സഭയിലെ അധികാരം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഷ്യത്തില്‍

സഭയിലെ അധികാരം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഷ്യത്തില്‍

എവിടെയും അധികാരമാണല്ലോ വര്‍ത്തമാനം. ഏതൊരു യുദ്ധത്തിന്റെയും ഏതൊരു സംവാദത്തിന്റെയും അടിത്തറയില്‍ അധികാരത്തെക്കുറിച്ചുള്ള ചോദ്യത്തിന്റെ നിഴലുകളുണ്ട്. ബൈബിളില്‍ എല്ലാ അധികാരവും ദൈവത്തില്‍ നിന്നാണ് വരുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുവിലാകട്ടെ ''നിങ്ങളില്‍ ഒന്നാമനാകന്‍ ആഗ്രഹിക്കുന്നവര്‍ മറ്റുള്ളവരുടെ ശുശ്രൂഷകനാകണം'' എന്ന വ്യാഖ്യാനമാണ് അധികാരത്തിനുള്ളത്. പക്ഷേ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കുശേഷം റോമാ സാമ്രാജ്യം ക്രൈസ്തവവത്ക്കരിക്കപ്പെട്ടപ്പോള്‍ അധികാരത്തിന്റെ സുഖം ആത്മീയതലങ്ങളിലേക്കും വ്യാപിച്ചു. ഇന്നും അധികാരത്തിന്റെ ചിഹ്നങ്ങളുമായി നടക്കുന്ന നേതൃത്വം ക്രൈസ്തവ സഭകളിലാണുള്ളത്. ക്രിസ്തുവിന്റെ അധികാരം കാലിത്തൊഴുത്തിലെ പിറവിയില്‍ നിന്നും കാല്‍വരിയിലെ മരക്കുരിശിലെ ബലിയിലായിരുന്നെങ്കില്‍ ഇന്ന് ക്രി സ്തുവിനു വേണ്ടി ജീവന്‍ ബലികൊടുത്ത വിശുദ്ധരുടെ കഴുത്തി ലും കൈകളിലും കാലുകളിലും സ്വര്‍ണത്തിന്റെ ആടയാഭരണങ്ങളാണ് അധികാരികള്‍ ധരിപ്പിക്കുന്നത്. അധികാരത്തിന്റെ ഒപ്പം പണവും പ്രശസ്തിയും കൂടി വരുന്നുവെന്നു കണ്ടപ്പോള്‍ അധികാരത്തിന്റെ അടയാളങ്ങളില്‍ സ്വാര്‍ത്ഥതയും കൊതിയും ധൂര്‍ത്തും എല്ലാം കടന്നു കൂടി.

കത്തോലിക്കാ സഭയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ അധികാരം ശ്രേണിബദ്ധമായിരുന്നു. മുകളില്‍ നിന്നും താഴെയ്ക്കു വരുന്ന അധികാരത്തിന്റെ ഭാഷയാണ് ഇന്നും സഭയ്ക്കുള്ളിലെ പ്രാര്‍ത്ഥനകളിലും മറ്റും നാം കാണുന്നത്. മാര്‍പാപ്പ, കര്‍ദിനാള്‍, മെത്രാന്‍, വൈദികന്‍, സന്ന്യസ്തര്‍, അല്മായര്‍. വാസ്തവത്തില്‍ അല്മായരെന്ന വിശ്വാസികളില്‍ നിന്നാണ് മാര്‍പാപ്പയും കര്‍ദിനാളും വൈദികരുമെല്ലാം ജന്മമെടുക്കുന്നത്. പക്ഷേ അധികാരത്തിന്റെ ചിഹ്നങ്ങള്‍ മനുഷ്യത്വത്തെ പോലും ബലികഴിക്കുന്ന തരത്തിലേക്കു തരംതാഴ്ന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ അധികാരത്തിന്റെ അടിമത്തം നിലനിന്നിരുന്ന കത്തോലിക്കാ സഭയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ''തിരുസഭ'' എന്ന ആദ്യ പ്രമാണരേഖയിലെ രണ്ടാമത്തെ അദ്ധ്യായം തന്നെ ''ദൈവജനം'' എന്നാണ് നാമകരണം ചെയ്യപ്പെട്ടത്. ദൈവജനമാണ് സഭ എന്ന ആശയം അതുവരെ നിലനിന്നിരുന്ന അധികാരത്തിന്റെ സ്വഭാവത്തെയും പ്രായോഗികതയെയും പൊളിച്ചെഴുതി. ''വിശ്വാസികളുടെ പൊതുവായ പൗരോഹിത്യവും ശുശ്രൂഷാപരമായ അഥവാ അധികാരക്രമപരമായ പൗരോഹിത്യവും, അളവില്‍ മാത്രമല്ല, സത്താപരമായിതന്നെ വ്യത്യസ്തമെങ്കിലും അവയ്ക്കു പരസ്പര ബന്ധമുണ്ട്. അവ രണ്ടും ഒരു വിധത്തില്‍ ക്രിസ്തുവിന്റെ ഏക പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ്'' (തിരു സഭ 10).

