പഠനകരിയര്‍ മേഖല തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക്

പഠനകരിയര്‍ മേഖല തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക്

രക്ഷിതാക്കള്‍ അവരുടെ മക്കള്‍ക്ക് ഏറ്റവും നല്ലത് മാത്രം ആഗ്രഹിക്കുന്നവരാണ്. മക്കളുടെ സന്തോഷത്തിലും ജീവിതവിജയത്തിലും അവര്‍ ഉത്ക്കണ്ഠാകുലരുമാണ്. കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിക്കുമ്പോള്‍ തന്നെ മിക്ക മാതാപിതാക്കളും അവരുടെ ഭാവിയെക്കുറിച്ച് മനസ്സില്‍ ഒരു പദ്ധതി തയ്യാറാക്കി തുടങ്ങിയിരിക്കും.

കുട്ടികളുടെ പഠനകരിയര്‍ മേഖല തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നത് അവിതര്‍ക്കതീയമാണ്. വിവിധ വിദ്യാഭ്യാസ തൊഴില്‍ മേഖലകളെക്കുറിച്ച് മനസ്സിലാക്കുന്നതില്‍ കുട്ടിയെ വലിയതോതില്‍ സഹായിക്കുവാന്‍ അച്ഛനുമമ്മയ്ക്കും കഴിയും. കുട്ടികള്‍ക്കായി തീരുമാനമെടുക്കുക എന്നതല്ല മറിച്ച് കുട്ടികളെ അവരുടെ അഭിരുചിക്കും കഴിവിനും അനുസൃതമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ പര്യാപ്തരാക്കുക എന്നതാണ് മാതാപിതാക്കളുടെ കര്‍ത്തവ്യം.

  • അഭിരുചിയുടെ പ്രാധാന്യം

ഒരു തൊഴില്‍മേഖല തിരഞ്ഞെടുക്കുവാന്‍ കുട്ടിയെ സഹായിക്കുമ്പോള്‍, മാതാപിതാക്കള്‍ ആദ്യം കുട്ടിയുടെ അഭിരുചികളെക്കുറിച്ച് ചിന്തിക്കണം. ഒരു കുട്ടി അവളുടെ / അവന്റെ അഭിരുചിയുമായി പൊരുത്തപ്പെടുന്ന ഒരു കരിയര്‍ പിന്തുടരുകയാണെങ്കില്‍ വിജയത്തിലേക്കുള്ള പാത എളുപ്പമാകും. രക്ഷിതാക്കള്‍ അവരുടെ കുട്ടിയുടെ ശക്തിയും ദൗര്‍ബല്യവും കൃത്യമായി മനസ്സിലാക്കണം. കുട്ടി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലഭിക്കുന്ന മാര്‍ക്കും ഇക്കാര്യത്തില്‍ നല്ലൊരു സൂചനയായിരിക്കും. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി അധ്യാപകരുമായി സംസാരിക്കാം. അധ്യാപകരില്‍ നിന്നുള്ള ഉള്‍ക്കാഴ്ച വളരെ നിര്‍ണ്ണായകമാണ്, കാരണം അവര്‍ക്ക് അവരുടെ വിദ്യാര്‍ത്ഥികളെ നന്നായി അറിയാം, ഒരുവേള മാതാപിതാക്കളേക്കാള്‍.

  • കരിയര്‍ ഓപ്ഷനുകള്‍

കരിയര്‍ മേഖലകളെക്കുറിച്ച് അറിയുക എന്നതാണ് കരിയര്‍ ആസൂത്രണത്തിലേക്കുള്ള ആദ്യപടി. ഇക്കാര്യം നിങ്ങളുടെ കുട്ടിയോട് വിശദീകരിക്കുക. സ്വന്തം താല്‍പ്പര്യങ്ങള്‍, കഴിവുകള്‍, മൂല്യങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അവയുമായി ചേര്‍ന്നുപോകുന്ന തൊഴില്‍ ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. അവ നന്നായി അവലോകനം ചെയ്യണം. ഓരോ കരിയറുകളുടെയും വിശദാംശങ്ങള്‍ ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ വായനയിലൂടെയും മറ്റും മനസ്സിലാക്കണം. ഓരോ മേഖലയിലെയും പ്രൊഫഷണലുകളുമായി സംസാരിക്കുകയും ചെയ്യാം.

  • മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ തീരുമാനം

മേല്‍ പറഞ്ഞ ലിസ്റ്റില്‍ നിന്ന് പഠനകരിയര്‍ മേഖല അന്തിമമായി തീരുമാനിക്കേണ്ടത് നിങ്ങളുടെ കുട്ടിയുടെ മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ വേണം. അതായത് ശമ്പളത്തിന്റെ വലിപ്പത്തിനാണോ തൊഴില്‍ അന്തരീക്ഷത്തിനാണോ തൊഴില്‍ ലൊക്കേഷനാണോ സമൂഹത്തില്‍ കിട്ടാവുന്ന അംഗീകാരത്തിനാണോ അധികാരം പോലുള്ള മറ്റു ഘടകങ്ങള്‍ക്കാണോ പ്രാധാന്യം നല്‍കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചുരുക്കാന്‍ കുട്ടിയെ സഹായിക്കുക.

