വിശ്വസാഹോദര്യത്തിന്റെ വഴികള്‍ നഷ്ടപ്പെടുമ്പോള്‍

വിശ്വസാഹോദര്യത്തിന്റെ വഴികള്‍ നഷ്ടപ്പെടുമ്പോള്‍

മുണ്ടാടന്‍

2020-ലെ നബി ദിനത്തില്‍ യാദൃശ്ചികമായി കൊച്ചി എഫ്. എമ്മിലെ പ്രഭാതഗീതം കേള്‍ക്കാന്‍ ഇടവന്നു. പ്രഭാതഗീതത്തിലെ രണ്ടു ഗീതങ്ങളും മുഹമ്മദ് നബിയുമായി ബന്ധപ്പെട്ടതായിരുന്നു. ഗാനം രചിച്ചത് മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെങ്കിലും രണ്ടു ഗീതങ്ങളും പാടിയത് ഹൈന്ദവരായിരുന്നു. മാതാവിനെക്കുറിച്ച് ഏറ്റവും സുന്ദരമായ "മധുരം നിന്റെ ജീവിതം"എന്ന പുസ്തകം രചിച്ചത് ഹൈന്ദവനായ കേരള സാഹിത്യകാരന്‍ കെ.പി. അപ്പനാണ്. വയലാറിന്റെയും ഓ.എന്‍.വി. കുറുപ്പിന്റെയും കവിതകളും കെ.എസ് ചിത്രയും മധു ബാലകൃഷ്ണനും പാടിയിട്ടുള്ള ക്രൈസ്തവ ഗാനങ്ങളും എന്നും കേരള ക്രൈസ്തവരുടെ ആത്മീയതയെ തൊട്ടുണര്‍ത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ "ഫ്രത്തെല്ലി തൂത്തി" എല്ലാവരും സഹോദരര്‍ എന്ന ചാക്രിക ലേഖനത്തിന്റെ ചൈതന്യം അല്പമെങ്കിലും ഉണ്ടായിരുന്ന സഭയാണ് കേരളത്തിലെ കത്തോലിക്കാ സഭ എന്നു പറയാനാണ്. പക്ഷേ ഇപ്പോള്‍ കേരളത്തിലെ സഭകള്‍ പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ ഭാഷയും ഭാവവും എല്ലാവരും സഹോദരര്‍ എന്ന വിശ്വസാഹോദര്യത്തില്‍ നിന്നും അകലുന്നതല്ലേ എന്നു ഭൂരിഭാഗം സഭാ മക്കളും വിലയിരുത്തുന്നു. സഭയെ എന്തോ ഭയം ബാധിച്ചിരിക്കുന്നു.


