ആരാധനയും അയല്‍ക്കാരനും

ആരാധനയും അയല്‍ക്കാരനും

പോള്‍ തേലക്കാട്ട്

ലിറ്റര്‍ജി എന്ന പദം ഗ്രീക്കില്‍ നിന്നാണ് – ജനങ്ങളുമായി ബന്ധപ്പെട്ട കര്‍മ്മം / ശുശ്രൂഷ എന്നാണ് അതിന്റെ അര്‍ത്ഥം. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആരാധനക്രമത്തിന്റെ അഴിച്ചുപണി നടത്തി. ആരാധനയുടെ ഭാഷ ജനങ്ങളുടെ മാതൃഭാഷയാക്കി, മാത്രമല്ല ആരാധനാക്രമത്തിന്റെ ഘടന സംഭാഷണ ശൈലിയിലുമായി, അത് ഒരാളുടെ മാത്രം ഭാഷയല്ലാതായി. ആരാധനക്രമം ജനങ്ങള്‍ക്ക് അഭിമുഖവുമായി. ഈ മാറ്റങ്ങളുടെ അടിസ്ഥാനമെന്ത് എന്നതു വളരെ പ്രസക്തമായ ചോദ്യമാണ് ഇത്. ഉത്തരം യഹൂദ ചിന്തകനായ എമ്മാനുവേല്‍ ലെവീനാസിനെ ആസ്പദമാക്കി നടത്തുകയാണ്. "സംഭാഷണത്തിന്റെ സത്തയാണ് പ്രാര്‍ത്ഥന." അദ്ദേഹം എഴുതി. അപ്പോള്‍ പ്രാര്‍ത്ഥന ഭാഷണത്തിന്റെ ഉള്ളിലാണ്. അത് അപേക്ഷയും അഭ്യര്‍ത്ഥനയുമാണ്.
മനുഷ്യന്റെ സംഭാഷണം എപ്പോഴും അപരനോടാണ്. പാരസ്പര്യത്തിന്റെ മുഖാമുഖമാണ് ഭാഷയുണ്ടാക്കുന്നത്. മുഖമാണ് വ്യക്തിയുടെ പ്രത്യക്ഷം. മുഖം മൊഴിയുന്നു, ഒന്നും പറയാതെ. അപരനുമായുള്ള ബന്ധം ഭാഷയുടെ ശുശ്രൂഷയാണ്. അത് ആരാധനയും ശുശ്രൂഷയുമാകാം. ദൈവാരാധനയാണ് ലിറ്റര്‍ജി എന്ന് എല്ലാവരും അംഗീകരിക്കും. ദൈവത്തിലേക്കു തിരിഞ്ഞ് ആരാധിക്കാന്‍ എങ്ങോട്ടാണ് തിരിയേണ്ടത്? ഈ ചോദ്യത്തിനു ഉത്തരം നല്കുമ്പോള്‍ അഗസ്റ്റിന്റെ പ്രസക്തമായ ഒരു ചോദ്യവും അതിന്റെ ഉത്തരവും ഒഴിവാക്കാനാവില്ല. "ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് നിങ്ങള്‍ പറയുമ്പോള്‍, നിങ്ങള്‍ ആരെയാണ് സ്‌നേ ഹിക്കുന്നത്?" ഈ ലോകത്തില്‍ ഒന്നും ദൈവമല്ല, ഈ ലോകത്തില്‍ എല്ലാം ലൗകികമാണ്. ദൈവം ഇവിടെ ഇല്ലാത്ത എന്തോ ഒന്നാകുന്നു. ഒന്നുമല്ലാത്തതിനെ എങ്ങനെ സ്‌നേഹിക്കും?
ദൈവം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രപഞ്ചകേളിയുടെ കേളിനാഥനെയാണ്. പക്ഷെ, ഈ കളിയില്‍ കളിയച്ചനില്ല; കളിക്കാര്‍ മാത്രം. പ്രപഞ്ച വിലാസത്തില്‍ ദൈവം പ്രത്യക്ഷമല്ല പരോക്ഷമാണ്. ദൈവം പ്രത്യക്ഷങ്ങളില്‍ നിന്നു പിന്‍വലിയുന്നു, "തന്നെത്തന്നെ ശൂന്യനാക്കി" എന്നു വിശുദ്ധ പൗലോസ്. കളിയിലില്ലാത്ത കളിയുടെ ആധാരമായവനിലേക്കു തിരിഞ്ഞ് കൈ കൂപ്പാന്‍ എങ്ങോട്ട് തിരിയും? ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരം ദൈവത്തെയും മനുഷ്യനെയും അറിയാന്‍ ക്രിസ്തുവിലേക്കു തിരിയണം എന്നതാണ്. പക്ഷെ, ക്രിസ്തു നമ്മില്‍ നിന്ന് എടുക്കപ്പെട്ടു. ഇവിടെയാണ് അഗസ്റ്റിന്റെ ഉത്തരം പ്രസക്തമാകുന്നത്. ദൈവത്തെ സ്‌നേഹിക്കാന്‍ മനുഷ്യനെ സ്‌നേഹിക്കണം. അന്ത്യവിധിയുടെ കഥനത്തില്‍ വി. മത്തായി അതു വ്യക്തമാക്കി. "ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോള്‍ എനി ക്കു ചെയ്തു." പൗലോസ് പറഞ്ഞു, "ഞങ്ങള്‍ വിശ്വാസം വഴി കാണുന്നു, വെളിച്ചത്തിലൂടെയല്ല." ഈ കാഴ്ചയാണ് പ്രധാനം. ലെവീനാസ് എഴുതി, "കാഴ്ച ശാസ്ത്രമാണ് ധര്‍മ്മശാസ്ത്രം." ക്രൈസ്തവധര്‍മ്മം അപരനെ യേശുവില്‍ കാണുന്നതാണ്.
