വിശദീകരണം തേടുന്ന വിശ്വാസം -23
ബിനു തോമസ്, കിഴക്കമ്പലം
ഭൗതികപ്രപഞ്ചമെന്ന മാസ്മരികമായ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്, അതിന്‍റെ നിലനില്‍പ്പില്‍നിന്ന്, അതിന്‍റെ തുടക്കത്തില്‍നിന്ന് എപ്രകാരം ഒരു ആദികാരണത്തെ നാം തിരിച്ചറിയുന്നു എന്നതിന്‍റെ വിശദീകരണമാണ് കഴിഞ്ഞ ഏതാനും അധ്യായങ്ങളില്‍ നാം കണ്ടുകൊണ്ടിരുന്നത്. ആ ആദികാരണം, കേവലമനുഷ്യബുദ്ധിക്കോ ഭൗതികതയ്ക്കോ അതീതമാണെന്നും നാം കണ്ടു. അതിനര്‍ത്ഥം, ആ ആദികാരണം മനുഷ്യന് അപ്രാപ്യമെന്നാണോ?
പ്രപഞ്ചത്തെ സൃഷ്ടിച്ചതിനു ശേഷം, ഭൗതികപ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിലോ, അതിന്‍റെ കാലാനുസൃതമായ മാറ്റങ്ങളിലോ ഇടപെടാതെ മാറി നില്‍ക്കുന്ന ഒരു ദൈവസങ്കല്‍പ്പം പാശ്ചാത്യചിന്താധാരയില്‍ ഉണ്ട്. ഡീസം (Deism) എന്നാണ് ഈ ചിന്താഗതിയുടെ പേര്. പ്രപഞ്ചത്തില്‍ ഇടപെടാത്ത, പ്രാര്‍ത്ഥനകള്‍ക്കോ ആരാധനയ്ക്കോ ശ്രദ്ധകൊടുക്കാത്ത ഒരു ദൈവസങ്കല്‍പ്പം. അത്തരമൊരു ദൈവസങ്കല്‍പ്പത്തിനപ്പുറമാണ്ഈ ആദികാരണമെന്നു കരുതാന്‍ എന്തെങ്കിലും യുക്തിയുണ്ടോ?
അതിഭൗതികം (Transcendent) എന്ന നിലയില്‍, ഭൗതികമാത്രമായ മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ് ആദികാരണത്തിന്‍റെ സ്വഭാവം (Divine Nature) എന്നത് ലളിതമായ സത്യമാണ്. എങ്കിലും, ആദികാരണത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് ചില അനുമാനങ്ങള്‍ നടത്തുവാന്‍ മനുഷ്യന്‍റെ അമൂര്‍ത്ത ചിന്തയ്ക്ക് (abstract thought) സാധിക്കും. കാരണം, ഈ ആദികാരണം സൃഷ്ടിച്ച യാഥാര്‍ത്ഥ്യം ദൃശ്യ പ്രപഞ്ചം നമ്മുടെ മുമ്പില്‍ ഉണ്ടെന്നതു തന്നെ. ഇത് ഉദാഹരിക്കാന്‍, ഒരു സാദൃശ്യം (analogy) പരിഗണിക്കാം.
നമ്മുടെ മുന്‍പില്‍, അംബര ചുംബികള്‍ നിറഞ്ഞ ഒരു നഗരത്തിന്‍റെ ചിത്രം കാണപ്പെടുന്നു. ആ ചിത്രം വരച്ചത് ആരെന്ന് നമുക്ക് അറിയില്ല. പക്ഷേ, ആ ചിത്രത്തില്‍നിന്ന്, ആ ചിത്രകാരനെക്കുറിച്ച് ഏതാനും ചില കാര്യങ്ങള്‍ നമുക്ക് ഊഹിക്കാം. ഒന്നാമതായി, ആ ചിത്രകാരന്‍ മനുഷ്യനാണ് എന്ന് അനുമാനിക്കാം. കാരണം, മറ്റൊരു ജീവിയും ചിത്രം വരയ്ക്കുന്നതായി നാം കണ്ടിട്ടില്ല. രണ്ട്, ആ ചിത്രകാരന്‍ ഏതെങ്കിലും നഗരം ജീവിതത്തില്‍ ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടെന്ന് നേരിട്ടോ അല്ലാതെയോ ഊഹിക്കാം. മൂന്ന്, ആ ചിത്രകാരന് ആ ചിത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന് അനുമാനിക്കാം. ഇല്ലായിരുന്നെങ്കില്‍, ആ ചിത്രം അയാള്‍ പൊതുപ്രദര്‍ശനത്തിന് വയ്ക്കില്ലായിരുന്നു. ആ ചിത്രത്തി ലേക്ക് സൂക്ഷ്മമായി നോക്കിയാല്‍ ഇനിയും ഏറെ കാര്യങ്ങള്‍ ആ ചിത്രം സ്വന്തം സൃഷ്ടാവിനെപ്പറ്റി പറയും. ഒരു കലാസൃഷ്ടിയില്‍നിന്ന് കലാകാരന്‍റെ സ്വഭാവത്തെക്കുറിച്ച് ഏതാനും അനുമാനങ്ങള്‍ നമുക്ക് യുക്തിപരമായി ചിന്തിച്ചെടുക്കാവുന്നതാണ് എന്നത് നമ്മുടെ അനുഭവങ്ങളില്‍നിന്ന് നമുക്കറിയാം. അപ്പോള്‍, ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടാവിന്‍റെ സ്വഭാവത്തെപ്പറ്റി എന്താണ് നമുക്ക് യുക്തിപരമായി ചിന്തിച്ചെടുക്കാവുന്നത്?
