ജനാഭിമുഖ കുര്‍ബാന: വിശ്വാസികളുടെ സ്വാഭാവിക ധര്‍മ്മം

ജനാഭിമുഖ കുര്‍ബാന: വിശ്വാസികളുടെ സ്വാഭാവിക ധര്‍മ്മം

അള്‍ത്താരാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി വാദിക്കുന്നവര്‍ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു ചോദ്യമുണ്ട്, എവിടെയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ജനാഭിമുഖ കുര്‍ബാനയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? ആ പദം ഉപയോഗിച്ചിട്ടില്ല എന്നതു ശരിതന്നെ. പക്ഷേ കൗണ്‍സിലിന്റെ ഭാഷ ശ്രദ്ധിച്ചാല്‍ കുര്‍ബാന ജനാഭിമുഖമാകാനേ സാധിക്കൂ. ''കുരിശില്‍ സ്വയാര്‍പ്പണം ചെയ്ത അവിടുന്നു തന്നെയാണ് പുരോഹിത ശുശ്രൂഷയിലൂടെ ഇപ്പോള്‍ അതേ അര്‍പ്പണം നടത്തുന്നത്. വിശ്വാസികള്‍ അതില്‍ ബോധപൂര്‍വവും സജീവവും ഫലപ്രദവുമായി പങ്കെടുക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട് (11). ''ആരാധനക്രമങ്ങളില്‍ പൂര്‍ണവും ബോധപൂര്‍വവും കര്‍മ്മോല്‍സുകവുമായ രീതിയില്‍ ഭാഗഭാക്കാകുവാന്‍ എല്ലാ വിശ്വാസികളെയും നയിക്കണമെന്നാണ് തിരുസഭാ മാതാവിന്റെ തീവ്രാഭിലാഷം (14). ''തിരഞ്ഞെടുക്കപ്പെട്ട ഒരു ജനത, രാജകീയ പൗരോഹിത്യം വിശുദ്ധ ജനപദം എന്നീ നിലകളില്‍ ക്രിസ്തീയ വിശ്വാസികളുടെ ഈ ഭാഗഭാഗിത്വം ജ്ഞാനസ്‌നാനഫലമായ അവരുടെ അവകാശവും ധര്‍മ്മവുമാണ്.''

ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞ ലോകമെങ്ങുമുള്ള മെത്രാന്മാരുടെ കോണ്‍ഫ്രന്‍സുകളും എന്തിനേറെ പൗരസ്ത്യ പാരമ്പര്യം സീറോ മലബാര്‍ സഭ സ്വീകരിച്ച യഥാര്‍ത്ഥ കല്‍ദായ സഭയില്‍ പോലും ഇന്ന് ജനാഭിമുഖ കുര്‍ബാനയാണ് ചൊല്ലുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനക്രമ നവീകരണ പ്രക്രിയ സ്വീകരിക്കാന്‍ വിമുഖത കാണിച്ച് ട്രെന്റ് സൂനഹദോസിന്റെ വഴികളിലേക്കു തിരിഞ്ഞ പരമ്പരാഗത ഗ്രൂപ്പിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്ത് കിഴക്കോട്ടു നോക്കി കുര്‍ബാന ചൊല്ലാനുള്ള പ്രത്യേക അനുവാദം നല്കിയിരുന്നു. എന്നാല്‍ 2021 ജൂലൈ മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു പ്രത്യേക കല്പന (motu proprio) വഴി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും മാര്‍പാപ്പമാരുടെ ഔദ്യോഗിക പ്രബോധനങ്ങളും നിര്‍ദ്ദേശിച്ച ആരാധനക്രമ നവീകരണങ്ങളുടെ ആധികാരികതയും നിയമസാധുതയും അംഗീകരിക്കുന്നുവെന്നു ഉറപ്പു വരുത്തിയതിനു ശേഷമേ കിഴക്കോട്ടു തിരിഞ്ഞ് കുര്‍ബാന ചൊല്ലാനുള്ള അനുവാദം കൊടുക്കുവാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദ്ദേശമാണ് ലോകമെങ്ങുമുള്ള മെത്രാന്മാര്‍ക്ക് നല്കിയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തിലുള്ള ജനാഭിമഖ കുര്‍ബാനയ്ക്ക് വിരുദ്ധമായി കിഴക്കിനഭിമുഖമായി കുര്‍ബാന അര്‍പ്പിക്കണമെന്ന് വാശിപിടിച്ച ഗ്രൂപ്പുകള്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ ഈ താക്കീത് നല്കിയത്.

