തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍

തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍
നല്ലൊരു തൊഴില്‍ നേടാന്‍ കഠിനപ്രയത്‌നം നടത്തുന്ന യുവാക്കള്‍ അവരുടെ കമ്പ്യൂട്ടര്‍ വൈവിധ്യം വര്‍ധിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തൊഴില്‍ ലഭിക്കുവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനോടൊപ്പം തൊഴില്‍ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുവാനും ഇത് സഹായകരമാകും. അടിസ്ഥാന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ പ്രാവീണ്യം കൂട്ടുന്നതിനോടൊപ്പം സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനാലിസിസ്, നെറ്റ്‌വര്‍ക്ക്, മെഷീന്‍ ലേര്‍ണിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ ചില സോഫ്റ്റ്‌വെയറുകള്‍ പഠിക്കുവാനും ശ്രമിക്കാവുന്നതാണ്.
  • അടിസ്ഥാന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍

മൈക്രോസോഫ്റ്റ് വേര്‍ഡ്, മൈക്രോസോഫ്റ്റ് എക്‌സല്‍, ആക്‌സസ്, പവര്‍ പോയിന്റ്, അഡോബ് ഫോട്ടോഷോപ്പ്, ഗൂഗിള്‍ ഡോഗ്‌സ്, ഗൂഗിള്‍ ഷീറ്റ്‌സ് തുടങ്ങിയവയൊക്കെ എല്ലാവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രോഗ്രാമുകളാണ് എന്ന് പറയാം. ഈ പ്രോഗ്രാമുകളില്‍ പലതിലും പ്രാവീണ്യമുണ്ട് എന്ന ധാരണയാണ് ഒട്ടുമിക്കപേര്‍ക്കുമുള്ളത്. എന്നാല്‍ ഈ ധാരണ ശരിയാണോയെന്ന് ഓരോരുത്തരും പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റ് വേര്‍ഡില്‍ ലഭ്യമായ നൂറുകണക്കിന് ടൂളുകളില്‍ എത്രയെണ്ണം നാം ഉപയോഗിക്കാറുണ്ടെന്നും മറ്റു ടൂളുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നും ശ്രദ്ധിച്ചാല്‍ നമ്മുടെ പ്രാവീണ്യത്തിന്റെ പരിമിതി മനസ്സിലാകും. അതുപോലെതന്നെ ഏറെ പ്രാധാന്യമുള്ള ഒരു പ്രോഗ്രാമാണ് മൈക്രോസോഫ്റ്റ് എക്‌സല്‍. ഡേറ്റ അനാലിസിസിന് ഇത്രയേറെ സാധ്യത നല്‍കുന്ന ലളിതമായ സോഫ്റ്റ്‌വെയറുകള്‍ മറ്റധികമില്ല. പല ഐ ടി കമ്പനികളും വിവിധ തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ മാസങ്ങളില്‍ എക്‌സല്‍ ട്രെയിനിങ് ആണ് നല്‍കുന്നത് എന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കും. ചുരുക്കത്തില്‍, മേല്‍പ്പറഞ്ഞ പ്രോഗ്രാമുകളില്‍ അത്യാവശ്യം നല്ല രീതിയിലുള്ള പ്രാവീണ്യം ഏത് മേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ആവശ്യമാണെന്ന് നിസ്സംശയം പറയാന്‍ കഴിയും.

  • സൈബര്‍ സെക്യൂരിറ്റി

കമ്പ്യൂട്ടര്‍ സിസ്റ്റത്തിന്റെയും നെറ്റ്‌വര്‍ക്കിന്റെയും സുരക്ഷ അതീവ പ്രാധാന്യമുള്ളതാണ്. ഈ മേഖലയെക്കുറിച്ചുള്ള പൊതുവായ ധാരണ എല്ലാവര്‍ക്കും ഉണ്ടാവണം. ഇതൊരു മികച്ച ഒരു കരിയര്‍ മേഖല കൂടിയാണ്. ഈ മേഖലയില്‍ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ സൈബര്‍ സെക്യൂരിറ്റിയിലെ ഹ്രസ്വകാല കോഴ്‌സുകള്‍ ചെയ്യുവാന്‍ ശ്രമിക്കണം. ഉദാഹരണത്തിന് ഗൂഗിളിന്റെ സൈബര്‍ സെക്യൂരിറ്റി ഓണ്‍ലൈന്‍ കോഴ്‌സ്.

സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ ഉണ്ടാവേണ്ട കഴിവുകള്‍ പ്രധാനമായും താഴെപ്പറയുന്നവയാണ്:

  • കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്, സോഫ്റ്റ്‌വെയര്‍ എന്നിവയുടെ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന അറിവ്.

  • ഫയര്‍ വാര്‍ഡുകളും റൂട്ടറുകളും ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കഴിവ്.

  • ഡേറ്റ എന്‍ക്രിപ്ഷന്‍.

  • എത്തിക്കല്‍ ഹാക്കിംഗ് സൈബര്‍ നുഴഞ്ഞുകയറ്റം തുടങ്ങിയവയിലുള്ള അറിവ്.

  • ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങളിലുള്ള അറിവ്.

  • പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍

പൈതോണ്‍ (Python) സി++ (C++), ജാവ സ്‌ക്രിപ്റ്റ് (Javascript) കോഡ്‌ലിന്‍ (Kotlin), ആര്‍ (R) തുടങ്ങിയവ ഐ ടി മേഖലയില്‍ ഏറെ ഡിമാന്‍ഡ് ഉള്ളവയാണിന്ന്. സോഫ്റ്റ്‌വെയര്‍, വെബ് ആപ്ലിക്കേഷന്‍, വെബ്‌സൈറ്റുകള്‍ എന്നിവയൊക്കെ ഡെവലപ്പ് ചെയ്യാന്‍ ഈ ലാംഗ്വേജുകള്‍ ഏറെ സഹായകരമാണ്, അതുപോലെ തൊഴില്‍ മേഖലയില്‍ ഓട്ടോമേഷന്‍ നടപ്പിലാക്കേണ്ടവര്‍ക്കും.

  • ഡേറ്റ അനാലിസിസ്

സര്‍വമേഘലകളിലും ഇന്ന് ആവശ്യംവേണ്ട പ്രാവീണ്യങ്ങളിലൊന്ന് ഡേറ്റ അനാലിസിസ് സ്‌കില്‍ ആണ്. എസ് ക്യൂ എല്‍ (SQL), സ്റ്റാറ്റിസ്റ്റിക്‌സ് (Statistics), പൈതോണ്‍ (Python), മൈക്രോസോഫ്റ്റ് എക്‌സല്‍ (Excel) തുടങ്ങി നിരവധി സോഫ്റ്റ്‌വെയറുകള്‍ ഡേറ്റ അനാലിസിസ് മേഖലയിലുണ്ട്. ഇവയില്‍ ചിലതില്‍ പ്രാവീണ്യം നേടുന്നത് തൊഴില്‍ സാധ്യത പതിന്മടങ്ങ് വര്‍ധിപ്പിക്കും.

  • ക്ലൗഡ് കമ്പ്യൂട്ടിംഗ്

ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖല ഏറെ തൊഴിലവസരങ്ങള്‍ ഉള്ള ഒന്നാണ്. ക്ലൗഡ് ഡെവലപ്പര്‍, ക്ലൗഡ് അഡ്മിനിസ്‌ട്രേറ്റര്‍, ക്ലൗഡ് ആര്‍ക്കിടെക്ട് തുടങ്ങിയ തസ്തികകളില്‍ അവസരങ്ങള്‍ ലഭിക്കാം. എ ഡബ്ല്യു എസ് (AWS), ഗൂഗിള്‍ ക്ലൗഡ് (Google Cloud), മൈക്രോസോഫ്റ്റ് അഷുര്‍ (Microsoft Azure), ഓറക്കില്‍ (Oracle) തുടങ്ങിയവ ഈ മേഖലയിലെ പ്രധാന സോഫ്റ്റ്‌വെയറുകള്‍ ആണ്.

  • മെഷീന്‍ ലേര്‍ണിംഗ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപവിഭാഗമാണ് മെഷീന്‍ ലേണിങ്. പ്രോഗ്രാമര്‍മാര്‍ ആകാനും ഡാറ്റ പ്രൊഫഷനലുകള്‍ ആകാനും ഈ സ്‌കില്ലുകള്‍ സഹായിക്കും. ഓണ്‍ലൈന്‍ മെഷീന്‍ ലേര്‍ണിംഗ് കോഴ്‌സുകളിലൂടെ അടിസ്ഥാന പ്രാവീണ്യം ആര്‍ജിക്കുവാന്‍ കഴിയും. തുടര്‍ന്ന് Paramteric and nonparamteric algorithm, Kernels, Clustering, Deep learning techniques എന്നീ മേഖലകളില്‍ തുടര്‍ പഠനം നാടത്താം.

  • DevOps

ഡെവലപ്‌മെന്റ് (Development), ഓപ്പറേഷന്‍സ് (Operations) എന്നിവയുടെ സംയോജിത രൂപമാണ് DevOps. സോഫ്റ്റ്‌വെയര്‍ വികസനത്തിനും ഐ ടി ടീമുകള്‍ക്കും ഇടയില്‍ ഒരു പാലമായി ഈ മേഖലയിലെ പ്രൊഫഷനലുകള്‍ പ്രവര്‍ത്തിക്കുന്നു. DevOps എന്‍ജിനീയര്‍ എന്ന തസ്തികയില്‍ ആണ് നിയമനം ലഭിക്കുക. Continuous Delivery Theory യെ കുറിച്ചുള്ള അറിവ്, ഡോക്കര്‍ (Docker), കുബര്‍നെട്‌സ് (Kubernetes) തുടങ്ങിയ Container Technology കളില്‍ ഉള്ള അറിവ്, പൈതോണ്‍, റൂബി, സി എന്നീ സ്‌ക്രിപ്ട്ടിങ്ങ് ലാംഗ്വേജുകളില്‍ ഉള്ള അറിവ്, ക്ലൗഡ് ഓപ്പറേഷനേക്കുറിച്ചുള്ള പരിചയം എന്നിവ തൊഴില്‍ ലഭിക്കാന്‍ സഹായകരമായിരിക്കും.

  • അനുയോജ്യമായത് തിരഞ്ഞെടുക്കുക

മേല്‍പ്പറഞ്ഞ എല്ലാ സാങ്കേതിക കഴിവുകളും ഒരാള്‍ ആര്‍ജിക്കണ മെന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ വ്യക്തി ഗുണങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുയോജ്യമായ സ്‌കില്ലുകള്‍ നേടുന്നതിലൂടെ തൊഴില്‍ ലഭ്യതയ്ക്കുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org