പ്രാര്‍ത്ഥനയും ചില ചോദ്യങ്ങളും

വിശദീകരണം തേടുന്ന വിശ്വാസം-27

ബിനു തോമസ്, കിഴക്കമ്പലം

പ്രാര്‍ത്ഥനയെപ്പറ്റി പലപ്പോഴും ഉയര്‍ത്തപ്പെടുന്ന ചോദ്യങ്ങള്‍ രസകരമാണ്, ചിന്തനീയവുമാണ്. ദൈവത്തോട് എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? പ്രാര്‍ത്ഥിച്ചാല്‍ മാത്രം സഹായം തരുന്ന ദൈവത്തിന് എന്താണ് മേന്മ? പ്രാര്‍ത്ഥന ഒരു കൈക്കൂലി പോലെയല്ലേ? എന്നിങ്ങനെ നൂറുനൂറു ചോദ്യങ്ങള്‍. അവയെ കാച്ചിക്കുറുക്കി പരിശോധിച്ചാല്‍, പ്രധാനമായും അഞ്ചു കാര്യങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.

ഒന്ന്, ദൈവത്തിന്‍റെ അസ്തിത്വമില്ലായ്മ. ഇല്ലാത്ത ഒന്നിനോട് പ്രാര്‍ത്ഥിക്കുന്നതിന്‍റെ അര്‍ത്ഥരാ ഹിത്യം.

രണ്ട്, ദൈവത്തിന്‍റെ അസാമീപ്യം. നമ്മുടെ അവസ്ഥയില്‍നിന്ന് അനന്തദൂരം അകലെയായിരിക്കുന്ന ഒന്നിനോട് പ്രാര്‍ത്ഥിക്കുന്നതിന്‍റെ അസാംഗത്യം.

മൂന്ന്, പ്രാര്‍ത്ഥനയുടെ ഫലത്തിലെ ഉറപ്പില്ലായ്മ.

നാല്, പ്രാര്‍ത്ഥനയുടെ ആവശ്യകത ഇല്ലായ്മ. എല്ലാം ദൈവ ഹിതമനുസരിച്ച് നീങ്ങുന്നതെങ്കില്‍ പ്രാര്‍ത്ഥന അര്‍ത്ഥശൂന്യമെന്ന ചിന്താഗതി.

അഞ്ച്, പരസ്യപ്രാര്‍ത്ഥനയുടെ ആവശ്യകത ഇല്ലായ്മ. വ്യക്തിയും ദൈവവുമായുള്ള ബന്ധത്തില്‍ സമൂഹത്തിന് പങ്കൊന്നുമില്ല എന്ന കാഴ്ചപ്പാട്. ആത്മീയത തികച്ചും സ്വകാര്യമാണെന്ന ചിന്തയുടെ പരിണിതഫലം.

പ്രാര്‍ത്ഥനയെപ്പറ്റി പൊതുവായി കേള്‍ക്കുന്ന ഏത് സംശയവും, ചുഴിഞ്ഞു പരിശോധിച്ചാല്‍ ഈ അഞ്ചു തലങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും സ്പര്‍ശിച്ചുകൊണ്ടുള്ളതായിരിക്കും. അതുകൊണ്ട്, ഈ അഞ്ചു കാര്യങ്ങളിലെ ബോധ്യം ഒരു വിശ്വാസിക്ക് അനിവാര്യമാണ്.

ദൈവാസ്തിത്വം
ഇല്ലാത്ത ഒന്നിനോട് പ്രാര്‍ത്ഥിക്കുന്നത് അര്‍ത്ഥശൂന്യമാണ് എന്നത് പകല്‍പോലെ വ്യക്തമാണ്. പക്ഷേ, കഴിഞ്ഞ അധ്യായങ്ങളിലൂടെ, അനാദിയും സജീവബോധവുമുള്ള ഒരു ദൈവത്തെ നമുക്ക് സൃഷ്ടിയുടെ സവിശേഷതകളില്‍ നിന്നുതന്നെ കണ്ടെത്താന്‍ കഴിയും എന്നു കണ്ടതാണ്. അതുകൊണ്ട്, ദൈവാസ്തിത്വം ഉണ്ട് എന്ന യുക്തിപരമായ ബോധ്യം പ്രാര്‍ത്ഥിക്കുന്ന ഒരു വിശ്വാസിക്ക് ഉണ്ട്.

