കൂദാശ പരികര്‍മം ചെയ്യുന്നതിന്‍റെ വിശുദ്ധി

കൂദാശ പരികര്‍മം ചെയ്യുന്നതിന്‍റെ വിശുദ്ധി

"മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന് എന്‍റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു" (1 കൊറി 9,27). പൗലോസ് ശ്ലീഹായുടെ ഈ വാക്കുകള്‍ ചേര്‍ത്തുവച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയിലെ പലേര്‍മോയിലെ സന്ദര്‍ശത്തിനിടയില്‍ വൈദികരോടും സെമിനാരിക്കാരോടും ഉപദേശിച്ച കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ എളുപ്പമാണ്. ഇന്നത്തെ കേരളത്തിലെ അവസ്ഥയില്‍ വിശ്വാസികളാകെ അങ്കലാപ്പിലാണ്. മെത്രാന്മാര്‍ക്കെതിരെയും വൈദികര്‍ക്കെതിരെയും സത്യവും അസത്യവുമായ വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും അവരുടെ ഉള്ളില്‍ നിരവധി ചോദ്യങ്ങള്‍ ഉടലെടുക്കുന്നു.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് എന്നോട് സംശയം ചോദിച്ചു. പാപത്തിലായിരിക്കുന്ന മെത്രാന്‍റെയോ വൈദികന്‍റെയോ കൂദാശപരികര്‍മം നിയമാനുസൃതമോ ഫലദായകമോ ആകുമോ? അപ്പോള്‍ ഞാന്‍ പണ്ട് സെമിനാരിയില്‍ പഠിച്ച തിയറി വിവരിച്ചു കൊടുത്തു. (Ex opere operato and Ex opere operantis) ഏക്സ് ഓപ്പരേ ഒപ്പരാത്തോ എന്നു വച്ചാല്‍ കൂദാശകളുടെ ഫലം വരുന്നത് ക്രിസ്തുവിന്‍റെ പ്രവൃത്തിയില്‍ നിന്നാണ്. അഥവാ പരികര്‍മം ചെയ്യുന്നയാളുടെ പാപവസ്ഥയോ മനോഭാവമോ കൂദാശകളുടെ ഫലത്തെ ബാധിക്കുകയില്ല. പക്ഷേ കൂദാശ പരികര്‍മം ചെയ്യുകയും അതില്‍ ഭാഗഭാക്കാകുകയും ചെയ്യുന്ന വ്യക്തിയുടെ വിശുദ്ധിയുടെ തലമനുസരിച്ചയായിരിക്കും ആ വ്യക്തിക്ക് പ്രസാദവരവും കൃപയും ലഭിക്കുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണം പഴയ നിയമത്തിലെ സംഖ്യയുടെ പുസ്തകം 20-ാം അദ്ധ്യായത്തിലെ മെരീബയിലെ ജലത്തെക്കുറിച്ചുള്ള വിവരണത്തിലുണ്ട്. അദ്ധ്യായം 20, 7 ല്‍ മരുഭൂമിയിലായിരുന്ന ഇസ്രായേല്‍ ജനം ദാഹിച്ചു വരണ്ടപ്പോള്‍ മോശയെയും അഹറോനെയും കുറ്റപ്പെടുത്തുന്നുണ്ട്. അവര്‍ ദൈവത്തിന്‍റെ സന്നിധാനത്തില്‍ ചെന്ന് അവരുടെ പരാതി പറഞ്ഞു. ദൈവം മോശയോട് പറഞ്ഞു, "നിന്‍റെ വടി കൈയിലെടുക്കുക, നീയും നിന്‍റെ സഹോദരന്‍ അഹറോനും കൂടി സമൂഹത്തെ വിളിച്ചുകൂട്ടി വെള്ളം പുറപ്പെടുവിക്കുവാന്‍ അവരുടെ മുമ്പില്‍ വച്ച് പാറയോട് ആജ്ഞാപിക്കുക; പാറയില്‍ നിന്നും വെള്ളം പുറപ്പെടുവിച്ചു ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ കൊടുക്കുക." പക്ഷേ ദൈവത്തിന്‍റെ വചനത്തില്‍ ആശ്രയിക്കാതെ അവര്‍ ജനത്തെ മെരീബയിലെ പാറയുടെ അടുത്ത് വിളിച്ചു കൂട്ടിയിട്ട് "നിങ്ങള്‍ക്ക് വേണ്ടി ഈ പാറയില്‍ നിന്ന് ഞങ്ങള്‍ വെള്ളം പുറപ്പെടുവിക്കണോ, എന്നു ചോദിച്ചുകൊണ്ട് പാറമേല്‍ വടികൊണ്ട് രണ്ടു പ്രാവശ്യം അടിച്ചു. ധാരാളം വെള്ളം പുറപ്പെട്ടു എല്ലാവരും കുടിച്ചു സംതൃപ്തരായി. പക്ഷേ അടുത്ത നിമിഷം ദൈവം മോശയെയും അഹറോനെയും മാറ്റി നിര്‍ത്തി ശകാരിച്ചു, അവരോട് പറഞ്ഞു, "ഇസ്രായേലില്‍ എന്‍റെ വിശുദ്ധി വെളിപ്പെടുത്തത്തക്കവിധം ദൃഢമായി നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നത് നിങ്ങളായിരിക്കുകയില്ല."

