തലമറന്ന് എണ്ണ തേക്കുന്ന ക്രൈസ്തവമേലധ്യക്ഷന്മാര്‍

തലമറന്ന് എണ്ണ തേക്കുന്ന ക്രൈസ്തവമേലധ്യക്ഷന്മാര്‍
പ്രത്യേകിച്ച് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഒട്ടും സുരക്ഷിതരല്ല. അവര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ബാക്കി പത്രം ഒറീസ്സായിലെ കന്ദമാലിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മറ്റും നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ്. ഗ്രഹാം സ്റ്റൈനും ഫിലിപ്പും തിമോത്തിയും ഫാ. അരുള്‍ ദാസും സി. റാണി മരിയയും സ്റ്റാന്‍ സ്വാമിയുമെല്ലാം അവശേഷിപ്പിക്കുന്ന കണ്ണുനീരിന്റെ ചിത്രങ്ങളും നമ്മുടെ മുമ്പിലുണ്ട്.

സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭ ആധുനിക ലോകത്തില്‍ എന്ന പ്രബോധന രേഖയില്‍ പറയുന്നത് ഇങ്ങനെയാണ്: ''രാഷ്ട്രത്തിലെ ജനതയില്‍ വിഭിന്നമായ പല ജനവ്യൂഹങ്ങളുമുണ്ടാകാം. തന്മൂലം വിഭിന്നങ്ങളായ പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ക്കു പ്രാധാന്യം നല്കാന്‍ അവര്‍ക്ക് പൂര്‍ണ്ണാവകാശമുണ്ട്. സ്വാഭിമതപ്രകാരം ഓരോ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നതുകൊണ്ട് രാഷ്ട്രത്തിന്റെ കെട്ടുറപ്പു ശിഥിലമാകാതിരിക്കണമെങ്കില്‍ പൊതുക്ഷേമം മുന്‍നിര്‍ത്തി എല്ലാ പൗരന്മാരുടെയും പ്രവര്‍ത്തനശേഷിയെ നിയന്ത്രിക്കുന്ന ഒരധികാരമുണ്ടായിരിക്കണം. പക്ഷേ, അതു വെറും യാന്ത്രികരൂപത്തിലോ സര്‍വാധിപത്യ മാതൃകയിലോ ആയിരിക്കരുതെന്നുമാത്രം. പ്രത്യുത ഓരോരുത്തരുടെയും ഉത്തരവാദിത്വപ്രബോധനത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്ന ഒരു ധാര്‍മ്മിക ശക്തിയായി പ്രവര്‍ത്തിക്കുന്ന ഒന്നായിരിക്കണമത്''(74).

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വളരെ വ്യക്തമായി പൗരന്മാരെന്ന നിലയില്‍ ഓരോ കത്തോലിക്കനും രാഷ്ട്രത്തോടും രാഷ്ട്രീയത്തോടും കാണിക്കേണ്ട അടുപ്പവും അകലവും എന്താണെന്ന് വളരെ കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. അത് ഓരോരുത്തരുടെയും സ്വാതന്ത്രത്തിനും മനസ്സാക്ഷിക്കും നിരക്കുന്നവിധത്തിലായിരിക്കണമെന്നു പറയുമ്പോഴും അതില്‍ ധാര്‍മ്മികതയും സത്യവും നീതിയും ഉണ്ടാകണമെന്ന വസ്തുതയും വ്യക്തമാക്കിയിട്ടുണ്ട്. സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെ ഓര്‍ത്തത് ഇക്കഴിഞ്ഞ ഈസ്റ്റര്‍ നാളില്‍ കേരളത്തിലെങ്ങും ചര്‍ച്ചാവിഷയമായ ചില രാഷ്ട്രീയ നീക്കങ്ങളുടെയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും പ്രസ്താവനയുടെയും പശ്ചാത്തലത്തിലാണ്. ഇത്രയും നാള്‍ രാജ്യം ഭരിച്ചിട്ടും ഡല്‍ഹിയിലുള്ള പള്ളികളുടെ സാന്നിധ്യത്തെക്കുറിച്ചോ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും തീവ്രഹിന്ദുത്വവാദികളുടെ നേതൃത്വത്തില്‍ പല പള്ളികളും ആക്രമിച്ചപ്പോഴെല്ലാം ക്രൈസ്തവ പള്ളികളെക്കുറിച്ച് ചിന്തിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് ഡല്‍ഹിയിലെ ഒരു കത്തോലിക്കാ പളളി സന്ദര്‍ശിക്കണമെന്നും അതെല്ലാം എല്ലാ മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും ആഗ്രഹിച്ചത് അതിശയകരമായി. പള്ളിയില്‍ വന്ന പ്രധാനമന്ത്രിയെ വിവിധ മതമേലധ്യക്ഷന്മാര്‍ സ്വീകരിച്ചു. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോയതു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വെള്ളപൂശലിലാണ്. ബി ജെ പിയുടെകൂടെ നില്‍ക്കുന്ന തീവ്രഹിന്ദുത്വ സംഘടനകള്‍ ഉത്തേരേന്ത്യയിലുടനീളം കര്‍ണ്ണാടകയിലും കുറേ വര്‍ഷങ്ങളായി ക്രൈസ്തവ ദേവലായങ്ങളെയും പുരോഹിതരെയും സന്യസ്തരേയും മാനസികമായും ശാരീരികവുമായി തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന സത്യം മാധ്യമങ്ങളിലൂടെ അറിയുന്ന പൗരന്മാരോടാണ് ബി ജെ പി പാര്‍ട്ടിയും പ്രധാനമന്ത്രിയും സഭയ്ക്ക് അസ്പര്‍ശ്യരല്ലെന്നു കത്തോലിക്കാ സഭയുടെ തലപ്പത്തിരിക്കുന്നവര്‍ പറഞ്ഞത്.

