പ്രപഞ്ചത്തിന്‍റെ മതിയായ കാരണം

വിശദീകരണം തേടുന്ന വിശ്വാസം-13

ബിനു തോമസ്, കിഴക്കമ്പലം

ആധുനികതത്ത്വചിന്തയുടേയും വിജ്ഞാനത്തിന്‍റെയും വെളിച്ചത്തില്‍, നാചുറല്‍ തിയോളജിയിലെ അഗ്രഗണ്യമായ വാദമുഖങ്ങളാണ് നാം ഈ ലക്കം മുതല്‍ പരിചയപ്പെടുന്നത്.

പ്രതിഭാസങ്ങളും വിശദീകരണങ്ങളും
മനുഷ്യര്‍ ജീവിതത്തില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ എണ്ണമറ്റവയാണ്. ഇവയില്‍ ഏറ്റവും അടിസ്ഥാനപരമായ ചോദ്യം ഏതാണ്? എഴുതാന്‍ നീലമഷി വേണോ കറുത്തമഷി വേണോ, ഐഫോണ്‍ വേണോ ആന്‍ഡ്റോയിഡ് ഫോണ്‍ വേണോ എന്നു തുടങ്ങിയ വ്യാവഹാരികമായ ചോദ്യങ്ങള്‍ മുതല്‍, എന്തു ഭക്ഷിക്കും എന്ന ജൈവികമായ ചോദ്യങ്ങള്‍ ഉള്‍പ്പെടെ, ജീവിതത്തിന്‍റെ അര്‍ത്ഥമെന്ത് എന്നുള്ള താത്വികമായ ചോദ്യങ്ങള്‍ വരെ ഒട്ടനവധി ചോദ്യങ്ങള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജര്‍മ്മന്‍ തത്വചിന്തകനും ഗണിതജ്ഞനുമായിരുന്ന ഗോട്ട്ഫ്രൈഡ് ലൈബനീസ് ഏറ്റവും പ്രഥമമായ ചോദ്യത്തെ ഇപ്രകാരമാണ് ഉന്നയിച്ചത് "Why is
there something rather than nothing?" എന്തുകൊണ്ടാണ് ഒന്നുമില്ലാതിരിക്കുന്നതിനു പകരം എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കുന്നത്? (ഐസക് ന്യൂട്ടണ്‍ കാല്‍ക്കുലസ് (കലനഗണിതം – Differential and Integral Calculus) കണ്ടുപിടിച്ച അതേസമയത്ത് സ്വയം കാല്‍ക്കുലസ് കണ്ടുപിടിച്ചയാള്‍ എന്ന നിലയിലാണ് ലൈബനീസിന്‍റെ പ്രശസ്തി. ന്യൂട്ടന്‍റെ പ്രശസ്തമായ ചലനനിയമങ്ങള്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കുലസിനെ അടിസ്ഥാനപ്പെടുത്തിയാണെന്നുള്ളത് ഏവര്‍ക്കും അറിയാമല്ലോ).

ഈ പ്രപഞ്ചത്തിലെ സര്‍വ പ്രതിഭാസത്തിനും ഒരു കാരണം, അല്ലെങ്കില്‍, ഒരു വിശദീകരണം ഉണ്ട് എന്നുള്ളത് മനുഷ്യബുദ്ധിയുടെ ഒരു അടിസ്ഥാനപരമായ അനുമാനമാണ്. ശാസ്ത്രവും അന്വേഷണവും നിലനില്‍ക്കുന്നതു തന്നെ ഈ അനുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇങ്ങനെയൊരു അനുമാനം ഇല്ലെങ്കില്‍, നാം ഒന്നും അന്വേഷിച്ചുപോകുമായിരുന്നില്ലല്ലോ. മറ്റു മൃഗങ്ങള്‍ കാരണങ്ങള്‍ തേടി നടക്കാത്തതിന്‍റെ കാരണം ഇത്തരമൊരു അനുമാനം അവര്‍ക്ക് ഇല്ലാത്തതുകൊണ്ടു തന്നെ. വിശദീകരണങ്ങള്‍ തേടുന്നതാണ് മനുഷ്യന്‍റെ ഒരു പ്രധാന ജോലിയും വിനോദവും. രാവിലെ കഴിച്ച ദോശയിലെ ഉപ്പിന്‍റെ അളവു കൂടിയതിന്‍റെ കാരണം മുതല്‍, നമ്മുടെ ജീവിതത്തിന്‍റെ അര്‍ത്ഥത്തിന്‍റെ വിശദീകരണം വരെ ഈ "കാരണം കണ്ടുപിടിക്കല്‍ ത്വര" വ്യാപിച്ചുകിടക്കുന്നു.

