ക്രിസ്തുവില്‍ ധാര്‍മ്മികതയാണ് നിയമത്തേക്കാള്‍ ശ്രേഷ്ഠം

ക്രിസ്തുവില്‍ ധാര്‍മ്മികതയാണ് നിയമത്തേക്കാള്‍ ശ്രേഷ്ഠം

സീറോ മലബാര്‍ സിനഡ് 2001-ല്‍ ലിറ്റര്‍ജി സംബന്ധമായി ഒരു തീരുമാനം എടുക്കുന്നതു സംബന്ധിച്ച് പാസ്സാക്കിയ ഒരു നടപടിക്രമം ഉണ്ട്. അതു പാലിക്കാതെ എടുത്ത 50-50 ഫോര്‍മുല തീരുമാനം തന്നെ നിയമാനുസൃതമല്ല.

ചരിത്രത്തെയും സംസ്‌കാരത്തെയും സ്വന്തം ജീവിതം കൊണ്ട് ശുദ്ധീകരിച്ചവരാണ് ക്രിസ്തുവും ഗാന്ധിജിയും. രണ്ടുപേരും നിയമലംഘകരായിരുന്നു. സാധാരണക്കാരെ ചൂഷണം ചെയ്യത്തക്കവിധം പഴയനിയമങ്ങളെ വളച്ചൊടിച്ചു വ്യാഖ്യാനിച്ച അന്നത്തെ പ്രധാനപുരോഹിതര്‍ക്കും ഫരിസേയര്‍ക്കും എതിരെ സാബത്ത് നിയമം ലംഘിച്ചവനാണ് യേശുക്രിസ്തു. സാബത്ത് മനുഷ്യനുവേണ്ടിയാണ് മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന ധര്‍മ്മത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും പാതയിലാണ് ക്രിസ്തു നിയമ ലംഘകനായത്. നിയമാനുസൃതമായതൊക്കെ പ്രയോജനകരമോ പടുത്തുയര്‍ത്തുന്നതോ അല്ലെന്ന് പിന്നീട് പൗലോസ് ശ്ലീഹ പറയുന്നുണ്ട് (1 കൊറി. 10:23).

മഹാത്മഗാന്ധിയാകട്ടെ ബ്രിട്ടീഷുകാരുടെ അധാര്‍മ്മിക നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം സാധ്യമാക്കിയത്. ''രാഷ്ട്രം അഴിമതിയിലും അധാര്‍മ്മിക നിയമവാഴ്ചയിലും ആയിരിക്കുമ്പോള്‍ സിവില്‍ നിയമലംഘനം പൗരന്മാരുടെ വിശുദ്ധമായ ദൗത്യമായി മാറുന്നു. അത്തരം രാഷ്ട്രത്തോട് സമരസപ്പെടുന്ന പൗരന്മാര്‍ രാഷ്ട്രത്തിന്റെ അഴിമതിയിലും നിയമരാഹിത്യത്തിലും പങ്കുകാരാകും'' എന്നാണ് മഹാത്മഗാന്ധി പറഞ്ഞത്. പറയുക മാത്രമല്ല, 'ഗാന്ധിയുടെ കൈയില്‍ ഉപ്പ് ഒരു കലാപശാല'യായി മാറുകയും ചെയ്തു. നിയമലംഘനത്തിലൂടെ ധാര്‍മ്മികതയുടെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുകയും അതുവഴി നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുകയും ചെയ്തു. നിയമം ലംഘിക്കപ്പെടേണ്ടിടത്ത് അത് ചെയ്തില്ലെങ്കില്‍ അധര്‍മ്മവും അനീതിയും അവിടെ കൊടികുത്തി വാഴുമെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ചതും മഹാത്മഗാന്ധി തന്നെയാണ്.

നിയമലംഘകരായ ക്രിസ്തുവിന്റെയും മഹാത്മഗാന്ധിയുടെയും ചരിത്രം വിളമ്പിയതിന്റെ കാരണം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും അര്‍പ്പിച്ചു വരുന്ന ജനാഭിമുഖ കുര്‍ബാന നിയമാനുസൃതമല്ല എന്ന സീറോ മലബാര്‍ സിനഡിന്റെ സര്‍ക്കുലറിന്റെ പശ്ചാത്തലത്തിലാണ്. പക്ഷേ, ആ കുര്‍ബാനയാണ് ധാര്‍മ്മികമായും സാര്‍വത്രിക സൂനഹദോസിന്റെ ഹിതപ്രകാരവും ഏറ്റവും സാധുവായ കുര്‍ബാന. സീറോ മലബാര്‍ സിനഡ് പിതാക്കന്മാരുടെ അഹംഭാവത്തിന്റെയും ആത്മാര്‍ത്ഥയില്ലായ്മയുടെയും ഏറ്റവും ഒടുവിലത്തെ തെളിവാണ് 2023 ജനുവരി 14 ന് അവര്‍ ഇറക്കിയ സിനാഡനന്തര സര്‍ക്കുലര്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് പള്ളി പൂട്ടികിടക്കുന്നു. കാരണം 50-50 ഫോര്‍മുല കുര്‍ബാനയ്ക്കായ് വ്രതമനുഷ്ഠിക്കുന്ന ഏതാനും വ്യക്തികള്‍ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ വൈദികന്റെ നേതൃത്വത്തില്‍ സാധുവായ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികരെ മര്‍ദിക്കുകയും വിശുദ്ധ വസ്തുക്കളും ബലിപീഠവും അവഹേളിക്കുകയും ചെയ്ത സംഭവം കേരളത്തിലെ സകല മതവിശ്വാസികളെയും വേദനിപ്പിച്ചിരുന്നു. സീറോ മലബാര്‍ സഭയുടെ പരമോന്നത സിനഡ് ഈ പ്രശ്‌നത്തിന് സമാധാനപരമായ ഒരു പരിഹാരം ഉണ്ടാക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ചര്‍ച്ചയ്ക്കായി ഒരു മെത്രാന്‍ സമിതിയെ നിയമിച്ച് മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് ജനാഭിമുഖ കുര്‍ബാന നിയമാനുസൃതമല്ല എന്ന് പ്രസ്താവിച്ച് എരിതീയില്‍ എണ്ണയൊഴിച്ച് സിനഡ് കടന്നുപോയി.

