സിനഡാലിറ്റിയും സീറോ മലബാര്‍ സിനഡും

സിനഡാലിറ്റിയും സീറോ മലബാര്‍ സിനഡും

ആഗോള സിനഡ് 2021- 2023 സിനഡിന്റെ ഒരുക്ക രേഖ അല്ലെങ്കില്‍ കൈപുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് വായിക്കാനിടയായി. 2023-ലെ റോമന്‍ കത്തോലിക്കാ സഭയിലെ മെത്രാന്‍ സിനഡിന്റെ ജനറല്‍ അസംബ്ലിക്കായുള്ള ഈ കൈപുസ്തകത്തിലെ ആശയങ്ങളും ഇപ്പോള്‍ നടക്കുന്ന സീറോ മലബാര്‍ സിനഡിന്റെ രീതികളുമായി താരതമ്യം ചെയ്താല്‍ നാം അറിയാതെ മൂക്കത്ത് കൈവച്ചുപോകും. സിനഡാത്മകതയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായി കൈപുസ്തകം പറയുന്നത് ഇങ്ങനെയാണ്, ''സാമൂഹ്യ സംവാദത്തിന്റെയും (ഉശമഹീഴൗല), മുറിവുണക്കലിന്റെയും, അനുരഞ്ജനത്തിന്റയും, ഉള്‍പ്പെടുത്തലിന്റെയും, പങ്കാളിത്തത്തിന്റെയും, ജനാധിപത്യത്തിന്റെ പുനര്‍നിര്‍മാണത്തിന്റെയും, സാഹോദര്യത്തിന്റെയും, സാമൂഹ്യ സൗഹൃദത്തിന്റെയും പാതയില്‍ ക്രൈസ്തവസമൂഹത്തെ വിശ്വാസയോഗ്യവും വിശ്വസ്തതയുമുള്ളതുമായ പങ്കാളിയാക്കി കണക്കില്‍പ്പെടുത്തണം.'' ഇവിടെ പറയുന്ന പദങ്ങളൊക്കെ സീറോ മലബാര്‍ സിനഡിന് ഇന്ന് അന്യമാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിലോ, ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ലിറ്റര്‍ജി പ്രശ്‌നത്തിലോ ഒരു സംഭാഷണത്തിനോ സംവാദത്തിനോ ഈ സിനഡ് ഇതുവരെ തയ്യാറായിട്ടില്ല. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായ ഒരു തീരുമാനം വന്നാല്‍ അത് അതിരൂപതയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സ്ഥിരം സിനഡ് പിതാക്കന്മാരുമായി സംസാരിക്കാന്‍ അതിരൂപതയിലെ ആലോചനാ സമിതി അവസരം ചോദിച്ചിട്ട് ഇതുവരെ നല്കിയിട്ടില്ല. ജനാധിപത്യം എന്ന പദം തന്നെ സീറോ മലബാര്‍ സിനഡിന് അന്യമാണ്. 2021 ആഗസ്റ്റ് മാസത്തിലെ സിനഡ് ആരംഭിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് വൈദികരും ലക്ഷക്കണക്കിന് വിശ്വാസികളും ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായ തീരുമാനം എടുക്കരുതെന്ന് നിവേദനം സമര്‍പ്പിച്ചിട്ട് അതിന് അവര്‍ പുല്ലുവില കല്പിച്ചില്ല. ലിറ്റര്‍ജിയെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മെത്രാന്‍ സിനഡ് മാത്രമാണെന്നും മറ്റുള്ളവര്‍ അതനുസരിച്ചാല്‍ മാത്രം മതിയെന്നുമുള്ള അടിച്ചേല്പിക്കലിന്റെ ധാര്‍ഷ്ട്യത്തിന് എന്ത് ജനാധിപത്യം?

