ആരംഭവും കാരണവും

ബിനു തോമസ്, കിഴക്കമ്പലം

മുന്‍ അധ്യായങ്ങളില്‍ സൂചിപ്പിച്ച "കലാം" വാദത്തിന്‍റെ ആദ്യത്തെ അനുമാനം, ആരംഭമുള്ള എന്തിനും ഒരു കാരണമുണ്ടെന്നാണ്. എത്രമാത്രം ശരിയാണ് ഈ അനുമാനം?

യുക്തിസഹമായ നിരീക്ഷണം
നമുക്ക് ചുറ്റും കാണപ്പെടുന്ന ഏതു വസ്തുവിനും പ്രതിഭാസത്തിനും ഒരു ആരംഭമുണ്ടെന്ന് കാണാന്‍ സാധിക്കും. ആ ആരംഭത്തിന് ഒരു കാരണവും കണ്ടെത്താന്‍ കഴിയും. അതുകൊണ്ട്, ആരംഭമുള്ള ഭൗതികവസ്തുക്കള്‍ക്ക് ഒരു ആരംഭകാരണമുണ്ടെന്ന് പറയുന്നത് നമ്മുടെ നിരീക്ഷണങ്ങള്‍ക്കും യുക്തിക്കും യോജിച്ചു പോകുന്നതാണ്.

1) ആരംഭമുള്ള പ്രതിഭാസത്തിന് ഒരു കാരണമുണ്ടെന്നത് നാം കാണുന്ന പ്രപഞ്ചത്തില്‍ നിത്യേന കാണുന്നതും സ്ഥിരീകരിക്കപ്പെടുന്നതും ആണ്. അതിന് ഒരു അപവാദം ഇന്നേവരെ ആരും ചൂണ്ടിക്കാണിച്ചിട്ടില്ല.

2) ഒന്നുമില്ലായ്മയില്‍നിന്ന് ഒന്നും സ്വയം ഉണ്ടാകുന്നില്ല. പരിപൂര്‍ണ്ണമായ ശൂന്യതയില്‍നിന്ന് യാതൊരു കാരണവും ഇല്ലാതെ എന്തെങ്കിലും ഉണ്ടാകും എന്നത് അവിശ്വസനീയമാണ്. അങ്ങനെയൊരു കാര്യം ഇന്നേവരെ ആരും നിരീക്ഷിച്ചിട്ടില്ല. വെറും ശൂന്യതയില്‍നിന്ന് എന്തെങ്കിലും തനിയേ ഉണ്ടായിവരും എന്നു പറയുന്നയാള്‍ അതിന് തെളിവുകള്‍ കൊണ്ടുവരാന്‍ ബാധ്യസ്ഥനാണ്.

3. ഒന്നുമില്ലായ്മയില്‍നിന്ന്, എന്തെങ്കിലും ഉണ്ടായിവരാന്‍ സാധ്യതയുണ്ട് എന്നുതന്നെ കരുതുക. എങ്കില്‍, അതിന്‍റെ യുക്തിസഹമായ അനുമാനം, എപ്പോഴും എന്തെങ്കിലുമൊക്കെ ഒന്നുമില്ലായ്മയില്‍നിന്ന് ഉണ്ടായിവരാനും സാധ്യത ഉണ്ടെന്നാണ്. പക്ഷേ, പ്രപഞ്ചത്തിലെ ശൂന്യതയില്‍ ഒരു നക്ഷത്രമോ ഒരു ഗ്യാലക്സിയോ ഒന്നും ഉണ്ടാകുന്നതായി നാം കാണുന്നില്ല. എന്നു മാത്രമല്ല, അങ്ങനെ ഉണ്ടായാല്‍, അത് "ദ്രവ്യം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല" എന്ന അടിസ്ഥാനശാസ്ത്രീയ സത്യത്തിന് വിരുദ്ധവുമായി മാറും. ദ്രവ്യം ഒന്നുമില്ലായ്മയില്‍നിന്ന് ഒരു കാരണവുമില്ലാതെ ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെങ്കില്‍, പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനങ്ങള്‍ തന്നെ അടിസ്ഥാനരഹിതമായി മാറുന്നു. കാരണം, ദ്രവ്യത്തിന് സ്ഥിരത ഇല്ലെങ്കില്‍, എങ്ങനെയാണ് ശാസ്ത്രീയ മാതൃകകള്‍ ഉണ്ടാക്കുവാന്‍ സാധിക്കുന്നത്?