ലെവീനാസ് മനുഷ്യമുഖത്തെ "പ്രത്യക്ഷ"മായി പരിഗണിക്കുന്നു. ഒരു വ്യക്തിയുടെ പ്രത്യക്ഷം അയാളുടെ മുഖമാണ്. ഭാഷ ആരംഭിക്കുന്നതു മുഖത്തില്‍ നിന്നാണ്. മുഖം പറയാതെ പറയുന്നു. ദൈവത്തിന്റെ മുഖം നമുക്കു കാണാനാവില്ല, ദൈവം നമ്മില്‍ നിന്നു പിന്‍വലിഞ്ഞിരിക്കുന്നു. പക്ഷെ, മനുഷ്യമുഖത്താണ് ആത്യന്തിക അധികാരത്തിന്റെ കല്പന വരുന്നത്. മനുഷ്യന്റെ മുഖമാണ് ദൈവവചനത്തിന്റെ പ്രവാഹക. ദൈവം നമ്മെ "ക്ഷണിക്കുന്നതും", ദൈവം നമ്മോട് അഭ്യര്‍ത്ഥിക്കുന്നതും മനുഷ്യമുഖത്തിലൂടെയാണ്. പിന്‍വലിഞ്ഞ ദൈവത്തിന്റെ കടന്നുപോകല്‍ അപരന്റെ മുഖത്ത് അദ്ദേഹം കാണുന്നു.
മനുഷ്യന്റെ മുഖത്തില്‍ നിന്നാണ് ദൈവവചനം നാം കേള്‍ ക്കുന്നത്. അപരന്റെ മുഖത്തോടുള്ള പ്രത്യുത്തരമായി എനിക്കു ലഭിക്കുന്നതു ദൈവത്തിന്റെ വിളിയാണ്. സംവേദനത്തിന്റെ മൂര്‍ ത്തരൂപമാണ് മുഖം. അപരന്‍ ചോദിക്കുന്നതും അപരന്റെ മുഖം ആവശ്യപ്പെടുന്നതും ധര്‍മ്മമാണ്. മുഖത്തോടുള്ള മറുപടിയാണ് കൈകൊടുക്കല്‍, കൈകൂപ്പല്‍, ഒരു ചിരി. മുഖം പറയാതെ പറയുന്നത് ആതിഥ്യമാണ്. ശുദ്ധമായ ബന്ധം ധര്‍മ്മബന്ധമാണ്. അതാണ് മുഖാമുഖത്തില്‍ സംഭവിക്കുന്നത്. ഞാന്‍ ആത്യന്തിക യാഥാര്‍ത്ഥ്യത്തിന്റെ മുമ്പിലാണ്, അപരന്റെ മുഖത്തോട് പ്രത്യുത്തരിക്കുമ്പോള്‍ അപരന് ഞാന്‍ ഇടം കൊടുക്കുകയാണ്. അത് ചെയ്യുമ്പോള്‍ ഞാന്‍ എന്നില്‍ ഉള്ളതില്‍ കൂടുതല്‍ ഞാന്‍ നല്കുന്നു. അപരനില്‍ നിന്ന് എന്റെ കഴിവിനുള്ളതിനേക്കാള്‍ അനന്തമായതു സ്വീകരിക്കുന്നു. ഞാനും അപരനുമായുള്ള ഈ ബന്ധം പാരസ്പര്യത്തിന്റെയാണ്. അവിടെ ഞാന്‍ ഉയര്‍ച്ചയുള്ളവനായി മാറുന്നു. എനിക്ക് ഔന്നത്യം ഉണ്ടാകുന്നു. രണ്ടു പേരും തമ്മി ലുള്ള ഭാഷാപരമായ പാരസ്പര്യം ഭാഷയുടെ സത്തയായ നന്മ യും സൗഹൃദവും ആതിഥ്യവും ഒഴുകുന്ന അനുഭവമാകുന്നു. അപരന്റെ മുഖം എനിക്കു തരുന്നത് ഉത്തരവാദിത്വമാണ്. എത്ര കണ്ട് അതു ഞാന്‍ നിറവേറ്റുന്നുവോ അത്ര കണ്ട് എന്റെ ഉത്തരവാദിത്വം കൂടുന്നു. അപരന് ആതിഥ്യം കൊടുക്കുമ്പോള്‍ ഞാന്‍ എന്റെ ആധിപത്യത്തിന്റെ അധികാരകസേരയില്‍ നിന്ന് മാറി അത് അപരന് കൊടുക്കുന്നു. ഇതു ബലിയാണ്; അപരന് ആതി ഥ്യം കൊടുക്കുന്നതിന്റെ അനിവാര്യമായ ബലി. എന്റെ പിന്‍വാങ്ങല്‍. യേശുവിന്റെ അന്ത്യഅത്താഴവും കുരിശിലെ ബലിയും ജീവിതത്തില്‍ സംഭവിക്കുന്നു. ഞാന്‍ ബലിയായി എന്നെ വിളമ്പുന്ന അപരന്. ഇതാണ് എന്റെ ജീവിതത്തിന്റെ അര്‍ത്ഥം. ചുരുക്കത്തില്‍ മുഖാമുഖം എന്നത് എന്നെ അപരനുവേണ്ടിയാക്കുന്നു. അതാണ് ആത്മീയ ജീവിതം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org