മുണ്ടാടന്‍
സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് കൂടിയിരിക്കുന്നു എന്നത് ഇത്തവണ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അതിനു പല കാരണങ്ങളുണ്ട്. സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയോടൊപ്പം എന്നും ആശയസംഘര്‍ഷങ്ങള്‍ക്കു വഴിമരുന്നിട്ട വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന രീതിയെക്കുറിച്ച് ചില കടുത്ത തീരുമാനങ്ങള്‍ മാര്‍പാപ്പയുടെ കത്തിന്റെ പശ്ചാത്തലത്തില്‍ എടുക്കുമെന്ന് സിനഡിലെ ചില മെത്രാന്മാരുടെ വാതോരാതെയുള്ള മുന്നറിയിപ്പുകളും ചിലരുടെ എഴുത്തുകളും അതിലേറെ യാഥാസ്ഥിതികരായ ചില സീറോ മലബാര്‍ തീവ്രവാദികളുടെ സോഷ്യല്‍ മീഡിയായിലൂടെയുള്ള തള്ളലുമാണ് ഒരു കാര്യം. മറ്റൊന്ന് സീറോ മലബാര്‍ സഭയുടെ ധാര്‍മിക അടിത്തറയെ പിടിച്ചു കുലുക്കുന്ന തരത്തില്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് നേരിടുന്ന ചില ക്രിമിനല്‍ കേസുകളില്‍ അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആറ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും മേജര്‍ ആര്‍ച്ചുബിഷപ്പ് വിചാരണ നേരിടണമെന്നുള്ള വിധിയും സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്കു വരുത്തിയിരിക്കുന്ന ക്ഷതം അത്ര ചെറുതല്ല. ഇതിനിടെ തന്റെ അതിരൂപതയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാലത്തു നടന്ന ചില ഭൂമിയിടപാടുകളെ സംബന്ധിച്ച് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ് അതിരൂപതയ്ക്കു നല്കിയ 6 കോടി രൂപയോളം വരുന്ന പിഴയും എരിതീയിലെ എണ്ണപോലെയായി.
ഈ സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭയുടെ 29-ാം വര്‍ഷകാല സമ്മേളനം ഏറെ ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്നത്. സാധാരണയായി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി സിനഡില്‍ ആമുഖ പ്രഭാഷണം നടത്തുന്നുണ്ടെങ്കില്‍ അതിലൂടെ വത്തിക്കാന്റെ പ്രത്യേകിച്ച് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ മനസ്സാണ് തുറക്കപ്പെടുന്നത്. ഈ സഭയുടെ പ്രശ്‌നങ്ങള്‍ എങ്ങനെ വത്തിക്കാന്‍ മനസ്സിലാക്കുന്നു, ഏതു വിധത്തില്‍ സിനഡ് അംഗങ്ങള്‍ അതു കൈകാര്യം ചെയ്യണം എന്നതിന് ചില ശക്തമായ സൂചനകളാണ് ആമുഖ പ്രഭാഷണത്തിലൂടെ വെളിപ്പെടുന്നത്.
ഇന്ത്യയിലെ പുതിയ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലെയോ പോള്‍ ദോ ജിറെല്ലി മെത്രാന്‍ സിനഡ് എന്നു പറഞ്ഞാല്‍ ഏതാനും ചില മെത്രാന്മാരുടെ മേല്‍ക്കോയ്മയല്ലെന്നും ദൈവജനത്തെ ശ്രവിച്ചുകൊണ്ടായിരിക്കണം സിനഡ് പ്രക്രിയ ആരംഭിക്കേണ്ടതെന്നും പരിശുദ്ധ പിതാവിന്റെ വാക്കുകളിലൂടെ ഓര്‍മപ്പെടുത്തി.