"ഈ പ്രപഞ്ചത്തിന്‍റെ നില നില്‍പ്പിന്‍റെ വിശദീകരണം എന്താണ്? ഈ പ്രപഞ്ചം ഇവിടെ ഇല്ലാതിരിക്കാമായിരുന്നു. പക്ഷേ, അത് ഇവിടെ ഉണ്ട്. Why is there a Universe rather than no Universe? – ലൈബനീസ് പ്രപഞ്ചത്തിന്‍റെ കാരണം അന്വേഷിക്കുന്നു. ഈ അന്വേഷണത്തില്‍ നിന്നു തുടങ്ങി അദ്ദേഹം ദൈവത്തില്‍ എത്തിച്ചേരുന്ന ഒരു വാദമാണ് നാം ആദ്യമായി ചര്‍ച്ച ചെയ്യുന്നത്. Principle of Sufficient Reason (മതിയായ കാരണത്തിന്‍റെ തത്വം) എന്ന് നമുക്ക് ഈ വാദത്തെ വിളിക്കാം.

ഈ ലക്കത്തില്‍, ഈ വാദത്തിന്‍റെ ഒരു സംഗ്രഹം മാത്രമാണ് നമ്മള്‍ കാണാന്‍ പോകുന്നത്. ഇതിലെ ഓരോ പ്രസ്താവനയുടേയും വിശദീകരണവും അതിനെതിരായ വാദങ്ങളും അവയുടെ ഖണ്ഡനവും തുടര്‍ന്നുള്ള ലക്കങ്ങളില്‍ ഉണ്ടായിരിക്കും.

ദൈവം പ്രപഞ്ചത്തിന്‍റെ മതിയായ കാരണം
(God as the sufficient explanation for Universe)
ലൈബനീസിന്‍റെ അന്നത്തെ വാദം, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വൈജ്ഞാനികപശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്നത് ഈ രീതിയിലാണ്.

1. ദൃശ്യപ്രപഞ്ചം നിലനില്‍ക്കുന്നുണ്ട്.
ഈ പ്രസ്താവന ശരിയാണ് എന്ന് പ്രായോഗികമായി അംഗീകരിക്കാത്തവര്‍ കുറവായിരിക്കും. പക്ഷേ, ദൃശ്യപ്രപഞ്ചത്തിന്‍റെ യാഥാര്‍ത്ഥ്യം നാം അറിയുന്ന തരത്തില്‍ ആണെന്ന് താത്വികമായി അംഗീകരിക്കാത്ത അനേകം ആളുകള്‍ നമുക്കു ചുറ്റും ഉണ്ടെന്ന് അറിയുന്നത് ഒരു അത്ഭുതമായി തോന്നാം. തുടര്‍ന്നുള്ള ലക്കങ്ങളില്‍ നമുക്ക് ഈ പ്രസ്താവന വിശദമായി പരിശോധിക്കാം.

