പടക്കത്തിന്റെ ജീവിത പാഠങ്ങള്‍ അങ്കമാലിയില്‍ നിന്നും

പടക്കത്തിന്റെ ജീവിത പാഠങ്ങള്‍ അങ്കമാലിയില്‍ നിന്നും
Published on
നീരിക്ഷണപാടവത്തിന്റെ വെടിക്കെട്ടും ഓര്‍മ്മയുടെ നിറച്ചാര്‍ത്തും കൂടി കലരുമ്പോള്‍ വര്‍ഗീസ് അങ്കമാലി മലയാള കഥ എഴുത്തുകാരുടെ ഇടയില്‍ പുതിയ ശൈലിയും ഭാഷയും പാകപ്പെടുത്തിയെടുക്കുകയാണെന്ന് പറയാം.

പടക്കവും അങ്കമാലിയും തമ്മിലുള്ള ബന്ധവും ഗന്ധവും മനസ്സിലായത് അങ്കമാലി പള്ളിയില്‍ റെക്ടറായി സേവനം ചെയ്യുമ്പോഴാണ്. നെടുങ്ങാടന്മാരും ചക്കാട്ടികളും വാശിയോടെ വീറോടെ പടക്കം നിര്‍മ്മിക്കുന്നത് കാണുവാനും ഇരുകൂട്ടരുടെയും കുടുംബത്തില്‍ പെട്ടവരുമായി സൗഹൃദവും സ്ഥാപിക്കുവാനും ഇടയായി. അങ്കമാലി 'കുന്ന്' എന്ന് വിശേഷിപ്പിക്കുന്ന പ്രദേശത്ത് പടക്കത്തിന്റെ ഓല ഉണക്കാനിടുന്നതും പടക്കത്തിന് ഉപയോഗിക്കുന്ന വെടിമരുന്നുകളും കാണാനിടയായി. പടക്കം മൂലമുള്ള അപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും എട്ടുനാടും കീര്‍ത്തിപ്പെട്ട അങ്കമാലി പള്ളിയിലെ ഗീവര്‍ഗീസ് സഹദായോട് വികാരി എന്ന നിലയില്‍ എന്റെ ഇടവകയിലെ പടക്കനിര്‍മ്മാണ കുടുംബക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ ഭയന്നുപോയ സന്ദര്‍ഭമുണ്ടായി. അങ്കമാലിയിലെ ഒരു സ്‌കൂളില്‍ ശാസ്ത്രമേളയില്‍ അഗ്നിപര്‍വത പരീക്ഷണത്തിന് പൊട്ടിത്തെറി ഉണ്ടായെന്നും കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പരിക്കുപറ്റിയെന്നും കേട്ടു. പിന്നാലെ ഒരു കാര്യം മനസ്സിലായി പരീക്ഷണത്തിന് മാറ്റുകൂട്ടുവാന്‍ കുന്നിലെ പയ്യന്‍സ് വീട്ടിലിരുന്ന വെടിമരുന്നിന്റെ ഒരു ചേരുവ പരീക്ഷിച്ചതിനാലാണ് അപകടം സംഭവിച്ചതെന്ന്.

എന്തായാലും അങ്കമാലി യിലെ പടക്കത്തിന്റെ കാര്യം ഞാന്‍ ഇപ്പോള്‍ കുറിക്കാന്‍ കാരണം എന്റെ സുഹൃത്തും അങ്കമാലി ഇടവകക്കാരനുമായ വര്‍ഗീസ് അങ്കമാലിയുടെ 'പടക്കം' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (പുസ്തകം 101, ലക്കം 10) വായിക്കാനിടവന്നതാണ്. ജീവിതത്തിന്റെ ഓട്ടത്തിനിടയില്‍ മാതൃഭൂമിയുടെ കവര്‍ പേജില്‍ വര്‍ഗീസ് അങ്കമാലിയുടെ പേര് കണ്ടപ്പോള്‍ എനിക്കഭിമാനം തോന്നി. ഇതിനു മുമ്പ് 'ദയറ' പോലുള്ള കഥകള്‍ വര്‍ഗീസ് അങ്കമാലിയുടേതായി ആഴ്ചപ്പതിപ്പില്‍ വന്നിട്ടുണ്ടെങ്കിലും അങ്കമാലിക്കാരന്റെ പേര് കവര്‍ പേജില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ആര്‍ത്തിയോടെ ആ കഥ വായിച്ചു. വളരെ വ്യത്യസ്തമായ ഭാഷ. ഒരുപക്ഷേ അങ്കമാലിയിലെ പടക്കനിര്‍മ്മാണ കുടുംബങ്ങളോടുള്ള അയല്‍പക്ക ബന്ധം നിമിത്തം വര്‍ഗീസ് അങ്കമാലിക്ക് മാത്രം സ്വായത്തമായ ഭാഷ. പടക്കത്തിന്റെ ഞെരിച്ചിലും പൊരിയുമുള്ള വര്‍ഗീസ് അങ്കമാലിയുടെ ഭാഷാപ്രയോഗം മനസ്സിനുള്ളിലും തലയ്ക്കുള്ളിലും സന്തോഷത്തിന്റെ വെടിക്കെട്ടുകളും അതേസമയം സങ്കടത്തിന്റെ കൂരിരുട്ടും ചാര്‍ത്തുന്നതാണ്. 'ഇറച്ചിക്കറിക്കുള്ള വറുത്തരപ്പരുവത്തില്‍ കരിമരുന്നുരയ്ക്കുന്ന കൂനന്‍ കൊച്ചര്‍തിന്റെ അട്ടഹാസം' തുടങ്ങിയ പ്രയോഗങ്ങള്‍ അങ്കമാലിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഇറച്ചിയും കൂര്‍ക്കയും അടുക്കളയില്‍ പരുവപ്പെടുത്തുന്ന അതേ മട്ടിലും സ്വാദിലുമാണ് അങ്കമാലിക്കാര്‍ പടക്കവും നിര്‍മ്മിക്കുന്നതെന്ന 'ഫീലാണ്' നല്‍കുന്നത്. പടക്കത്തിന്റ നിറവും മണവും ആകാശത്ത് വിരിയുന്ന മാരിവില്ലും ആകാശത്തു നിവരുന്ന കുടയും ആകാശത്ത് നിന്നും ഇറങ്ങിവരുന്ന പ്രാവുമെല്ലാം പടക്കത്തിനൊടൊപ്പം പൊട്ടുകയും ചീറുകയും നയനമനോഹരമായ വിസ്മയക്കാഴ്ചയുമേകുന്ന പച്ചയായ ജീവിതങ്ങളുടെ നിറച്ചാര്‍ത്തായിട്ടാണ് വര്‍ഗീസ് അങ്കമാലി അവതരിപ്പിച്ചിരിക്കുന്നത്.

