കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വര്‍ഗീയവാദികള്‍

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വര്‍ഗീയവാദികള്‍
ഏതെങ്കിലും ഒരു ന്യൂനപക്ഷത്തിന്റെ ഉറച്ച പിന്തുണയില്ലാതെ കേരളത്തിലെ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അനുഭവത്തില്‍ നിന്നും പഠിച്ച ബി.ജെ.പി. സര്‍ക്കാര്‍ ഇന്നത്തെ സാഹചര്യം ബുദ്ധിപൂര്‍വം ഉപയോഗിക്കുന്നു.

വാര്‍ത്തകളുടെ വിശുദ്ധി വാസ്തവങ്ങളിലാണ്. പക്ഷേ ഈ സത്യാനന്തര കാലത്ത് വാര്‍ത്തകള്‍ക്ക് വിശുദ്ധി നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, അവാസ്തവങ്ങളാണ് സത്യങ്ങളായി വാര്‍ത്തകളുടെ രൂപത്തില്‍ നമ്മുടെ മുമ്പിലെത്തുന്നത്. വാര്‍ത്തയെഴുത്തുകാര്‍ ഇന്ന് തങ്ങളുടെ ലോകവീക്ഷണമനുസരിച്ച് തങ്ങള്‍ക്കിഷ്ടപ്പെട്ട ചേരുവകള്‍ ചേര്‍ത്ത് വാര്‍ത്തകളെ പാകപ്പെടുത്തിയാണ് വിളമ്പുന്നത്. ഓരോ പ്രസ്ഥാനങ്ങളുടെയും താല്പര്യക്കാരുടെയും കുത്സിത ലക്ഷ്യങ്ങള്‍ക്കായ് വാര്‍ത്തകളെ വെട്ടിമുറിക്കുകയോ വലിച്ചുകീറുകയോ ചെയ്യുന്നു. ആഗോള വാര്‍ത്താദിനത്തില്‍ ഇത്രയും ആമുഖമായി പറഞ്ഞിട്ടാകാം അല്പം വിശുദ്ധിയോടെ വാര്‍ത്തകള്‍ വിന്യസിപ്പിക്കുന്ന ''ദ ഹിന്ദു'' പത്രത്തില്‍ സെപ്റ്റംബര്‍ 28 നു വന്ന വാര്‍ത്തയെക്കുറിച്ച് വിശദീകരിക്കാനെന്നു ചിന്തിച്ചു. ആറാം പേജിലെ ആ വാര്‍ത്ത ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ കേരളത്തിലെത്തിയപ്പോള്‍ മദ്ധ്യതിരുവിതാംകൂറിലെ രണ്ടു മെത്രാപ്പോലീത്താമാരെ സന്ദര്‍ശിച്ചതും പാര്‍ട്ടിക്കുവേണ്ടി ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ ചോദിച്ചതിനെക്കുറിച്ചുമായിരുന്നു. കോട്ടയം അതിരൂപതയിലെ ക്‌നാനായ കത്തോലിക്കരുടെ ആര്‍ച്ചുബിഷപ് മാത്യു മൂലക്കാട്ടിനെയും ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനെയുമാണ് വ്യക്തിപരമായി ജെ.പി. നഡ്ഡ കണ്ടത്. രണ്ടു കൂട്ടരും ഇതൊരു കേവലം സൗഹൃദ കൂടികാഴ്ചയാണെന്നു പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പി-ക്രൈസ്തവ ബാന്ധവം വളരെ കൃത്യമായും വ്യക്തമായ അജണ്ടയോടും കൂടിയാണ് ഇവിടെ നടക്കുന്നതെന്ന് ഇവിടുത്തെ സീറോ മലബാര്‍ സഭയെയും സഭയില്‍ ഉയര്‍ന്നുവരുന്ന കാസ (ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ചെയ്ഞ്ച്) പോലുള്ള സംഘടനകളുടെ ഇടപെടലുകളും നിരീക്ഷിച്ചാല്‍ മനസ്സിലാകും.

