പാരമ്പര്യവാദികളെ പൊളിച്ചടക്കുന്ന റോമില ഥാപ്പര്‍

ഹിന്ദുയിസം ഒരു മതമാണെങ്കില്‍ ഹിന്ദുത്വവാദം രാഷ്ട്രീയ പുറപ്പാടിന്റെ പ്രത്യയശാസ്ത്രമാണ്.
പാരമ്പര്യവാദികളെ പൊളിച്ചടക്കുന്ന റോമില ഥാപ്പര്‍

സീറോ മലബാര്‍ സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട് ചരിത്രം, സംസ്‌കാരം, പൈതൃകം, ആസൂത്രിത ചരിത്രാഖ്യാനം എന്നിവയെക്കുറിച്ച് ഗൗരവമായും അല്പം നിരാശയോടും കൂടി ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യക്കാരുടെ ചരിത്രവായനയെ പൊളിച്ചെഴുതി പുതിയ പ്രകാശം നല്കിയ റോമില ഥാപ്പറെക്കുറിച്ചുള്ള സുദീര്‍ഘമായ ഒരു ലേഖനം മാതൃഭൂമി (99:37) ആഴ്ചപ്പതിപ്പില്‍ കാണാനിടയായത്. തെളിമയാര്‍ന്ന ഭാഷയില്‍ നമ്മുടെ ചരിത്രബോധത്തെ പുതുക്കുകയും പുരാണേതിഹാസങ്ങളുടെ വേറിട്ട ആഖ്യാനങ്ങളുടെ ജ്ഞാനപ്പെട്ടി നമുക്കു മുമ്പില്‍ തുറന്നിടുകയും ചെയ്ത റോമില ഥാപ്പറുടെ നവതിയാഘോഷത്തിന്റെ ഭാഗമായാണ് എ.എം. ഷിനാസ് പ്രൗഢഗംഭീരമായ ലേഖനം എഴുതിയിരിക്കുന്നത്.

തല്പര കക്ഷികളുടെ സങ്കുചിതമായ ചരിത്രാഖ്യാനങ്ങളില്‍ നിന്നും വഴിമാറി നടന്നാല്‍ മാത്രമേ യഥാര്‍ത്ഥ ചരിത്രബോധത്തോടെ നമുക്ക് ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഥാപ്പറുടെ ഭാഷയില്‍ ''ഭൂതകാലത്തെ ഏകവചനചരിത്രമായി കാണുകയാണെങ്കില്‍ - ഒരു നാട്, ഒരു ജനത, ഒരു മതം, ഒരു ഭാഷ - അത്തരം ഒറ്റതിരിഞ്ഞ ചരിത്രം ഭൂതകാലത്തിലെ അത്യന്തം സാരവത്തായ പലതിനെയും പുറംതള്ളും.'' അത്തരം പുറംതള്ളലാണ് ഇന്ന് ഇന്ത്യയുടെ സമകാലീന ചരിത്രത്തില്‍ ഏറെ നടക്കുന്നത്. ചരിത്രത്തില്‍ നിന്നും ദളിതരെയും അവര്‍ണരെയും, ന്യൂനപക്ഷ മതവിശ്വാസികളെയും മാറ്റി നിറുത്തി രാഷ്ട്രീയമായ ശക്തിയും പണവും ഉപയോഗിച്ച് വരേണ്യവര്‍ഗത്തിന്റെ ചരിത്രമായി ഇന്ത്യയുടെ ചരിത്രത്തെ മാറ്റിയെഴുതുകയാണ് ഇവിടുത്തെ ഹിന്ദുത്വവാദികള്‍. താഴ്ന്ന ജാതിക്കാരെ അടിമകളായി മാത്രം നിലനിര്‍ത്തി ഹിന്ദുത്വമേലാളന്മാരുടെ ശക്തിദുര്‍ഗമായി ഭാരതത്തെ മാറ്റിയെടുക്കാനുള്ള ആസൂത്രിതമായ നീക്കത്തെയാണ് റോമില ഥാപ്പര്‍ തന്റെ ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ശക്തമായി നേരിടുന്നത്.

