കേരള ക്രൈസ്തവര്‍ക്ക് ഇത് എന്തു പറ്റി?

കേരള ക്രൈസ്തവര്‍ക്ക് ഇത് എന്തു പറ്റി?

മുണ്ടാടന്‍

ചില ക്രൈസ്തവ ചാനലുകളില്‍ ഇന്നത്തെ ചര്‍ച്ചകളെല്ലാം മുസ്ലീം വിരോധം ആളിക്കത്തിക്കുന്നു. ക്രൈസ്തവ ആത്മീയ നേതാക്കള്‍പോലും സമൂഹത്തില്‍ കുറ്റകൃത്യം ചെയ്യുന്നവരും അന്യമതസ്ഥരെ വിവാഹം കഴിക്കുന്നവരും മുസ്ലീമുകളാണെന്ന തരത്തില്‍ സംസാരിക്കുന്നു. ആര്‍എസ്എസ്സിനെ കൂട്ടുപിടിച്ച് ചില ക്രൈസ്തവ സോഷ്യല്‍ മീഡിയകളും നിരന്തരം ഇസ്ലാമോഫോബിയ പരത്തുകയും ചെയ്യുന്നതിന്റെ പുറകില്‍ എന്താണെന്ന് അധികം ചിന്തിക്കാതെ തന്നെ നമുക്ക് ഉത്തരം കിട്ടും. മതേതരത്വത്തിന്റെ സമാധാനവും ശാന്തിയും കേരളത്തില്‍ നശിപ്പിച്ചാലേ ചിലര്‍ക്ക് അവരുടെ രാഷ്ട്രീയമായ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളുവത്രേ.

മാര്‍ക്ക് യോര്‍ഗന്‍മയറുടെ "ദൈവത്തിന്റെ കണ്ണിലെ ഭീകരത" എന്ന പുസ്തകത്തിലെ ഒരദ്ധ്യായം തന്നെ 'ക്രിസ്തുവിന്റെ പട്ടാളക്കാര്‍' എന്നാണ്. 1999-ല്‍ അമേരിക്കയിലെ കാലിഫോര്‍ണയില്‍ ക്രൈസ്തവ തീവ്രവാദികള്‍ ഒരു യഹൂദ സെന്ററില്‍ നടത്തിയ കൂട്ടക്കുരുതിയും 90-കളില്‍ അമേരിക്കയിലും യൂറോപ്പിലും ഉടനീളം ഗര്‍ഭച്ഛിദ്രത്തിനെതിരെയുള്ള ക്രൈസ്തവ തീവ്രവാദികളുടെ നീക്കത്തിന്റെ ഫലമായി ഗര്‍ഭച്ഛിദ്ര കേന്ദ്രങ്ങളില്‍ നടത്തിയ ബോംബാക്രമണത്തെക്കുറിച്ചുമാണ്. വിശുദ്ധ നാടിനെ രക്ഷിക്കാന്‍ കുരിശുയുദ്ധം ചെയ്ത ക്രൈസ്തവര്‍ക്കുവേണ്ടി വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ നടത്തിയ ചരിത്രപരമായ മാപ്പുപറച്ചിലിന്റെ കഥ മറുവശത്ത്.

സാക്ഷരതയിലും സഹിഷ്ണുതയിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഒരുപടി ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തില്‍ എന്തിനാണ് ഈ അടുത്തനാളുകളില്‍ ആര്‍എസ്എസ്സുകരും ഏതാനും ക്രൈസ്തവ കാവിക്കാരും കൂടി മുസ്ലീമുകള്‍ക്കെതിരെ ക്രൈസ്തവരെ തിരിക്കുന്നത് എന്ന് അറിയണമെങ്കില്‍ അവരുടെ പുറകില്‍ നിരക്കുന്ന മത മേലദ്ധ്യക്ഷന്മാരെയും അവരുടെ അജണ്ടകളെയും നാം മനസ്സിലാക്കണം. ഇതിന് ഇവിടുത്തെ സാധരണക്കാരുടെ ജീവിതവുമായി പുലബന്ധം പോലും ഇല്ലാത്ത കാര്യങ്ങളാണ് അപ്പോള്‍ മനസ്സിലാകും.