പക്ഷേ, ഇതുകൂടാതെ, ഈ ചോദ്യത്തിന് ഒരു മറുചോദ്യവുമുണ്ട്. അത് ഇപ്രകാരമാണ്. ദൈവാസ്തിത്വം ഇല്ലാത്ത ഒരു അവസ്ഥയില്‍ നാം ജീവിതത്തില്‍ ചെയ്യുന്ന മിക്കവാറും എല്ലാ കാര്യങ്ങളും പ്രാര്‍ത്ഥനയേക്കാള്‍ അര്‍ത്ഥശൂന്യമാണ്. ഉദാഹരണത്തിന്, ഒരു നല്ലവനായ നിരീശ്വരവാദിയെ എടുക്കുക. അയാള്‍ ജീവിതകാലം മുഴുവനും കുടുംബത്തിനു വേണ്ടി, അല്ലെങ്കില്‍ സമൂഹത്തിനുവേണ്ടി, കഷ്ടപ്പെടുന്നു, സ്വന്തം നൈമിഷികസുഖങ്ങള്‍ ഹോമിക്കുന്നു. എന്തിനുവേണ്ടി? അയാള്‍ മറ്റുള്ളവര്‍ക്കു വേണ്ടി അനുഭവിച്ച ത്യാഗങ്ങളോ, വേണ്ടെന്നു വച്ച സുഖങ്ങളോ മരണശേഷം യാതൊരു വിലയും ഇല്ലാത്തതാണ്. ജീവിതത്തില്‍ നിസ്വാര്‍ത്ഥമായി അയാള്‍ ചെയ്യുന്നതെല്ലാം ഒരു വലിയ നിരര്‍ത്ഥകതയാണ്. പ്രാര്‍ത്ഥിക്കുവാന്‍ വലിയ ത്യാഗങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. പക്ഷേ, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കണമെങ്കില്‍ ഒരുപാട് ത്യാഗങ്ങള്‍ ചെയ്യേണ്ടി വരും. അപ്പോള്‍, ദൈവാസ്തിത്വത്തെ ചോദ്യം ചെയ്തു കൊണ്ട് പ്രാര്‍ത്ഥനയെ പരിഹസിക്കുന്ന ഒരാളുടെ ജീവിത കര്‍മ്മങ്ങളുടെ അര്‍ത്ഥശൂന്യതയുടെ വലിപ്പം പ്രാര്‍ത്ഥനയ്ക്കില്ല. കാഴ്ചയില്ലാത്ത ഒരാള്‍, കാഴ്ച്ച മങ്ങിയ ഒരാളെ ചോദ്യം ചെയ്യുന്നതിനു തുല്യമാണ് പ്രാര്‍ത്ഥനയെ ചോദ്യം ചെയ്യുന്ന ഒരു നല്ലവനായ നിരീശ്വരവാദി. (നിസ്വാര്‍ത്ഥമായി ഒരിക്കലും ജീവിച്ചിട്ടില്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, അവരെ ഒഴിവാക്കാം. ദൈവമില്ലാത്ത ഒരു ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്മാര്‍ അവരാണല്ലോ.)

