
ഇന്ത്യയില്‍ കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭ്യതയുള്ളത് ടെക്‌സ്‌റ്റൈല്‍ മേഖലയിലാണ്. ഏകദേശം 3.54 കോടി ആളുകള്‍ രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു, ഇന്ത്യന്‍ വസ്ത്ര വിപണി 2021 ല്‍ 151.2 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 2027 ഓടെ 344.1 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിലെ ഘടകങ്ങള്‍
അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം മുതല്‍ ഉല്‍പ്പന്നങ്ങളുടെ അന്തിമ വില്‍പ്പന വരെ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിലെ പ്രധാന ഘട്ടങ്ങള്‍ ഇനിപ്പറയുന്നവയാണ്:
അസംസ്‌കൃത വസ്തുക്കള്‍: പരുത്തി, കമ്പിളി അല്ലെങ്കില്‍ സിന്തറ്റിക് നാരുകള്‍ പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ ശേഖരണവും സംഭരണവും ഇതില്‍ ഉള്‍പ്പെടുന്നു.
സ്പിന്നിംഗ് : അസംസ്‌കൃത വസ്തുക്കളെ നൂലാക്കി മാറ്റുന്ന പ്രക്രിയയാണിത്.
നെയ്ത്ത് : നൂല്‍ തുണിത്തരങ്ങളായി മാറുന്ന പ്രക്രിയയാണിത്.
ഫിനിഷിംഗ്: ഇതില്‍ തുണിത്തരങ്ങളെ ബ്ലീച്ചിംഗ്, ഡൈയിംഗ്, പ്രിന്റിംഗ് തുടങ്ങിയ വിവിധ ഫിനിഷിംഗ് പ്രക്രിയകള്‍ക്ക് വിധേയമാക്കുന്നു.
കട്ടിംഗും തുന്നലും: തുണിത്തരങ്ങള്‍ മുറിച്ച് വസ്ത്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണിത്.
മൊത്തവിതരണവും ചില്ലറ വില്പനയും: പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തുന്നതു വരെയുള്ള വിതരണ ശൃംഖലയാണിത്.
മേല്‍പ്പറഞ്ഞ ഓരോ ഘട്ടങ്ങളിലും സാങ്കേതിക വൈദഗ്ത്യം ഉള്ളവരും അല്ലാത്തവരുമായ അനേകം ആളുകളുടെ അധ്വാനം ആവശ്യമായിട്ടുണ്ട്. അടിസ്ഥാന തൊഴിലാളി മുതല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരെയുള്ള അനവധി തൊഴില്‍ അവസരങ്ങള്‍ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഉണ്ടാവുന്നത് ഇതുകൊണ്ടാണ്.
തൊഴിലുകള്‍
മേല്‍ സൂചിപ്പിച്ച ഓരോ മേഖലയിലും ലഭ്യമായ അനവധി തൊഴിലുകളില്‍ നിന്ന് പ്രധാനപ്പെട്ട ചെലവ് താഴെപ്പറയുന്നു.
ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍: പുതിയ ടെക്‌സ്‌റ്റൈല്‍ ഡിസൈനുകളും പാറ്റേണുകളും സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഒരു ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ ഉത്തരവാദിയാണ്. ഫാഷന്‍ ഡിസൈന്‍ സ്റ്റുഡിയോകള്‍, നിര്‍മ്മാണ കമ്പനികള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അവസരമുണ്ട്.
ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിസ്റ്റ്: വസ്ത്രങ്ങളുടെ ഈട് തുടങ്ങിയ വിവിധ ഗുണങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ഉത്തരവാദിയാണ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിസ്റ്റ്.
ടെക്‌സ്‌റ്റൈല്‍ എഞ്ചിനീയര്‍: പുതിയ ടെക്‌സ്‌റ്റൈല്‍ ഉല്പാദന പ്രക്രിയകളും യന്ത്രസാമഗ്രികളും രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ഉത്തരവാദിയാണ് ഒരു ടെക്‌സ്‌റ്റൈല്‍ എഞ്ചിനീയര്‍.
ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍: ഉന്നത ഗുണനിലവാരത്തിനാവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉത്തരവാദിയാണ് ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍.
ടെക്‌സ്‌റ്റൈല്‍ മര്‍ക്കന്‍ഡൈസര്‍: ഒരു കമ്പനിക്കോ റീട്ടെയില്‍ ഔട്ട്‌ലെറ്റിനോ വേണ്ടി തുണിത്തരങ്ങള്‍ വാങ്ങുന്നതിനും വാങ്ങുന്നതിനുമുള്ള ഉത്തരവാദിത്തമാണ് ടെക്‌സ്‌റ്റൈല്‍ മര്‍ക്കന്‍ഡൈസര്‍ നിര്‍വഹിക്കേണ്ടത്.
ടെക്‌സ്‌റ്റൈല്‍ പ്രൊഡക്ഷന്‍ മാനേജര്‍: ടെക്‌സ്‌റ്റൈല്‍ ഉല്പാദനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. ഉല്‍പ്പാദന ഷെഡ്യൂളുകള്‍ ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും ഉല്പാദന പ്രക്രിയകളുടെ മേല്‍നോട്ടം വഹിക്കുന്നതിലും ബജറ്റുകളും വിഭവങ്ങളും കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ പതിപ്പിക്കേണ്ടവരാണ് ഇവര്‍.
വിതരണ ശൃംഖല മാനേജര്‍: അസംസ്‌കൃത വസ്തുക്കളുടെ സംഭരണം മുതല്‍ പൂര്‍ത്തിയായ ഉല്പന്ന വിതരണം വരെ ടെക്‌സ്‌റ്റൈല്‍ മൂല്യ ശൃംഖലയിലുടനീളം മെറ്റീരിയലുകളുടെയും ചരക്കുകളുടെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന് ഒരു ടെക്‌സ്‌റ്റൈല്‍ വിതരണ ശൃംഖല മാനേജര്‍ ഉത്തരവാദിയാണ്.
ടെക്‌സ്‌റ്റൈല്‍ സെയില്‍സ് മാനേജര്‍: പേര് സൂചിപ്പിക്കും പോലെ ഉല്പന്നങ്ങളുടെ വില്പന ആണ് ഇവരുടെ ഉത്തരവാദിത്തം.
പഠനം
ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ തൊഴില്‍ സജ്ജരാകാന്‍ ഉതകുന്ന നിരവധി കോഴ്‌സുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഓരോ തൊഴിലിനും വേണ്ട യോഗ്യതകള്‍ വ്യത്യസ്തമാണെന്നതിനാല്‍ നമുക്ക് അഭിരുചിയുള്ള മേഖലയിലെ പഠനം തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം. ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് പ്രത്യേകമായല്ലാത്ത ജനറല്‍ മാനേജ്‌മെന്റ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രി, ഡിപ്ലോമ, അടിസ്ഥാനതൊഴിലുകളില്‍ നൈപുണ്യമുള്ളവര്‍ എന്നിവര്‍ക്കും ഈ മേഖലയില്‍ അവസരമുണ്ടെന്നത് ഓര്‍ക്കുമല്ലോ? ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് പ്രത്യേകമായുള്ള കോഴ്‌സുകള്‍ പഠിക്കുന്നവര്‍ പഠനകാലയളവില്‍ തന്നെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നേടുവാന്‍ ശ്രദ്ധിക്കണം. അതുപോലെ ടെക്‌സ്‌റ്റൈല്‍ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകള്‍ എക്‌സിബിഷനുകള്‍ മറ്റു പരിപാടികള്‍ എന്നിവയിലെല്ലാം പങ്കെടുക്കാനും ശ്രദ്ധിക്കണം. ഒരു തൊഴില്‍ അന്വേഷകന് ബയോഡേറ്റ ആകര്‍ഷകമാക്കുവാന്‍ ഇവ സഹായിക്കും.
