പ്രകൃതീദൈവശാസ്ത്രം ഒരു ആമുഖം

Published on

വിശദീകരണം തേടുന്ന വിശ്വാസം-12

ബിനു തോമസ്, കിഴക്കമ്പലം

പൊതു ഉറവിടങ്ങളില്‍നിന്ന് മതവിശ്വാസത്തിന്‍റെ യുക്തിപരമായ വശം അന്വേഷിക്കുന്ന യാത്രയിലാണ് നാം. ആത്മീയത എന്ന ഒന്നാമത്തെ ഉറവിടത്തെ നാം വിശദമായി ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇനി അടുത്ത ഉറവിടത്തിലേക്ക് നമുക്ക് ശ്രദ്ധ തിരിക്കാം:

പ്രപഞ്ചം. പ്രകൃതിയില്‍നിന്ന് ദൈവത്തിന്‍റെ അസ്ഥിത്വത്തേയും സവിശേഷതകളേയും തേടുന്ന ദൈവശാസ്ത്രത്തിനെ നമുക്ക് പ്രകൃതീദൈവശാസ്ത്രം (നാചുറല്‍ തിയോളജി) എന്നു വിളിക്കാം.

പ്രപഞ്ചം പ്രാചീനമനുഷ്യന്‍റെ ദൈവസാക്ഷാത്കാരം
പ്രപഞ്ചം എന്നത് മതവിശ്വാസത്തിന്‍റെ ഉറവിടമാണെന്നു കേള്‍ക്കുമ്പോള്‍, ഇന്നത്തെ മനുഷ്യര്‍ പൊതുവേ അമ്പരന്നെന്നു വരും. ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൃശ്യപ്രപഞ്ചം എന്നത് വെറും ദ്രവ്യമാണ് (matter). സ്ഥല-കാലദ്വന്ദത്തില്‍ (space-timeduality) ഒതുക്കപ്പെട്ടിരിക്കുന്ന ഒരു വസ്തുത. അചേതനമായ ഭൗതിക-രാസ-ജൈവനിയമങ്ങളിലൂടെ ഒഴുകി നടക്കുന്ന ഊര്‍ജ്ജരൂപം. ഇതില്‍ എവിടെ ദൈവം? ആധുനികമനുഷ്യന് മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്നതില്‍ അതിശയമില്ല.

പക്ഷേ, പ്രാചീനമനുഷ്യന്‍ ഈ പ്രപഞ്ചത്തെ കണ്ടത് മറ്റൊരു രീതിയിലായിരുന്നു. അവന്‍ ഈ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ ആരാധിച്ചു. പ്രപഞ്ചത്തില്‍, തന്‍റെ ചുറ്റുമുള്ള ജീവികളിലും മനുഷ്യരിലും അവന്‍ തന്‍റെ ഉള്ളിലുറങ്ങി ക്കിടന്ന ആത്മീയദാഹത്തിന്‍റെ അന്തസത്ത തേടി. കുലദേവതകളായും ഭൗതികപ്രതിഭാസങ്ങളുടെ ആത്മീയരൂപമായും (Spiritual Projection of Physical Phenomenon) ദൃശ്യപ്രപഞ്ചത്തില്‍ മറഞ്ഞിരിക്കുന്ന പ്രപഞ്ചാതീതശക്തിയായുമൊക്കെ അവന്‍ ദൈവഭാവത്തെ അവതരിപ്പിച്ചു. എല്ലാ പ്രാകൃത മതങ്ങളിലും കാണപ്പെടുന്ന പ്രപഞ്ചകേന്ദ്രീകൃതമായ ദൈവ സങ്കല്‍പ്പം, പ്രപഞ്ചത്തെ പ്രാചീന മനുഷ്യന്‍ എത്രമാത്രം ദൈവത്തോട് ചേര്‍ത്തുനിര്‍ത്തി എന്നതിന്‍റെ നേര്‍തെളിവാണ്. "തത്വമസി" എന്ന വാക്കില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്ന ഹൈന്ദവ അദ്വൈതദര്‍ശനത്തിലും ഈ പ്രപഞ്ചത്തിലെ എല്ലാം-മനുഷ്യനും പ്രാണികളും മണ്ണും മരവും-ബ്രഹ്മമായി ഒന്നാകുന്ന ആത്മീയദര്‍ശനമാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്.

