കാണുമ്പോള്‍, ഞാന്‍ തുള്ളിച്ചാടി ഓടുന്ന ആ 'കടിഞ്ഞിപൊട്ടനായി' മാറുന്നു.
അപ്പച്ചനാണ് നേന്ത്രവാഴ കൃഷിക്കാരന്‍. എളേപ്പന്മാര്‍ രണ്ടു പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥ രാണ്. അവരെ മണ്ണിലെ പണികള്‍ക്കൊന്നും കിട്ടില്ല. മൂത്ത പുത്രനെ പഠിക്കാന്‍ വിടാതെ കൃഷിക്കാരനാക്കാന്‍ തീരുമാനിച്ചിരുന്നത്രെ അപ്പാപ്പന്‍.
കൊല്ലം നൂറ് മുന്തിയ കന്നെങ്കിലും നട്ട് പരിപാലിക്കും. വളമായി ചാരവും, ചാണകവും നല്കി വളര്‍ത്തും. ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും കാളകളെ പൂട്ടി കൊട്ടത്തേക്ക് വഴി വാഴകള്‍ക്ക് സുലഭമായി നനക്കും. ആറേഴു മാസമാകുമ്പോഴേക്കും കൊലക്കൂമ്പ് വിരിഞ്ഞാല്‍ അപ്പച്ചന്റെ മുഖത്തും സൂര്യനുദിക്കും. ദിവസങ്ങള്‍ക്കുള്ളില്‍ മാണി വിരിഞ്ഞ് പടലകള്‍ പുറത്തു വരും. പന്ത്രണ്ടും പതിനഞ്ചും കായകള്‍ വീതമുള്ള, അത്രതന്നെ പടലകള്‍. പിന്നെ രണ്ടു മൂന്ന് മാസം കുഞ്ഞുങ്ങളെ നോക്കുന്നതിനപ്പുറമാണ് ഓരോ വാഴയ്ക്കുമുള്ള പരിചരണം. ഉണങ്ങിയ മുളിലകള്‍ ചുരുട്ടിക്കുട്ടി ഓരോ പടലക്കും അടിയില്‍ തിരുകി പൊക്കിനിര്‍ത്തും. ഉണക്ക വാഴയിലകള്‍ കൊണ്ട് പൊതിഞ്ഞ്, സൂര്യ പ്രകാശം കടക്കാത്ത ഒരു വലിയ ഗോളമാക്കി നിര്‍ത്തും ഓരോ കുലയും. ഭൂഗോളത്തെ ചുമലിലേറ്റി നില്ക്കുന്ന ഗ്രീക്കുകാരുടെ അറ്റ്‌ലസ് ദേവനാണെന്ന് തോന്നും, ഓരോ വാഴയും. ഓണക്കാലമാകുമ്പോള്‍ ഇത്തരം കാഴ്ച്ചക്കുലകള്‍ക്ക് തീപിടിച്ച വിലയാണ്.
'കുഞ്ഞറുതേട്ടന്റെ തോട്ടത്തിലെ ചങ്ങാലിക്കോടന്‍ കായക്കുലകള്‍ ഗുരുവായൂരപ്പന് വരെ പ്രിയമാണ്.' നാട്ടുകാര്‍ പറയും.
കുലകള്‍ വെട്ടുന്നതിന് മുമ്പ് ബുക്കിങ്ങ് കഴിഞ്ഞിരിക്കും. ആനക്കൊമ്പില്‍ ചുവന്ന കര വരച്ചതുപോലെ ആകര്‍ഷകമായ വലിയ കായകള്‍ പേറി നില്ക്കുന്ന കുലകള്‍. കണ്ടാല്‍ ആരും കൊതിച്ചു പോകും! അഴകിനാണ് വില.
എല്ലാ കുലകളും ചൂടപ്പം പോലെ ഓണത്തിന് മുമ്പ്തന്നെ ഇരട്ടി വിലക്ക് വിറ്റു പോകും.
പക്ഷെ, അവസാനത്തെ കുല എന്ത് വില കിട്ടിയാലും വില്ക്കില്ലെന്ന് അപ്പച്ചന് നിര്‍ബ്ബന്ധമാണ്. അത് വീട്ടിലുള്ളവര്‍ക്ക് ഓണാഘോഷത്തിന്.
അമ്മാമ്മയാണ് പങ്ക് വയ്ക്കുന്ന ആള്‍. മൂന്ന് കുടുംബങ്ങളുണ്ട് തറവാട്ടില്‍. കൃഷിക്കാരന് എട്ട് മക്കള്‍, ഉദ്യോഗസ്ഥരായ എളേപ്പന്മാര്‍ക്ക് രണ്ട് പേര്‍ വീതവും. കൃഷിക്കാരന്റെ കുടുംബത്തിന് പത്ത് പഴം. മറ്റ് രണ്ട് കുടുംബങ്ങള്‍ക്കും എട്ട് പഴം വീതവും. ബാക്കി ആറേഴെണ്ണം അമ്മാമ്മ കൈവശം വയ്ക്കും. തുണിയലക്കുന്ന ചോമക്ക് ഒരെണ്ണം, ഓണക്കത്തി കൊണ്ടുവരുന്ന കരുവാന് ഒരെണ്ണം, ചെമ്പ് കൊണ്ടുള്ള ചെവിത്തോണ്ടിയുമായിവരുന്ന തട്ടാന് ഒരു പഴം, പിന്നെ അടുക്കള പണിക്കാരിക്കും, അവസാന ഒരെണ്ണം അമ്മാമ്മക്കും.
