

മുണ്ടാടന്‍
ജനാധിപത്യം സമ്പൂര്‍ണ്ണമായി വിജയിക്കണമെങ്കില്‍ ജനങ്ങള്‍ പൗരബോധമുള്ളവരാകണം. ഈ ബോധം വളരണമെങ്കില്‍ ഓരോ പൗരനും ഉത്തരവാദിത്തബോധത്തോടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കണം. അതിന് ഉതകുന്ന ജീവിത സാഹചര്യങ്ങള്‍ പൗരന്മാര്‍ക്ക് ജനാധിപത്യ ഭരണകൂടം നല്‍കണം. ഇതൊക്കെ ഇങ്ങനെ എഴുതാമെന്നല്ലാതെ ഇതിന്റെയൊക്കെ പ്രായോഗികത ഇന്നത്തെ വിവര സാങ്കേതിക ലോകത്തില്‍ അത്ര എളുപ്പമല്ലെന്നു മാത്രമല്ല അതീവസങ്കീര്‍ണ്ണമാണ്. മനുഷ്യന്റെ ജനാധിപത്യത്തെ വെറുതെ അല്‍ഗോരിതമാക്കി മാറ്റുന്ന സമഗ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) ജനാധിപത്യ രാജ്യത്തിലെ ജനങ്ങളെ കംപ്യൂട്ടറിന്റെ നെറ്റിലിട്ട് അരിച്ചെടുക്കുകയും തരംതിരിക്കുകയും വര്‍ഗീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ ത്രിതലപഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതെന്നത് ഏറെ കൗതുകകരമാണ്.
തദ്ദേശ തിരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ആകെ മത്സരിക്കുന്നത് 75,644 സ്ഥാനാര്‍ത്ഥികളാണ്. അവരില്‍ 52.36 ശതമാനവും വനിതകളാണെന്നത് കേരളത്തെ ഇന്ത്യയിലെ തന്നെ ജനാധിപത്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ ഇടവരുത്തുന്നു. 1992-ലാണ് ഇന്നത്തെ രീതിയിലുള്ള ത്രിതല പഞ്ചായത്ത് ഭരണത്തിലൂടെ പ്രാദേശിക തലത്തില്‍ ജനാധിപത്യഭരണ സംവിധാനം നിലവില്‍ വന്നത്. 1700 ബിസി മുതല്‍ നമ്മുടെ രാജ്യത്തില്‍ ഇത്തരത്തില്‍ പ്രാദേശിക ഭരണസംവിധാനം നിലവിലുണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ആദ്യം സഭ എന്നു വിളിക്കപ്പെട്ടുകൊണ്ടിരുന്നതാണ് പിന്നീട് അഞ്ചംഗ കമ്മിറ്റി എന്നര്‍ഥത്തില്‍ പഞ്ചായത്ത് എന്ന് വിളിക്കപ്പെടാന്‍ തുടങ്ങിയത്. എന്തായാലും ഇന്നത്തെ സ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും ഭരണ ഗുണങ്ങളും ദോഷങ്ങളും കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും എത്തിക്കാന്‍ പറ്റിയ ജനാധിപത്യ സംവിധാനമാണ് ത്രിതല പഞ്ചായത്ത് സംവിധാനം എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.
ഇന്ന് കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും കൈയ്യാളുന്ന പാര്‍ട്ടിക്കാര്‍ തദ്ദേശീയ ഭരണ സംവിധാനത്തെ അവരുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ ജനാധിപത്യത്തിന്റെ ധാര്‍മ്മികതയെ വെല്ലുവിളിക്കുന്ന പല പ്രീണന നയങ്ങളും പ്രായോഗിക തലത്തില്‍ എത്തിക്കുന്നത് ഇതിനകം ബിഹാറിലും മറ്റും നാം കണ്ടു. ഇതുവരെ പൗരബോധത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് വളരാത്ത ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് സൗജന്യമായി പണം ഇട്ടുകൊടുക്കുക, തമിഴ്‌നാട്ടില്‍ വിജയിച്ച രീതിയില്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് സാരികളും ദാരിദ്ര്യരേഖയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഇലക്ഷന്‍ വരുമ്പോള്‍ ടിവിയും മറ്റും ഗൃഹോപകരണങ്ങളും മറ്റും സൗജന്യമായി നല്‍കുക എന്നിവയിലൂടെ വോട്ടെടുപ്പില്‍ ജയിക്കാമെന്നും ഭരണത്തിലെത്താമെന്നും പല പാര്‍ട്ടികളും ഇതിനകം തെളിയിച്ചിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ ഭരണത്തില്‍ ഇരിക്കുന്നവര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയോ കടമോ നോക്കാതെ പണം വാരിയെറിഞ്ഞ് വീണ്ടും വീണ്ടും ഭരണത്തിലെത്താന്‍ നോക്കുന്നു. ആരെയും കുറ്റം പറയുകയില്ല. കാരണം ആരുടെയും കൈകള്‍ ഈ കാര്യത്തില്‍ ശുദ്ധമല്ല. ജനങ്ങളുടെ ഭാഗത്തുനിന്നാണെങ്കില്‍ എത്ര ധനമുള്ളവരാണെങ്കിലും സൗജന്യമായി ലഭിക്കുന്നതില്‍ അഭിരമിക്കുന്നവരാണ് ഭൂരിഭാഗവും.