''പാരമ്പര്യം, പൈതൃകം എന്താണെന്ന് 'നിസ്സംശയം' എടുത്തുപറയുമ്പോള്‍ അത് ഏതു ജാതിയുടെ, ഏതു വര്‍ഗത്തിന്റെ, ഏതു സമൂഹത്തിന്റെ, ഏതു മതത്തിന്റെ അതില്‍ തന്നെ ഏത് അവാന്തരവിഭാഗത്തിന്റെ, ഏതു പ്രദേശത്തിന്റെ പാരമ്പര്യമാണെന്ന ചോദ്യം നാം ഉയര്‍ത്തണം. പാരമ്പര്യത്തെ എടുക്കുമ്പോള്‍ അതിലെ വ്യത്യസ്തതകളെ മനസ്സിലാക്കാനും ആദരിക്കാനും നമുക്ക് കഴിയണം. അല്ലെങ്കില്‍ ക്ഷയോന്മുഖവും ജീര്‍ണ്ണവുമായ പുതിയ സാമൂഹിക ആവശ്യകതകളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഭൂതകാല പൈതൃകങ്ങളുടെ പുനരുജ്ജീവനമാണുണ്ടാവുക. ഭൂതകാല പൈതൃകത്തിന്റെ മാതൃകാരൂപങ്ങളായി കൊണ്ടാടുന്നവ പ്രതിലോമ പ്രകൃതമുള്ളവയാണെങ്കില്‍ അവയെ അഗണ്യകോടിയില്‍ തള്ളാനുള്ള ധീരത നാം കണിക്കണം.'' ഇന്ന് മതത്തിലായാലും ഭാരതീയ സംസ്‌കാരത്തിലായാലും പാരമ്പര്യവാദികളുടെ പിടിവാശികള്‍ അവര്‍ ആഗ്രഹിക്കുന്ന ചരിത്രം എഴുതിപ്പിടിപ്പിക്കുന്നതിലും അതിന് പ്രചുരപ്രചാരം നല്കുകയും ചെയ്യുന്നതിലാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് നുണകള്‍ പറഞ്ഞ് അവര്‍ അവരുടെ കാലഹരണപ്പെട്ട രാഷ്ട്രീയ തത്ത്വങ്ങള്‍ക്കും അജണ്ടകള്‍ക്കുമായി പൈതൃകത്തെയും പാരമ്പര്യത്തെയും അവരുടെ തൊഴുത്തില്‍ തന്നെ കെട്ടിയിടുകയാണ് ചെയ്യുന്നത്. വിയോജിപ്പുകളെയും എതിര്‍ സ്വരങ്ങളെയും ഇല്ലാതാക്കികൊണ്ടാണ് ഇക്കൂട്ടര്‍ അവര്‍ ആഗ്രഹിക്കുന്ന ചരിത്രനിര്‍മിതി നടത്തുന്നത്.

ശുദ്ധ ഹിന്ദുയിസത്തെ രാഷ്ട്രീയ ആയുധമാക്കിയെടുക്കാനാണ് ഇന്ന് ഹിന്ദുത്വവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വളരെ നിശിതമായി വിമര്‍ശിക്കുന്ന ലേഖനമാണ് ഥാപ്പറിന്റെ ''സിന്‍ഡിക്കേഡ് ഹിന്ദുയിസം'' എന്ന ലേഖനം. ഹിന്ദുയിസം ഒരു മതമാണെങ്കില്‍ ഹിന്ദുത്വവാദം രാഷ്ട്രീയ പുറപ്പാടിന്റെ പ്രത്യയശാസ്ത്രമാണ്. ''ഹിന്ദുത്വവാദം തിരഞ്ഞെടുക്കപ്പെട്ട ചില വിശ്വാസപ്രമാണങ്ങളുടെ ആരുഢത്തില്‍, ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ട ഒരു സാമൂഹിക-രാഷ്ട്രീയ സംഘടനാസ്വരൂപമാണ്. അതിന് പ്രഥമമായും അന്തിമമായും രാഷ്ട്രീയ ലക്ഷ്യമാണുള്ളത്."

ഫുള്‍സ്റ്റോപ്പ്: ''സംസ്‌കാരത്തെ / പൈതൃകത്തെ ആര് നിര്‍വചിക്കുന്നുവെന്നതാണ്, എന്താണ് അവയില്‍ ഉള്‍പ്പെടുന്നതെന്നും ഒഴിച്ചുനിര്‍ത്തുന്നതെന്നും തീരുമാനിക്കുന്നത്. പുറംതള്ളപ്പെടുന്ന സംസ്‌കാരങ്ങളാണ് പലപ്പോഴും മുറിയിലെ ആനയെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കാറില്ല.''
റോമില ഥാപ്പര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org