
മുണ്ടാടന്‍
ലിയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ സ്ഥാനാരോഹിതനായപ്പോള്‍ എന്റെ പരിചയത്തില്‍ പെട്ട ഒരു അന്തര്‍ദ്ദേശീയ പത്രപ്രവര്‍ത്തക വാട്‌സാപ്പില്‍ കുറിച്ചതിങ്ങനെയാണ്, ''പോപ്പ് ലിയോ ബുദ്ധിമാനും വിവേകവുമുള്ള വ്യക്തിയാണ്. പിതാവ് ഐക്യത്തെയാണ് മുറുകെ പിടിക്കുന്നത്. അതുകൊണ്ട് വത്തിക്കാനിലുള്ള സീറോമലബാര്‍ സഭാ വക്താക്കള്‍ക്ക് ഇനി കുര്‍ബാന പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താതെ നിവൃത്തിയില്ല.''
ഈ പ്രസ്താവന സത്യമാണെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ലിറ്റര്‍ജി പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അദ്ദേഹത്തിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനിയും വത്തിക്കാന്റെ ഒത്താശയോടെ പരിശ്രമിക്കുകയും അതു സാധിക്കുകയും ചെയ്തു.
അതിന്റെ പിന്നാലെ ഏകീകൃത കുര്‍ബാന അതിരൂപതയില്‍ അടിച്ചേല്പിക്കാനുള്ള ദൗത്യവുമായി വന്ന പേപ്പല്‍ ഡലഗേറ്റ് ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ രാജിവയ്ക്കുകയും ചെയ്തു. കാലം കാത്തുവച്ച കാവ്യനീതിപോലെ അതിരൂപതയിലെ വിശ്വാസികളും വൈദികരും സന്യസ്തരും തങ്ങളുടെ പ്രാര്‍ഥനയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സത്യത്തിന്റെയും നീതിയുടെയും കൈയൊപ്പ് ചാര്‍ത്തിക്കിട്ടിയ സന്തോഷത്തിലാണ്.
ഇത്രയും ആമുഖമായി പറഞ്ഞത് ലിയോ മാര്‍പാപ്പ ഇക്കഴിഞ്ഞ ജൂണ്‍ 29 ന് വത്തിക്കാനില്‍ സെന്റ് പീറ്റര്‍ & പോള്‍ ദിനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൊരുളിനെക്കുറിച്ച് എഴുതാനാണ്. അമേരിക്കക്കാരന്‍ റോബര്‍ട്ട് പ്രെവെസ്റ്റ് മാര്‍പാപ്പ സഭയിലെ ലിറ്റര്‍ജിയിലും സംസ്‌കാരത്തിലും കൂട്ടായ്മയിലും എന്താണ് അഗ്രഹിക്കുന്നതെന്ന് അടിവരയിട്ടു പറഞ്ഞപ്പോള്‍ ലിയോ മാര്‍പാപ്പ ലിറ്റര്‍ജി കാര്യങ്ങളില്‍ ഒരു പാരമ്പര്യവാദിയാണെന്ന വാദമാണ് തകര്‍ത്തെറിയപ്പെട്ടത്.
ലിയോ മാര്‍പാപ്പ പറയുന്നു, 'ഇന്നത്തെ നമ്മുടെ ക്രൈസ്തവ തനിമ ഭൂതകാലത്തിലെ തിരുശേഷിപ്പുമായി ചുരുങ്ങാതിരിക്കുവാന്‍ നമ്മുടെ ക്ഷീണിതവും മുരടിച്ചതുമായ വിശ്വാസജീവിതത്തിനപ്പുറത്തേക്ക് സഞ്ചരിക്കണം.
ആ പ്രസംഗത്തെക്കുറിച്ച് എഴുതാതിരിക്കുന്നത് അപരാധമായിരിക്കുമെന്ന ചിന്തയിലാണ് ഇതു കുറിക്കുന്നത്. കാലാനുസൃതമായ നവീകരണമോ പുതിയ വെല്ലുവിളികളെ നേരിടുവാനുള്ള ചങ്കുറപ്പോ ഇല്ലാതെ വെറുതെ ഒരോളത്തില്‍ പതിവു അജപാലനകാര്യങ്ങള്‍ ചെയ്തുകൊണ്ടു മുന്നോട്ടു പോകുന്നതിനെതിരെയാണ് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കുന്നത്.
അപ്പസ്‌തോലന്മാരുടെ നടപടി പുസ്തകത്തില്‍ സഭയുടെ നെടുംതൂണുകളായി നാം കാണുന്ന വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും തമ്മില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതും പക്ഷേ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിന്റെ സുവിശേഷം മാനവ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് എത്തിക്കാന്‍ രണ്ടുപേരും തങ്ങളുടെ ജീവന്‍ കൊടുത്ത് പോരാടിയതും ചൂണ്ടിക്കാണിച്ച മാര്‍പാപ്പ സഭയില്‍ എന്തൊക്കെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായാലും പരസ്പര വിശ്വാസത്തിലൂടെയും ഐക്യത്തിലൂടെയും ക്രിസ്തു രാജ്യമെന്ന ഒരൊറ്റ ലക്ഷ്യം വച്ച് നീങ്ങണമെന്ന ശക്തമായ സൂചനയാണ് നല്‍കുന്നത്.