കാഞ്ഞൂര്‍ പത്താന്തി തിരുനാളും കൊരട്ടിമുത്തിയുടെ തിരുനാളും അവിടെയൊക്കെ അരങ്ങേറുന്ന വെടിക്കെട്ടുപൂരങ്ങളും വര്‍ഗീസിന്റെ തൂലികയില്‍ ചരിത്രവ്യാഖ്യാനത്തിന്റെ ഇടിമുഴക്കത്തോടെയാണ് പ്രോജ്ജ്വലിക്കുന്നത്. ജീവിതത്തിന്റെ 'ചങ്കടോം ചിരിയും' പൂര്‍ണ്ണമായും വെടിക്കെട്ടില്‍ ജീവിച്ച തെക്കെത്തല ദാവീദിന്റെ മരിച്ചടക്കിന് പള്ളിപറമ്പില്‍ വെടിക്കെട്ട് നടത്തിയത് അപ്പന്റെ ചാവരുള്‍ മക്കള്‍ അനുസരിച്ചതുകൊണ്ടാണെന്ന് വികാരിയച്ചന്‍ ന്യായീകരിച്ചു. ''വെടിക്കെട്ടില്ലാത്ത പൂരമോ പെരുന്നാളോ കാണില്ല. കൊരട്ടിമുത്യേ. ചവമടക്കിന് ഈ കിടുസം നടാടെയാ. ഇതേതാണ്ട് കെട്ടുവെടിപോലായല്ലോ,'' നിര്‍ത്താതെ ഹോണടിച്ചുകൊണ്ട് തിരുക്കുടുംബം ബസ്സിന്റെ ഡ്രൈവര്‍ പറഞ്ഞു.

വര്‍ഗീസ് അങ്കമാലിയുടെ പടക്കം പടക്കക്കെട്ടുകാരുടെ ജീവിതം മാത്രമല്ല ഒരു കാലത്തിന്റെയും പ്രദേശത്തിന്റെയും സംസ്‌കാരവും ഭാഷയും തന്നെ പുനഃനിര്‍മ്മിക്കുകയാണ് ചെയ്തിരിക്കുന്നത്. വെടിക്കെട്ടും പ്രസിദ്ധമായ തിരുനാളുകളും വര്‍ഷം തോറും നടക്കുന്ന പള്ളികളെ കമ്മിറ്റിക്കാരും വികാരിയച്ചനും പള്ളിപരിസരവും എല്ലാം കഥകളില്‍ ജീവനോടെ വായനക്കാരോടു സംവദിക്കുമ്പോള്‍ കഥ വായിക്കുമ്പോഴെല്ലാം തിരുനാളിന്റെ ആനന്ദാരവവും വെടിക്കെട്ടിന്റെ ശബ്ദായനമാനമായ അന്തരീക്ഷവും വായനക്കാരന്റെ മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വര്‍ണ്ണമഴകള്‍ തീര്‍ക്കും.

''നേര്‍ച്ചപ്പണം എണ്ണിതീര്‍ത്തപ്പോള്‍'' വെടിക്കെട്ടിന്റെയും കതിനയില്‍ നിറയ്ക്കുന്ന കടുമരുന്നിന്റെയും കണക്കുതീര്‍ത്ത് അഞ്ചുകിലോ പന്നിയിറച്ചിയും ഒരു കന്നാസു നിറയെ ചെത്തുകള്ളുമായി സൈക്കിളിലെത്തിയ സോളമന്‍ നീട്ടിയ പൊതിവാങ്ങി റാഹേല്‍ ചോദിച്ചു, ''മുഴുവന്‍ കാശും തന്നോടാ കമ്മിറ്റിക്കാര്?'' എന്ന ചോദ്യത്തിനുമുമ്പ് ചില ഓലപ്പടക്കങ്ങള്‍.

ഫുള്‍സ്റ്റോപ്പ്: കഥയില്‍ കാര്യമുണ്ടെ ന്നും കാര്യത്തില്‍ കഥയുണ്ടെന്നും വര്‍ഗീസ് അങ്കമാലിയുടെ എഴുത്ത് വ്യക്തമാക്കുന്നു. നീരിക്ഷണപാടവത്തിന്റെ വെടിക്കെട്ടും ഓര്‍മ്മയുടെ നിറച്ചാര്‍ത്തും കൂടികലരുമ്പോള്‍ വര്‍ഗീസ് അങ്കമാലി മലയാള കഥ എഴുത്തുകാരുടെ ഇടയില്‍ പുതിയ ശൈലിയും ഭാഷയും പാകപ്പെടുത്തിയെടുക്കുകയാണെന്ന് പറയാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org