അചിന്തനീയമായ ചരിത്രം രചിക്കുന്ന ഋഷി

അചിന്തനീയമായ ചരിത്രം രചിക്കുന്ന ഋഷി
ഭൂരിപക്ഷ മതത്തിന്റെ ചിഹ്നങ്ങളും ആചാരങ്ങളും മറ്റും ഇന്ത്യയിലെ ഭൂരിപക്ഷ മതരാഷ്ട്രീയം സ്ഥാനത്തും അസ്ഥാനത്തും എടു ത്തു പ്രയോഗിക്കുമ്പോഴാണ് ഒരു ഹിന്ദു ബ്രിട്ടനിലെ പ്രധാനമന്ത്രിയാകുന്നത്.

സൂര്യനസ്തമിക്കാത്ത പഴയ ബ്രിട്ടീഷ് സമ്രാജ്യത്തിന്റെ തലപ്പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ നമ്പര്‍ 10 മുറിയില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് ആസനസ്ഥനായപ്പോള്‍ അത് കാലത്തിന്റെയും ചരിത്രത്തിന്റെയും കാവ്യനീതിയുടെ നിറകാഴ്ചയായി മാറി. ചരിത്രത്തിന്റെ അനന്തമായ സാധ്യതയെ ഓര്‍ത്ത് പലരും ആനന്ദാശ്രുക്കള്‍ പൊഴിച്ചു. ''സ്വാതന്ത്ര്യം അടിമത്വത്തെയും അടിമത്വം സ്വാതന്ത്ര്യത്തെയും പ്രസവിച്ചു എന്ന് ആരോ പറഞ്ഞ വാക്കുകളാണ് ആധുനിക ബ്രിട്ടന്റെ രാഷ്ട്രീയാന്തരീക്ഷത്തെ സസൂക്ഷ്മം നോക്കി പഠിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്. എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. പക്ഷേ അവനവന്റെ സ്വാതന്ത്ര്യത്തിന്റെ ആസ്വാദനത്തിനായി അപരനെ അടിമയാക്കുകയും അന്യന്റെ സ്വാതന്ത്ര്യം നശിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വയം അടിമകളായിത്തീരും. മറ്റുള്ളവരുടെ സമ്പത്തു കൊള്ളയടിച്ച് സ്വന്തം കാര്യം സുരക്ഷിതമാക്കാന്‍ ശ്രമിച്ചാലും അതൊക്കെ താത്ക്കാലികം മാത്രമായിരിക്കും.

വെള്ളക്കാരനല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി, ആദ്യ ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രി തുടങ്ങിയ ഒട്ടേറെ വിശേഷണങ്ങളുമായിട്ടാണ് ഋഷി സുനക് സ്വപ്നതുല്യമായ പദവിയിലെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വേരുകള്‍ തേടിപ്പോയ പത്രങ്ങള്‍ക്കു കിട്ടിയതാകട്ടെ വംശത്തിനും ദേശീയതയ്ക്കും വര്‍ഗ്ഗത്തിനും അപ്പുറത്തേക്കു ചെന്നെത്തുന്ന കഥനങ്ങളാണ്. ഋഷിയുടെ മുത്തച്ഛന്‍ അവിഭക്ത ഇന്ത്യയിലെ ഇപ്പോള്‍ പാകിസ്ഥാനിലുള്ള ഗുജ്‌റന്‍വാലയില്‍ ജനിച്ചു, അവിടെ നിന്നും കെനിയയിലേക്ക് കുടിയേറി. ഋഷിയുടെ അമ്മയുടെ അച്ഛന്‍ പഞ്ചാബില്‍നിന്നും ടാന്‍സാനിയയിലെത്തി, അവിടെ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ വ്യക്തി. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ലോകത്തില്‍ കുടിയേറ്റ കുടുംബത്തില്‍പ്പെട്ട ഒരുവ്യക്തി ഇംഗ്ലണ്ടിലെ ഉന്നതമായ പദവിയിലെത്തി എന്നത് ലോകത്തിന് ഏറെ പ്രതീക്ഷയും ആശ്വാസവും നല്കുന്നുണ്ട്.