വിശുദ്ധ ശ്ലീഹന്മാര്‍ പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന ഹൃദയത്തോടെ വിളിച്ചു പറഞ്ഞപ്പോഴും, വേദപരാംഗതനായ വിശുദ്ധ അഗസ്തീനോസിനെ ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു, ''അവര്‍ അപ്പസ്‌തോലന്മാരുടെ ഐക്യത്തില്‍ ആത്മാവിന്റെ ചൈതന്യത്തോടെ വ്യത്യസ്തതകള്‍ ഉള്‍ക്കൊണ്ടും പരസ്പരം അംഗീകരിച്ചുമാണ് ജീവിച്ചത്.
അതുകൊണ്ടാണ് രണ്ടു വ്യക്തികളായിരുന്നെങ്കിലും രണ്ട് വ്യത്യസ്തമായ ചിന്താധാരകളിലൂടെ സഞ്ചരിച്ചവരായിരുന്നിട്ടും രണ്ടു പേരെയും നാം ഒരേ ചരടില്‍ തൂക്കുന്നത്. ശ്ലീഹന്മാരുടെ ഈ ഏകതയുടെ പശ്ചാത്തലത്തിലാണ് രണ്ടും പേരും വ്യത്യസ്തമായ ഇടങ്ങളില്‍ വ്യത്യസ്തമായ തീയതികളിലാണ് രക്തസാക്ഷിത്വം വരിച്ചതെങ്കിലും രണ്ടുപേരെയും ഒന്നായി കണ്ട് ഒരേ ദിവസം തന്നെ അവരുടെ തിരുനാള്‍ കൊണ്ടാടുന്നത്. അവര്‍ രണ്ടായിരുന്നെങ്കിലും ക്രിസ്തുവില്‍ അവര്‍ ഒന്നായിരുന്നു.''
ലോകത്തിലെ വൈവിധ്യങ്ങളുടെ പരിസരങ്ങളില്‍ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ''പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ പൂരിതരായി സഭയ്ക്കുള്ളിലെ വ്യത്യസ്തങ്ങളായ കാരിസങ്ങളാലും ദാനങ്ങളാലും ശുശ്രൂഷകളാലും പാരസ്പര്യത്തിന്റെ പാലം പണിയാന്‍ വിളിക്കപ്പെട്ടവരാണ് സഭാ തനയര്‍. വൈവിധ്യങ്ങളിലുള്ള ഐക്യമാണ് നമ്മുടെ സഭാ കൂട്ടായ്മകളില്‍ നാം അനുഭവിക്കേണ്ടത്. അങ്ങനെ മാത്രമേ ലോകത്തിന്റെ നാനാത്വത്തെ ഉള്‍ക്കൊണ്ടുകൊണ്ട് യേശുവിന്റെ സുവിശേഷം പ്രഘോഷിക്കാന്‍ നമുക്കാവുകയുള്ളൂ.''
ആധുനിക മാര്‍പാപ്പമാരെല്ലാവരുടെയും ചുവടുപിടിച്ചാണ് ലിയോ മാര്‍പാപ്പയും നാനാത്വത്തിലുള്ള ഏകതയെക്കുറിച്ചു ശക്തമായി സംസാരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയുടെയും അമേരിക്കയുടെയും ഏഷ്യയുടെയും യൂറോപ്പിന്റെയും സംസ്‌കാരത്തെ തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നന്നായി ഉള്‍ക്കൊണ്ടിട്ടുള്ള ലിയോ മാര്‍പാപ്പ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടു മാത്രമേ സഭയില്‍ ഐക്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്ന ഉറച്ച ബോധ്യമുള്ള വ്യക്തിയാണ്.
ഫുള്‍സ്റ്റോപ്പ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ കടമെടുത്ത് ലിയോ മാര്‍പാപ്പ പറയുന്നു, 'ഇന്നത്തെ നമ്മുടെ ക്രൈസ്തവ തനിമ ഭൂതകാലത്തിലെ തിരുശേഷിപ്പുമായി ചുരുങ്ങാതിരിക്കുവാന്‍ നമ്മുടെ ക്ഷീണിതവും മുരടിച്ചതുമായ വിശ്വാസ ജീവിതത്തിനപ്പുറത്തേക്ക് സഞ്ചരിക്കണം. ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളിലാണ് നാം ക്രിസ്തുവിന് സാക്ഷികളായി വര്‍ത്തിക്കേണ്ടത്.'