ഒരു (അ)സത്യവാങ്മൂലത്തിന്റെ തിരുശേഷിപ്പുകള്‍

ഒരു (അ)സത്യവാങ്മൂലത്തിന്റെ തിരുശേഷിപ്പുകള്‍
(അ)സത്യവാങ്മൂലം നല്കിയ വാര്‍ത്തയ്ക്ക് ഏതാണ്ട് കോടതിയുടെ വിധിതീര്‍പ്പുപോലെ മുഖ്യധാര പത്രങ്ങള്‍ ആദ്യ പേജിലാണ് ഇടം നല്കിയത്. പാവം പത്രപ്രവര്‍ത്തകര്‍ അവര്‍ക്ക് അവരുടെ അധികാരികളെ അനുസരിക്കാതെ പറ്റുകയില്ലല്ലോ. അധികാരികളാണെങ്കില്‍ സ്വാധീനവും പണവുമുള്ളവരുടെ വലയത്തിലാണുതാനും. ടി.ജെ.എസ്സിന്റെ ഭാഷയില്‍, ''പണ്ട് പത്രക്കാര്‍ക്കുണ്ടായിരുന്ന സ്വാതന്ത്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു.''

ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാരുടെ ഏകാധിപത്യപ്രവണതയും സ്വജനപക്ഷപാതവും ഒരു രാജ്യത്തെ എപ്രകാരം നശിപ്പിക്കാം എന്നതിന് തെളിവാണ് നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക. പട്ടിണിയിലായ ജനങ്ങള്‍ അവസാനം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കയറി കാട്ടിക്കൂട്ടിയ ലഹളകള്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും നല്ലൊരു പാഠമാണ്. പക്ഷേ, അധികാരത്തിന്റെയും പണത്തിന്റെയും സുഖം അനുഭവിക്കുന്ന രാഷ്ട്രീയ നേതാക്കാളും സമുദായ നേതാക്കളുമൊക്കെ ജീവിതത്തിലെ അനുഭവങ്ങളെ വായിച്ചെടുക്കാന്‍ മെനക്കെടാറില്ല. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം കാര്യസാധ്യത്തിനായി അധികാരത്തെയും അധികാരികളെയും അന്ധമായി അനുസരിക്കുക എന്ന തലത്തിലേക്കു തരംതാഴ്ന്നുകൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിലിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റു ചെയ്യപ്പെട്ട ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണമുള്ള ടി.ജെ.എസ്. ജോര്‍ജുമായുള്ള അഭിമുഖം വായിക്കാനിടയായി. ഇന്ത്യയിലെ ഇന്നത്തെ പത്രപ്രവര്‍ത്തനത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മറ്റും ടി.ജെ.എസ്സിന്റെ ചിന്തകള്‍ നമ്മെ പ്രകോപിക്കുകയും സംഭ്രമപ്പെടുത്തുകയും ചെയ്യും. പത്രങ്ങള്‍ക്ക് ഇന്ന് രാഷ്ട്രീയക്കാരെ പേടിക്കണം, സമുദായ നേതാക്കന്മാരെ പേടിക്കണം, പരസ്യക്കാരെ പേടിക്കണം. പിന്നെ എങ്ങനെ അവര്‍ സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും കാവല്‍ നായ്ക്കളാകും. അവര്‍ സ്വാധീനമുള്ളവര്‍ക്കായി കുരയ്ക്കുന്നവരായി അധഃപതിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഈയിടെ കേരള സര്‍ക്കാര്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കേസില്‍ ഒരു സത്യവാങ്മൂലം നല്കി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം അസത്യമാണെന്ന് അരിഭക്ഷണം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. കാരണം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടു കേസിലെ കള്ളത്തരങ്ങളും ക്രമക്കേടുകളും പകല്‍ പോലെ വെളിച്ചത്തുള്ളതും എല്ലാം ഡോക്കുമെന്റു ചെയ്തിട്ടുള്ളതുമാണ്. ഈ കേസിനെക്കുറിച്ച് ശാസ്ത്രീയമായും ആധികാരികമായും പഠിച്ച എല്ലാ കമ്മീഷനുകളും അവരുടെ റിപ്പോര്‍ട്ടില്‍ എല്ലാ സത്യങ്ങളും എഴുതി വച്ചിട്ടുണ്ട്. മാത്രവുമല്ല ഭൂമി വില്പനയിലെ ക്രമക്കേടുകള്‍ക്കും ഭൂമി വാങ്ങിയതിലെ കള്ളപ്പണമിടപാടിനും എറണാകുളം-അതിരൂപതയ്ക്കു ഭീമമായ തുക ഏകദേശം 6 കോടി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ് പിഴയിട്ടതുമാണ്. എന്നിട്ടും (അ)സത്യവാങ്മൂലം നല്കിയ വാര്‍ത്തയ്ക്ക് ഏതാണ്ട് കോടതിയുടെ വിധിതീര്‍പ്പുപോലെ മുഖ്യധാര പത്രങ്ങള്‍ ആദ്യപേജിലാണ് ഇടം നല്കിയത്. പാവം പത്രപ്രവര്‍ത്തകര്‍ അവര്‍ക്ക് അവരുടെ അധികാരികളെ അനുസരിക്കാതെ പറ്റുകയില്ലല്ലോ. അധികാരികളാണെങ്കില്‍ സ്വാധീനവും പണവുമുള്ളവരുടെ വലയത്തിലാണുതാനും. ടി.ജെ.എസ്സിന്റെ ഭാഷയില്‍, ''പണ്ട് പത്രക്കാര്‍ക്കുണ്ടായിരുന്ന സ്വാതന്ത്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു.''

