
''സീറോ മലബാര്‍ സഭയ്ക്കിതു എന്തുപറ്റി?'' എന്നു സാധാരണക്കാര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. ഇപ്പോള്‍ ഇതാ സഭയിലെ ഒരു ആത്മീയ നേതാവ് ആ സത്യം തുറന്നു പറഞ്ഞിരിക്കുന്നു. തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയിക്കൊണ്ടിരിക്കുന്നു എന്ന വിലാപം. ഇതേ സത്യം സത്യദീപം പോലുള്ള വാരികകളും സഭയില്‍ അല്പം ആത്മവിമര്‍ശനപരമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരും പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ആരു വായിക്കാന്‍, ആരു ചെവികൊടുക്കാന്‍. സഭയേയും നേതൃത്വത്തെയും വിമര്‍ശിക്കുന്ന വിമതരുടെ പുലമ്പലായി അവര്‍ അതിനെ തള്ളിക്കളഞ്ഞു. പക്ഷേ ഇപ്പോള്‍ തൃശ്ശൂര്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പറയുന്നത് അദ്ദേഹം ആ അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്തപ്പോഴുണ്ടായ സഭാമക്കളില്‍ അമ്പതിനായിരം പേര് ഇപ്പോള്‍ ആ അതിരൂപതയില്‍ സഭാംഗങ്ങളല്ല എന്ന സത്യമാണ്. പതിനായിരത്തോളം വരുന്ന യുവാക്കള്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളുടെ എണ്ണം പിന്നെ പറയേണ്ട. യുവജനങ്ങളാകട്ടെ സഭയുടെ കാര്യത്തില്‍ നിസ്സംഗരും മതനിരാസമുള്ളവരുമാണ്. എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടത്രേ. ഈ മെത്രാപ്പോലീത്തായുടേത് ഒരു ആത്മരോദനമാണോ, ആത്മവിമര്‍ശനമാണോ എന്നറിയില്ല.
എന്തായാലും മെത്രാപ്പോലീത്തായുടെ വാക്കുകള്‍ ആദ്യം കണ്ണുതുറപ്പിക്കേണ്ടത് സീറോ മലബാര്‍ സഭയുടെ ആത്മീയ നേതാക്കന്മാരുടെ തന്നെയാണ്. കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിട്ട് അവരുടെ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും സഭയിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കടന്നുവന്നിട്ടുണ്ടോ എന്ന ആത്മപ്പരിശോധനയ്ക്കുള്ള അവസരമാണ്. കുറേ നാളുകളായി നാം വെറുപ്പിന്റെയും വേര്‍തിരിവിന്റെയും ഭാഷ സംസാരിക്കുന്നു. ആത്മീയ നേതാക്കളുടെ ഒത്താശയോടു കൂടി തന്നെ ഇവിടെ സമാധാനപരമായി ജീവിക്കുന്ന മനുഷ്യരെ സമുദായത്തിന്റെയും മതത്തിന്റെയും പേരില്‍ നാം വേര്‍തിരിച്ചു കാണുകയും അവര്‍ക്കെതിരെ അതിരുവിട്ട പദപ്രയോഗങ്ങളും നടത്തുന്നു. നമ്മുടെ സമുദായത്തിന്റെ സംരക്ഷകരായി ചില വ്യക്തികളെയും പ്ര സ്ഥാനങ്ങളെയം നാം അവതരിപ്പിക്കുന്നു. അവരാകട്ടെ അഴിമതിയും അക്രമവും കുതന്ത്രങ്ങളും ഉപയോഗിച്ച് സമൂഹത്തിലും രാഷ്ട്രീയത്തിലുമുള്ള അവരുടെ സ്ഥാനം ഉറപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നവരും വിശുദ്ധമായ സഭാ പരിസരത്തെ പോലും പാര്‍ട്ടി പൊളിറ്റിക്ക്സിന്റെ അളിഞ്ഞ സംസ്കാരത്തിനായി വിട്ടുകൊടുക്കുന്നവരുമാണ്.