പഞ്ചായത്ത് ഇലക്ഷനില്‍ പക്ഷേ സാധാരണ ജനങ്ങള്‍ നോക്കുന്നത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമോ ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന മാനദണ്ഡങ്ങളൊന്നുമല്ല. തുടര്‍ച്ചയായി പഞ്ചായത്തുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളം നാം കണ്ടിട്ടുണ്ട്. പഞ്ചായത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവരാണോ എന്നതാണ് എല്ലാവരും നോക്കുന്നത്. സാധാരണക്കാര്‍ നടക്കുന്ന വഴികളും തെരുവുകളും ഏറ്റവും സുരക്ഷിതമാക്കാന്‍ അവര്‍ എന്തു ചെയ്യുന്നു, അവരുടെ വീടുകളില്‍ ഒരു അത്യാഹിതം ഉണ്ടാകുമ്പോള്‍ എങ്ങനെ ജനപ്രതിനിധികള്‍ പ്രതികരിക്കുന്നു എന്നതിനെയൊക്കെ ആശ്രയിച്ചാണ് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നത്. അല്ലാതെ ഇലക്ഷന്‍ സമയത്തു മാത്രം വീടുകള്‍ തോറും കയറിയിറങ്ങി കരയുകയും കെഞ്ചുകയും സുഖിപ്പിക്കുകയും ചെയ്യുന്നവരെയോ അല്ല ജനങ്ങള്‍ ജയിപ്പിക്കുന്നത്. ഇലക്ഷന്‍ സമയത്ത് പോസ്റ്ററില്‍ സിനിമാ നടിയുടെ പകിട്ടില്‍ ഇരിക്കുന്ന വനിതയെ കണ്ട് ആരും അവരെ ജയിപ്പിക്കുമെന്നു തോന്നുന്നില്ല. ചിരിക്കാനറിയാത്ത സ്ഥാനാര്‍ത്ഥികളെ പോലും പല്ലിളിപ്പിച്ച് പോസ്റ്ററടിപ്പിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പാര്‍ട്ടിയോ മതമോ ജാതിയോ നോക്കാതെ ജനോപകരാപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നവരാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജയിപ്പിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി യഥാര്‍ഥത്തില്‍ ത്യാഗം സഹിക്കുന്നവരാകണം വാര്‍ഡ് കൗണ്‍സിലുമാര്‍. ഓരോ വാര്‍ഡിലെയും ജനങ്ങളെ മതേതരമായി ചിന്തിക്കാനും ഓണത്തിനും ക്രിസ്മസിനും റംസാനുമൊക്കെ ഞങ്ങള്‍ നിങ്ങളുടെ സന്തോഷത്തിലുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുന്ന ജനാധിപത്യ മര്യാദയുള്ളവരെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.
ത്രിതല പഞ്ചായത്ത് ലെവലില്‍ ഡിസംബര്‍ 9, 11 നും കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യാനും ബൂത്തിലെത്തുമ്പോള്‍ അവര്‍ക്ക് മൂന്നു വോട്ടുകള്‍ ചെയ്യേണ്ടിവരും. ജനാധിപത്യ ബോധമുള്ള പൗരന്മാര്‍ ഓരേ പാര്‍ട്ടിക്കു തന്നെ മൂന്നു വോട്ടു നല്‍കുമെന്നു ഞാന്‍ കരുതുന്നില്ല. ഒരു സ്വതന്ത്രന് പഞ്ചായത്തു ലെവലില്‍ വോട്ടു നല്‍കുന്നവര്‍ ബ്ലോക്ക് ലെവലില്‍ ചിലപ്പോള്‍ എല്‍ ഡി എഫിനും ജില്ലാ പഞ്ചായത്തു ലെവലില്‍ യു ഡി എഫിനും വോട്ടു ചെയ്‌തെന്നു വരാം. അതാണ് ജനാധിപത്യത്തിലെ സ്വാതന്ത്യവും സമത്വവും സൗന്ദര്യവും.
ഫുള്‍സ്റ്റോപ്പ്: 'തിരഞ്ഞെടുപ്പ് ജനങ്ങളുടേതാണ്, അത് അവരുടെ തീരുമാനമാണ്' എന്നു എബ്രാഹം ലിങ്കണ്‍ പറയുന്നിടത്തേക്കു കേരളത്തിലെ അഭ്യസ്തവിദ്യരായ ജനങ്ങള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്ന് ഞാന്‍ ബലമായി സംശയിക്കുന്നു.