പഠനകേന്ദ്രങ്ങള്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT)
NIFT ഇന്ത്യയിലെ ഫാഷന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ വിദ്യാഭ്യാസത്തിനുള്ള മുന്‍നിര സ്ഥാപനമാണ്. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ ഡിസൈനിങ് വിപണനം തുടങ്ങിയ രംഗവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ഇവിടെയുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (NID)
വ്യാവസായിക ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ എന്നിവയ്ക്കായുള്ള മികച്ച വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (NID). ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്. ടെക്‌സ്‌റ്റൈല്‍ ഡിസൈനില്‍ നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമും ബിരുദാനന്തര ബിരുദ പ്രോഗ്രാമും പിഎച്ച്ഡിയും ഇവിടെയുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)
എന്‍ജിനീയറിങ് ടെക്‌നോളജി പഠനരംഗത്തെ ഇന്ത്യയിലെ ഏറ്റവും ഉന്നത സ്ഥാപനങ്ങള്‍ ആയ ഐഐടികള്‍ ടെക്‌സ്‌റ്റൈല്‍ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളും പ്രദാനം ചെയ്യുന്നുണ്ട്. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ സാങ്കേതിക വൈദഗ്ധ്യമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ആണ് ഇവ.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള (IFTK)
കൊല്ലം കുണ്ടറയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള, NIFT യുടെ സാങ്കേതിക സഹകരണത്തോടെ സ്ഥാപിതമായ ഒരു കേരള സര്‍ക്കാര്‍ സ്ഥാപനമാണ്. 4 വര്‍ഷത്തെ പ്രൊഫഷണല്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B,Des) ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. IFTK കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നു, കൂടാതെ AICTE, ന്യൂഡല്‍ഹി അംഗീകരിച്ചിട്ടുണ്ട്.
NIFT കണ്ണൂര്‍ കാമ്പസ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ഒരു ക്യാമ്പസ് കേരളത്തിലെ കണ്ണൂരിലാണ് ഉള്ളത്. കേരളത്തില്‍ ഫാഷന്‍ ടെക്‌നോളജി പഠിക്കുവാന്‍ ഉള്ള ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്ന് ഇതാണ്.
മറ്റ് സ്ഥാപനങ്ങള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ (ഐ ഐ എ ഡി), പേള്‍ അക്കാദമി, സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, കമല നെഹ്രു പോളിടെക്‌നിക്, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍, ശ്രീകൃഷ്ണ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, എസ് എന്‍ ഡി ടി വനിതാ സര്‍വകലാശാല, വീവേഴ്‌സ് സ്റ്റുഡിയോ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആന്‍ഡ് ഡിസൈന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി (NIFTT), സിംബയോസിസ് സ്‌കൂള്‍ ഓഫ് ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഫാഷന്‍,
അക്കാദമി ഓഫ് ഫാഷന്‍ സ്റ്റഡീസ് (AFS), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്‌റ്റൈല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് റിസര്‍ച്ച് (NITER), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി (NITT), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്പാരല്‍ മാനേജ്‌മെന്റ് (IAM), കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (KIFT) തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഈ മേഖലയിലുണ്ട്. കേരളത്തിനുള്ളിലും പല സ്വകാര്യ സ്ഥാപനങ്ങളും വസ്ത്രം നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കോഴ്‌സും പഠന സ്ഥാപനവും തിരഞ്ഞെടുക്കുന്നതിന് മുമ്പ് പ്രസ്തുത സ്ഥാപനത്തില്‍ നിന്ന് മുമ്പ് പഠിച്ചിറങ്ങിയവര്‍ക്ക് ഏതു നിലവാരത്തില്‍ എന്തു തൊഴില്‍ ലഭിച്ചു എന്നത് നാം മനസ്സിലാക്കണം. പഠിക്കുന്ന സ്ഥാപനത്തിന്റെ നിലവാരമാണ് ഏത് മേഖലയിലെയിലും പോലെ ടെക്‌സ്‌റ്റൈല്‍ മേഖലയിലും ഭാവി ജീവിതത്തിന്റെ നിലവാരം നിശ്ചയിക്കുന്നത് എന്ന് ഓര്‍ക്കുമല്ലോ.