ഇത്തരം പ്രസ്താവനകള്‍ ഇന്ത്യയെന്ന മതേതര രാജ്യത്തിലെ പൊതുസമൂഹത്തിന്റെ മുമ്പില്‍ കത്തോലിക്കാ സഭയുടെ അധ്യക്ഷന്മാരേ എത്രമാത്രം അപഹാസിതരാക്കിയെന്നത് ഈ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയായിലെ ട്രോളുകള്‍ സാക്ഷ്യം നല്കും. പ്രഥമവും പ്രധാനവുമായ ചോദ്യം കത്തോലിക്കാ സഭയിലെ മേലധ്യക്ഷന്മാര്‍ക്ക് കക്ഷിരാഷ്ട്രീയത്തിലിടപെടാമോ എന്ന ചോദ്യമാണ്. ഓരോ പാര്‍ട്ടിക്കും അവരുടെതായ പ്രത്യയശാസ്ത്രവും നിലപാടുകളുമുണ്ട്. ബി ജെ പി പോലുള്ള ഒരു പാര്‍ട്ടി ഇക്കഴിഞ്ഞ നാളുകളില്‍ ക്രൈസ്തവരുടെ നേരെ എടുത്തിട്ടുള്ള നിലപാടുകള്‍ അത്ര ശുഭോദര്‍ക്കമല്ല എന്ന് ഇന്നാട്ടിലെ പൗരന്മാര്‍ക്ക് വളരെ കൃത്യമായി അറിയാം. അപ്പോഴാണ് തലമറന്ന് എണ്ണ തേക്കുന്ന വിധത്തില്‍ സ്വന്തം കാര്യസാധ്യത്തിനായ് മെത്രാന്മാര്‍ ഇത്തരം അവിവേകമായ പ്രസ്താവനങ്ങള്‍ ഇറക്കി ക്രൈസ്തവ സമൂഹത്തെ ഇകഴ്ത്തുന്നത്.

കേരളത്തിലെ കത്തോലിക്കാ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഉത്തേരന്ത്യയിലും മറ്റും പാവങ്ങളുടെ വിദ്യാഭ്യാസത്തിനും ആതുരശുശ്രൂഷയ്ക്കുമായി അഹോരാത്രം പണിയെടുക്കുന്ന മിഷനറിമാര്‍. അവിടെയൊക്കെ പ്രത്യേകിച്ച് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഒട്ടും സുരക്ഷിതരല്ല. അവര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ബാക്കി പത്രം ഒറീസ്സായിലെ കന്ദമാലിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മറ്റും നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ്. ഗ്രഹാം സ്റ്റൈനും ഫിലിപ്പും തിമോത്തിയും ഫാ. അരുള്‍ ദാസും സി. റാണി മരിയയും സ്റ്റാന്‍ സ്വാമിയുമെല്ലാം അവശേഷിപ്പിക്കുന്ന കണ്ണുനീരിന്റെ ചിത്രങ്ങളും നമ്മുടെ മുമ്പിലുണ്ട്. എന്നിട്ടും എല്ലാം മറന്നാണ് ബി ജെ പിക്കും അവരുടെ നേതാക്കള്‍ക്കും വേണ്ടി 2023 ലെ ഈസ്റ്റര്‍ ദിനത്തില്‍ മെത്രാന്മാര്‍ സ്തുതി പാടിയത്. ഇവര്‍ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്? കര്‍ണ്ണാടകയില്‍ ഒരു ബി ജെ പി മന്ത്രി തന്നെ പറഞ്ഞത്, നിങ്ങളുടെ വീടുകളില്‍ ക്രിസ്ത്യാനികള്‍ വന്നാല്‍ അവരെ അടിച്ചോടിക്കണമെന്നാണ്. കന്ദമാലില്‍ ഏഴു ക്രൈസ്തവരെ കൊന്ന കേസില്‍ ദേശീയ സുരക്ഷാനിയമത്തില്‍ ജയിലിലടച്ചിരുന്ന മനോജ് പ്രദാന്‍ എന്ന തീവ്രവാദിയെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബി ജെ പിയെയാണ് ക്രൈസ്തവരെ സംരക്ഷിക്കാന്‍ പറ്റിയ പാര്‍ട്ടിയായി നമ്മുടെ മെത്രാന്മാര്‍ കണ്ടെത്തിയിരിക്കുന്നത്!

ഫുള്‍സ്റ്റോപ്പ്: മെത്രാന്മാര്‍ പറയുന്നിടത്ത് വോട്ടു ചെയ്യുന്നവരാണ് കേരളത്തിലെ ക്രൈസ്തവര്‍ എന്ന മിഥ്യാധാരണ ഇവിടുത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ അവര്‍ ഏതോ മൂഢലോകത്താണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org