2. പ്രപഞ്ചം ഒരു അനിവാര്യമായ (necessary) വസ്തുതയല്ല.
എന്താണ് അനിവാര്യമായ വസ്തുത? നിലനില്‍പ്പിനുവേണ്ടി മറ്റൊരു വസ്തുതയെ ആശ്രയിച്ചിരിക്കുന്ന എന്തും അനിവാര്യമല്ലാത്ത വസ്തുതയാണ്. ഉദാഹരണത്തിന്, ഞാന്‍ എന്ന ആള്‍ അനിവാര്യനല്ല. ഞാന്‍ ഇല്ലാത്ത ഒരു പ്രപഞ്ചം സാധ്യമാണ്. നമുക്ക് ചുറ്റും കാണുന്ന ഒന്നും ഈ പ്രപഞ്ചത്തിന് അനിവാര്യമല്ല. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അനിവാര്യമല്ല. അപ്പോള്‍, നാം അറിയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മുഴുവനും ആശ്രയസ്വഭാവം (Contingency) ഉള്ളതാണെന്ന് പറയേണ്ടി വരും. പക്ഷേ, ഈ പ്രപഞ്ചം മുഴു വനുമായി അനിവാര്യമല്ല എന്നു പറയാന്‍ സാധിക്കുമോ? സാധിക്കും എന്നതാണ് യുക്തിപരമായി ശരിയായിട്ടുള്ളത്. ഇതും നമുക്ക് അടുത്ത ലക്കങ്ങളില്‍ ചര്‍ച്ച ചെയ്യാം.

3. അനിവാര്യമല്ലാത്ത ഏതു വസ്തുതയുടെ നിലനില്‍പ്പിനും ആ വസ്തുതയുടെ ഉപരിയായ വസ്തുതകളില്‍ ആശ്രയിച്ചുകൊണ്ടുള്ള മതിയായ ഒരു വിശദീകരണം ഉണ്ടായിരിക്കും.

ഇത് ഏവരും അംഗീകരിക്കുന്ന ഒരു അനുമാനം (Assumption) ആണ്. എങ്കിലും, ഇതിനെക്കുറിച്ചും തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. അതും അടുത്തലക്കങ്ങളില്‍ ചര്‍ച്ച ചെയ്യാം.

4. മുകളിലത്തെ മൂന്നു പ്രസ്താവനയില്‍ നിന്നും, പ്രപഞ്ചത്തിന് പ്രപഞ്ചത്തിനും ഉപരിയായ വസ്തുതയില്‍ ആശ്രയിച്ചുകൊണ്ടുള്ള മതിയായ ഒരു വിശദീകരണം ഉണ്ട്. പ്രപഞ്ചത്തിനും ഉപരിയായ ഈ വസ്തുതയെ നാം വിളിക്കുന്ന പേരാണ് ദൈവം.

ആധുനിക ഗണിതശാസ്ത്രത്തിലെ "ലോജിക്" (Logic – യുക്തിശാസ്ത്രം) എന്ന ശാഖയുടെ നിയമങ്ങള്‍ പ്രകാരം, ആദ്യത്തെ മൂന്നു പ്രസ്താവനകള്‍ ശരിയാണെങ്കില്‍, നാലാമത്തെ പ്രസ്താവന ശരിയാണെന്നതിന് സംശയമില്ല (Propositional Calculus). അപ്പോള്‍, ഈ വാദത്തിലെ ആദ്യത്തെ മൂന്ന് വാദങ്ങളെ ഖണ്ഡിക്കുവാന്‍ സാധ്യമല്ലെങ്കില്‍, പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പ് ദൈവത്തിന്‍റെ അസ്തിത്വത്തിന്‍റെ ഗണിത- യുക്തിശാസ്ത്രപരമായ (Mathematical Logic) തെളിവായി മാറുന്നു.

അതുകൊണ്ടുതന്നെ, പലവിധത്തിലുമുള്ള ഖണ്ഡനശ്രമങ്ങള്‍ ആദ്യത്തെ മൂന്നു പ്രസ്താവനകള്‍ക്കുമെതിരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, വിജയകരമായി ഈ പ്രസ്താവനകളെ ഖണ്ഡിക്കുവാന്‍ ബുദ്ധിമുട്ടാണ് എന്ന് നമുക്ക് തുടര്‍ന്നുള്ള ലക്കങ്ങളില്‍ കാണാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org