2021 ജൂലൈ 3-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭയ്ക്കു നല്കിയ കത്തിലെ നിര്‍ദ്ദേശത്തെക്കുറിച്ച് വത്തിക്കാന്‍ പ്രതിനിധി പറയുന്നുണ്ട് (ഈ കത്ത് ലഭിച്ച കാലം മുതല്‍ നമ്മുടെ പല പിതാക്കന്മാരും മൗണ്ട് സെന്റ് തോമസില്‍ നിന്നും വന്ന കുറിപ്പുകളും മാര്‍പാപ്പയുടെ കല്പനയെന്നും തിരുവെഴുത്തും എന്നൊക്കെയാണ് വിശേഷിപ്പിച്ചിരുന്നത്. പക്ഷെ വത്തിക്കാന്‍ പ്രതിനിധി കൃത്യമായ് മാര്‍ പാപ്പയുടെ കത്തിലെ നിര്‍ദ്ദേശമെന്നാണ് പറഞ്ഞത്). സീറോ മലബാര്‍ സഭയില്‍ 1999-ല്‍ ഐകകണ്‌ഠേന മെത്രാന്മാര്‍ എത്തിച്ചേര്‍ന്ന കുര്‍ബാനയര്‍പ്പണ രീതി നടപ്പാക്കുന്നത് ഗുണകരമാകുമെന്നു പറയുമ്പോഴും, അത് ഏതെങ്കിലും തരത്തില്‍ സഭയിലെ ഇപ്പോഴുള്ള ഐക്യത്തെ ബാധിക്കുമെങ്കില്‍ അവിടെ ആ സാഹചര്യത്തോടു ചേര്‍ന്നു ഏറെ വിവേകത്തോടെയും ജാഗ്രതയോടെയും മാത്രമേ സിനഡ് രീതി നടപ്പാക്കുന്നതു ചിന്തിക്കാവൂ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നു വച്ചാല്‍ ഇപ്പോള്‍ പൂര്‍ണമായും ജനാഭിമുഖ കുര്‍ബാന ചൊല്ലുന്നിടങ്ങളില്‍ 50-50 രീതി അടിച്ചേല്പിക്കരുതെന്നര്‍ത്ഥം.
ഐകരൂപ്യത്തിലാണ് ഐക്യം എന്ന ആശയം വളരെ വികലമാണ്. അങ്ങനെയെങ്കില്‍ ലിറ്റര്‍ജിയില്‍ ഐകരൂപ്യമുള്ള എല്ലായിടത്തും സമാധാനവും കൂട്ടായ്മയും ഉണ്ടാകേണ്ടതല്ലേ. അപ്പോള്‍ പകുതി അള്‍ത്താരാഭിമുഖവും പകുതി ജനാഭിമുഖവും എന്ന രീതി സീറോ മലബാര്‍ സഭയിലെങ്ങും കൊണ്ടുവന്നാല്‍ ഇവിടുത്തെ പ്രശ്‌നങ്ങളൊക്കെ തീരുമെന്നു ചിന്തിക്കുന്നതു തന്നെ വിഡ്ഢിത്തമാണ്. ഇപ്പോള്‍ സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു യാതൊരു പരിഹാരവും വത്തിക്കാന്‍ പ്രതിനിധിയുടെ ആമുഖ പ്രഭാഷണത്തില്‍ ഇല്ല. മാത്രമല്ല ഭൂമിയിടപാടു കേസില്‍ വന്ന നഷ്ടം പരിഹരിക്കാന്‍ സിനഡിന്റെ സ്ഥിരം സിനഡ് പറഞ്ഞ പരിഹാരം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നതു കാണുമ്പോള്‍ ഇപ്പോഴും വത്തിക്കാനും സിനഡ് പിതാക്കന്മാരും ഹൈക്കോടതി പോലും അധാര്‍മികതയും അഴിമതിയും കണ്ടെത്തിയ കേസിനെക്കുറിച്ച് ഗൗരവമായി എടുക്കുന്നില്ലെന്ന തോന്നലാണുളവാക്കുന്നത്. ഹൈക്കോടതിയുടെ വിധിയോ ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ പിഴയോ ഒന്നും തങ്ങളെ ബാധിക്കുകയില്ല എന്ന ലാഘവ മനോഭാവം തന്നെ കുറ്റകരമാണെന്ന് പറയണം.
ഫുള്‍സ്റ്റോപ്പ്: റോമില്‍ നിന്നും ആയിരക്കണക്കിനു കീലോ മീറ്ററുകള്‍ ദൂരെയുള്ള കേരളത്തിലെ സഭയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെയുള്ള നിര്‍ദ്ദേശങ്ങളും കല്പനകളും പ്രഭാഷണങ്ങളും ഈ സഭയുടെ മുഖം കൂടുതല്‍ വികൃതമാക്കാനേ ഉപകരിക്കൂ.