അഭൗതികമായ ആദികാരണം
ദൃശ്യപ്രപഞ്ചത്തിന്‍റെ നില നില്‍പ്പും, അതിന്‍റെ തുടക്കവും ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ, ഭൗതികതയുടെ അതിരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യത്തിന് ആ പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ ആവില്ല എന്നു നാം കണ്ടതാണ്. അപ്പോള്‍ അഭൗതികമായ ഒരു അവസ്ഥയുള്ള ഒന്നാണ് ഈ ആദികാരണം. ഭൗതികാവസ്ഥ എന്താണെന്ന് നമുക്ക് അറിയാം. പക്ഷേ, അഭൗതികമായ അവസ്ഥ എന്താണെന്ന് നമുക്ക് അറിവില്ല. അഭൗതികമായ നിലനില്‍പ്പിന്‍റെ ആ അവസ്ഥയെ സൂചിപ്പിക്കാന്‍ നാം സാധാരണ ഭാഷയില്‍ 'ആത്മാവ്' (Spirit) എന്ന പദമാണ് ഉപയോഗിക്കുന്നത്. Spiritual, Soul തുടങ്ങിയ പദങ്ങള്‍ എല്ലാം ആ ഒരു വിശാലമായ അവസ്ഥയെ സൂചിപ്പിക്കുന്നതാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഭൗതികതയ്ക്ക് പല അവസ്ഥകളുണ്ട്. ദ്രവ്യവും ഊര്‍ജ്ജവുമായി ഭൗതികത സ്ഥിതി ചെയ്യുന്നു. ദ്രവ്യത്തില്‍ തന്നെ അനേകം മൂലകങ്ങള്‍, പദാര്‍ത്ഥങ്ങള്‍, ജീവികള്‍. അഭൗതികതയ്ക്ക് എത്രമാത്രം അവസ്ഥാഭേദങ്ങള്‍ ഉണ്ടെന്ന് നമുക്ക് അറിയില്ല. ഒരുപക്ഷേ, ഭൗതികതയിലെ അവസ്ഥാഭേദങ്ങള്‍ പോലെ അനേകം അവസ്ഥാഭേദങ്ങള്‍ ഉള്ള ഒരു യാഥാര്‍ത്ഥ്യമായിരിക്കാം അഭൗതികതയും. പക്ഷേ, അവയെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ലാത്തതിനാല്‍, Spirit എന്ന ഒറ്റപ്പദം കൊണ്ട് നാം ആ അവസ്ഥാഭേദങ്ങളെ എല്ലാത്തിനേയും സൂചിപ്പിക്കുന്നു എന്നുമാത്രം. (കത്തോലിക്കാ വിശ്വാസത്തിലെ മാലാഖമാര്‍-Angels എന്ന സങ്കല്‍പ്പം, അതിഭൗതികതയിലെ ഈ അനേകം അവസ്ഥാഭേദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നു സൂചിപ്പിക്കട്ടെ. വിസ്താരഭയത്താല്‍, അതിലേക്ക് കടക്കുന്നില്ല).
അനാദിയും അനന്തവുമായ ആദികാരണം
നാം വിശദമായി ചര്‍ച്ച ചെയ്ത പ്രപഞ്ചാടിസ്ഥാന വാദങ്ങളില്‍, അതിഭൗതികമായ ആദികാരണം നിലനില്‍ക്കുന്നത് അനിവാര്യമാണെന്നും, ഈ ആദികാരണത്തിന് തുടക്കം അസാധ്യമാണെന്നും കണ്ടിരുന്നു (അധ്യായങ്ങള്‍ 16, 22). അപ്പോള്‍, ഈ ആദികാരണം അനാദിയാണെന്ന് വ്യക്തമാകുന്നു.
ഈ ആദികാരണത്തിന് അവസാനമുണ്ടോ? ഭൗതികതയുടെ അനാദിയായ ഒരു യാഥാര്‍ത്ഥ്യത്തിന് അന്ത്യമുണ്ടാകുമെന്ന് കരുതാന്‍ നമുക്ക് മതിയായ കാരണങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട്, ഈ ആദികാരണം അനന്തമാണെന്നും പറയേണ്ടിയിരിക്കുന്നു. അതിഭൗതികതയേപ്പറ്റി മറ്റെന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ അതാണ് ഏറ്റവും ലളിതമായ അനുമാനം.
ആദികാരണത്തിന്‍റെ സ്വഭാവത്തെപ്പറ്റിയുള്ള മറ്റ് അനുമാനങ്ങള്‍ നമുക്ക് അടുത്ത അധ്യായത്തില്‍ പരിശോധിക്കാം.