അഴിമതികളെക്കുറിച്ചുള്ള വാര്‍ത്താവതരണത്തിലും അഴിമതിയുണ്ടെന്നതാണു വാസ്തവം. പ്രബുദ്ധ കേരളത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ നിയമനങ്ങളും എങ്ങനെയാണ് ഭരിക്കുന്നവരും രാഷ്ട്രീയക്കാരും സ്വാധീനിക്കുന്നത് എന്നു നോക്കുക. എന്തെല്ലാം അഴിമതികള്‍, എന്തെല്ലാം കള്ളത്തരങ്ങള്‍. എല്ലാം മാധ്യമങ്ങളില്‍ രണ്ടു ദിവസത്തെ ആയുസ്സുള്ള വാര്‍ത്തകള്‍ മാത്രം. എന്ത് അഴിമതിയും അക്രമവും മലയാളികള്‍ മറക്കും. സോഷ്യല്‍ മീഡിയായില്‍ വരുന്ന പച്ച നുണകഥകള്‍ മലയാളി വിശ്വസിക്കും. ഫോര്‍ വേഡു ചെയ്യും. സത്യം പറയുന്നവരെ വിമതരാക്കുകയും നുണപറയുന്നവരെ വിശുദ്ധരാക്കുകയും ചെയ്യുന്ന മലയാളികളുടെ ചിന്തകളില്‍ നിന്നും പോലും സത്യവും നീതിയും ഒക്കെ ഇറങ്ങി പോയിക്കൊണ്ടിരിക്കുന്നു. സത്യത്തിന്റെ ആള്‍രൂപങ്ങളാകേണ്ട നേതാക്കന്മാര്‍ സഭയിലും സമൂഹത്തിലും അഴിമതിയില്‍ മുങ്ങി നിവരുമ്പോള്‍ രാഷ്ട്രീയക്കാര്‍ മതവിശ്വാസത്തെയും മതസംഹിതകളെയും അവരുടെ കസേരകള്‍ക്ക് ഉറപ്പു നല്കാനായി ഉപയോഗിക്കുന്നു.

ഫുള്‍സ്റ്റോപ്പ്: പോത്തിന് എന്ത് ഏത്തവാഴ എന്ന നിലയിലാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന് കത്തോലിക്കാ സഭ. അത് നശിച്ചു ഇല്ലാതാകുന്നതിന് എന്ത് അസത്യവാങ്മൂലവും കൊടുക്കും. അതേ തുടര്‍ന്നുണ്ടാകുന്ന കോലാഹലങ്ങളില്‍ അവര്‍ ഹര്‍ഷ പൂളകിതരാകും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org