കത്തോലിക്കാ സഭയിലെ സിനഡാലിറ്റിയും സ്ത്രീ പങ്കാളിത്തവും

കത്തോലിക്കാ സഭയിലെ സിനഡാലിറ്റിയും സ്ത്രീ പങ്കാളിത്തവും
Published on

മുണ്ടാടന്‍

വത്തിക്കാനിലെ വളരെ പ്രധാനപ്പെട്ട ഒരു തസ്തികയിലേക്ക് ഒരു സ്ത്രീയെ നിയോഗിച്ചിരിക്കുന്നു. മാത്രമല്ല അവര്‍ക്ക് വോട്ടവകാശവുമുണ്ടെന്നുള്ളത് ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്യുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ പ്ര തീകമാണ്. 1962-ല്‍ ജോണ്‍ 23-ാം മാര്‍പാപ്പ വിളിച്ചുകൂട്ടിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ് വര്‍ഷങ്ങളായി അടഞ്ഞു കിടന്നിരുന്ന വത്തിക്കാന്റെ ജാലകങ്ങളെല്ലാം തുറന്നിട്ട് കാറ്റും വെളിച്ചവും കടത്തിവിട്ട് കത്തോലിക്കാ സഭയുടെ നവീകരണത്തിനു നാന്ദി കുറിച്ചത്. പക്ഷേ പിന്നീട് സ്ത്രീകളെ വത്തിക്കാനില്‍ തീരുമാനമെടുക്കുന്ന സമിതിയില്‍ ഉള്‍ച്ചേര്‍ക്കാനുള്ള നടപടികള്‍ അത്രകണ്ട് പുരോഗമിച്ചില്ല. ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്ത് സ്ത്രീകളുടെ ബുദ്ധിപരമായ ഇടപെടലുകള്‍ (Femine genius) സ്ത്രീകളുടെ ആത്മീയമായ ഇടപെടുകള്‍ക്കു (Feminine mystique) പരിയായി കണ്ടുവെങ്കിലും കാര്യങ്ങള്‍ കാലത്തിനനുസരിച്ച് പുരോഗമിച്ചില്ല. പക്ഷേ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ വിശ്വസ്തയായ ഉപദേശകയായും അസിസ്റ്റന്റ് എഡിറ്ററായും ഇന്‍ഗ്രിഡ് സ്റ്റാമ്പ എന്ന സ്ത്രിയെ നിയോഗിച്ചിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പെസഹാ വ്യാഴാഴ്ച സ്ത്രീകളുടെ കാല് കഴുകി ചുംബിക്കുന്നതില്‍ ആരാധനക്രമപരമായി തെറ്റില്ല എന്ന് പറയുക മാത്രമല്ല അങ്ങനെ ചെയ്യുകയും ചെയ്തു. പക്ഷേ കേരളത്തിലേതു പോലെ പാരമ്പര്യത്തില്‍ ഏറെ സുരക്ഷ കാണുന്ന സഭാ സമൂഹങ്ങളില്‍ ഇന്നും സ്ത്രീകളുടെ കാല് കഴുകി മുത്തുന്നത് അപരാധമായിട്ടാണ് കാണുന്നത്. പക്ഷേ 2019-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുവത്വത്തെ വിഷയമാക്കി എടുത്ത സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റിലേക്ക് മൂന്നു സ്ത്രീകളെ നിയോഗിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിനു പ്രായോഗികത വരുത്താന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ ഫ്രഞ്ചുകാരിയും ഇഗ്നേഷ്യന്‍ ആത്മീയതയുടെ അപ്പോസ്‌തോലിക് സഭാംഗമായ സി. നത്താലി ബെക്കാര്‍ട്ടിനെ ബിഷപ് സിനഡിന്റെ അണ്ടര്‍സെക്രട്ടറിമാരില്‍ ഒരാളായി നിയമിച്ചു. 2022 -ല്‍ നടക്കുന്ന സിനഡിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ഇതിനകം വത്തിക്കാനില്‍ ആരംഭിച്ചു കഴിഞ്ഞു. മാത്രവുമല്ല സി. നത്താലി ബെക്കാര്‍ട്ടിന് സിനഡില്‍ വോട്ടവകാശവും ഉണ്ട്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് വത്തിക്കാന്‍ ബാങ്കില്‍ സ്ത്രീകള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ പാടില്ലായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ് സ്ത്രീകളെ ആദ്യമായി ഓഡിറ്റേഴ്‌സായി വിളിച്ച കൗണ്‍സില്‍. ഇരുപത്തിമൂന്ന് സ്ത്രീകള്‍ ഓഡിറ്റേഴ്‌സായി ഉണ്ടായിരുന്നു. അഭി പ്രായം പറയാനുള്ള അവകാശമുണ്ടായിരുന്നില്ല. എങ്കിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഭൂരിഭാഗം ഡോക്കുമെന്റുകളും തയ്യാറാക്കിയ കര്‍ദിനാള്‍ ജോസഫ് സൂനെന്‍സ് പിന്നീട് അദ്ദേഹം എഴുതിയ "ലോകത്തിലെ സന്ന്യാസിനി" (The Nun in the World) എന്ന പുസ്തകത്തില്‍ കത്തോലിക്കാ സഭയില്‍ സ്ത്രീകളായ സന്ന്യാസിനിമാര്‍ക്ക് നല്‌കേണ്ട പ്രധാന്യത്തെക്കുറിച്ച് എഴുതുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകള്‍ തയ്യാറാക്കാന്‍ അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ചത് വെറോനിക്ക ഒബ്രിയാന്‍ എന്ന സ്ത്രീയായിരുന്നെന്നും അവരുടെ ക്രിയാത്മകവും നവീനവുമായ പല ആശയങ്ങളും താന്‍ വത്തിക്കാന്‍ രേഖകള്‍ക്കു വേണ്ടി കടംകൊണ്ടിട്ടുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന 2022 ഒക്‌ടോബറിലെ സിനഡ് ചര്‍ച്ച ചെയ്യുന്ന വിഷയം, ഒരു സിനഡല്‍ സഭയ്ക്കായ്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നതാണ്. മാര്‍പാപ്പയുടെ അപ്രമാദിത്വത്തിന് അടിവരയിട്ട ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സ്വഭാവത്തെ ഉടച്ചു വാര്‍ത്തു കൊണ്ടാണ് സഭയില്‍ കൂട്ടായ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും അര്‍ത്ഥമുണ്ടെന്നു കാണിച്ച് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. ആ കൗണ്‍സിലിന്റെ സൃഷ്ടിയാണ് മെത്രാന്മാരുടെ സിനഡ് എന്ന സ്ഥാപനം തന്നെ. അടുത്തയിടെ ഉക്രേനിയന്‍ സഭാ സിനഡിന് മെത്രാന്മാരുടെ കൂട്ടുത്തരവാദിത്വത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തയച്ചിരുന്നു. സിനഡ് എന്നു പറഞ്ഞാല്‍ അദ്ധ്യക്ഷന്റെയോ അദ്ധ്യക്ഷന്റെ ഇംഗീതത്തിന് കുടപിടിക്കുന്ന ഏതാനും പേരുടെയോ തീരുമാനങ്ങളല്ലെന്നും ഓരോ മെത്രാനും തന്റെ അഭിപ്രായം സത്യസന്ധമായി ഭയമില്ലാതെ മുന്‍വിധികളില്ലാതെ നീതിബോധത്തോടെ സഭയുടെ പൊതുനന്മയ്ക്കു വേണ്ടി പ്രകടിപ്പിക്കാനുള്ള ഇടമാണെന്നും മനസ്സിലാക്കണം. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തിടത്ത് കൂട്ടായ്മ (സിനഡാലിറ്റി) ഉണ്ടാകില്ല. ഇന്ന് കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സിനഡുകളും ഏതാനും തല്പരകക്ഷികളുടെ കൂട്ടായ്മയായി തരംതാഴുന്ന പ്രവണത കൂടിവരുന്നുണ്ട്. ഈ അപകടത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ സഭകളുടെ പ്രസക്തി തന്നെ മൂന്നാം സഹസ്രാബ്ദത്തില്‍ നഷ്ടപ്പെട്ടേക്കാം.

ഫുള്‍സ്റ്റോപ്പ്: എല്ലാത്തിന്റെയും വിധി നിര്‍ണയിക്കുന്നത് തീരുമാനങ്ങളാണെങ്കില്‍ സ്വാതന്ത്ര്യമുള്ളിടത്തു മാത്രമേ കൂട്ടായ ചിന്തയിലൂടെ എല്ലാവര്‍ക്കും ഉപകാരപ്രദമായ തീരൂമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org