ജൂണ്‍ 30-ലെ ഹിന്ദുപത്രത്തില്‍ തെക്കേ ഇന്ത്യയില്‍ നടത്തിയ ഒരു സര്‍വേയുടെ ഫലം കൊടുത്തിരുന്നു. അതുപ്രകാരം 90 ശതമനം പേരും മതേതരത്വത്തെയും മതസഹിഷ്ണുതയേയും വലിയ മൂല്യങ്ങളായി കാണുകയും ആദരിക്കുകയും ചെയ്യുന്നു. പ്യൂ (ജഋണ) റിസേര്‍ച്ച് സെന്ററിന്റെ സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനം ഹിന്ദുക്കളും അവര്‍ക്ക് ഇവിടെ മതസ്വാതന്ത്ര്യം ഉണ്ടെന്നും 85 ശതമനം പേര്‍ മറ്റു മതങ്ങളെ ആദരവോടെ കാണുകയും ചെയ്യുന്നു എന്നും രേഖപ്പെടുത്തി. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ സംബന്ധിച്ച് മറ്റു മതങ്ങളെ ആദരിക്കുന്നതു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യവും അതു ഇന്ത്യക്കാരന്റെ അനന്യ തയുമാണെന്ന് കരുതുന്നു.

കേരളത്തിലെ ക്രൈസ്തവരുടെയും മൂസ്ലിമുകളുടെയും ഇടയിലും ഇതുതന്നെയാണ് സത്യം. ഭൂരിപക്ഷം പേരും സ്വന്തം മതത്തില്‍ വിശ്വസിക്കുകയും ആ മതത്തില്‍പ്പെട്ടവരെ ജീവിതപങ്കാളിയാക്കുകയും ചെയ്യുമ്പോഴും മറ്റു മതസ്ഥരുമായി സഹജീവിക്കുന്നതില്‍ സംതൃപ്തിയും സമാധാനവും കണ്ടെത്തുന്നവരുമാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ രാഷ്ട്രീയമായി മതത്തിന്റെ പേരില്‍ തീവ്രഹിന്ദുത്വത്തിന് വേരുപിടിക്കാതെ പോകുന്നത്. ഹൈന്ദവ ദേശീയ വാദം തെക്കേ ഇന്ത്യയില്‍ ഒട്ടും പച്ചപിടിക്കാത്തതിന്റെ പുറകിലും ഈ സത്യമുണ്ട്. അതിനാലാണ് ബിജെപിയും ആര്‍എസ്എസ്സും വളഞ്ഞ വഴിയിലൂടെ കേരളത്തിലെ ക്രൈസ്തവരുടെ ഇടയില്‍ നുഴഞ്ഞുകയറി അവരെയും മുസ്ലിമുകളെയും തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. പക്ഷെ ചില ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുടെ പ്രവര്‍ത്തന പശ്ചാത്തലത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പേരില്‍ അവരെയും അവരുടെ സംവിധാനങ്ങ ളെയും കൂടെ നിര്‍ത്തുന്നതില്‍ വിജയിക്കുന്നു. ഇത് കേരളത്തെ ഭ്രന്താലയമാക്കുമെന്നതില്‍ തര്‍ക്കമില്ല.

മതവും ദേശീയതയും കൂടുമ്പോഴാണ് വിശുദ്ധ യുദ്ധങ്ങള്‍ ഉണ്ടാകുന്നത്. ഐഎസ് പോലുള്ള കടുത്ത ഇസ്ലാം തീവ്രവാദികള്‍ ആഹ്വാനം ചെയ്യുന്ന വിശുദ്ധ യുദ്ധങ്ങള്‍ക്ക് മറുപടി അതേ രീതിയിലുള്ള വിശുദ്ധ യുദ്ധങ്ങളാണെന്ന് ഈ ലോകത്തിലെ ക്രൈസ്തവരും ഹൈന്ദവരും ചിന്തിച്ചാല്‍ പിന്നെ മനുഷ്യവര്‍ഗം തന്നെ ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും. ഒരു മതത്തിന്റെ ചിഹ്നങ്ങളെല്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകങ്ങളാണ്. അത് അങ്ങനെയായിരിക്കുകയും ചെയ്യണം. പക്ഷേ തീവ്രവാദികള്‍ അതേ പ്രതീകത്തെ മരണത്തിന്റെയും ഭീതിയുടെയും ചിഹ്നങ്ങളാക്കി മാറ്റുന്നത് ആ മതത്തോടും വിശ്വാസികളോടും ചെയ്യുന്ന ക്രൂരതയാണ്. അത്തരം ക്രൂരതയ്ക്ക് തങ്ങളുടെ നിയന്ത്രണ ത്തിലുള്ള മാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് കേരളത്തിന്റെ മതേതര സ്വഭാവത്തിനു കടുത്തഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിനെ തിരസ്‌ക്കരിക്കുകയും ശക്തമായി എതിര്‍ക്കുകയും വേണം.

ഫുള്‍സ്റ്റോപ്പ്: ലോകത്തിലെ എല്ലാ മതതീവ്രവാദികളും യുദ്ധം ചെയ്യുന്നത് സമാധാനത്തിനു വേണ്ടിയാണത്രേ. ഇവിടെയാണ് പൊളിച്ചെഴുത്തിന്റെ ആവശ്യം. ഇവിടെ മതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പിഴച്ചു പോയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org