ദൈവത്തിനു വേണമെങ്കില്‍ പുരോഹിതനും പ്രവാചകനും വിശ്വസിക്കാതിരുന്നതുകൊണ്ട് പാറയില്‍ നിന്നും ജലം വരുത്താതിരിക്കാമായിരുന്നു. പക്ഷേ ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഫലം അവരുടെ വിശുദ്ധിയെ ആശ്രയിച്ചല്ല നില്ക്കുന്നത്. അതിനാല്‍ ജനത്തെ ശിക്ഷിക്കാതെ പ്രവാചകനെയും പുരോഹിതനെയും ശിക്ഷിക്കുന്നു. ഇതു തന്നെയാണ് വിശുദ്ധിയില്ലാതെ കൂദാശകള്‍ പരികര്‍മം ചെയ്യുന്നവര്‍ക്കും സംഭവിക്കുന്നത്. കൂദാശകള്‍ പരികര്‍മം ചെയ്യുന്നയാളുടെ യോഗ്യതയ്ക്കപ്പുറം പങ്കെടുക്കുന്നവര്‍ക്ക് വിശുദ്ധിയുണ്ടെങ്കില്‍ ക്രിസ്തുവിന്‍റെ പ്രവൃത്തിയുടെ ഫലം പൂര്‍ണമായും ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഞാന്‍ പറഞ്ഞു വന്ന കാര്യം ഇതല്ല. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നത്തെ സഭയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ക്ലെരിക്കലിസത്തെക്കുറിച്ചാണ് സംസാരിച്ചത്. ഒരു വൈദികന് ധാര്‍മികമായി ഒറ്റ നിലപാടേ എടുക്കാന്‍ പാടുള്ളു, അല്ലാതെ ദൈവജനത്തിനുവേണ്ടി ഒരു നിലപാടും സ്വന്തം കാര്യത്തില്‍ മറ്റൊന്നും എന്നത് അധാര്‍മികമാണെന്നാണ് മാര്‍പാപ്പ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചത്. "വൈദികന് ഒരൊറ്റ സാക്ഷ്യമേ ഉള്ളൂ. ക്രിസ്തുവിന്‍റെ സാക്ഷ്യം എന്നും വൈദികന്‍റെ സ്വന്തമാണ്. ക്രിസ്തുവിനു വേണ്ടി വൈദികന്‍ തന്നെ ലൗകായികത്വത്തിലേക്കു വലിച്ചിഴയ്ക്കുന്ന എല്ലാ തിന്മകളോടും നിരന്തരം യുദ്ധം ചെയ്യണം." ഒരു വൈദികന്‍ ഒരു എക്സിക്യൂട്ടിവല്ല മറിച്ച് അജപാലകനാണ്. വളച്ചുകെട്ടലുകളില്ലാതെ വളരെ ലളിതമായ ജീവിത ശൈലിയാണ് വൈദികരില്‍ നിന്നും മാലോകര്‍ പ്രതീക്ഷിക്കുന്നത്.

ഫുള്‍സ്റ്റോപ്പ്: അധികാരത്തിനും സ്ഥാനത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലുകളുടെ കൃത്രിമത്വമല്ല വൈദിക ജീവിതം. ദൈവജനത്തെ ശുശ്രൂഷിക്കുന്നതിലൂടെയാണ് വൈദികജീവിതം സാക്ഷാത്കൃതമാകേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org