കൈപുസ്തകത്തിന്റെ 14-ാം ഖണ്ഡികയില്‍ പറയുന്നു, ''ഇടയന്മാര്‍ തങ്ങളെ ഭരമേല്പിച്ചിട്ടുള്ള അജഗണത്തെ ശ്രവിക്കുന്നതില്‍ ഭയപ്പെടരുത്. ഓരോ സിനഡ് പ്രക്രിയയും സഭയെ വളര്‍ത്തുന്ന ഒരുമിച്ച് സഞ്ചരിക്കുക എന്ന ഭാവത്തിന്റെ പ്രകാശനമാണ്. സമൂഹത്തില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കാത്തവരിലൂടെ (ആ പ്രത്യേക സാഹചര്യത്തില്‍ ഏറ്റവും ഇളയ ആളിലൂടെ) വിവേകപൂര്‍വം തിരഞ്ഞെടുക്കേണ്ട വഴി ഏതെന്ന് കര്‍ത്താവ് പലപ്പോഴും വെളിപ്പെടുത്തി തരുന്നത് ശ്രദ്ധിക്കണമെന്ന് വിശുദ്ധ ബെനഡിക്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ മെത്രാന്മാര്‍ എല്ലാവരിലേക്കും ഇറങ്ങിചെല്ലണം.'' ഇറങ്ങിച്ചെല്ലാന്‍ പോയിട്ട് കൂടെയുള്ളവരെ പോലും ശ്രവിക്കാന്‍ തയ്യാറാകാത്ത സിനഡാണിത്. സിനഡിലെ വിരമിച്ച ആറു മെത്രാന്മാര്‍ 2021 ആഗസ്റ്റ് മാസത്തില്‍ കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തീരുമാനം എടുത്തത് വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണെന്നും ഇത്തരം തീരുമാനം പല രൂപതകളിലും ഇപ്പോഴുള്ള ഐക്യം തകര്‍ക്കാനിടവരുമെന്ന മുന്നറിയിപ്പു കൊടുത്തിരുന്നുവെന്നും അവര്‍ വത്തിക്കാനയച്ച കത്തിലൂടെ വെളിപ്പെടുത്തുകയുണ്ടായി. അവര്‍ എഴുതി, ''1999-ലെ സിനഡ് തീരുമാനം ഏകകണ്‌ഠേന ആയിരുന്നില്ലായെന്നു മാത്രമല്ല, അതു ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കാതെ പോയതുമാണ്. ഒരു പ്രാവശ്യം പരീക്ഷിച്ച് പരാജയപ്പെട്ട കാര്യം മാര്‍പാപ്പയില്‍നിന്നും മറച്ചുവച്ച് മാര്‍പാപ്പയുടെ ഒപ്പോടുകൂടി 2021-ലും അതേ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിച്ചത് ഒട്ടും ധാര്‍മികമല്ലാത്ത കാര്യമാണ്. ''പരിശുദ്ധ സിംഹാസനത്തെ ഈ കാര്യത്തില്‍ ചിലര്‍ അവിശുദ്ധമായി ഉപകരണമാക്കിയെന്നു ഖേദത്തോടെ ഞങ്ങള്‍ പറയുന്നു.'' സിനഡാലിറ്റി നഷ്ടപ്പെട്ട സിനഡിന് എന്തു വിശുദ്ധിയാണുള്ളതെന്ന് ചോദിച്ചത് മറ്റാരുമല്ല ഇപ്പോള്‍ സിനഡില്‍ അംഗങ്ങളായ മെത്രാന്മാര്‍ തന്നെയാണ്.

ഫുള്‍സ്റ്റോപ്പ്: ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു, 'സി നഡാത്മക പ്രക്രിയയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഓരോ അംഗത്തിന്റെയും അഭിപ്രായം മാഹാത്മ്യം അവകാശം എന്നിവയോടുള്ള ബഹുമാനം. ന്യൂനപക്ഷം പോലും പറയുന്നവയെ കണക്കിലെടുക്കാനുള്ള കുലീനതയും, എല്ലാവരുടെയും ശബ്ദം കേള്‍ക്കുന്ന രീതിയില്‍ ശ്രവണത്തിലെ പങ്കാളിത്തം എല്ലാവര്‍ക്കും ഒരുപോലെ ഉറപ്പു വരുത്താനുള്ള നീതിബോധവും' സീറോ മലബാര്‍ സഭാ സിനഡിനു എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org