സിഗ്മണ്ട് ഫ്രോയ്ഡ് രണ്ടു തരത്തിലുള്ള ഭയങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. സാധാരണ ഭയം (normal fear) ക്രിയാത്മകവും ഫലദായകവുമാണ്. ഉദാഹരണം ആഫ്രിക്കന്‍ വാനാന്തരങ്ങളില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് പാമ്പിനെക്കുറിച്ച് ഭയം തോന്നുന്നത് ശ്രദ്ധിച്ചു നടക്കാന്‍ പ്രേരണായാകും. പക്ഷേ (abnormal fear), വഴിവിട്ട ഭയം ഏറെ അപകടകരമാണ്. ഉദാഹരണത്തിന് താന്‍ കിടക്കുന്ന കട്ടിലിനടിയില്‍ പാമ്പുണ്ടെന്ന തോന്നല്‍ ഒരു മാനസികമായ രോഗമാണ്. ഇത്തരം ഭയം ഒരു വ്യക്തിക്കും സമൂഹത്തിനും സഭയ്ക്കുമുണ്ടാകാം. ഇത് പ്രശ്‌നമാണ്. യോഹന്നാന്‍ എഴുതി "സ്‌നേഹത്തില്‍ ഭയത്തിനിടമില്ല. പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല (1 യോഹ. 4-18). ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. ചാക്രികലേഖനത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടു ന്നത് സ്‌നേഹം ലോകത്തുള്ളവ രെയെല്ലാം ജാതിയുടെയും സംസ്‌കാരത്തിന്റെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും അതിര്‍ ത്തികള്‍ക്കപ്പുറം ഒറ്റ മാനവിക കുടുംബമാക്കി മാറ്റുന്നു. അവിടെ എല്ലാവരും സഹോദരീ സഹോദരന്മാരാണ്.
ഇത്തരം സ്‌നേഹത്തിന്റെ ശൈലി മറന്നുപോകുമ്പോഴാണ് നാം അപരനെ ശത്രുവായി കാണുന്നത്. അവന്‍ ചെയ്യുന്നതും പറയുന്നതും നമുക്കെതിരെയാണ് എന്നു കരുതുന്നത്. അപ്പോഴാണ് നിസ്സാര കാര്യങ്ങള്‍ പോലും കാര്യകാരണങ്ങളില്ലാതെ നാം തെറ്റായി വ്യാഖ്യാനിക്കുന്നത്. നമ്മുടെ വാക്കുകള്‍കൊ ണ്ടും വ്യാഖ്യാനങ്ങള്‍കൊണ്ടും നാം പൊതുശത്രുവിനെ ഉണ്ടാക്കുന്നത്. ഈയിടെയുണ്ടായ കുരിശിന്റെ അവഹേളന വിവാദത്തെ മതചിഹ്നത്തിന്റെ അധിക്ഷേപമാക്കി മാറ്റി രാഷ്ട്രീയ നേട്ടത്തിനു ശ്രമിച്ചുവോ എന്നു സംശയിക്കണം. ഇവിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടത്. സമാ ധാനം സത്യവും നീതിയും ദയയും പരസ്പരബന്ധിതമാകുന്നിടത്താണ് ഉണ്ടാകുന്നത് (ഫ്രത്തെല്ലി തൂത്തി 227). ഇവിടെ കത്തോലിക്കാ സഭയുടെ ഭയത്തിന് കാരണം നമുക്ക് എവിടെയോ സത്യവും നീതിയും ദയയും നഷ്ടപ്പെട്ടിരിക്കുന്നതല്ലേ?
നമ്മില്‍ നിന്നും പുറത്തേക്കു പോയി അപരനില്‍ ജീവിക്കു മ്പോഴാണ് ഒരു തുറന്ന ലോകത്തിന്റെ ദര്‍ശനം നമുക്കു കൈവരികയുള്ളൂ എന്നതാണ് മാര്‍പാപ്പയുടെ അഭിമതം. ചാക്രിക ലേഖ നത്തിന്റെ രണ്ടാം അധ്യായം 'തെരുവിലെ അപരിചിതരില്‍' മാര്‍പാപ്പ നല്ല സമരിയാക്കാരനെ എടുത്തു കാണിക്കുന്നു. മുന്‍വിധികള്‍ക്കും വ്യക്തിതാല്പര്യ ങ്ങള്‍ക്കും ചരിത്രപരവും സാം സ്‌കാരികവുമായ തടസ്സങ്ങള്‍ക്കും അതീതമായി ചിന്തിച്ചു കൊണ്ട് സ്‌നേഹം കൊണ്ട് പാലം പണിയാനുള്ള വഴികളാണ് കത്തോലിക്കാ സഭ തേടേണ്ടത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ സഭാ നേതാക്കന്മാരെ കാണുവാനും അവരോട് സംഭാഷണം നടത്താനും രാഷ്ട്രത്തിലെ ഭരണാധി കാരികള്‍ വന്നിരുന്നു. പ ക്ഷേ ഇന്ന് അധികാരത്തിന്റെ ഗര്‍വില്‍ ധാര്‍മികത നഷ്ടപ്പെട്ടപ്പോള്‍ മറ്റു സമുദായ നേതാക്കന്മാരെ പോലെ മെത്രാന്മാര്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്യേണ്ട ഗതികേടിലെത്തിയത് എങ്ങനെയെന്ന് ആത്മപരിശോധന ചെയ്യുന്നത് ഉചിതമായിരി ക്കും.

ഫുള്‍സ്റ്റോപ്പ്: സാമ്പത്തിക നേട്ടവും കച്ചവട സാധ്യതകളും ഉറപ്പാക്കുന്ന രാഷ്ട്രീയമല്ല നാം കളിക്കേണ്ടത് മറിച്ച് പാവങ്ങള്‍ക്കു വേണ്ടിയുള്ള പോളിസികള്‍ക്കുവേണ്ടിയാണ് നാം നിലപാടെടുക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org