ദൈവത്തിന്‍റെ സാമീപ്യം
ഭൗതികപ്രപഞ്ചത്തിലെ പരിമിതരായ ജീവികളായ മനുഷ്യര്‍ക്ക് ദൈവം എത്രമാത്രം സമീപസ്ഥനാണ് എന്നതാണ് അടുത്ത പ്രശ്നം. മനുഷ്യനൊഴിച്ച് മറ്റു ജീവികളൊന്നും പ്രാര്‍ത്ഥിക്കുന്നത് നാം കാണുന്നില്ല. അവര്‍ക്ക് അത്തരമൊരു ആത്മീയബന്ധം സ്രഷ്ടാവിനോട് ഉള്ളതായി കാണുന്നില്ല. അപ്പോള്‍, മനുഷ്യനുമാത്രം ദൈവം സമീപസ്ഥനാണ് എന്നു പറയുന്നതില്‍ എത്രമാത്രം യുക്തിയുണ്ട്? നമ്മുടെ കൊച്ചുകൊച്ചു ജല്‍പ്പനങ്ങള്‍ക്ക്, അനാദിയായ പ്രപഞ്ചവിധാതാവിന്‍റെ മുമ്പില്‍ എന്തെങ്കിലും മൂല്യമുണ്ടെന്നു കരുതാന്‍ എന്തെങ്കിലും കാരണമുണ്ടോ?

മൂന്നു രീതിയിലാണ് ഈ ചോദ്യത്തിന് ഒരു വിശ്വാസിക്ക് ഉത്തരം നല്‍കാന്‍ സാധിക്കുന്നത്. ഒന്ന്, വ്യക്തിപരമായ ഒരു സാക്ഷ്യം വഴി. അതായത്, എന്തെങ്കിലും അടയാളങ്ങളോ അനുഭവങ്ങളോ വഴി ദൈവസാമീപ്യം വ്യക്തിപരമായി അനുഭവിച്ച നിമിഷങ്ങള്‍ (സ്വയം, അല്ലെങ്കില്‍ മറ്റുള്ളവരില്‍ സംഭവിച്ചതിന്‍റെ സാക്ഷ്യം വഴി). ഇത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ സ്വീകാര്യമായ ഒരു ബോധ്യമാണ്. പക്ഷേ, ഒരു പൊതുതത്വം എന്ന നിലയില്‍ ഫലപ്രദമായ ഒരു മാര്‍ഗ്ഗമല്ല അത്. കാരണം, ഇത്തരം വ്യക്തിപരമായ അനുഭവങ്ങളെ മാനസികമായ ഒരു പ്രതിഭാസമായി ചിത്രീകരിക്കാന്‍ പൊതുസമൂഹത്തിന് സാധിക്കും.

രണ്ട്, ദൈവികവെളിപാടിലുള്ള വിശ്വാസം വഴി. അതായത്, "രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടുമ്പോള്‍ അവരുടെ മധ്യേ ഞാന്‍ ഉണ്ടാകും" എന്നു പറഞ്ഞത് ദൈവമാണെന്ന ബോധ്യമുള്ളയാള്‍ക്ക്, ദൈവത്തിന്‍റെ സാമീപ്യവും ഒരു ബോധ്യമാകുന്നതില്‍ തെറ്റില്ല. പക്ഷേ, അത് പറഞ്ഞത് ദൈവമാണെന്നുള്ള ബോധ്യത്തിന് ന്യായീകരണം കൊടുക്കാനും അയാള്‍ക്ക് ബാധ്യതയുണ്ട് എന്നു വരും. അതായത്, ദൈവത്തിന്‍റെ പ്രത്യേകമായ വെളിപാട് ചരിത്രത്തില്‍ സംഭവിച്ചു എന്നും, അത് കൃത്യമായി രേഖപ്പെടുത്തപ്പെട്ടു എന്നുമുള്ള ബോധ്യം ഉണ്ടാകണമെന്നു സാരം. ചുരുക്കത്തില്‍, മതവിശ്വാസത്തിന്‍റെ പരമ്പരാഗതമായ ഉറവിടങ്ങളിലുള്ള ബോധ്യം.

മൂന്ന്, സ്വാഭാവികമായ ബുദ്ധി പ്രകാശത്തില്‍നിന്ന്. അതെങ്ങനെയെന്ന് അടുത്ത അധ്യായത്തില്‍ കാണാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org