ഒരു കാലത്ത് കേരളത്തിലെ കത്തോലിക്കാ സഭ വര്‍ഗീയതയെ തങ്ങളുടെ തിരുമുറ്റങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. പക്ഷേ, ഇന്ന് സമുദായത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടാനും കക്ഷി രാഷ്ട്രീയത്തിന്റെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെയും കാര്‍ഡുകള്‍ അതിവിദഗ്ദ്ധ മായി ഉപയോഗിക്കാനും സഭയിലെ നേതാക്കന്മാര് വിരുതു കാണിക്കുന്നു. ടി.എസ് എലിയറ്റിന്റെ വിശ്വവിഖ്യാതമായ കൃതി 'വേസ്റ്റ്ലാന്റിന്റെ' നൂറുവര്‍ഷങ്ങള്‍ തികയുകയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സജയ് കെ.വി എഴുതുന്നു, ''ഏറെക്കുറെ ക്രിസ്തീയവും പാശ്ചാത്യവുമായ വിശ്വാസ സങ്കല്പങ്ങളെയും മിത്തുകളെയും ആശ്രയിക്കുന്ന വേസ്റ്റ് ലാന്റില്‍ പൗരസ്ത്യ ആത്മീയതയുടെ ഗാഢസ്വരം കേള്‍വിപ്പെടുന്നത് അവസാന ഖണ്ഡമായ 'ഇടിമുഴക്കം പറഞ്ഞത്' എന്ന ഭാഗത്താണ്. പ്രജാപതി ദേവാസുരന്മാരെയും മനുഷ്യരെയും നോക്കി ഉച്ചരിച്ചതായി ബൃഹദാരണ്യകോപനിഷത്ത് പറയുന്ന 'ദ' എന്ന ശബ്ദത്തെ 'ദത്ത', 'ദാമ്യത, 'ദയധ്വം' എന്നിങ്ങനെ മൂന്നുവിധത്തില്‍ വ്യാഖ്യാനിച്ചുവത്രേ. അലിവും ആത്മനിയന്ത്രണവും ഉദാരതയുമുള്ളവരായി മാറാനുള്ള ആഹ്വാനമായിരുന്നു അത്. അത്തരം ആര്ദ്രസാന്നിധ്യങ്ങളുടെ അഭാവത്തെ എലിയറ്റ് 'തരിശുഭൂമി' എന്നു വിളിക്കുന്നു.''
ഈ തരിശുഭൂമിയനുഭവം ഇവിടുത്തെ വിശ്വാസികള്‍ക്കും തോന്നിതുടങ്ങിയിരിക്കുന്നു. സഭാ നേതൃത്വം പോലും ദുരഭിമാനത്തിന്റെയും സ്വാര്‍ത്ഥതയുടെയും തുറങ്കലില്‍ അടയ്ക്കപ്പെട്ടിരിക്കുകയല്ലേ? നമ്മുടെ ഇടയില്‍ സംഭാഷണത്തിലൂടെയും കൂടിയാലോചനയിലൂടെയും തീര്‍ക്കാവുന്ന വിഷയങ്ങളല്ലേ ഉള്ളൂ. പക്ഷേ അടിച്ചമര്‍ത്തലിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അധികാരമോഹങ്ങളുടെയും ഭാഷയും നടനവും സഭയില്‍ നിന്നും വിശ്വാസികളെയും മറ്റുള്ളവരെയും അകറ്റുകയല്ലേ ചെയ്യുന്നത്.
ഫുള്‍സ്റ്റോപ്പ്: വിരസതയുടെയും വിമ്മിട്ടങ്ങളുടെയും വിലക്ഷണങ്ങള്‍ സഭയില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. രോഗം ചികിത്സിക്കാന്‍ സമയമായിരിക്കുന്നു. അത്ഭുതങ്ങളിലൂടെ രക്ഷപ്പെടുത്തുന്ന ധ്യാനഗുരുക്കന്മാരും ഇവിടെ പരാജയത്തിന്റെ വിഭ്രാന്തിയിലാണ്.