ആധുനികനരവംശശാസ്ത്രം പ്രപഞ്ചകേന്ദ്രീകൃതമായ ഈ ദൈവികവീക്ഷണങ്ങളെ പ്രാചീനമനുഷ്യന്‍റെ അറിവില്ലായ്മയായി കണക്കാക്കുന്നു. ഇത് ശരിയാണെന്ന് അംഗീകരിച്ചാല്‍ പോലും, പ്രാചീനമനുഷ്യന്‍റെ ദൈവശാസ്ത്രം എത്രമാത്രം പ്രപഞ്ചത്തോട് ചേര്‍ന്നാണ് കിടന്നിരുന്നത് എന്നു മനസ്സിലാക്കാന്‍ ഈ ചരിത്രത്തില്‍ നിന്ന് നമുക്ക് സാധിക്കും. "ആകാശം ദൈവത്തിന്‍റെ മഹത്ത്വം പ്രഘോഷിക്കുന്നു, വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു" (സങ്കീ. 19:1) എന്നു പാടിയ സങ്കീര്‍ത്തകന് പ്രപഞ്ചം തന്‍റെ ദൈവവിശ്വാസത്തിന്‍റെ ഒരു സ്രോതസ് ആയിരുന്നില്ലേ? ജോബിന്‍റെ പുസ്തകത്തില്‍, സ്വയം സംസാരിക്കുന്ന ദൈവം സ്വയം പരിചയപ്പെടുത്തുന്നത് പ്രാകൃതികപ്രതിഭാസങ്ങളുടെ ഒരു നീണ്ടപട്ടികയുമായിട്ടാണ്. "ലോകസൃഷ്ടി മുതല്‍ ദൈവത്തിന്‍റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്" (റോമാ 1:20) എന്ന വി. പൗലോസിന്‍റെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്.

പ്രകൃതിയിലെ ഓരോ സ്പന്ദനത്തിലും ദൈവസ്പര്‍ശം ഗ്രഹിക്കുന്ന ദൈവശാസ്ത്രമാണ് പ്രാചീനമതങ്ങള്‍ക്ക് പൊതുവേ ഉണ്ടായിരുന്നത് എന്നു കാണുവാന്‍ പ്രയാസമില്ല. പക്ഷേ, ഈ കാഴ്ചപ്പാട്, ഒരുതരം ഉള്‍ക്കാഴ്ച (intuition) എന്നതിനപ്പുറം കാര്യ-കാരണസഹിതമായ ഒരു വാദമുഖമായി അവതരിപ്പിക്കുന്നതില്‍ ആ ദൈവശാസ്ത്രം ശ്രദ്ധ കൊടുക്കുന്നില്ല എന്നത് വ്യക്തമാണ്. അത്തരമൊരു കാര്യ-കരണസഹിതമായ വാദഗതി അന്നത്തെ ജനതയ്ക്ക് ആവശ്യമായിരുന്നുമില്ല. കാരണം, പ്രപഞ്ചമെന്നത് ദൈവത്തിന്‍റെ, അല്ലെങ്കില്‍, ദൈവങ്ങളുടെ ശക്തിയുടെ പ്രതിഫലനമാണെന്നു വിശ്വസിച്ചിരുന്ന സംസ്കാരങ്ങളില്‍ അത്തരമൊരു യുക്തി പൂര്‍ണ്ണമായ വാദത്തിന്‍റെ ആവശ്യകത കുറവാണല്ലോ.

കാലത്തിന്‍റെ കുത്തൊഴുക്ക്
പ്രപഞ്ചം, മനുഷ്യന്‍റെ നഗ്നനേത്രങ്ങളുടെ ദൃഷ്ടിപഥത്തില്‍ നിന്നും, ടെലസ്കോപ്പിന്‍റെയും മൈക്രോസ്കോപ്പിന്‍റെയും മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടപ്പോള്‍ അത് ദൈവശാസ്ത്രത്തിന്‍റെ അതിര്‍വരമ്പുകളിലേക്ക് തള്ളിമാറ്റപ്പെടാന്‍ ആരംഭിച്ചു. പ്രാപഞ്ചികവിജ്ഞാനീയം ശാസ്ത്രത്തിന്‍റെ മേഖലയായി മാറുകയും, ദൈവവിശ്വാസത്തിന്‍റെ ഉറവിടമെന്ന നിലയില്‍ പ്രപഞ്ചം അപ്രസക്തമായി മാറുകയും ചെയ്തു. കാലത്തിന്‍റെ കുത്തൊഴുക്കില്‍, പ്രപഞ്ചത്തില്‍ ദൈവത്തെ കാണാന്‍ ശ്രമിച്ചിരുന്ന പ്രാചീന ദൈവശാസ്ത്രം അപ്രത്യക്ഷമായി. ആധുനികദൈവശാസ്ത്രങ്ങള്‍ മനുഷ്യ മനസാക്ഷിയിലും ആത്മീയതയെന്ന മനുഷ്യസത്തയിലും മതാചാരങ്ങളിലും മതഗ്രന്ഥങ്ങളിലും ഒതു ങ്ങുന്ന ദൈവത്തെ തേടിയിറങ്ങി. പ്രാപഞ്ചികവിജ്ഞാനീയത്തില്‍ നിന്നുകൊണ്ട് സുദൃഢമായ ഒരു ദൈവശാസ്ത്രം രൂപീകരിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം അപ്രത്യക്ഷമായി.

