എട്ട് കരിംഭൂതങ്ങള്‍

എട്ട് കരിംഭൂതങ്ങള്‍

'ഹരീഷേ, ഭൂമിയിലെ ഏറ്റവും ഭാരം കൂടിയ കാര്യം എന്താണെന്നറിയോ നിനക്ക് ?'

പൊതു ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകത്തിന്റെ ആദ്യ താളുകള്‍ മറിച്ചു നോക്കിക്കൊണ്ട് നടക്കുന്നതിന്റെ ഇടയിലാണ് മധു ഹരീഷിനോട് അങ്ങനെയൊരു ചോദ്യം ചോദിച്ചത്.

മധുവിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഒരു കാലത്തും കൃത്യമായ ഉത്തരം നല്‍കാനാകാത്തതിന്റെ പരിചയം കൊണ്ടായിരിക്കണം ഇത്തവണയും ഹരീഷ് മധുവിനെ നോക്കി വെറുതെ ചിരിച്ചുകൊണ്ടു പറഞ്ഞു:

'എനിക്കറിയില്ല മധു.

ഞാന്‍ കല്ലെന്നു പറഞ്ഞാല്‍ നീ കാറ്റെന്ന് പറയും. ഞാന്‍ മലയെന്ന് പറഞ്ഞാല്‍ നീ കടലെന്നും.

ഇതിപ്പോ നീ തന്നെ പറ!'

സമാനമായ ചിരിയോടുകൂടെ മധു ഹരീഷിനോട് പറഞ്ഞു:

'ഹരി, ഭൂമിയില്‍ ഏറ്റവും ഭാരമേറിയ കാര്യം ജാതിയാടോ!

തനിക്കറിയോ?

ഏത് ക്രയിന്‍ കൊണ്ടുയര്‍ത്താന്‍ നോക്കിയാലും എന്റെയും എന്റെ അച്ഛന്റെയും അമ്മയുടെയുമൊക്കെ തല ദേ ഇങ്ങനെ താണേയിരിക്കുള്ളൂ.'

മധു താഴേക്ക് നോക്കി നിന്നു. മധുവിന്റെ കയ്യില്‍ ഉണ്ടായിരുന്ന പുസ്തകത്തിന്റെ കവറില്‍ ആരുടെ ചിത്രമായിരുന്നുവെന്ന് ഹരീഷിന് പിടികിട്ടിയില്ല.

ഹരീഷിനെ നോക്കി മധു വീണ്ടും പറയാന്‍ തുടങ്ങി.

'സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്കൊരു കുട്ടിയോട് ഭയങ്കര പ്രേമമാര്‍ന്നെടോ, അതിലേറെ പേടിയും.

ആരേലും അറിഞ്ഞാല്‍ വഴക്കു പറയോ എന്നതായിരുന്നില്ല പേടി, കൊന്നു കളയോന്നാര്‍ന്നു.

തമ്പ്രാന്റെ മോളോട് പ്രേമോ? അവരുടെയൊക്കെ മുഖത്ത് നോക്കാനും മുന്നില്‍ നില്‍ക്കാനും അനുവാദമില്ലാത്തൊരു കാലത്ത് എങ്ങനെയാണ് ഒരാള്‍ക്ക് ഉള്ളില്‍ പോലും പ്രേമം കൊണ്ട് നടക്കാന്‍ പറ്റുന്നത്?

ദേശത്തലയുന്ന കാറ്റ് പോലും കേള്‍ക്കാതിരിക്കാന്‍ ഞാനത് എന്നോടു പോലും പറയാതെ വച്ചിരുന്നു.

സ്‌കൂളില്‍ പോകും വഴി ഞാന്‍ ഇങ്ങനെ ആ കുട്ടിയുടെ പിന്നാലെ നടക്കുമായിരുന്നു.

അവള്‍ കടന്നു പോകുന്നതിനുശേഷം വരുന്ന കാറ്റിനു പോലും എന്തൊരു വാസനയാര്‍ന്നു.

ഞാന്‍ ഇങ്ങനെ പിന്നാലെ നടന്നു എന്നതല്ലാതെ ഒരിക്കല്‍പോലും അവള്‍ എന്റെ മുഖത്തു പോലും നോക്കിയിട്ടില്ല.

ഒന്നു രണ്ട് ദിവസം അടുപ്പിച്ച് നോക്കിയതിന്റെ പേരില്‍ കരിംഭൂതം എന്ന് വിളിച്ചാണ് ആ കുട്ടിയും അവളുടെ കൂട്ടുകാരും കൂടി എന്നെ ആട്ടിയത്.

വൈകിട്ട് വീട്ടില്‍ ചെന്ന് പൊട്ടക്കണ്ണാടീല് നോക്കിയപ്പോള്‍ കാര്യം ശരിയാണ്. ആ കുട്ടിയുടെ നിറമൊക്കെ വച്ചു നോക്കുമ്പോള്‍ കരിംഭൂതം തന്നെയാണ്.

പിന്നെ പിന്നെ ആ കുട്ടിയെയെന്നല്ല ആരെ നോക്കാനും എന്റെ മുഖം അത്രയ്ക്കങ്ങ് ഉയര്‍ന്നിട്ടില്ല.

ഞാനീ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് എന്താണെന്ന് തനിക്കറിയോ ഹരീഷേ?'