ആഗോള സിനഡിന്റെ വിഷയമായ സിനഡാലിറ്റിയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നതും സഭയില്‍ ഏറെ പ്രസക്തമായ ദൈവജനത്തിന്റെ അധികാരത്തെക്കുറിച്ചു തന്നെയാണ്. മാര്‍പാപ്പ പറയുന്നു, ''ദൈവശാസ്ത്രപരമായി അവര്‍ സിനഡാലിറ്റി എന്നു പറയുന്നു. പക്ഷേ എന്തൊക്കെ പേരിലറിയപ്പെട്ടാലും ആത്യന്തികമായി വിശുദ്ധവും വിശ്വാസ്യതയുമുള്ള ദൈവജനമാണ് വിശ്വാസത്തെ അവരുടെ പ്രാദേശകിമായ ഭാഷയിലും ചുറ്റുപാടിലും മുമ്പോട്ടു കൊണ്ടുപോകുന്നത്.'' സഭയില്‍ ജനങ്ങളോടു അഭിപ്രായമാരാഞ്ഞുകൊണ്ടു തീരുമാനമെടുക്കുക എന്നത് ഒരു സാധാരണ രീതിയല്ല. ഇടവകയില്‍ വികാരി ദൈവജനത്തോടു അഭിപ്രായം ചോദിക്കാറില്ല, രൂപതാ തലത്തിലും മെത്രാന്മാര്‍ ജനങ്ങളുടെ ഹിതം അന്വേഷിക്കാറില്ല, രാജ്യത്തിന്റെ ഭരണകര്‍ത്താക്കളും ധാര്‍മ്മികവും വിവാദപരവുമായ വിഷയങ്ങളിലും ജനങ്ങളോടു അഭിപ്രായം ചോദിക്കാറില്ല. പക്ഷേ ക്രിസ്തുവിന്റെ വഴിയിതായിരുന്നില്ല. ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത് എന്നാണ് ചോദിച്ചത്. താന്‍ ആരാണെന്ന് തെളിയിച്ചതോ സഹനത്തിലുടെയും കുരിശുമരണത്തിലൂടെയും. പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ മോള്‍ട്ട്മാന്‍ എഴുതി, ''ദൈവത്തിന്റെ മഹത്ത്വം ദര്‍ശിച്ചത് ക്രൂശിതനായ ക്രിസ്തുവിന്റെ മുഖത്താണ്, അല്ലാതെ രാജാക്കന്മാരുടെ കീരിടത്തിലോ, രാജ്യങ്ങളുടെ പ്രശസ്തിയിലോ ഭൂമിയിലെ മറ്റൊരു അധികാരികളുടെയും മുഖത്തോ അല്ല.''

ഫുള്‍സ്റ്റോപ്പ്: ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു, ''ഹൈരാര്‍ക്കിയായ സഭയിലടങ്ങിയതല്ല സഭയുടെ അധികാരം. അത് ക്രിസ്തുവില്‍ നിന്നും വരുന്നതാണ്. അതിനാല്‍ അല്മായരുടെ അധികാരം മെത്രാനും വൈദികരും അനുവദിച്ചു കൊടുക്കുന്നതല്ല, മറിച്ച് മാമ്മോദീസ വഴി ക്രിസ്തുവില്‍ നിന്നും നേരിട്ടു ലഭിക്കുന്നതാണ്.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org