അപരനെ ഇല്ലാതാക്കാന്‍ കാരണം ആവശ്യമില്ല

അപരനെ ഇല്ലാതാക്കാന്‍ കാരണം ആവശ്യമില്ല
എല്ലായിടത്തും കഥ ഒന്നു തന്നെ. അപരനെ സൃഷ്ടിച്ചെടുക്കുക. അപരനെ ഇല്ലാതാക്കുക. ആരും കാരണം ചോദിക്കാന്‍ പാടില്ല. അല്ല, കാരണമൊന്നും ആവശ്യമില്ല.

''എഴുത്ത് നമ്മളെ തന്നെ പഠിക്കലും പുതുക്കലുമാണ്. ഭാഷയും ഭാഷണ സമൂഹവും ഒന്നു തന്നെയാണ്. സമൂഹത്തിലെന്തുണ്ടോ അതു ഭാഷയിലുണ്ടാകും, ഇല്ലാത്തത് ഉണ്ടാകുകയുമില്ല'' പ്രസിദ്ധ സാഹിത്യകാരിയും നോവലെഴുത്തിലൂടെ കേന്ദ്ര, കേരള സാഹിത്യ പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ സാറാ ജോസഫിന്റെ ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതാണ് സാറാ ജോസഫിന്റെ മഷിയില്‍ നിന്നും അടര്‍ന്നു വീണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏറ്റവും പുതിയ ലക്കത്തിലുള്ള ''കാരണം ആവശ്യമില്ല'' എന്ന ചെറുകഥ. ലോക സാഹിത്യത്തില്‍ ഇന്ന് ഉപയോഗിക്കുന്നത് ചെറിയ ചെറിയ വാചകങ്ങളാണ്. കുറിക്കുന്ന കാര്യങ്ങള്‍ കുറിക്കുക്കൊള്ളുവാനും വായനക്കാരന് പെട്ടെന്ന് മനസ്സിലാക്കുവാനുംവേണ്ടിയാണ് എഴുത്തുകാര്‍ ചെറിയ വാചകങ്ങള്‍ ഉപയോഗിക്കുന്നത്. പണ്ട് ലത്തീന്‍ ഭാഷയിലുള്ള സാഹിത്യത്തിലൊക്കെ ഒരു വാചകം അനേകം വാക്കുകള്‍ ഉള്‍ക്കൊള്ളുന്നതും, ഒരു നീണ്ട പാരഗ്രാഫ് മുഴുവന്‍ ഒരൊറ്റ വാചകമായി എഴുതുന്ന രീതിയും അവലംബിച്ചിരുന്നു. സാറാ ജോസഫിന്റെ പുതിയ കഥയുടെ ആദ്യ ഭാഗം ഇത്തരം ഒരു നീണ്ട വാചകമാണ്. കഥ ആരംഭിക്കുന്ന വാചകം ചിത്രങ്ങള്‍ ഉള്‍പ്പെടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നാലു താളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സാഹിത്യത്തില്‍ ഇത്തരം രീതി ഉപയോഗിക്കുന്നത് ഒന്നുകില്‍ കഥയുടെ പരിസരത്തെപ്പറ്റി വായനക്കാരില്‍ എന്തെന്നില്ലാത്ത സമ്മര്‍ദം ഉണ്ടാക്കാനോ, നോവലിസ്റ്റിനു തന്നെയുള്ള ഒരു കണ്‍ഫ്യൂഷന്‍ അങ്ങനെ തന്നെ വായനക്കാരില്‍ എത്തിക്കാനോ ആകാം. എന്തെയാലും കഥ വളരെ ലളിതമാണ്. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ശക്തമായ പ്രമേയം കഥയിലുണ്ട്.