  • പിയര്‍ ഇന്‍ഫ്‌ളുവന്‍സ്

ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളെ അനുകരിക്കുവാനുള്ള പ്രവണത കുട്ടികളില്‍ വളരെയേറെയാണ്. ഓരോ കുട്ടിയുടെയും അഭിരുചിയും കഴിവും വ്യത്യസ്തമാണെന്നിരിക്കെ ഇത് ഏറെ അപകടകരമാണ്. അതിലേറെ അപകടകരമാണ് മാതാപിതാക്കള്‍ നേരിടുന്ന പിയര്‍ ഇന്‍ഫഌവന്‍സ്. തന്റെ ചുറ്റുമുള്ളവരുടെ മക്കളെ അനുകരിക്കാനും സ്വന്തം അറിവിന്റെ പരിമിതിയെയും സഹപ്രവര്‍ത്തകരുടെയും മറ്റും അറിവിന്റെ പരിമിതിയെയും തിരിച്ചറിയാതെ അവയെ ആശ്രയിക്കുക എന്നത് മാതാപിതാക്കള്‍ കാണിക്കുന്ന വലിയ അബദ്ധമാണ്.

ഓരോ കരിയറിനും വേണ്ടതായ വ്യക്തിഗുണങ്ങളും കഴിവുകളും എന്തെല്ലാമാണെന്ന് മനസ്സിലാക്കുവാനും അവയില്‍ തന്റെ കുട്ടിയുടെ അഭിരുചിയും കഴിവുമായി യോജിച്ചുപോകുന്നവ ഏതൊക്കെയാണെന്ന് തിരിച്ചറിയുവാനുമായി മാതാപിതാക്കള്‍ ജീവിതത്തിലെ കുറച്ചു സമയം നീക്കിവയ്ക്കുക തന്നെ വേണം. സ്വന്തം ജീവിതം കുട്ടികള്‍ക്ക് വേണ്ടിയാണെന്ന് അഭിമാനിക്കുന്ന മാതാപിതാക്കള്‍ ഇത് ചെയ്യാതിരിക്കുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെ.

  • കരിയര്‍ ട്രെന്‍ഡ്

നിലവിലെ തൊഴില്‍ വിപണിയും ട്രെന്‍ഡുകളും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കരിയര്‍ ട്രെന്‍ഡ് അനുസരിച്ച് ഏത് ഏത് മേഖലകളിലാണ് കൂടുതല്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നത് എന്നതുപോലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം. തങ്ങളുടെ കുട്ടി അപകടസാധ്യതകളില്‍ ചെന്നുപ്പെടാതിരിക്കുവാന്‍ ഇതു സഹായകരമാവും. കരിയര്‍ ട്രെന്‍ഡ് നിലനില്‍ക്കുന്ന മേഖലകള്‍ തന്റെ കുട്ടിക്ക് അനുയോജ്യമാണോ? അതില്‍ പ്രവേശിക്കുന്നതിന് എന്ത് യോഗ്യതകള്‍ ആവശ്യമാണ്? ഏതെങ്കിലും അധിക പരിശീലനം ഉപയോഗപ്രദമാകുമോ? ഇവയൊക്കെ വിവിധ സ്രോതസ്സുകളില്‍ നിന്ന് മനസ്സിലാക്കണം.

  • ബ്ലൂപ്രിന്റ്

മികച്ചതും നേടിയെടുക്കാവുന്നതുമായ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി വികസിപ്പിക്കുവാന്‍ നിങ്ങളുടെ കുട്ടിയെ സഹായിക്കണം. ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നതിനുമുമ്പ് പ്രസക്തമായ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ സജ്ജമാക്കാനും സഹായിക്കണം. ടൈംലൈനുകളെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമുള്ളവരായിരിക്കേണ്ടതിന്റെയും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ചിട്ടയായ കഠിനപ്രയത്‌നത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാന്‍ കുട്ടിയെ സഹായിക്കുക.

  • നേരത്തെ തുടങ്ങുക

കോളജില്‍ നിന്നാണ് കരിയര്‍ പ്ലാനിംഗ് ആരംഭിക്കുന്നതെന്നാണ് പലരുടെയും ചിന്ത. അതങ്ങനെയല്ല. നിങ്ങളുടെ കുട്ടിക്ക് അവളുടെ / അവന്റെ ലക്ഷ്യങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുന്ന നിര്‍ണ്ണായക സമയം സ്‌കൂള്‍ പഠനകാലമാണ്. എന്നാല്‍ ഇത് കഴിയാതെ പോയവര്‍ വിഷമിക്കേണ്ട, മക്കള്‍ക്കായുള്ള കരിയര്‍ പ്ലാനിങ് ഇന്ന് തന്നെ തുടങ്ങിയാല്‍ മതി. Better late than never എന്നാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org