സ്വതന്ത്ര മനസ്സും നന്മതിന്മകളും

Published on

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-38

ബിനു തോമസ്, കിഴക്കമ്പലം

തിന്മയെന്ന വിഷയത്തിലെ രണ്ടു തലങ്ങള്‍ -വൈകാരികം, ബൗദ്ധികം- നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു. വൈകാരികതലത്തില്‍ ഒരു വിശ്വാസിക്ക് നല്‍കാവുന്ന പ്രതികരണവും നാം ചര്‍ച്ച ചെയ്തു. ബൗദ്ധികതലത്തില്‍, ക്രൈസ്തവേതരമായ ചില സൈദ്ധാന്തികസമീപനങ്ങളും നാം കണ്ടു.

ക്രൈസ്തവ ദൈവസങ്കല്‍പ്പത്തിന്‍റെ വെളിച്ചത്തില്‍ ഈ പ്രശ്നത്തെ സമീപിക്കുന്നതിന് മുന്‍പ്, ഒരു കാര്യംകൂടി ശ്രദ്ധയില്‍പ്പെടുത്തട്ടെ. തിന്മയുടെ പ്രശ്നം, പല അവിശ്വാസികളും എല്ലാ മതങ്ങള്‍ക്കും ബാധകമായ ഒരു സാര്‍വ്വത്രികപ്രശ്നം (Universal Problem) ആയിട്ടാണ് അവതരിപ്പിക്കുന്നത്. ഇത്, വിഭിന്നമായ മതങ്ങളുടെ വീക്ഷണങ്ങളെപ്പറ്റി ശരിയായ ഗ്രാഹ്യം ഇല്ലാത്തതുകൊണ്ടാണ്. കഴിഞ്ഞ അധ്യായത്തില്‍ കണ്ടതു പോലെ, ദൈവസങ്കല്‍പ്പവും യാഥാര്‍ത്ഥ്യത്തെപ്പറ്റിയുള്ള സങ്കല്‍പ്പവും വ്യത്യസ്തമായ മതങ്ങള്‍ക്ക് ഇതൊരു പ്രശ്നമല്ല. (ആ സങ്കല്‍പ്പങ്ങളുടെ യുക്തിഭദ്രത മറ്റൊരു വിഷയമാണ്, അതും നന്മതിന്മകളുമായി കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല).

സ്വതന്ത്ര മനസ്സ് – ധാര്‍മ്മികതയുടെ മൂലക്കല്ല്
ക്രൈസ്തവ ധാര്‍മ്മികതയില്‍ -എല്ലാ മാനുഷിക ധാര്‍മികസംഹിതകളിലും- തിന്മ ചെയ്തതായി കണക്കാക്കപ്പെടണമെങ്കില്‍, ഒരു പ്രവൃത്തി ചെയ്ത ആളുടെ സ്വതന്ത്രമായ മനസ്സ് അനിവാര്യമാണ്. അറിവില്ലാതെ, സ്വതന്ത്രമായി തീരുമാനിക്കാതെ ഒരുവന്‍ ചെയ്യുന്ന പ്രവൃത്തിയെ-അതെത്രമാത്രം വലിയ തിന്മയിലേക്ക് നയിച്ചാലും – അധാര്‍മ്മികം എന്ന് നാം വിധിക്കുന്നില്ല.

ദൈവം മനുഷ്യനെ സ്വതന്ത്ര മനസ്സുള്ള (Free Will) ഒരു ജീവിയായി സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ക്രൈസ്തവ മനുഷ്യസങ്കല്‍പ്പം. സ്വതന്ത്രമനസ്സുള്ള മനുഷ്യന്‍ സ്വമേധയാ തെരഞ്ഞെടുക്കുന്ന ഒരു അധാര്‍മ്മികപ്രവൃത്തിയാണ് തിന്മ. ആ സ്വതന്ത്രമനസ്സാണ് മനുഷ്യന് ധാര്‍മ്മികത പ്രദാനം ചെയ്യുന്നത്. അപ്പോള്‍, ധാര്‍മ്മിക തിന്മകളുടെ മൂലകാരണം മനുഷ്യന്‍റെ സ്വതന്ത്രമനസ്സാണ്. സ്വതന്ത്രമനസ്സുകൊണ്ട് മനുഷ്യന്‍ ചെയ്യുന്ന തിന്മകളെ ദൈവത്തില്‍ ആരോപിക്കാന്‍ സാധ്യമല്ല.