സീറോ മലബാര്‍ സിനഡ് 2001-ല്‍ ലിറ്റര്‍ജി സംബന്ധമായി ഒരു തീരുമാനം എടുക്കുന്നതു സംബന്ധിച്ച് പാസ്സാക്കിയ ഒരു നടപടിക്രമം ഉണ്ട്. അതു പാലിക്കാതെ എടുത്ത 50-50 ഫോര്‍മുല തീരുമാനം തന്നെ നിയമാനുസൃതമല്ല. 1999-ല്‍ 50-50 കുര്‍ബാനയര്‍പ്പണ തീരുമാനം എടുത്ത് 2000 ജൂലൈ മാസത്തില്‍ പ്രയോഗത്തിലെത്തിച്ചപ്പോള്‍ കേരളത്തില്‍ 8 രൂപതകള്‍ ജനാഭിമുഖ കുര്‍ബാന നിയമാനുസൃതം ചൊല്ലാനുള്ള കാനോനിക ഒഴിവ് നല്കുകയാണ് ചെയ്തത്. കേരളത്തിനു പുറത്തും ജനാഭിമുഖ കുര്‍ബാനയാണ് ചൊല്ലിവന്നത്. പിന്നീട് വിവാദപരമായ ഈ കാര്യം വളരെ വിരളമായേ സിനഡില്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുള്ളൂ. ഈ സത്യം മറച്ചുവച്ച് 2021-ല്‍ മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ച് മാര്‍പാപ്പയെകൊണ്ട് 1999-നു ശേഷം നിരന്തരം സിനഡില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച 50-50 ഫോര്‍മുല എന്നെഴുതിപ്പിച്ചതിന്റെ സത്യസന്ധതയെക്കുറിച്ച് ചോദിച്ചിട്ട് ഇതുവരെ സിനഡിലെ ഒരു മെത്രാനും പ്രതികരിച്ചിട്ടില്ല.

ജനാഭിമുഖ അര്‍പ്പണ രീതി നിയമാനുസൃതമായി ശരിയല്ല എന്നു സിനഡ് പ്രഖ്യാപിക്കുമ്പോള്‍ അതു ധാര്‍മ്മികമായി ശരിയാണ് എന്ന മനസ്സോടെയാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ ചൊല്ലിവരുന്നത്. അതിനാല്‍ അത് തീര്‍ച്ചയായും സാധുവാണെന്നു മാത്രമല്ല നൂറുശതമാനം ശരിയുമാണ്. ഏതൊരു വികാരിയും ഈ കാര്യത്തില്‍ മെത്രാനെ അനുസരിക്കണമെന്നു പറയുമ്പോള്‍ കുര്‍ബാന അര്‍പ്പണ രീതിയില്‍ 50-50 ഫോര്‍മുല ഉപയോഗിച്ചാല്‍ തന്റെ ഇടവകയില്‍ സംഘര്‍ഷവും കലാപവും ഉണ്ടാകുമെങ്കില്‍ വൈദികന്‍ തിരഞ്ഞെടുക്കേണ്ട പാത അനുസരണക്കേടിന്റേതു തന്നെയാണ്. നിയമത്തിനു വേണ്ടി ധര്‍മ്മവും നീതിയും സത്യവും ബലികൊടുക്കുന്നത് ഒട്ടും ക്രൈസ്തവികമല്ല.

ഫുള്‍സ്റ്റോപ്പ്: ''കസേരയാണ് എല്ലായിടത്തും പ്രശ്‌നം. നമ്മുടെ സംസ്‌കാരത്തെ ശുദ്ധീകരിക്കാന്‍ ഈ റിപ്പബ്ലിക് ദിനത്തില്‍ ഗാന്ധിജിയെപ്പോലെ 'നാമും ചിന്തിക്കണം.' കസേര എന്ന ആശയത്തിന്റെ നാല് കാലുകളാണ് ഗാന്ധി എന്ന ഫര്‍ണിച്ചര്‍ ഡി സൈനര്‍ വെട്ടിക്കുറച്ചത്. ആഴങ്ങളുടെ നെല്ലിപ്പലകയില്‍ അദ്ദേഹം ഇരുന്നു. ഗാന്ധി ഇരിക്കുന്ന മനുഷ്യനെ താഴേക്കു കൊണ്ടുപോയി. വേദിയിലേക്ക് കയറി താഴേക്ക് നോക്കി സംസാരിക്കാന്‍ ഗാന്ധി മനുഷ്യനെ അനുവദിച്ചില്ല. മനുഷ്യശിരസ്സുകളുടെ സ്ഥാനം നേര്‍രേഖയിലാക്കി'' -കെ.എം. മധുസൂദനന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org