നിയതിയും ഇച്ഛയും

നിയതിയും ഇച്ഛയും
Published on

ഫാ. ഡോ. മാര്‍ട്ടിന്‍ എന്‍. ആന്റണി

പ്രണയം ഒരു വല്ലരിപോലെ സ്വത്വത്തിലേക്ക് പടരാന്‍ തുടങ്ങിയ ദിനങ്ങളിലാണ് ആ ഇരുപതുകാരിയെ മാതാപിതാക്കള്‍ മഠത്തില്‍ ചേര്‍ത്തത്. മൂന്നു ദിവസമേ അവള്‍ അവിടെ നിന്നുള്ളൂ. പെട്ടിയുമെടുത്ത് അവള്‍ വീട്ടില്‍ തിരിച്ചെത്തി. അന്നാണ് അവളുടെ അമ്മ ആദ്യമായി ആത്മഹത്യ ശ്രമത്തിന് ഒരുങ്ങിയത്. അവള്‍ ഒന്നും മിണ്ടിയില്ല, തിരികെ മഠത്തിലേക്ക് പോയി. നിശബ്ദയായി ജീവിച്ചു. വ്രതങ്ങള്‍ പൂര്‍ണമായും അനുഷ്ഠിച്ചു. എങ്കിലും ഇഷ്ടമല്ലാത്ത ജീവിതമായതിനാല്‍ ശരീരം രോഗങ്ങള്‍ കൊണ്ടു പ്രതികരിച്ചു. അവള്‍ നിത്യരോഗിണിയായി. ഇപ്പോള്‍ വയസ്സ് 40. എല്ലാം തലവിധി എന്ന് കരുതി, കുടുംബത്തിന്റെ പ്രതിച്ഛായയെ പ്രതി മൗനമായി ആവൃതിയില്‍ കഴിയുന്നു. (20 വര്‍ഷം മുമ്പുള്ള ചില പെണ്‍കുട്ടികളുടെ വിവാഹങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു).

അതെ, ജീവിതം അങ്ങനെയാണ്. അത് നിയതിയുടെയും (fate) സ്വതന്ത്രചിത്തത്തിന്റെയും (freewill) ഇടയില്‍ കിടന്നു ഞെരിഞ്ഞ മരുന്ന കല്‍ത്തരിപോലെയാണ്. തലവിധി എന്നു പറഞ്ഞ് സ്വയം ആശ്വസിക്കുമ്പോഴും എന്തേ സ്വതന്ത്രമായി ഒരു തീരുമാനം നീ എടുത്തില്ല എന്ന ചോദ്യം ഉള്ളില്‍ നിന്നും പൊന്തിവരുകയും ചെയ്യുന്നു.

ചില നേരങ്ങളില്‍ നമ്മളും ജീവിതത്തെ വീക്ഷിക്കുന്നത് ഈഡിപ്പസ് റെക്‌സ് എന്ന നാടകം എഴുതിയ സോഫൊക്ലിസിനെ പോലെയാണ്. ഈഡിപ്പസ് തന്റെ പിതാവിനെ വധിക്കുകയും അമ്മയെ വരിക്കുകയും ചെയ്യുന്നത് ഈശ്വരകല്‍പ്പിതമാണെന്നാണ് നാടകകൃത്ത് പറഞ്ഞു വയ്ക്കുന്നത്. അത്യന്തികമായി ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ദൈവത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണിത്. ദൈവമാണോ എല്ലാ സംഭവങ്ങളുടെയും ഉത്തരവാദി? ഉല്പത്തി പുസ്തകത്തിലെ ആദ്യതാളുകള്‍ അല്ല എന്ന ഉത്തരമാണ് നല്‍കുന്നത്. നമ്മുടെ സ്വതന്ത്രഇച്ഛയാണ് സംഭവങ്ങളെ നിര്‍ണ്ണയിക്കുന്നത്. നമ്മുടെ തീരുമാനങ്ങളും അതിലധിഷ്ഠിതമായ പ്ര വൃത്തികളുമാണ് സംഭവങ്ങള്‍. അവിടെ ദൈവം ഒരു കാഴ്ചക്കാരന്‍ മാത്രമാണ്. ഉല്പത്തി പുസ്തകം പറഞ്ഞുവയ്ക്കുന്നു: എല്ലാ സൃഷ്ടികളുടെയും ഉടയോന്‍ ദൈവമാണ്, എല്ലാ സംഭവങ്ങളുടെയും ഉത്തരവാദി ദൈവമല്ല.