ഇത് ഒരു തരത്തില്‍ ഒരു വിരോധാഭാസമായി പരിഗണിക്കേണ്ടിയിരിക്കുന്നു. കാരണം, ആധുനിക ശാസ്ത്രത്തിന്‍റെ ആദ്യകാലത്തിലെ അഗ്രഗണ്യന്മാര്‍ പ്രകൃതിയെ പഠിക്കുവാന്‍ ശ്രമിച്ചത് അതിലൂടെ വെളിപ്പെടുന്ന ദൈവമനസ്സിനെയും സത്യത്തേയും ആയിരുന്നു. ഗ്രീക്ക് ചിന്തകരുടെ ആശയങ്ങള്‍ വികസിപ്പിച്ച്, ദൈവവെളിപാടിന് രണ്ടു പുസ്തകങ്ങള്‍ ഉണ്ടെന്നാണ് ക്രിസ്തീയ സഭാപിതാക്കന്മാരും ആദ്യകാലശാസ്ത്ര മഹാരഥന്മാരും കരുതിയത്. ബൈബിളും പ്രകൃതിയും. സഭാപിതാവായ തെര്‍ത്തൂലിയന്‍റെ വാക്കുകള്‍ കടമെടുത്ത്, അഗ്രഗണ്യനായ ശാസ്ത്രജ്ഞന്‍ ഗലീലിയോ എഴുതി: 'ദൈവം പ്രഥമമായി പ്രകൃതിയിലൂടെയും, സവിശേഷമായി വിശ്വാസസത്യങ്ങളിലൂടെയും അറിയപ്പെടുന്നു."

ദൃശ്യപ്രകൃതിയില്‍നിന്ന് ദൈവത്തിന്‍റെ അസ്ഥിത്വം സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചവരില്‍ പ്രമുഖനായിരുന്ന ഒരാളായിരുന്നു വി. തോമസ് അക്വീനാസ്. തന്‍റെ "പഞ്ചമാര്‍ഗ്ഗങ്ങ"ളിലൂടെ പ്രപഞ്ചത്തില്‍നിന്ന് ദൈവത്തിലേക്ക് യുക്തിപരമായി നീങ്ങുവാന്‍ മനുഷ്യനു സാധിക്കുമെന്ന് അദ്ദേഹം വാദിച്ചു. പക്ഷേ, മുകളില്‍ സൂചിപ്പിച്ച കാലത്തിന്‍റെ കുത്തൊഴുക്കില്‍, അദ്ദേഹത്തിന്‍റെയും അതുപോലെ മറ്റു പലരുടേയും പ്രകൃതികേന്ദ്രീകൃതമായ ദൈവശാസ്ത്രം പിന്നോക്കം പോയി. വില്യം പാലിയെപ്പോലുള്ളവര്‍ പിന്നീടു നടത്തിയ ശ്രമങ്ങളും പരിണാമസിദ്ധാന്തം പോലുള്ള ആധുനികശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രഭയില്‍ മങ്ങിപ്പോയി.

പ്രസക്തി നഷ്ടപ്പെടാത്ത പ്രകൃതീദൈവശാസ്ത്രം
പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്‍റെ ഒടുവില്‍, പ്രകൃതിയില്‍നിന്ന് ദൈവത്തെ തേടുന്ന ദൈവശാസ്ത്രം ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ്. പഴയ മഹാരഥന്മാരുടെ പല വാദഗതികളും പുതിയ ശാസ്ത്രീയവിജ്ഞാനത്തിന്‍റെയും യുക്തിചിന്തയുടേയും വെളിച്ചത്തില്‍ പുനര്‍രൂപീകരണം നടത്തപ്പെട്ടിരിക്കുന്നു. ആധുനികതത്ത്വ ചിന്തയുടെ പിന്തുണയോടെ, ദൃശ്യപ്രപഞ്ചത്തില്‍നിന്ന് ദൈവാസ്ഥിത്വത്തിലേക്ക് യുക്തിപരമായി സഞ്ചരിക്കാന്‍ സാധിക്കുമെന്ന ശക്തമായ പല വാദങ്ങളും രംഗ പ്രവേശനം ചെയ്തിരിക്കുന്നു.

ആധുനികതത്ത്വചിന്തയുടേയും വിജ്ഞാനത്തിന്‍റെയും വെളിച്ചത്തില്‍, നാചുറല്‍ തിയോളജിയിലെ ഏതാനും അഗ്രഗണ്യമായ വാദമുഖങ്ങള്‍ അടുത്ത ലക്കം മുതല്‍ നമുക്ക് പരിചയപ്പെടാം.

logo
Sathyadeepam Online
www.sathyadeepam.org