കത്തോലിക്കാ സഭയുടെ സാര്‍വത്രിക മതബോധനഗ്രന്ഥത്തില്‍ വിശുദ്ധ കുര്‍ബാനയെ കര്‍ത്താവിന്റെ ശരീരത്തോടും രക്തത്തോടുമുള്ള സംസര്‍ഗത്തിന്റെ വിശുദ്ധമായ വിരുന്നായാണ് പറഞ്ഞിരിക്കുന്നത് (1382). അതുകൊണ്ടാണ് കുര്‍ബാനയുടെ ആഘോഷത്തില്‍ സഭ അള്‍ത്താരയ്ക്കു ചുറ്റും സമ്മേളിക്കണമെന്ന് മതബോധന ഗ്രന്ഥം പറയുന്നത്. 1410-ാമത്തെ നമ്പറില്‍ പറയുന്നത് ഇപ്രകാരമാണ്, ''പുതിയ നിയമത്തിന്റെ നിത്യനായ പ്രധാനപുരോഹിതനായ ക്രിസ്തുതന്നെയാണ് വൈദികരുടെ ശുശ്രൂഷയിലൂടെ പ്രവര്‍ത്തിച്ചുകൊണ്ട്. ദിവ്യകാരുണ്യബലി അര്‍പ്പിക്കുന്നത്.'' എങ്കില്‍ ആ ബലി അന്ത്യഅത്താഴവിരുന്നുപോലെ എല്ലാവരും സൗഹൃദത്തോടെ മുഖത്തോടു മുഖം നോക്കി ഭക്ഷിച്ച വിരുന്നിന്റെ മാതൃകയിലായിരിക്കണം. അത് കാല്‍വരിയില്‍ മനുഷ്യകുലത്തിന്റെ മുഖത്തു നോക്കി പിതാവായ ദൈവത്തിന് അര്‍പ്പിച്ച രക്തബലിയുടെ ആവര്‍ത്തനമായിരിക്കണം. ക്രിസ്തുവില്‍ ദൈവം തന്നെയാണ് മനുഷ്യരുടെ പാപപരിഹാരത്തിനായി സ്വയം അര്‍പ്പിച്ചത്. വചനം മാംസം ധരിച്ച് മനുഷ്യനായ ദൈവം ഏദന്‍ തോട്ടത്തില്‍ ആദിമാതാപിതാക്കള്‍ക്കു പാപം മൂലം നഷ്ടപ്പെട്ട പറുദീസ തന്റെ കുരിശുമരണത്തിലൂടേയും ഉത്ഥാനത്തിലൂടേയും വിണ്ടെടുത്തു. തന്നില്‍ വിശ്വസിക്കുന്നവരെ യേശുക്രിസ്തു ദൈവമക്കളാക്കി. യേശു പറയുന്നു, ദൈവവചനം ആരുടെ പക്കലേക്കു വന്നുവോ അവരെ ദൈവങ്ങളെന്ന് അവന്‍ വിളിച്ചു (യോഹ 10:35).

ഫുള്‍സ്റ്റോപ്പ്: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരാധനക്രമം എന്ന പ്രബോധനത്തില്‍ പറയുന്നു, 'ആരാധന കര്‍മങ്ങള്‍ രഹസ്യാചരണങ്ങളല്ല. മറിച്ച്, സഭയുടെ ആഘോഷപൂര്‍വകമായ ചടങ്ങുകളാണ്. തന്മൂലം ആരാധനകര്‍മങ്ങള്‍ സഭാ ശരീരത്തെ മുഴുവന്‍ സംബന്ധിക്കുന്നവയാണ്. അവ സഭാ ശരീരത്തെ വെളിപ്പെടുത്തുകയും അതില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.'' (26)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org