അമേരിക്കന്‍ എഴുത്തുകാരനായ കോര്‍മാക്ക് മക്കാര്‍ത്തിയുടെ പ്രസിദ്ധമായ നോവലാണ് No Country for Old Men. നിയതിയും ഇച്ഛയും അഥവാ ചാന്‍സും ചോയിസും തമ്മിലുള്ള പ്രാപഞ്ചിക ബന്ധത്തെ അക്രമത്തിന്റെ ഭാഷയിലൂടെ ചിത്രീകരിക്കുന്ന ഒരു കൃതിയാണത്. ഇവ രണ്ടിനുമിടയില്‍ എവിടെയാണ് നീതി എന്ന ചോദ്യമാണ് ഉത്തരം കിട്ടാത്ത സമസ്യയായി നമ്മുടെ ജീവിതത്തിലും നിലനില്‍ക്കുന്നത്. ആന്റണ്‍ ചീഗു (Anton Chigurh) എന്ന പാത്രസൃഷ്ടിയെ ജീവിതത്തെക്കുറിച്ച് താത്വികമായി ചിന്തിക്കുന്ന ഒരു കൊലപാതകിയായിട്ടാണ് മക്കാര്‍ത്തി ചിത്രീകരിക്കുന്നത്. ഓരോ കൊല നടത്തുമ്പോഴും ഇരയുമായി താത്വികമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട് അയാള്‍. ജീവിതവും മരണവും നാണയമെറിഞ്ഞുള്ള ഒരു ഭാഗ്യപരീക്ഷയാണവിടെ. തീരുമാനം ഇരയുടേതാണ്. മരിച്ചാലും രക്ഷപ്പെട്ടാലും അതിനെ നിയതിയെന്ന് വിളിക്കാന്‍ പറ്റുമോ? അതോ, നമ്മള്‍ സ്വതന്ത്രമായി വിനിയോഗിക്കേണ്ട അവസരമാണോ?

അവിടെയാണ് കൃപയെന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രാധാന്യം. ക്രൈസ്തവികതയുടെ കേന്ദ്രപ്രമേയമാണത്. മക്കാര്‍ത്തിയുടെ നോവലിന്റെ നാലാം അദ്ധ്യായത്തില്‍ ആഖ്യായകന്‍ പറയുന്നു: 'തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച മോശം കാര്യങ്ങളെയോര്‍ത്ത് വിലപിക്കുന്ന ആള്‍ക്കാരുണ്ട്. വല്ലപ്പോഴുമേ അവര്‍ നന്മകളെ കുറിച്ച് പറയാറുള്ളൂ. എനിക്കറിയില്ല എന്നെ ഓര്‍ത്ത് പുഞ്ചിരിക്കാന്‍ ദൈവത്തിനു ഞാന്‍ അവസരം കൊടുത്തിട്ടുണ്ടോയെന്ന്. എങ്കിലും അവന്‍ പുഞ്ചിരിക്കുന്നുണ്ട്. 'പുഞ്ചിരിക്കുന്ന ദൈവം.' നിയതിക്കും ഇച്ഛയ്ക്കും അതീതമായ അധിക ചിഹ്നം!

'ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെ മേല്‍ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച് മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അദ്ധ്വാനിച്ചു' (1 കോറിന്തോസ് 15:10).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org