തിരുവോണ നാള്‍ ഉച്ചയൂണിന് എല്ലാവരും സദ്യയ്‌ക്കൊപ്പം അവരവര്‍ക്ക് കിട്ടിയ പഴം കൂടി കഴിച്ചു വയറു നിറയ്ക്കാം. രണ്ടാം ദിവസം സദ്യ മാത്രമേയുള്ളൂ, പഴമില്ല.
പക്ഷെ നാലുമണി ചായസമയത്ത് വലിയ എളേപ്പന്റെ പാതിയടഞ്ഞ മുറിയുടെ വാതിലുകള്‍ക്കിടയിലൂടെ നോക്കിയപ്പോള്‍ മീനയും അനുജത്തിയും തിരക്കിട്ട് നേന്ത്രപ്പഴം അകത്താക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കണ്ടു. ചെറിയ എളേപ്പന്റെ മുറിയുടെ ഇളുമ്പിലൂടെ ഒളിഞ്ഞു നോക്കിയപ്പോള്‍ അവിടെയും തിരക്കിട്ട തീറ്റ തന്നെ.
ഞങ്ങളുടെ മുറിയില്‍ വിഷാദ മുഖവുമായി അമ്മ ഇരിക്കുന്നുണ്ട്.
'എനിക്കും പഴം വേണം.' ഞാന്‍ ശാഠ്യം പിടിച്ചു.
'ഇന്നലെ തിന്നില്ലെ ? ഓരോന്നേ ഉള്ളൂ.'
അമ്മ സങ്കടത്തോടെ എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് പതുക്കെ പറഞ്ഞു, 'നമ്മള്‍ എണ്ണം കൂടുതലല്ലെ കുട്ടാ. അപ്പച്ചനും അമ്മയുമടക്കം പത്ത് പേര്‍. അവര്‍ എണ്ണം കുറവല്ലെ.' അപ്പോഴേക്കും അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.
ഇത് നീതിയല്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. പന്തിയില്‍ പക്ഷഭേദം പാടുണ്ടോ എന്ന് ചോദിക്കാന്‍ മനസ്സ് സജ്ജമായി.
'ഞാന്‍ അമ്മാമ്മയോട് ചോദിക്കും. കടിഞ്ഞിപൊട്ടനാണൊ എന്ന് മനസ്സിലാക്കിച്ചു കൊടുക്കാം.' എന്നില്‍ അരിശം കത്തിക്കയറി.
അമ്മയുടെ പിടിയില്‍ നിന്ന് കുതറി മാറാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അമ്മ എന്നെ മുറുകെ പിടിച്ച് തടഞ്ഞു.
'അരുത് മോനെ, പ്രശ്‌നങ്ങള്‍ വേണ്ടിടത്തോളമുണ്ട് ഈ കുടുംബത്ത്. ഇനി ഇതുകൂടെ വേണ്ട.
ഒരു പഴം കൂടെ തിന്നാല്‍ എന്ത് മോക്ഷാ നിനക്ക് കിട്ടാന്‍ പോണത് ? ക്ഷമിക്ക്. അടുത്ത വര്‍ഷമാകാം.'
അമ്മയുടെ ന്യായീകരണമൊന്നും എനിക്ക് മനസ്സിലായില്ല. പക്ഷെ ആ കണ്ണ് നിറയാന്‍ തുടങ്ങിയാല്‍ എനിക്ക് പിന്നെ ഒന്നും പറയാനാകില്ല.
കൊല്ലം മുഴുവന്‍ വാഴകളെ, മക്കളെപോലെ പരിചരിച്ച അപ്പച്ചനും ഓണത്തിന് ഒരു പഴം മാത്രം. മറ്റ് രണ്ടു പേര്‍ സര്‍ക്കാരുദ്യോഗസ്ഥരാണല്ലൊ. അവരോടും അവരുടെ മക്കളോടുമാണ് അമ്മാമ്മക്ക് പോലും പ്രിയം.
വിയര്‍ത്ത് ഭക്ഷണം ഉണ്ടാക്കുന്ന കൃഷിക്കാരന് സ്വന്തം വീട്ടില്‍ പോലും അവഗണന. പിന്നെ നാട്ടിലെ കാര്യം പറയണോ?
കോരന് കുമ്പിളില്‍ തന്നെ കഞ്ഞി.
'ഇവിടത്തെ തണുത്ത കാലാവസ്ഥയില്‍ നേന്ത്ര വാഴ വളരില്ല. ഇത്, അടുത്ത രാജ്യമായ മെക്‌സിക്കോയില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്തതാണ്, ഡാഡി.'
ഒരു പടല വലിയ നേന്ത്രപഴം ഡൈനിങ്ങ് ടേബഌല്‍ വെച്ച്, ജോലി കഴിഞ്ഞ് വന്ന മകന്‍ പറഞ്ഞു.
'നാട്ടില്‍ ഓണമൊക്കെയല്ലെ.'
kkchakko@gmail.com