മനുഷ്യന്‍റെ സ്വതന്ത്ര മനസ്സ് എന്ന സങ്കല്‍പ്പം പണ്ടുമുതല്‍ക്കേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണെങ്കിലും, ധാര്‍മ്മികതിന്മയുടെ സൈദ്ധാന്തികപ്രശ്നത്തെ മൊത്തമായും പരിഹരിക്കാന്‍ ഇതിനു സാധിക്കും എന്ന് തത്ത്വചിന്താപരമായി ആധുനിക തത്ത്വശാസ്ത്രത്തില്‍ തെളിയിച്ചത് ആല്‍വിന്‍ പ്ലാന്‍റിംഗ എന്ന തത്ത്വചിന്തകനാണ് (ആധുനിക തത്ത്വശാസ്ത്രത്തിലെ എണ്ണപ്പെട്ട ഒരു വ്യക്തിത്വമാണ് അദ്ദേഹം).

പക്ഷേ, ഈ 'ഫ്രീവില്‍' വാദത്തിന് പ്രധാനമായും രണ്ടു ദിശയില്‍ നിന്നുള്ള എതിര്‍വാദങ്ങളുണ്ട്. ഒന്ന്, മനുഷ്യന്‍ സ്വതന്ത്രമനസ്സിന്‍റെ ഉടമയാണ് എന്ന സങ്കല്‍പ്പത്തിന്‍റെ സത്യാവസ്ഥയെ ചുറ്റിപ്പറ്റിയാണ്. രണ്ട്, മനുഷ്യന്‍ സ്വതന്ത്രനാണ് എന്നംഗീകരിച്ചാലും, ഈ സ്വതന്ത്രസൃഷ്ടിയും ദൈവ നന്മയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങള്‍.

മനുഷ്യന്‍ സ്വതന്ത്ര്യ മനസ്സിന്‍റെ ഉടമയാണോ?
മനുഷ്യന്‍ തികച്ചും സ്വതന്ത്ര നല്ല എന്നാണ് ചില ചിന്തകര്‍ വാദിക്കുന്നത്. മനുഷ്യന്‍റെ പാരതന്ത്ര്യത്തിന് രണ്ടു മാനങ്ങളുണ്ട്.

ഒന്ന്, ഒരു ജീവിയെന്ന നിലയില്‍ അവന്‍ സ്വന്തം സാഹചര്യങ്ങളിലും പരിസരങ്ങളിലും കഴിവുകളിലും വളരെയേറെ ആശ്രിതനാണ്, പരിമിതനാണ് എന്നാണ് ഇവര്‍ പറയുന്നത്. പ്രത്യക്ഷത്തില്‍ വളരെ യഥാര്‍ത്ഥമാണ് ഈ വാദം. പക്ഷേ, ഈ പരിമിതികള്‍ക്കുള്ളില്‍ തന്നെ നിന്നുകൊണ്ടുള്ള മനുഷ്യന്‍റെ ധാര്‍മികതെരഞ്ഞെടുക്കലുകളാണ് നന്മതിന്മകളുടെ ആധാരം. മനുഷ്യന്‍റെ സാഹചര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടു തന്നെയാണ് നന്മതിന്മകള്‍ മനുഷ്യന്‍ വിവേചിക്കുന്നത്. അതുകൊണ്ട്, ഈ വാദം അപ്രസക്തമാണ്.

