സമൂഹമാധ്യമങ്ങളുടെ കലികാലത്തിലും മരിക്കാത്ത അക്ഷരങ്ങള്‍

സമൂഹമാധ്യമങ്ങളുടെ കലികാലത്തിലും മരിക്കാത്ത അക്ഷരങ്ങള്‍
Published on

വായനയുടെ സ്വര്‍ഗ്ഗത്തിലൂടെ മലയാളികളെ ഭാഷയുടെ അലൗകികമായ സൗന്ദര്യത്തിലും ലോകസാഹിത്യത്തിന്റെ മാരിവില്‍ വര്‍ണത്തിലും മുക്കിയെടുക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് നവതിയിലെത്തി. വളരെ ചെറുപ്പം മുതലേ മാതൃഭൂമി വായിക്കുന്ന ശീലം ഇന്നും കാത്തുസൂക്ഷിക്കുന്ന അനേകരില്‍ ഒരാളാണ് ഈ ലേഖകനും. പുതുമയും പഴമയും മണക്കുന്ന മാതൃഭൂമിത്താളുകള്‍ എന്നും മനസ്സിനും ധിഷണതയ്ക്കും ഏറെ പരിപോഷണമായിട്ടുണ്ട്.

പക്ഷേ, ഇന്ന് അച്ചടി മാധ്യമങ്ങളുടെ സ്ഥാനത്ത് സാമൂഹ്യമാധ്യമങ്ങള്‍ നമ്മുടെ വ്യക്തിജീവിതത്തെയും സമൂഹജീവിതത്തെയും പഠനത്തെയും ജോലിയേയും നമ്മുടെ വിശ്രമത്തെയും അധ്വാനത്തെയും എത്ര സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ പോലും ഇന്ന് 4 ജിയിലും 5 ജിയിലുമാണ് കരയുന്നതും ചിരിക്കുന്നതും. ആധുനിക ചരിത്ര ആഖ്യായികയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് അത്രയ്ക്ക് ചെറുതല്ലാത്ത സ്ഥാനം തന്നെ നല്‌കേണ്ടി വരും. ലോകത്തിലെ നവമാധ്യമങ്ങളിലെ സ്പന്ദനങ്ങളെക്കുറിച്ച് നവതിയിലെത്തിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാംമോഹന്‍ പാലിയത്ത് ഒരു പംക്തി ആരംഭിച്ചു. വളരെ രസകരമായി യാഥാര്‍ത്ഥ്യബോധത്തോടെ നവമാധ്യമങ്ങളുടെ ബലത്തെയും ബലക്കുറവിനെയും കുറിച്ച് ''വെബിനിവേശ''ത്തിലൂടെ ഓരോ ആഴ്ചയും കുത്തിക്കുറിക്കുന്ന ആ പംക്തി ഏറെ ഹരംപിടിപ്പിക്കുന്നതാണ്.

ലോകത്തിലെ 790 കോടി ജനങ്ങളില്‍ മഹാഭൂരിപക്ഷവും നവമാധ്യമ സാങ്കേതികത്വത്തില്‍ ഭ്രമിക്കുകയും രമിക്കുകയും ചെയ്യുമ്പോഴും നവമാധ്യമങ്ങള്‍ക്ക് ശ്വാസം വലിക്കാന്‍ ഇടം കൊടുക്കുന്ന പുസ്തകത്തെയും അച്ചടി മാധ്യമങ്ങളെയും കുറിച്ച് സുന്ദരമായ സത്യം പറഞ്ഞുകൊണ്ടാണ് പാലിയത്ത് തന്റെ ആദ്യ ലേഖനം അവസാനിപ്പിക്കുന്നത് (മാതൃഭൂമി 99:48). ഫിലിമുള്ള ക്യാമറ മരിച്ചു/കാല്‍ക്കുലേറ്റര്‍ മരിച്ചു/പെന്‍ ടോര്‍ച്ച് മരിച്ചു/ലാന്‍ഡ് ഫോണ്‍ മരിച്ചു/ പുസ്തകം മാത്രം മരിച്ചില്ല/ഫ്‌ളോപ്പി ഡിസ്‌ക്കുകള്‍ മരിച്ചു / ഗിയറുള്ള സ്‌കൂട്ടര്‍ മരിച്ചു/ സീഡി റോം മരിച്ചു, ടൈംപീസ് മരിച്ചു/പുസ്തകം മാത്രം മരിച്ചില്ല/ ടേപ്പ് റെക്കോഡര്‍ മരിച്ചു/എംപിത്രി പ്ലേയര്‍ മരിച്ചു/ ആട്ടുകല്ല് മരിച്ചു/ കത്തെഴുത്ത് മരിച്ചു/ പുസ്തകം മാത്രം മരിച്ചില്ല! കളര്‍ വെളിച്ചത്തില്‍ കണ്ണില്‍ നിന്നും മാറി മറയുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിനെപ്പോലെയോ വാട്ട്‌സാപ്പ് സന്ദേശങ്ങളെപ്പോലെയോ അല്ല പുസ്തകത്താളുകളില്‍ എന്നുമെന്നും മറിച്ചെടുക്കാവുന്ന ജീവിതത്തിന്റെ ശൈത്യവും ഉഷ്ണവും ഊഷ്മളതയും. അത് നമ്മുടെ കൂടപ്പിറപ്പായി പകലിലും ഇരുട്ടിലും നമ്മുടെ കൂടെയുണ്ടാകും. അതിനാല്‍ അച്ചടി മഷി പുരളുന്ന അക്ഷരങ്ങള്‍ക്ക് ഇന്നും മരണമില്ല.

