ത്രീഡി പ്രിന്റിംഗ്

യുവര്‍ കരിയര്‍ : 125
ത്രീഡി പ്രിന്റിംഗ്
Published on
ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദിവസങ്ങള്‍ കൊണ്ട് വീട് നിര്‍മ്മിച്ച വാര്‍ത്ത പലരും പത്രമാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ടാവും. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് വീടു പണിയാന്‍ സാധിക്കുക എന്നതിനൊപ്പം ചെലവും വളരെ കുറവാണ് ഈ നിര്‍മ്മാണ രീതിയില്‍. ത്രീഡി പ്രിന്റിംഗിന്റെ അനന്തമായ സാധ്യതകളില്‍ ഒന്നു മാത്രമാണ് കെട്ടിട നിര്‍മ്മാണമെന്നത്. വന്‍കിട ഫാക്ടറികളില്‍ നിര്‍മ്മിച്ചശേഷം ഉപഭോക്താവിന്റെ അടുക്കലേക്ക് എത്തിക്കപ്പെടുന്ന ചെറുതും വലുതുമായ ഉല്‍പ്പന്നങ്ങള്‍ ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗിച്ച് ഉപഭോക്താവിന്റെ സ്ഥലത്തു തന്നെ നിര്‍മ്മിച്ചു നല്‍കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

അനിതരസാധാരണമായ വളര്‍ച്ചയാണ് ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി അടുത്തകാലത്തായി കൈവരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ കരിയര്‍ സാധ്യതകളും പ്രതിദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

എന്താണ് ത്രീഡി പ്രിന്റിംഗ്?

അഡിറ്റീവ് മാനുഫാക്ചറിങ് ടെക്‌നോളജി ഉപയോഗിച്ചു കൊണ്ടുള്ള ലെയറുകളായുള്ള നിര്‍മ്മാണ രീതിയാണ് ത്രീഡി പ്രി ന്റിംഗ്. കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (CAD) ഉപയോഗിച്ച് തയ്യാറാക്കുന്ന ത്രിമാനരൂപം പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പല ദ്വിമാന ലയറുകളായി ആയി വിഭജിക്കും. ഈ തട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേക ഫോര്‍മാറ്റില്‍ പ്രിന്ററിലേക്ക് നല്‍കും. ത്രീഡി പ്രിന്റിംഗിനായി പ്രത്യേകം ഡിസൈന്‍ ചെയ്യപ്പെട്ട പ്രിന്ററുകളില്‍ നിന്ന് നിര്‍മ്മാണ വസ്തു പുറത്തേക്ക് വരുകയും ഓരോ ലെയറുകള്‍ ആയി മേല്‍ക്കുമേല്‍ അടുക്കി വെച്ച് പൂര്‍ണ്ണരൂപം സൃഷ്ടിച്ചെടുക്കുകയുമാണ് ത്രീഡി പ്രിന്റിംഗില്‍ ചെയ്യുന്നത്.

ഉപയോഗം എവിടെയെല്ലാം?

ഉത്പാദന രംഗത്ത് സര്‍വമേഖലയിലും ത്രീഡി പ്രിന്റിംഗിന്റെ സ്വാധീനം വര്‍ധിച്ചു വരികയാണ്. ഉദാഹരണത്തിന് ടിഷ്യു എന്‍ജിനീയറിങ് ടെക്‌നോളജിയുടെ സഹായത്തോടെ കൃത്രിമ അവയവം നിര്‍മ്മിക്കുവാന്‍ പോലും ത്രീഡി പ്രിന്റിംഗിലൂടെ സാധ്യമാകും. ഇപ്പോള്‍തന്നെ പല്ലുകള്‍, തലയോട്ടി, എല്ലുകള്‍ എന്നിവയുടെ കൃത്രിമ രൂപങ്ങള്‍ ത്രീഡി പ്രിന്റിംഗിലൂടെ സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യ മേഖലയും കെട്ടിട നിര്‍മ്മാണ രംഗവും കൂടാതെ ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങി നിരവധി മേഖലകളില്‍ വലിയ സാധ്യതകളാണ് ത്രീഡി പ്രിന്റിംഗിന് ഉള്ളത്.

ഇന്ത്യയില്‍

ആഗോളതലത്തില്‍ ത്രീഡി പ്രിന്റിംഗിന്റെ 5% ഇന്ത്യയിലാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ദേശീയ നയം കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്നിവയുടെ ഭാഗമായുള്ള ഈ നയത്തിലൂടെ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ഈ നയവും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അനുകൂലനടപടികളുംമൂലം, വരും വര്‍ഷങ്ങളില്‍ ത്രീഡി പ്രിന്റിംഗ് മേഖലയില്‍ ധാരാളം പുതിയ കമ്പനികള്‍ ഇന്ത്യയില്‍ സ്ഥാപിതമാവുകയും വലിയതോതില്‍ ത്രീഡി പ്രിന്റിംഗ് ഉത്പാദനം നടക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുമൂലമുണ്ടാകുന്ന തൊഴില്‍ സാധ്യതകളും വലിയതോതിലായിരിക്കും.