ഹരീഷ് അപ്പോഴും ഒന്നും മിണ്ടിയില്ല. മധു തന്നെ ഉത്തരം പറഞ്ഞു:

'എന്റെ ഈ കറുത്ത കാലും

അത് ചവിട്ടിനില്‍ക്കുന്ന മണ്ണും.'

മധു വെറുതെ ഒന്ന് ചിരിച്ചു.

'ഒരിക്കല്‍ ഒരു മഴക്കാലത്ത് ഞങ്ങളിങ്ങനെ സ്‌കൂള്‍ വിട്ടു വരുവാര്‍ന്നു. അവര്‍ക്കൊക്കെ കൊടയുണ്ടാര്‍ന്നു. ഞാനും ദാമുമൊക്കെ എന്നും നനഞ്ഞു.

തടിപ്പാലം കേറണ വഴിക്ക് കൊടയില്‍ കാറ്റു പിടിച്ചപ്പോള്‍ ആ കുട്ടി വെള്ളത്തില്‍ വീണു. അച്ഛന്റെ കൂടെ കക്ക വാരാനും മണല് കോരാനുമൊക്കെ പോണൊണ്ട് എനിക്ക് ആറും പൊഴേന്നും ഒരു പേടിയുണ്ടാര്‍ന്നില്ല. എടുത്തു ചാടി. ഒറ്റയ്ക്ക് നീന്തണ പോലെയല്ലടോ വേറൊരാളെ വലിച്ചുകയറ്റണത്. അതും നീന്താന്‍ അറിയാത്ത ഒരാളെ. വല്യ പാടാണ്.

ഒരു കണക്കിന് ഞാനാ കുട്ടീനെ വലിച്ച് കരയില്‍ കേറ്റി. ആളുകളൊക്കെ ഓടിക്കൂടി.

ആ കുട്ടീടെ അച്ഛനും അമ്മയും വേറെ കൊറെ ആള്‍ക്കാരും.

ഞാനാണ് രക്ഷിച്ചതെന്ന് ദാമു എല്ലാരോടും വിളിച്ചു പറയണുണ്ടാര്‍ന്നു.

അന്ന് ആദ്യമായിട്ട് ആ കുട്ടി എന്നെ നോക്കി ഒന്ന് ചിരിച്ചു. ഒരുപാട് സന്തോഷത്തോടെയാണ് അന്ന് വൈകുന്നേരം ഞാന്‍ വീട്ടിലേക്ക് ചെന്നത്. രാത്രിയായപ്പോള്‍ അച്ഛന്‍ അമ്മയോട് ഒരു കാര്യം പറയണത് കേട്ടു. അന്ന് വൈകുന്നേരം ആ കുട്ടീടെ വീട്ടില്‍ ഏതാണ്ട് പൂജേം പ്രാര്‍ത്ഥനേമൊക്കെ ഉണ്ടാര്‍ന്നത്രേ. ഞാന്‍ ആ കുട്ടീനെ തൊട്ടശുദ്ധമാക്കിയതിന് പരിഹാരം.'

മധുവിന്റെ സ്വരമടഞ്ഞ് പോയ്! ഒരല്പനേരം മധൂനെ നോക്കി നിന്നതിന് ശേഷം ഹരീഷ് ചോദിച്ചു:

'നീ ഇതൊക്കെ എന്തിനാടാ ഇപ്പോഴും ഓര്‍ത്തോണ്ട് നടക്കണേ? കൊല്ലമെത്ര കഴിഞ്ഞു!'

കയ്യിലിരുന്ന പുസ്തകത്തിന്റെ കവറിന്റെ ഉള്‍ഭാഗം കാണിച്ചോണ്ട് മധു പറഞ്ഞു:

'താനീ പുസ്തകം കണ്ടാ ഹരീഷേ, 'അടിയാളന്റെ അവകാശങ്ങള്‍'.'

ഇന്ന് വരെ ഈ പുസ്തകം എടുത്ത് വായിച്ചവര് ആകെ എട്ട് പേരാണ്. ആ എട്ട് പേരും ഞങ്ങളാടോ, എട്ട് കരിംഭൂതങ്ങള്‍!'

അത്രേം പറഞ്ഞുകൊണ്ട് മധു വെറുതെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. മധുവിന്റെ മുഖം കണ്ട് ഹരീഷ് ആകെ വല്ലാതായി. അയാള്‍ക്കറിയാമായിരുന്നു,

ചില നേരം മനുഷ്യമ്മാര് കരയണത് ചിരിച്ചു കൊണ്ടായിരിക്കുമെന്ന്.

നടപ്പ് തുടര്‍ന്നപ്പോള്‍ മധു മെല്ലെ പറഞ്ഞു:

'ഹരീഷേ, ഇമ്മാതിരി പുസ്തകമൊക്കെ എന്തോരം വായിച്ചാലും, ഈ നാട്ടിലെ മനുഷ്യമ്മാര് എന്തോരം വിപ്ലവം പറഞ്ഞാലും, ഓര്‍മ്മകളില്‍ പറ്റിപ്പിടിച്ചിട്ടുള്ള ഈ ജാതിയുടെ ഭാരമുണ്ടല്ലോ അതിങ്ങനെ കൂടിക്കൊണ്ടേയിരിക്കും.

നമ്മളതിങ്ങനെ ചൊമന്ന് കൊണ്ടും!'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org