വെബിനിവേശത്തിലെ അടുത്ത ലക്കത്തിന്റെ (99:49) തലക്കെട്ട് തന്നെ ഗംഭീരമാണ്, ''ആ പേഴ്‌സണ്‍ നീ തന്നെ ! അഥവാ നീ പോ(സ്റ്റ്) മോനേ ദിനേശാ''. ലോക പ്രശസ്ത ടൈം മാസിക എല്ലാ വര്‍ഷവും പേഴ്‌സണ്‍ ഓഫ് ദ ഇയറിനെ തെരഞ്ഞെടുക്കും. ഇന്ത്യയില്‍ നിന്നും ഇതുവരെ ഓരേ ഒരു വ്യക്തിയെ മാത്രമാണ് അങ്ങനെ ടൈം തെരഞ്ഞെടുത്തിട്ടുള്ളു 1930-ല്‍ ഉപ്പു സത്യാഗ്രഹം നടത്തിയ മഹാത്മാഗാന്ധിയെ മാത്രം. 2006 ലെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ''YOU'' നിങ്ങളായിരുന്നു. അവര്‍ കവര്‍ ചിത്രത്തിനു പകരം അവിടെ ഒരു കണ്ണാടിസ്റ്റിക്കര്‍ പതിപ്പിച്ചു. ആ പതിപ്പ് എടുത്തു നോക്കുമ്പോള്‍ നിങ്ങളുടെ മുഖം ആ കണ്ണാടിയില്‍ തെളിഞ്ഞു കാണാമായിരുന്നു. അതിന്റെ കാരണം ഫെയ്‌സ്ബുക്കും യൂ ട്യൂബും, വിക്കിപീഡിയയുമെല്ലാം നിങ്ങളെ രാജാധിരാജനാക്കിയിരിക്കുന്നു. പക്ഷേ പീന്നീടുള്ള വര്‍ഷങ്ങളില്‍ വ്‌ളാദിമിര്‍ പുതിനും, ഒബാമയുമൊക്കയായി പേഴ്‌സണ്‍ ഓഫ് ദ ഇയര്‍. ''നിങ്ങളുടെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ കസേര മെല്ലെ മെല്ലെ ദ്രവിച്ചു. അതിന്റെ സ്ഥാനത്ത് ഞാന്‍ ഞാന്‍ എന്ന് അഹങ്കരിക്കുന്ന ഏതാനും ലോക നേതാക്കള്‍ ഉയര്‍ന്നുവന്നു. പ്രതിസന്ധികള്‍ അവരെ കൂടുതല്‍ കരുത്തരും ഏകാധിപതികളുമാക്കാന്‍ തുടങ്ങി. ഒരു കടുത്ത പ്രതിസന്ധി വരുമ്പോള്‍ ആളുകള്‍ ജനാധിപത്യ ബോധമെല്ലാം വെടിഞ്ഞ് ശക്തരായ ഭരണാധികാരികള്‍ക്കു പിന്നില്‍ ചുളുങ്ങിക്കൂടുമല്ലോ. ഇനി ഈ നേതാവ് ശക്തനല്ലെങ്കിലോ ആരാധിച്ച് ആരാധിച്ച് ആ ദേഹത്തെ എങ്ങനെയെങ്കിലും ശക്തനാക്കിയിട്ടേ നിങ്ങളും ഞാനുള്‍പ്പെട്ട നമ്മള്‍ പിന്നെ വിശ്രമിക്കുകയുള്ളു.''

ഫുള്‍സ്റ്റോപ്പ്: സോഷ്യല്‍ മാധ്യമങ്ങളുടെ അടിമകളായി നാം മാറിക്കഴിഞ്ഞു. സത്യത്തിനും നീതിക്കും ധര്‍മത്തിനും ഇവിടെ പ്രസക്തിയില്ല. കൂടുതല്‍ സബ്‌ക്രൈബേഴ്സുണ്ടോ, കൂടുതല്‍ ലൈക്കുണ്ടോ നിങ്ങളുടെ ഏതു നുണയും സത്യമാകും, ഏത് അധര്‍മവും ധര്‍മമാകും, ഏത് അനീതിയും നീതിയാകും. ഇതാണ് സമൂഹമാധ്യമങ്ങളുടെ കലികാലം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org