രണ്ട്, മനുഷ്യന്‍ ഭൗതികവസ്തുക്കളാല്‍ രൂപീകരിക്കപ്പെട്ടിരിക്കുന്ന ഒരു ജീവിയാണ്. ഭൗതിക വസ്തുക്കള്‍ നിശ്ചിതമായ നിയമങ്ങളാലും പ്രവര്‍ത്തനങ്ങളാലും നയിക്കപ്പെടുന്നു. മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന തലച്ചോറില്‍ നടക്കുന്നതും രാസ-ഭൗതിക പ്രവര്‍ത്തനങ്ങളാണ്. അതുകൊണ്ട്, മനുഷ്യന്‍റെ എല്ലാ പ്രവൃത്തികളും ഭൗതികമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു എന്ന് വാദിക്കുന്നവരുണ്ട്.

പക്ഷേ, സൈദ്ധാന്തികമായും ധാര്‍മ്മികമായും വളരെയേറെ യുക്തിഭംഗമുള്ള ഒരു വാദമാണിത്. സങ്കീര്‍ണ്ണവും സാങ്കേതികവുമായ ഒരു വിഷയമായതിനാല്‍ ഇതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഈ പംക്തി ഉപയോഗിക്കുന്നത് ഉചിതമാവില്ല. ലളിതമായി പറഞ്ഞാല്‍, നന്മതിന്മകള്‍ ഇല്ല എന്ന ഒരു വാദമാണ് ഇതെന്ന് കാണുവാന്‍ പ്രയാസമില്ല. പക്ഷേ, നമ്മുടെ മുമ്പിലുള്ള വെല്ലുവിളി തിന്മയുടെ നിലനില്‍പ്പ് ആണെന്നതുകൊണ്ട്, ഈ വാദവും ഈ ചര്‍ച്ചയ്ക്ക് അപ്രസക്തമാണ്. അതു പോലെ തന്നെ, ക്രൈസ്തവ ലോകവീക്ഷണത്തില്‍, അഭൗതികമായ ആത്മാവാണ് സ്വതന്ത്രമനസ്സിന്‍റെ അടിസ്ഥാനം എന്നതുകൊണ്ട്, ഭൗതികമായ പ്രതിഭാസങ്ങളുടെ മേല്‍ കെട്ടിപ്പടുക്കുന്ന വാദം ബാധകമല്ല എന്നും വ്യക്തമാണല്ലോ.

ചുരുക്കത്തില്‍, ധാര്‍മ്മികതയും നന്മതിന്മകളും നിര്‍വ്വചിക്കപ്പെടുന്നതു തന്നെ, മനുഷ്യന്‍ സ്വതന്ത്ര മനസ്സിന്‍റെ ഉടമയാണെന്ന ധാരണയുടെ പുറത്താണ്. പരിമിതികളും സാഹചര്യങ്ങളും ഭൗതികസവിശേഷതകളും മൂലം മനുഷ്യന്‍ അനുഭവിക്കുന്ന പാരതന്ത്ര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുതന്നെയാണ് നന്മതിന്മകള്‍ വിവേചിക്കപ്പെടുന്നതും. അതുകൊണ്ടുതന്നെ, തിന്മ നിലനില്‍ക്കുന്നു എന്ന വസ്തുത അംഗീകരിച്ചു കഴിഞ്ഞാല്‍, മനുഷ്യന്‍ സ്വതന്ത്ര മനസ്സിന്‍റെ ഉടമയല്ല എന്ന വാദം തികച്ചും അപ്രസക്തമാണ്.

പക്ഷേ, മനുഷ്യന്‍റെ സ്വതന്ത്ര മനസ്സ് എന്ന ആശയം, ദൈവനന്മയുടെ പശ്ചാത്തലത്തില്‍ കുറെ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അവ നമുക്ക് അടുത്ത അധ്യായത്തില്‍ പരിശോധിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org