സീറോ മലബാര്‍ സഭയില്‍ 2017-ല്‍ ഉണ്ടായ ഭൂമിവിവാദവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും സഭാപിതാക്കന്മാരുടെയും വൈദികരുടെയും വിശ്വാസികളുടെയും ഇടയിലുള്ള വിഭാഗീയതയും മറ്റും കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള വഴിയായി ബി.ജെ.പിയും ആര്‍.എസ്സ്.എസ്സു പോലുള്ള സംഘടനകളും കണ്ടു. അതിന് പലവിധത്തില്‍ അവര്‍ക്ക് പോസിറ്റിവായുള്ള സഹകരണവും സഭയുടെ ഭാഗത്തും നിന്നും ലഭിക്കുകയുണ്ടായി. അങ്ങനെയാണ് ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ സീറോ മലബാര്‍ സഭയിലെ നേതൃത്വത്തിലുള്ളവര്‍പോലും പൊതുവേദിയില്‍ പരസ്യമായി അവതരിപ്പിച്ചത്. ഇതിനിടെ സഭയിലെ പ്രശ്‌നങ്ങള്‍ പലതും ക്രിമിനില്‍ കേസുകളായി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ വന്നപ്പോഴും അതിലെ പണമിടപാടുകളെക്കുറിച്ചുള്ള അന്വേഷണം എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഏറ്റെടുക്കുകയും ചെയ്തതോടെ കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ പ്രീണിപ്പിക്കേണ്ട ഗതികേട് സഭാനേതൃത്തിലുള്ളവര്‍ക്കുണ്ടായി. ഈ സാഹചര്യം ബി.ജെ.പി. കേരളത്തിലെ ശക്തമായ ഒരു മതന്യൂനപക്ഷത്തെ കൂടെചേര്‍ത്തുനിര്‍ത്താനുള്ള സിഗ്നലായി കണ്ടു. ഏതെങ്കിലും ഒരു ന്യൂനപക്ഷത്തിന്റെ ഉറച്ച പിന്തുണയില്ലാതെ കേരളത്തിലെ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അനുഭവത്തില്‍ നിന്നും പഠിച്ച ബി.ജെ.പി. സര്‍ക്കാര്‍ ഇന്നത്തെ സാഹചര്യം ബുദ്ധിപൂര്‍വം ഉപയോഗിക്കുന്നു. സഭാ നേതൃത്വത്തിനാകട്ടെ തങ്ങളുടെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രത്തിലെ മേലാളന്മാരെ പ്രീണിപ്പിച്ചു നിര്‍ത്താതെ തരമില്ലെന്നും വന്നു.

''കാസ'' പോലുള്ള സംഘടനകള്‍ വാതോരാതെ നിരത്തുന്ന നിരര്‍ത്ഥകവും വിലകുറഞ്ഞതുമായ വാദങ്ങളുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസുകള്‍ വിവിധ കോടതികളില്‍ അല്മായര്‍ മുമ്പോട്ടു കൊണ്ടു പോകുന്നതും എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ അറുപതിനായിരത്തോളം വരുന്ന വിശ്വാസികളുടെ മഹാസംഗമവും മറ്റും നടത്തുന്നത് മുസ്ലീം തീവ്രവാദികളുടെ ഫണ്ട് ഉപയോഗിച്ചാണെന്നാണ് അവരുടെ വാട്‌സാപ്പു ഗ്രൂപ്പുകളിലെ ചര്‍ച്ച. ഇത്തരം കല്ലുവച്ച നുണകള്‍ സീറോ മലബാര്‍ സഭയിലെ ചില മെത്രാന്മാരും ഏറ്റുപിടിക്കുന്നുവെന്നതും മറ്റൊരു സത്യമാണ്. സത്യത്തിനും നീതിക്കും വേണ്ടി നിരന്തരം മുമ്പില്‍ നിന്നു പോരാടുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതെങ്കിലും വൈദികനോ, അല്മായനോ ഏതെങ്കിലും തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാമോ? തങ്ങളുടെകൂടെ നില്‍ക്കാതെ സത്യത്തിനും നീതിക്കും വേണ്ടി നിലപാടെടുക്കുന്നവരെ തങ്ങള്‍ക്കെതിരെയുള്ള തീവ്രവാദി ഗ്രൂപ്പിനോട് ചേര്‍ത്തുവച്ച് ആടിനെ പട്ടിയാക്കുന്ന തന്ത്രമാണ് അവരുടേത്. കാരണം അവരുടെ ആശയത്തിന്റെയും ആമാശയത്തിന്റെയും സ്രോതസ്സ് അത്തരം ചില തീവ്രവാദി ഗ്രൂപ്പുകളാകാം.

ഫുള്‍സ്റ്റോപ്പ്: ജാതിമത വര്‍ഗ വിദ്വേഷങ്ങള്‍ വര്‍ദ്ധിപ്പിച്ച് തങ്ങളുടെ അധികാരം നിലനിര്‍ത്തുന്ന ബി.ജെ.പി., ആര്‍.എസ്.എസ്സ് തുടങ്ങിയ സംഘടനകളുടെ ചുമലും ചാരി വര്‍ഗ്ഗീയവിഷം കലര്‍ത്തി കേരളത്തിലെ സമൂഹത്തെ മലീമസമാക്കുന്നവരെ അനുകൂലിക്കുവാന്‍ മതേതര ചിന്തയോടെയും നന്മയോടെയും ജീവിക്കുന്ന ഒരു ക്രൈസ്തവ വിശ്വാസിക്കും സാധിക്കുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org