യോഗിയും പട്ടാളാധികാരിയും

യോഗിയും പട്ടാളാധികാരിയും

പോള്‍ തേലക്കാട്ട്

ആര്‍തര്‍ ക്വേസ്റ്റലറിന്റെ (1905-1983) "നട്ടുച്ചയ്ക്ക് ഇരുട്ട്" എന്ന കൃതിയില്‍ ഇവനോവ എന്ന പട്ടാളാധികാരി പറയുന്നു. "രണ്ടേരണ്ടു മനുഷ്യധര്‍മ്മ ചിന്തകളെയുള്ളൂ; അവ വിരുദ്ധ ധ്രുവങ്ങളിലാണ്. അവയില്‍ ഒന്ന് ക്രൈസ്തവവും മാനുഷീകവുമാണ്… മറ്റേത് സംഘാത ലക്ഷ്യം നേടാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ന്യായീകരിക്കുന്നു. ഇതനുസരിച്ച് എല്ലാ കാര്യങ്ങളിലും സമൂഹത്തിനു കീഴിലായിരിക്കും; സമൂഹത്തിനു വേണ്ടി ബലിയാടുകളാകണം. അതനുസരിച്ച് പരീക്ഷണ മുയലുകളെ ബലിയാടുകളാക്കാം." "ശുദ്ധ ജലശ്രോതസ്സിലേക്ക് എന്നവണ്ണം ഞാന്‍ കമ്മ്യൂണിസത്തിലേക്കു പോയി. അതു വിഷലിപ്തവും ജലപ്രളയത്തിന്റെ ശവങ്ങള്‍ നിറഞ്ഞതും കണ്ടപ്പോള്‍ ഞാന്‍ കേറിപോന്നു" എന്ന് ക്വേസ്റ്റലര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു, "പാര്‍ട്ടിക്ക് ഒരു കുറ്റമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അംഗീകൃത പാതയില്‍ നിന്നു മാറുക. അതിനു ള്ള ഒരു ശിക്ഷയേ അറിയൂ; മരണം."
കാരണം അതു പുറമേ നിന്നു മനുഷ്യനെ നന്നാക്കുന്ന ഒരു പ്രസ്ഥാനമായിരുന്നു. ക്വേസ്റ്റലറിന്റെ "യോഗിയും കമ്മിസാറും" എന്ന പുസ്തകത്തിന്റെ പ്രമേയം മാറ്റത്തിന്റെ രണ്ടു കാഴ്ചപ്പാടുകളാണ്. പുറമേ നിന്നു മാറ്റണോ, മാറ്റം അകത്തു നിന്നാണോ? ഇതിന്റെ രണ്ടിന്റേയും രണ്ടു പ്രതീകങ്ങളാണ് യോഗിയും പട്ടാളാധികാരിയും. പട്ടാളാധികാരിയുടെ അധികാരം പുറത്തുനിന്നു അടിച്ചു മാറ്റുന്നതിലാണ്. എന്നാല്‍ യോഗി സ്വയം മാറുന്ന മിസ്റ്റിക്കല്‍ ആന്തരികതയിലൂന്നി ജീവിക്കുന്നു. യോഗിയുടെ മാറ്റം അദൃശ്യമായ ഉള്‍പ്രേരണയാണ്. ഇവിടെ മതം അദൃശ്യതയുടെ ആന്തരികശക്തിയാണ്. ഇവിടെയാണ് മതത്തിന്റെ തനിമ നിലനില്ക്കുന്നത്. ഇതു നഷ്ടമായാല്‍ സാവധാനം മതവും അധികാരത്തിന്റെ പുറത്തുനിന്നുള്ള മാറ്റത്തിലേക്കു വഴുതി വീഴാം. അനുഷ്ഠാനങ്ങളില്‍ അമിത പ്രാധാന്യം നല്കിയാലും മതം എത്തുന്നത് ഉന്മാദത്തിലാണ്. മതം ഉന്മാദമാകുമ്പോള്‍ അതു സാമൂഹികവും ദേശീയവും ആള്‍ക്കൂട്ടബന്ധിയുമാകും. മതം ഉന്മാദമല്ല, ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് അഗസ്റ്റിന്‍ പറഞ്ഞത് ആന്തരികതയാണ് മെച്ചം.
ലെനിനെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസം മതമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ സാക്ഷിക്കുന്നു. അദ്ദേഹത്തിനു ശക്തന്മാരുടെമേല്‍ പ്രഖ്യാപിതമായ ശിക്ഷാവിധിയാണ് ആ മതത്തിന്റെ അടിസ്ഥാനം. കാള്‍ പോപ്പര്‍ തന്റെ 'തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും' എന്ന പുസ്തകത്തില്‍ ഒന്നാം സ്ഥാനത്തെ ശത്രു കമ്മ്യൂണിസമാണ് എന്നു പറയുന്നു. പക്ഷെ, കാള്‍ പോപ്പര്‍ കമ്മ്യൂണിസത്തെ ധാര്‍മ്മിക സിദ്ധാന്തമായി പരിഗണിക്കുന്നു. "അതു മതമാണ് എന്നതു നിഷേധിക്കുന്ന അവസാനത്തെ ആളായിരിക്കും താന്‍" എന്നു പ്രസ്താവിച്ചിട്ടുണ്ട് അദ്ദേഹം. കമ്മ്യൂണിസത്തെ മതമായി കാണുന്ന പല ചിന്തകരുമുണ്ട്. അര്‍ണോള്‍ഡ് ടോയിന്‍ബിയും ഷാക് മാരിറ്റെയിനും കമ്മ്യൂണിസത്തെ ക്രൈസ്തവ പാഷണ്ഡതയായി വീക്ഷിക്കുന്നു. മറ്റു മതങ്ങള്‍ പാഷണ്ഡത എന്നു വിളിച്ചതു മതമായി മാറി. രാഷ്ട്രീയത്തെ നീതിയുടെ നടത്തിപ്പിന്റെ ബലപ്രയോഗമായി അവര്‍ സ്വീകരിക്കുന്നു. പക്ഷെ, ഈ വിധിയും അതിന്റെ നടപ്പിലാക്കലും നടത്തുന്നതു പാര്‍ട്ടിയാണ്.
ഇവിടെ മതം അകത്തുനിന്നുള്ള ശക്തിയെന്നതിനെക്കാള്‍ പുറമേനിന്നുള്ള നന്നാക്കി കൊല്ലലായി മാറി. മതത്തിന്റെ ഏറ്റവും വലിയ പ്രലോഭനം ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു എന്ന് പരോക്ഷമായി അംഗീകരിച്ച് അക്രമത്തിനിറങ്ങുന്നതാണ്. എല്ലാ മതങ്ങളും ഈ ആന്തരികത ഉപേക്ഷിച്ച് മതത്തിന്റെ വഴി ഉപേക്ഷിക്കുന്നവരെ നന്നാക്കാന്‍ കൊല്ലലും പീഡനവും സ്വീകരിക്കുന്നതാണ്. ഇതു മതാത്മകമായി സ്വീകരിക്കുന്നത് ബലിയര്‍പ്പണ ചിന്തയിലൂടെയാണ്. ക്രിസ്തു കൊല്ലപ്പെട്ടത് ഇതേ വഴിയിലാണ്. കൊല്ലരുത് എന്ന കല്പന സ്വീകരിച്ചവര്‍ കൊല്ലുന്നതു ബലിയര്‍പ്പണമായി സ്വീകരിച്ചു. "ജനം മുഴുവനേയും നശിക്കാതിരിക്കാന്‍ ഒരാള്‍ മരിക്കേണ്ടിയിരിക്കുന്നു" എന്നു പറഞ്ഞ് ആ കൊലപാതകം ന്യായീകരിച്ചത് ആ മതത്തിന്റെ പ്രധാന പുരോഹിതനാണ്. ഈ പ്രതിഭാസത്തെ സമൂഹത്തിനുള്ളിലെ സ്പര്‍ദ്ദയുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നത് രനെ ജിരാര്‍ഡാണ്. കുട്ടിയെ വെട്ടിപ്പങ്കുവയ്ക്കാനുള്ള സോളമന്റെ തീരുമാനത്തില്‍ കുട്ടിയുടെ അമ്മയല്ലാത്ത സ്ത്രീയ്ക്ക് ഒരു എതിര്‍പ്പുമുണ്ടായില്ല. ഈ പ്രതിഭാസം സമൂഹത്തില്‍ സ്ഥിരം കാണുന്നു. ഇങ്ങനെ വൈരവും സ്പര്‍ദയും പരിഹരിക്കാന്‍ ആളുകളെ ബലിയാടുകളാക്കുന്നതു നമുക്കു ചുറ്റും കാണാവുന്നതാണ്. ഇത്തരം ബലികളാണ് സമൂഹത്തില്‍ ഉന്മാദലഹരിയുണ്ടാക്കുന്നത്. നരബലിയുടെ പ്രാകൃത നടപടിയുടെ മറ്റൊരു രൂപമാണ് കൊന്നവനെ കൊല്ലണമെന്ന വാദവും.
ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തകാലത്ത് മുസ്‌ലീങ്ങളുമായി നടത്തിയ ചരിത്രപരമായ ഇടപെടലുകള്‍ നാഗരികതകളുടെ യുദ്ധം എന്ന സിദ്ധാന്തത്തെ മറികടക്കാനാണ്. നാഗരികതകളുടെ സംഘട്ടനം എന്ന സിദ്ധാന്തവും ഇതുപോലെ ബലിയെ സാധൂകരിക്കുന്ന ഒരു നിലപാടാണ്. അറേബ്യയെ യുദ്ധമുക്തമാക്കാനും അക്രമത്തിലേക്കു കൂപ്പുകുത്തുന്ന മതാത്മകതയെ രക്ഷിക്കാനുമുള്ള ഇടപെടല്‍. കുരിശുയുദ്ധങ്ങളുടെയും പാഷണ്ഡികളുടെ വേട്ടകളുടെയും ചരിത്രമുള്ള സഭയ്ക്കു കുറ്റബോധത്തോടെ മറ്റു മതങ്ങളെ തിരുത്താനും കഴിയും. മാര്‍ക്‌സിന്റെ ധാര്‍മ്മികവും പ്രവാചികവുമായ തൊഴിലാളി വര്‍ഗ്ഗത്തോടുള്ള നിലപാടിനെ തെറ്റിച്ചതു മക്കിയവെല്ലിയെ പിന്‍തുണച്ച് ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വം സ്വീകരിച്ചതിലാണ്. ദൈവികത വഴിപിഴച്ചാല്‍ പൈശാചികതയാകും. ആര്‍തര്‍ ക്വേസ്റ്റലര്‍ എഴുതി, "ചെകുത്താന്‍ മെലിഞ്ഞ താപസ്സനാണ്. അയാള്‍ തര്‍ക്കശാസ്ത്രത്തിന്റെ അന്ധനായ ഭക്തനാണ്. അയാള്‍ തണുപ്പനാണ്, മനുഷ്യനോടു കരുണയില്ലാത്തവന്‍. ഇത് ഗണിത ശാസ്ത്രത്തിന്റെ ഒരുതരം കാരുണ്യമില്ലായ്മയില്‍ നിന്നു വരുന്നു." കണക്കിന്റെ ബുദ്ധിയില്‍ ഒരുവനെ തല്ലി നന്നാ ക്കാം എന്നു ചിന്തിക്കുന്നവരിലാണ് ഈ പ്രതിസന്ധി കുടികൊള്ളുന്നത്. ചരിത്രം നമ്മെ പഠിപ്പിക്കുന്നതു സത്യത്തെക്കാള്‍ നുണ വിജയപ്രദമാണ് എന്നു കണ്ടവരുടെ ക്രൂരതകളുടെ കഥകളാണ്. മനുഷ്യനെ സ്വര്‍ണ്ണക്കാളക്കുട്ടിയെ ആരാധിക്കാനും അതിന്റെ പൈശാചിക ഉന്മാദത്തിലാറാടിച്ച് നന്നാക്കാന്‍ കൊല്ലുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടാകുന്നത്. രാ ഷ്ട്രീയ വ്യത്യാസങ്ങളുടെ യുക്തിസഹമായ പരിഹാരം മരണമാക്കിയവരുടെ ചരിത്രം അവസാനിക്കുന്നില്ല. അവര്‍ക്ക് മരണത്തില്‍ ഒരു രഹസ്യവുമില്ല, അതില്‍ ഉന്നതമായ ഒന്നുമില്ല. മരണത്തെയും തോല്പിക്കു ന്നതു മനുഷ്യരിലുണ്ട് എന്നു കാണാത്ത അന്ധത അവരെ ഭരിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org