കോളനി വത്ക്കരണത്തിന്റെ അധിനിവേശത്തിന്റെ ആവേശത്തില്‍ മറ്റാരുമല്ല ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി വിന്‍സെന്റ് ചര്‍ച്ചിലാണ് മഹാത്മഗാന്ധിയെ ''അര്‍ദ്ധനഗ്നനായ ഫക്കീര്‍'' എന്നു വിശേഷിപ്പിച്ചത്. 1931-ലെ വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജി പങ്കെടുത്തത് ചര്‍ച്ചിലിന് ഇഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല ഇനി ഗാന്ധിജി നിരാഹാര സത്യഗ്രഹം നടത്തിയാല്‍ അദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുത്തേക്കൂ എന്നുവരെ ചര്‍ച്ചില്‍ പറഞ്ഞിരുന്നു. ഇന്ത്യാക്കാരെ അടിച്ചമര്‍ത്തിയ അത്തരം ബ്രിട്ടീഷ് മേധാവികളുടെ നാട്ടിലാണ് ഇപ്പോള്‍ മഹാത്മാവിന്റെ വംശജനായ ഒരാളെ തങ്ങളുടെ ഭരണസിരാകേന്ദ്രത്തില്‍ കുടിയിരുത്താനിടവന്നത്. ഇതു ചരിത്രത്തെ കീഴ്‌മേല്‍ മറിക്കുന്ന കാലത്തിന്റെ വിസ്മയമാണ്. ആദ്യം ഇതു സംഭവിച്ചത് ജനാധിപത്യത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലാണെന്ന സത്യവും നമ്മുടെ മുമ്പിലുണ്ട്. ബാരക് ഒബാമ, എന്ന നീഗ്രോ വംശജന്‍ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ അടിമ ഉടമയായി മാറിയെന്നു മാത്രമല്ല, ഒരുപക്ഷേ, വംശത്തേക്കാളും വര്‍ഗ്ഗത്തേക്കാളും അപ്പുറത്താണ് മനുഷ്യന്റെ സ്ഥാനമെന്ന സത്യത്തിന്റെ ഉറപ്പിക്കലിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്.

ഋഷി സുനകിന്റെ പ്രധാനമന്ത്രി പദവി ചോദ്യം ചെയ്യുന്ന ഒത്തിരി മുന്‍വിധികളും ലോകവീക്ഷണങ്ങളുമുണ്ട്. മതരാഷ്ട്ര ചിന്തയുടെ തലത്തിലും ഋഷി സുനകിന്റെ സ്ഥാനാരോപണം ലോകത്തെ ചോദ്യത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്നു. ഭൂരിപക്ഷ മതത്തിന്റെ ചിഹ്നങ്ങളും ആചാരങ്ങളും മറ്റും ഇന്ത്യയിലെ ഭൂരിപക്ഷ മതരാഷ്ട്രീയം സ്ഥാനത്തും അസ്ഥാനത്തും എടുത്തു പ്രയോഗിക്കുമ്പോഴാണ് ഒരു ഹിന്ദു ബ്രിട്ടനിലെ പ്രധാനമന്ത്രിയാകുന്നത്. ക്രൈസ്തവ മതം ഔദ്യോഗിമായ ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഭഗവദ്ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. എലിസബത്ത് രാജ്ഞി മരിച്ചപ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലോകത്തെ സാക്ഷി നിര്‍ത്തി ബൈബിളില്‍ നിന്നും വചനങ്ങള്‍ ഉറക്കെ വായിച്ചതു നാം കണ്ടത്. അങ്ങനെയുള്ള ഒരു ക്രിസ്ത്യന്‍ രാജ്യത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ ഒരു ഹിന്ദു പ്രധാനമന്ത്രി ആയിരിക്കുന്നു. ഇതിനെ മതേതരത്വത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ മനോഹരം, മനോജ്ഞം എന്നൊക്കെ വിശേഷിപ്പിക്കാം. പക്ഷേ, ആര്‍ എസ്സ്എസ്സിന്റെ അജണ്ടയോടെ ന്യൂനപക്ഷ മതങ്ങളെയും വംശങ്ങളെയും ഇല്ലായ്മ ചെയ്യുവാന്‍ കൂട്ടു നില്‍ക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ മേധാവികള്‍ക്ക് ഇത് ഗുണപാഠമാകുമോ? പക്ഷേ, ലിബറലാകുന്ന കണ്‍സര്‍വേറ്റീവ്‌സും കണ്‍സര്‍വേറ്റീവ്‌സാകുന്ന ലിബറലുകളും ലണ്ടന്റെ ചരിത്രത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതുന്നത് മറ്റു രാജ്യങ്ങളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ഋഷി സുനക് നമുക്കു നല്കുന്നത്.

ഫുള്‍സ്റ്റോപ്പ്: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി ആകുമെന്ന വാര്‍ത്ത കേട്ടപ്പോള്‍ ശശി തരൂര്‍ ഇന്ത്യാക്കാരോട് ചോദിച്ച ചോദ്യം വളരെ പ്രസക്ത മാണ്, ''ഇത് ഇവിടെ സാധ്യമാകുമോ?'', ''ഭൂരിപക്ഷ വാദം വാഴാന്‍ തുടങ്ങിയ ഇക്കാലത്ത്, ഹിന്ദുവോ സിഖോ ജൈനനോ ബുദ്ധമതക്കാരനോ അല്ലാത്ത ഒരാള്‍ ഇന്ത്യയെ നയിക്കുന്നതിനെക്കുറിച്ച് നമുക്കു സങ്കല്പിക്കാനാകുമോ? അങ്ങനെ സംഭവിച്ചാല്‍ അന്നായിരിക്കും ഇന്ത്യ ജനാധിപത്യ രാജ്യമെന്ന നിലയില്‍ പക്വത നേടുക.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org