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക് ലിമിറ്റഡ്, വിപ്രോ, ഇന്ത്യന്‍ കരസേന, HP, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ്, സ്‌കൈറൂട്ട് ഏറോസ്‌പേസ് തുടങ്ങിയവയൊക്കെ ത്രീഡി പ്രിന്റിംഗ്‌ മേഖലയില്‍ ഇതിനകം തന്നെ നിര്‍ണ്ണായകമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു.

കരിയര്‍ വഴി

മറ്റേതു മേഖലയെയും പോലെ ത്രീഡി പ്രിന്റിംഗ് മേഖലയിലും തൊഴില്‍ അവസരങ്ങള്‍ പല തലങ്ങളിലാണ് ഉള്ളത്. ഉദാഹരണത്തിന് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക്, പ്രത്യേകിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ത്രീഡി പ്രിന്റിംഗ് പരിശീലന കോഴ്‌സിന് ശേഷം ഉയര്‍ന്ന തലത്തിലുള്ള തൊഴില്‍ നേടുവാന്‍ കഴിയും. അതുപോലെതന്നെ സയന്‍സ് മാത്തമാറ്റിക്‌സ് വിഷയങ്ങളോട് പ്ലസ് ടു / പത്താം ക്ലാസ് പാസ്സായവര്‍ക്ക് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച് അഡിറ്റീവ് മാനുഫാക്ചറിങ് ടെക്‌നീഷ്യന്‍ ആകുവാനും കഴിയും.

എന്‍ജിനീയറിങ്, ഡിസൈന്‍, ആനിമേഷന്‍, മെഡിക്കല്‍ ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എന്നിവയിലൊന്നില്‍ ബിരുദം നേടിയതിനു ശേഷം ഒരു 3D CAD കോഴ്‌സ് പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ത്രീഡി പ്രിന്റിംഗിനുള്ള പ്രത്യേക പരിശീലനം നേടുകയും ചെയ്താല്‍ ഈ മേഖലയില്‍ നല്ലൊരു കരിയറിന് സജ്ജമാണ് എന്ന് പറയുവാനാവും.

പഠനം

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ അഡ്വാന്‍സ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ പൗഡര്‍ മെറ്റലര്‍ജി ആന്‍ഡ് ന്യൂ മെറ്റീരിയല്‍സ്, ഡിഫന്‍സ് മെറ്റലോര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി,ന്റര്‍ ഫോര്‍ അഡ്വാന്‍സ് ടെക്‌നോളജി, ദുര്‍ഗാപൂരിലെ സെന്‍ട്രല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഗ്ലാസ് ആന്‍ഡ് സെറാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കാരൈക്കുടിയിലെ സെന്‍ട്രല്‍ ഇലക്‌ട്രോ കെമിക്കല്‍ റിസര്‍ച്ച് സെന്റര്‍, ബംഗളൂരുവിലെ സെന്‍ട്രല്‍ മാനുഫാക്ചറിങ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈയിലെയും ഹൈദരാബാദിലെയും ഖര്‍ പൂരിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍ ഇവയൊക്കെ അഡിറ്റീവ് മാനുഫാക്ചറിയിലും ത്രീഡി പ്രിന്റിംഗിലും അക്കാഡമി കോഴ്‌സുകളും ഗവേഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും വാറംഗലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ത്രീഡി പ്രി ന്റിംഗില്‍ ഒരാഴ്ചത്തെ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്താറുണ്ട്. ബി ടെക്, എം എസ് സി ബിരുദധാരികള്‍ക്കാണ് പ്രവേശനം ലഭിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ ഇല ക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കായി നാലുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തിവരുന്നുണ്ട്.

പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് പഠിക്കാവുന്ന ഒരു വര്‍ഷത്തെ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്‌നീഷ്യന്‍ കോഴ്‌സ് ഐ ടി ഐ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദധാരി കള്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിസൈന്‍ ഫോര്‍ അഡിറ്റീവ് മാനുഫാക്ചറിങ് എന്ന ഹ്രസ്വകാല കോഴ്‌സ് നടത്തുന്നുണ്ട്.

വെബ്‌സൈറ്റുകള്‍

www.citdindia.org

www.dgt.gov.in

www.nielit.gov.in

www.cce.iisc.ac.in

www.gian.iitkgp.ac.in

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org