എതിര്‍വാദങ്ങള്‍
തികച്ചും യുക്തിസഹമായ ഈ നിരീക്ഷണങ്ങള്‍ക്ക് പ്രധാനമായും രണ്ടു രീതിയിലാണ് വിമര്‍ശകര്‍ മറുപടി പറയുന്നത്. അവ എന്തെന്നും അവയിലെ പിശക് എന്തെന്നും നമുക്ക് പരിശോധിക്കാം.

1) നാം കാണുന്ന ഭൗതികവസ്തുക്കള്‍ എല്ലാം ദ്രവ്യ/ഊര്‍ജ്ജ പരിവര്‍ത്തനത്തിന്‍റെ പല ഘട്ടങ്ങള്‍ മാത്രമാണ്. അതുകൊണ്ട്, ഒരു വസ്തുവും കൃത്യമായി ആരംഭിക്കുന്നു എന്നു പറയാന്‍ സാധ്യമല്ല. ഒരു വസ്തു മറ്റൊരു വസ്തുവിലേക്ക് പരിണമിക്കുക മാത്രമാണ് ചെയ്യുന്നത്.

ശാസ്ത്രീയമായി ഈ വാദം അംഗീകരിക്കേണ്ടതാണ്. ഒരു മനുഷ്യന്‍റെ ശരീരം ഉണ്ടാകുന്നതു പോലും പലതരം ദ്രവ്യങ്ങളുടെ പരിവര്‍ത്തനമായി കണക്കാക്കാന്‍ സാധിക്കും. പക്ഷേ, ഈ വാദത്തിന് ഒരു വലിയ പരിമിതിയുണ്ട്. പ്രപഞ്ചം മൊത്തമായി എടുത്താല്‍, പ്രപഞ്ചത്തിന്‍റെ അടിസ്ഥാനപരമായ ഊര്‍ജ്ജത്തെ/ദ്രവ്യത്തെ ഈ വാദം കൊണ്ട് സാധൂകരിക്കാന്‍ സാധ്യമല്ല. കാരണം, ശൂന്യതയില്‍ പരിവര്‍ത്തനപ്പെടാനായി എന്താണ് ഉണ്ടായിരിക്കുന്നത്? ഒന്നുമില്ല. അപ്പോള്‍, ഈ എതിര്‍വാദം ശൂന്യതയില്‍നിന്ന് പ്രപഞ്ചം ഉണ്ടായി എന്നു പറയുന്നതിന്‍റെ സാധൂകരണമല്ല.

2) ചില വിമര്‍ശകര്‍, ശൂന്യതയില്‍നിന്ന് ദ്രവ്യം ഉണ്ടാകുന്നു എന്നു വാദിക്കുന്നു. ക്വാണ്ടം ഫീല്‍ഡ് സിദ്ധാന്തപ്രകാരം, ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനകണികകള്‍ വാക്വം എനര്‍ജി ഫീല്‍ഡിലെ ചില ആന്ദോളനങ്ങള്‍ വഴിയാണ് ഉണ്ടാകുന്നത്. അപ്പോള്‍, ശൂന്യതയല്ല, പകരം വാക്വം ഫീല്‍ഡ് ആണ് ദ്ര്യവ്യമായി പരിവര്‍ത്തനം ചെയ്യുന്നത് എന്നാണ് ഇവരുടെ വാദം.

പക്ഷേ, ഈ വിമര്‍ശനം ഒരു വളച്ചൊടിക്കല്‍ മാത്രമാണ്. ക്വാണ്ടം ഫീല്‍ഡില്‍ നിന്നാണ് ദ്രവ്യം ഉണ്ടാകുന്നതെങ്കില്‍, ക്വാണ്ടം ഫീല്‍ഡിലെ ഊര്‍ജ്ജത്തിന്‍റെ കാരണം കണ്ടുപിടിക്കേണ്ടിവരും. നിശ്ചിതമായ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന ക്വാണ്ടം ഫീല്‍ഡിനെ "ശൂന്യത" എന്നു വിളിക്കുന്നത് ഈ വിമര്‍ശകരുടെ യുക്തിപരമായ സത്യസന്ധതയില്ലായ്മയാണ് കാണിക്കുന്നത്. ശൂന്യത എന്ന് തത്ത്വചിന്തകന്മാര്‍ വിളിക്കുന്നത് ഒന്നുമില്ലാത്ത ഒരു അവസ്ഥയേയാണ്. ക്വാണ്ടം ഫീല്‍ഡും ഇല്ലാത്ത അവസ്ഥ.