കഥയുടെ പേരു തന്നെ സൂചിപ്പിക്കുന്ന വിധം കേരളത്തില്‍ ഇന്ന് ഒരാളെ കൊല്ലാന്‍ പ്രത്യേക കാരണം ഒന്നും വേണ്ട. അവനെ മറ്റൊരാള്‍ അപരനായി കണ്ടാല്‍ മതി. അപരന്‍ നരകമാണ് എന്നാണ് ഴാങ് പോള്‍ സാര്‍ത്ര് പറഞ്ഞു വച്ചത്. ഭൂമിയില്‍ തങ്ങളുടെ സങ്കല്പ സ്വര്‍ഗം പണിയാന്‍ ഇച്ഛിക്കുന്നവര്‍ അപരനെ വെറുതെ കൊന്നുകളയുന്നു. അത്തരം ഒരു കൊലപാതകമാണ് സാറാ ജോസഫ് കഥയിലൂടെ വിശദീകരിക്കുന്നത്. കഥാനായകന്‍ താന്‍ താമസിക്കുന്ന തൊട്ടിക്കുളം കോളനിയില്‍ അയല്‍പക്കത്തെ കൊച്ചുണ്ണിയുടെ മകന്‍ ഗിരിജനും കൂട്ടര്‍ക്കും ഒഴിവാക്കേണ്ട അപരനാകേണ്ടി വന്നതിന്റെ സൂചനയും കഥയിലില്ല. പേരില്ലാത്ത കഥാനായകന്‍ അപരനാകാന്‍ കാരണം അയാളുടെ ആത്മാര്‍ത്ഥതയും മാന്യമായ് ജീവിക്കാനുമുള്ള ബദ്ധപ്പാടുമാണ്. കഥാനായകന്‍ ഒരു പെട്ടിക്കട കച്ചവടക്കാരനാണ്. ആരുടെയും കാര്യത്തില്‍ ഇടപെടാതെ അമ്പത്തിമൂന്നു മണി ജപവും തൊഴില്‍ കഴിഞ്ഞുവരുമ്പോള്‍ പള്ളിയിലുള്ള പ്രാര്‍ത്ഥനയും തന്റെ പെണ്‍മക്കളെക്കുറിച്ചുളള ആധിയും വ്യാധിയുമുള്ളവനുമായ ഉത്തമവിശ്വാസിയായ ക്രിസ്ത്യാനി. അയല്‍പ്പക്കത്തുകാരനായ കൊച്ചുണ്ണിയുടെ നിര്‍ത്താത്ത ചുമ പോലും അധികം നേരം കേട്ടു സഹിക്കാനാകാത്ത നല്ല അയല്‍പ്പക്കക്കാരന്‍. സ്വന്തം കാര്യം നോക്കി ദൈവം നല്കിയിരിക്കുന്ന ആരോഗ്യമുപയോഗിച്ച് കഷ്ടപ്പെട്ട് പണിയെടുത്ത് മാന്യമായി ജീവിക്കുന്നതുകൊണ്ടാകാം അയാള്‍ തൊട്ടിക്കുളംകാര്‍ക്ക് അപരനായി മാറിയത്. സത്യസന്ധനായി ജീവിക്കുന്നവര്‍ ഒറ്റപ്പെടുന്ന സംസ്‌കാരവും സമൂഹവുമാണല്ലോ നമ്മുടേത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായ ഒരുവന്‍ എന്നും കൂട്ടത്തില്‍ കുത്തിയാണ്. അവനെ വച്ചുപൊറുപ്പിക്കരുത്. അതിനാലാണ് അയല്‍പ്പക്കക്കാരന്‍ കൊച്ചുണ്ണിയുടെ ചുമ ശമിപ്പിക്കാന്‍ അവന്റെ അടുത്തുചെന്ന് തന്നെ കൊല്ലാന്‍ വാടക കൊലയാളികളെ ഏര്‍പ്പാടു ചെയ്യുന്ന കൊച്ചുണ്ണിയുടെ മകന്‍ ഗിരിജന്‍ ഉണ്ടാക്കിവച്ചിരിക്കുന്ന പാനീയം കൊടുത്ത് അയാളെ സമാശ്വസിപ്പിക്കുന്നത്.

തൊട്ടിക്കുളം കോളനിക്കു സമാന്തരമായ വഞ്ചിക്കുളം കോളനിയിലെ രണ്ടു പേരെയാണ് കൊല നടത്താന്‍ വാടകയ്‌ക്കെടുക്കുന്നത്. അവര്‍ക്കു കാണിച്ചുകൊടുത്ത ഇരയുടെ പെട്ടിക്കടയില്‍ ചെന്ന് കൊലപാതകികള്‍ കുലുക്കി സര്‍ബത്ത് കുടിക്കുന്നുണ്ട്. അവര്‍ കൊല്ലാന്‍ പോകുന്നതുകൊണ്ടാകാം അവരില്‍ ഒരാള്‍ കുലുക്കി സര്‍ബത്തിന്റെ വിലയ്ക്കു പുറമേ ഒരു ഒറ്റരൂപ നാണയം വച്ചുകൊടുക്കുന്നത്. ''അതിനു പുറമേ രണ്ടാമാത്തെ വഞ്ചിക്കുളംകാരന്‍ അയാളുടെ നനഞ്ഞുകുതിര്‍ന്ന കൈപിടിച്ച് ഒരൊറ്റരൂപ നാണയം ഉള്ളംകയ്യില്‍ അമര്‍ത്തിവച്ചു. ''ഇത് വച്ചോ.'' എന്തിനോ അയാളൊന്ന് വിറച്ചു.'' കൊല്ലാന്‍ ഏല്പിച്ചവരോട് വഞ്ചിക്കുളംകാര്‍ പറയുന്നുണ്ട്, ''അയാളെ കൊല്ലുക വളരെ എളുപ്പം. ഒരു താറാവിനെ കൊല്ലും പോലെ കഴുത്തു പിരിച്ച് കൊല്ലാം. അതിനൊരു കൊലക്കത്തിയുടെ ആവശ്യമൊന്നുമില്ല.'' അവരുടെ മറുപടി വിചിത്രമായിരുന്നു, ''അങ്ങനെ നിരുപദ്രവമായി കൊന്നിട്ട് കാര്യമില്ല. നടുക്കമുണ്ടാക്കണം.''

ഫുള്‍സ്റ്റോപ്പ്: സാറാ ജോസഫ് പറയുന്നത് ഇന്നത്തെ ഭാഷയാണ്. ഡല്‍ഹിയിലും തിരുവനന്തപുരത്തും കണ്ണൂരും എല്ലായിടത്തും കഥ ഒന്നു തന്നെ. അപരനെ സൃഷ്ടിച്ചെടുക്കുക. അപരനെ ഇല്ലാതാക്കുക. ആരും കാരണം ചോദിക്കാന്‍ പാടില്ല. അല്ല, കാരണമൊന്നും ആവശ്യമില്ല. ഇത്തരം പാതകങ്ങളോ മാധ്യമ വാര്‍ത്തകളുമാകണം. അത് എല്ലാവരെയും ഭയപ്പെടുത്തുന്ന പൊതു കാഴ്ചയുമാകണം. അതാണ് അത്യാധുനിക രാഷ്ട്രീയ തന്ത്രം. അതാണ് ഇന്നത്തെ സമുദായ സമവാക്യം. അതാണ് സമഗ്രാധിപത്യത്തിന്റെ ദുര്‍ഭൂതങ്ങളുള്ള ഇന്ത്യന്‍ ജനാധിപത്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org