3) തന്‍റെ "ഗ്രാന്‍ഡ് ഡിസൈന്‍" എന്ന പുസ്തകത്തില്‍, പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ് മറ്റൊരു വാദം മുമ്പോട്ടു വയ്ക്കുന്നുണ്ട്. ഗ്രാവിറ്റി മുതലായ ഭൗതികനിയമങ്ങള്‍ മൂലമാണ് പ്രപഞ്ചംഉണ്ടായതത്രേ. പക്ഷേ, തത്വചിന്തകന്മാര്‍ ഇതിനെ ഒരു അസംബന്ധം (Absurdity) ആയിട്ടാണ് പരിഗണിക്കുന്നത്. ഗ്രാവിറ്റി എന്നത് ദ്ര്യവ്യമുള്ള പ്രപഞ്ചത്തിലെ അടിസ്ഥാനശക്തികളില്‍ ഒന്നാണ്. ശൂന്യതയില്‍ ഗ്രാവിറ്റി എന്ന നിയമത്തിന് എന്താണ് നില നില്‍പ്പ്? പ്രപഞ്ചാരംഭത്തിലെ സിംഗുലാരിറ്റിയില്‍ എല്ലാ ഭൗതികനിയമങ്ങളൂം (ഗ്രാവിറ്റി ഉള്‍പ്പെടെ) അപ്രസക്തമാണെന്ന് അംഗീകരിക്കുന്ന ഹോക്കിംഗിനെ പോലൊരു പ്രഗത്ഭ ശാസ്ത്രജ്ഞന്‍, ഒരു വെറും നിയമത്തെ ഭൗതികപ്രപഞ്ചത്തിന്‍റെ കാരണമായി അവതരിപ്പിക്കുന്നത് ബൗദ്ധികമായ പാപ്പരത്തമാണെന്ന് അവര്‍ പറയുന്നു. നിയമങ്ങള്‍ക്ക് ഊര്‍ജ്ജത്തെ നിര്‍മ്മിക്കാനോ, എന്തെങ്കിലും പ്രതിഭാസത്തിന്‍റെ ഭൗതികകാരണം ആകാനോ സാധ്യമല്ല. 1 + 1 = 2 എന്നത് ഒരു നിയമമാണ്. ഈ നിയമം, എന്തെങ്കിലും ഒരു പ്രതിഭാസത്തിന്‍റെ കാരണം ആകുന്നില്ല. പ്രതിഭാസങ്ങളുടെ വിശദീകരണങ്ങളാണ് ശാസ്ത്രനിയമങ്ങള്‍. ശാസ്ത്രനിയമങ്ങളുടെ ഈ അടിസ്ഥാനനിര്‍വചനം പോലും തെറ്റിദ്ധരിച്ചിട്ടുള്ള ഒരു വാദമാണ് ഹോക്കിംഗ് ഉന്നയിക്കുന്നതെന്ന് "ഗോഡ് ആന്‍ഡ് സ്റ്റീഫന്‍ ഹോക്കിംഗ് ഹൂസ് ഡിസൈന്‍ ഈസ് ഇറ്റ് എനിവേ" എന്ന പുസ്തകത്തില്‍ ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആയ ജോണ്‍ ലെന്നോക്സ് വിശദീകരിക്കുന്നു.

അപ്പോള്‍, ആരംഭമുള്ള എന്തിനും ഒരു കാരണമുണ്ട് എന്നത് യുക്തിസഹമായ ഒരു നിരീക്ഷണമാണ്. അടുത്ത അദ്ധ്യായങ്ങളില്‍, പ്രപഞ്ചത്തിന്‍റെ ആരംഭത്തെപ്പറ്റി നമുക്ക് ചര്‍ച്ച ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org